MATHRUBHUMI RSS
Loading...
അടുക്കളയ്ക്ക് പുതിയ രൂപഭാവങ്ങള്‍
റീഷ്മ ദാമോദര്‍

ആധുനിക വീട്ടമ്മയുടെ മാറുന്ന അഭിരുചികള്‍ക്കൊപ്പം അടുക്കളയുടെ രൂപവും മാറുകയാണ്. കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ടോള്‍ യൂണിറ്റ്, വേസ്റ്റ് നീക്കാന്‍ മള്‍ട്ടി വേസ്റ്റ് ബിന്‍ കണ്ടെയ്‌നര്‍ തുടങ്ങി എന്തെല്ലാം പുതുമകള്‍... അടുക്കളയില്‍ നമ്മെ അലട്ടുന്ന സ്ഥിരം തലവേദനകള്‍ക്കും പരിഹാരമുണ്ട്...


മിക്‌സിക്ക് മിക്‌സി, ഫ്രിഡ്ജിന് ഫ്രിഡ്ജ്.... എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നിട്ടും എന്തോ ഒരു കുറവ് അടുക്കളയില്‍ തോന്നിയിട്ടുണ്ടോ? പണികളൊന്നും എളുപ്പത്തില്‍ നീങ്ങാത്തതുപോലെ... അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമാകും, സൗകര്യപ്രദവും.

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു സ്ഥലങ്ങളാണ് അടുപ്പ്, ഫ്രിഡ്ജ്, സിങ്ക് എന്നിവ. സമയം ഏറ്റവും കൂടുതല്‍ ചെലവാകുന്നതും ഇവിടെയാണ്. അടുക്കളയില്‍ ഇവയുടെ സ്ഥാനം കൃത്യമായാല്‍ ജോലിഭാരം പകുതി കുറയ്ക്കാം.

ഒരു ചെറിയ കുടുംബമാണെങ്കില്‍പ്പോലും, ചെറിയ അടുക്കളയാണെങ്കില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്തതുപോലെയാണ് ചിലപ്പോള്‍. സ്ഥലസൗകര്യം വളരെ പ്രധാനപ്പെട്ടതാണ്.

ഫ്രിഡ്ജിന്റെ സ്ഥാനം

ദിവസമൊരു പത്ത് തവണയെങ്കിലും ഫ്രിഡ്ജ് തുറക്കുന്നവരാണ് അധികം പേരും. അതുകൊണ്ടുതന്നെ അടുക്കളയില്‍ത്തന്നെ ഫ്രിഡ്ജിനും സ്ഥലമിടുന്നതാണ് നല്ലത്. ഫ്രിഡ്ജിനടുത്ത് ഒരു റാക്ക് പിടിപ്പിച്ചാല്‍ അന്നന്നത്തെ ആവശ്യത്തിനുള്ള പച്ചക്കറികളും മറ്റും അതിലേക്ക് മാറ്റിയിടുകയും ചെയ്യാം.

സിങ്ക്

സിങ്കിന്റെ സ്ഥാനം ഫ്രിഡ്ജിന്റെയും അടുപ്പിന്റെയും നടുവിലാവുന്നതാണ് നല്ലത്. സിങ്കിനു മുകളില്‍ ഒരു റാക്ക് പിടിപ്പിച്ചാല്‍ കഴുകിയ പാത്രങ്ങള്‍ അതില്‍ വെക്കാം. വെള്ളം നേരെ സിങ്കിലേക്ക് വീഴും. തറ വൃത്തികേടാവുകയുമില്ല. സിങ്കിനു മുകളില്‍ ഘടിപ്പിക്കാന്‍ 'ഡിഷ് റാക്ക് വിത്ത് ഡിപ് ട്രേ' വിപണിയിലുണ്ട്. മൂന്നു തട്ടാണ് ഇതിനുള്ളത്. ആദ്യത്തെ തട്ടില്‍ കഴുകിയ പാത്രങ്ങളും രണ്ടാമത്തെ തട്ടില്‍ ഗ്ലാസുകളും വെയ്ക്കാം. ഇതില്‍ നിന്നുള്ള വെള്ളം ഏറ്റവും താഴെയുള്ള ട്രേയിലേക്ക് വീണുകൊള്ളും.

സിങ്കിന്റെ തൊട്ടുതാഴെയായി ഡിറ്റര്‍ജന്റ് റാക്കും വേസ്റ്റ് ബിന്നും നല്‍കാം. ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഈ വേസ്റ്റ് ബിന്നില്‍ ഇട്ടാല്‍, പുറത്തേയ്ക്ക് ദുര്‍ഗന്ധമുണ്ടാവില്ല. ഓട്ടോലിഡ് ഡബിള്‍ വേസ്റ്റ് ബിന്‍ കണ്ടെയ്‌നറും വിപണിയില്‍ ലഭ്യമാണ്.

അടുപ്പ്

ഗ്യാസ് അടുപ്പുകള്‍ ഹോബിനു വഴിമാറിക്കഴിഞ്ഞു. ഗ്യാസ് സ്റ്റൗവിന്റെയത്ര ഉയരമില്ലെന്നതാണ് ഇതിന്റെ സവിശേഷത. വീട്ടമ്മയുടെ ജോലി എളുപ്പമാവുകയും ചെയ്യും. ഒരു ബര്‍ണര്‍ മുതല്‍ അഞ്ച് ബര്‍ണറുകള്‍ വരെയുള്ള ഹോബ് ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഹോബിനു താഴെ മൂന്ന് ഡ്രോകള്‍ ഉണ്ടാവുന്നത് നല്ലതാണ്. പാചകം ചെയ്യുന്നതിനിടയില്‍ ഏറ്റവും ആവശ്യമായ സാധനങ്ങള്‍ ഇവയില്‍ വെയ്ക്കാം. സ്​പൂണ്‍, കത്തി തുടങ്ങിയവ ഒരു ട്രേയിലും, പാത്രങ്ങള്‍ അടുത്ത ഡ്രോയിലും വെയ്ക്കാം.

വാതിലും ജനലുമൊക്കെ എത്ര തുറന്നിട്ടാലും മീന്‍ പൊരിക്കുന്ന മണം, അടുക്കളയില്‍ ത്തന്നെ തങ്ങി നില്‍ക്കും. ഇലക്ട്രിക് ചിമ്മിനി അഥവാ ഹുഡ് ഇതിനുള്ള പരിഹാരമാണ്. മണവും പുകയുമെല്ലാം ഹുഡ് വലിച്ചെടുത്തുകൊള്ളും. അടുപ്പില്‍ നിന്നും തെറിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ഒരു പരിധിവരെ ഹുഡ് വലിച്ചെടുക്കും. അധികം ചൂട് അടുക്കളയില്‍ തങ്ങിനില്‍ക്കുകയുമില്ല. സക്ഷന്‍ പവര്‍ (വലിച്ചെടുക്കാനുള്ള ശക്തി) കൂടുതലുള്ള ഹുഡ് ആണ് വലിയ അടുക്കളയ്ക്ക് നല്ലത്.

ഗ്യാസ് സിലിണ്ടര്‍ വയ്ക്കാന്‍ ഒരു നിശ്ചിത സ്ഥലം വേണം. ഫ്‌ളോര്‍ ലെവലില്‍ നിന്നും 72 സെന്റിമീറ്റര്‍ ഉയരത്തില്‍ കിച്ചണ്‍ സ്ലാബ് വാര്‍ക്കുന്നതാണ് നല്ലത്. ഗ്യാസ് സിലിണ്ടര്‍ വയ്ക്കുന്ന ക്യാബിനറ്റിന് ദ്വാരങ്ങള്‍ ഉണ്ടാവണം. ഗ്യാസ് ചോര്‍ച്ചയുണ്ടെങ്കില്‍ പെട്ടെന്ന് മനസ്സിലാവും.

അടുപ്പിന് മുകളില്‍ ഇടത്തും വലത്തുമായി രണ്ട് റാക്കുകള്‍ നല്‍കിയാല്‍ പാചകം ചെയ്യുമ്പോള്‍ ആവശ്യമുള്ള പൊടികളും മറ്റും ഇതില്‍ വെയ്ക്കാം. ഒരു റാക്കില്‍ ചായപ്പൊടി, പഞ്ചസാര തുടങ്ങിയവയും അടുത്തതില്‍ ഉപ്പ്, മസാലപ്പൊടികള്‍ എന്നിവയും വെയ്ക്കാം. വീട്ടമ്മയുടെ ഉയരത്തിന് അനുസരിച്ചാവണം റാക്കുകള്‍. റാക്കിനു പകരം ഗ്ലാസ് കൊണ്ടുള്ള തട്ടുകള്‍ ആയാലും മതി.

സ്റ്റോറേജ്

ആധുനിക അടുക്കളയില്‍ സ്റ്റോര്‍ റൂമിന് സ്ഥാനമില്ല. ആ സ്ഥാനം ടോള്‍ യൂണിറ്റ് കൈയടക്കിയിരിക്കുന്നു. പിന്നെ, പുള്‍ ഔട്ടുകളും. അടു ക്കളയില്‍ ഭംഗി തോന്നാത്ത രീതിയില്‍ കൂടുതല്‍ സാധനങ്ങള്‍ വെക്കാമെന്നതാണ് പുള്‍ഔട്ടുകളെ പ്രിയങ്കരമാക്കുന്നത്.

സിലിണ്ടര്‍ ട്രോളി, ബോട്ടില്‍ റാക്ക്, ഡിറ്റര്‍ജന്റ് റാക്ക്, കോര്‍ണര്‍ യൂണിറ്റ്, കട്‌ലറി ട്രേ, ഡിഷ്‌റാക്ക് വിത്ത് ഡിപ് ട്രേ... അടുക്കളയെ അടുക്കും ചിട്ടയുമുള്ളതാക്കാന്‍ പുള്‍ഔട്ടുകള്‍ നിരവധിയാണ്.

നീളമുള്ള കാബിനറ്റുകളാണ് ടോള്‍യൂണിറ്റുകള്‍. മിക്കവരും ഒരാഴ്ചത്തേയ്ക്കും ഒരു മാസത്തേയ്ക്കുമുള്ള പലവ്യഞ്ജനങ്ങള്‍ ഒരുമിച്ച് വാങ്ങാറാണ് പതിവ്. അങ്ങനെയുള്ളവര്‍ക്ക് ടോള്‍ യൂണിറ്റുകള്‍ വളരെയധികം പ്രയോജനപ്പെടും.
അടുക്കളയുടെ മൂലകള്‍ (കോര്‍ണറുകള്‍) പ്രയോജനപ്പെടുത്താനാണ് കോര്‍ണര്‍ യൂണിറ്റ് ഉള്ളത്. ചെറിയ കുക്കര്‍, നോണ്‍സ്റ്റിക് പാന്‍ തുടങ്ങിയവ ഇതില്‍ വെയ്ക്കാം.

തറനിരപ്പില്‍ നിന്ന് ഒരിഞ്ച് ഉയരത്തില്‍ വേണം കാബിനറ്റും ഡ്രോകളും ഉറപ്പിക്കാന്‍. ഇല്ലെങ്കില്‍ അഴുക്കും വെള്ളവും കാബിനറ്റിന്റെ അടിയില്‍ തട്ടി ചിതലരിക്കാനും തുരുമ്പ് പിടിക്കാനും ഇടയുണ്ട്. പോളിമര്‍ ലെഗ്‌സ് കാബിനറ്റിനടിയില്‍ പിടിപ്പിച്ചാലും മതി.

അടുക്കളയിലെ ഇലക്ട്രിക് പോയിന്റുകള്‍ ഫ്‌ളോര്‍ ലെവലില്‍നിന്നും നാല് അടി ഉയരത്തില്‍ ആവണം. ഫ്രിഡ്ജിനും മൈക്രോവേവ് അവ്‌നും പ്രത്യേകം പ്ലഗ് പോയിന്റുകളും ആവശ്യമാണ്.

മാലിന്യം കളയാന്‍ പള്‍വറൈസര്‍

കുറച്ചുകാലം മുമ്പുവരെ അടുക്കള ഉപകരണങ്ങളുടെ വിപണിയില്‍ ഇത്രയധികം വൈവിധ്യമുണ്ടായിരുന്നില്ല. എന്നാലിന്ന് ഫ്രിഡ്‌ജോ സ്റ്റൗവോ വാങ്ങുന്നതിനു മുമ്പ് ആരുമൊരുവട്ടം ചിന്തിക്കും. ഏതാണ് കൂടുതല്‍ നല്ലത്? സൗകര്യപ്രദം? ഭംഗിയുള്ളത് എന്നിങ്ങനെ.
സിങ്ക്: മൈക്രോലിനന്‍, ആന്റിസ്‌ക്രാച്ച്, സ്റ്റെയിന്‍ലസ് സ്റ്റീല്‍, സിലിഗ്രാന്റ്, ക്വാര്‍ട്‌സ്, സെറാമിക്, ഫൈബര്‍ തുടങ്ങി പലതരം മോഡലുകളില്‍ സിങ്ക് ലഭ്യമാണ്. സിങ്കിള്‍ ബൗള്‍, ഡബിള്‍ ബൗള്‍, ബൗളിനൊപ്പം ഡ്രെയിന്‍ ബോര്‍ഡുള്ളവ, പച്ചക്കറികള്‍ കഴുകാനുള്ള ബൗള്‍ ഉള്ള സിങ്ക്... സിങ്കുകള്‍ പല തരത്തിലാണ്. 2000 രൂപ മുതല്‍ സിങ്ക് ലഭ്യമാണ്.

കഴുകിയ പാത്രം വെക്കാനുള്ളതാണ് ഡ്രെയിന്‍ ബോര്‍ഡ്. ആവശ്യം കഴിഞ്ഞാല്‍ അടച്ചുവെക്കാവുന്ന സിങ്കും ഇന്ന് വിപണിയിലുണ്ട്. 30,000 രൂപയാണ് ഇതിന്റെ വില.

പള്‍വറൈസര്‍: ഇനി ഇറച്ചിയുടെ എല്ലും മറ്റും സിങ്കില്‍ വീണിട്ടുണ്ടെങ്കിലും വിഷമിക്കേണ്ടതില്ല. അതൊക്കെ പൊടിച്ചുകളയാനുള്ള ഒരു ഉപകരണവും ഇന്ന് ലഭ്യമാണ്. പള്‍വറൈസര്‍. ഇത് സിങ്കിനടിയില്‍ പിടിപ്പിച്ചാല്‍ മതി. മാലിന്യം കളയാന്‍ വേറെ സ്ഥലം അന്വേഷിക്കേണ്ടതില്ല. മാലിന്യമടിഞ്ഞ് പൈപ്പ് അടയുകയുമില്ല. ഈ ഉപകരണം അത്ര പ്രചാരത്തിലായിട്ടില്ല. വില: 8000 രൂപ മുതല്‍.
ഹോബ്: സ്റ്റെയിന്‍ലസ് സ്റ്റീല്‍, ആന്റി സ്‌ക്രാച്ച്, മൈക്രോലിനന്‍ എന്നീ മോഡലുകളില്‍ ഹോബ് ലഭ്യമാണ്. വില 4000 രൂപ മുതല്‍
പുള്‍ ഔട്ടുകള്‍: സ്റ്റെയിന്‍ലസ് സ്റ്റീല്‍, അലൂമിനിയം, പ്ലാസ്റ്റിക് കോട്ടഡ് എന്നീ മോഡലുകളിലാണ് പുള്‍ ഔട്ടുകള്‍ പ്രധാനമായുമുള്ളത്. വില 400 രൂപ മുതല്‍.

ഹുഡ്: പ്രഷര്‍ ഡൈക്കാസ്റ്റ് അലൂമിനിയം മോട്ടോറുള്ള ഹുഡ് ആണെങ്കില്‍ വില കൂടും. ഡിസൈന്‍, സക്ഷന്‍ പവര്‍ എന്നിവയ്ക്കനുസരിച്ചും ഹുഡിന്റെ വിലയില്‍ മാറ്റമുണ്ടാവാം. 5000 രൂപ മുതല്‍ ഇത് ലഭ്യമാണ്.

ചെലവുകുറച്ച് നല്ല അടുക്കള

അടുക്കളയ്ക്കു വേണ്ടി അധികം പണം ചെലവാക്കണമെന്നുണ്ടാവില്ല. എന്നാല്‍, എന്നും പുത്തനായിരിക്കണമെന്ന ആഗ്രഹവുമുണ്ട്. ഇതിന് ചില സൂത്രപ്പണികള്‍ ഇതാ.

സിങ്കിനു നേരെ മുകളില്‍ ഒരു ജനാല കൊടുക്കാം. സൂര്യപ്രകാശവും നല്ല കാറ്റും ലഭിക്കും.

പഴയ അടുക്കളയുടെ പാതകം കോണ്‍ക്രീറ്റ് സ്ലാബാണെങ്കില്‍ ചില മിനുക്കുപണികളിലൂടെ അവ പുത്തനാക്കാനാവുന്നതേയുള്ളൂ. പാതകത്തിന്റെ അടിഭാഗം ഇഷ്ടിക കെട്ടി വേര്‍തിരിക്കാം. ഇവയ്ക്കുള്ളില്‍ ഫെറോ സിമന്റ് കൊണ്ടുള്ള വേര്‍തിരിവുകള്‍ ഉണ്ടാക്കി, പിന്നീട് ആവശ്യത്തിനനുസരിച്ച് കാബിനറ്റുകളോ ഡ്രോയോ നിര്‍മിക്കാം.

അടുക്കളയുടെ പുറത്ത് ഒരു സിങ്ക് നല്‍കിയാല്‍ അവിടെ മീന്‍ വൃത്തിയാക്കാം.

അധികം പഴയതല്ലാത്ത വീടുകള്‍ക്കൊക്കെത്തന്നെ ബെര്‍ത്തുണ്ടാവും. ഇവ അടച്ച് കാബിനറ്റാക്കാവുന്നതാണ്.

ബെര്‍ത്തില്ലാത്ത വീടാണെങ്കില്‍ അവിടെ ഓവര്‍ ഹെഡ് കാബിനറ്റ് ഉണ്ടാക്കാം.

കാബിനറ്റിന് ഏറ്റവും അടിയിലായി പാദങ്ങള്‍ കടന്നുനില്‍ക്കുംവിധം ഒരു ഇടം (ഠീല ുെമരല) വിട്ടിട്ടുണ്ടെങ്കില്‍ നിന്നു ജോലി ചെയ്യുന്നതിന് കൂടുതല്‍ സൗകര്യമാവും.

നീളത്തിലുള്ള കാബിനറ്റുകളാണ് വീട്ടിലുള്ളതെങ്കില്‍ അവ മാറ്റി രണ്ടോ മൂന്നോ കാബിനറ്റുകളാക്കാം.

ചെറിയ കാബിനറ്റുകളില്‍ മാറ്റം വരുത്തണമെങ്കില്‍ അവയുടെ ഷട്ടര്‍ മാറ്റാം. ഉദാഹരണത്തിന് മരത്തിന്റെ ഷട്ടറാണെങ്കില്‍ പകരം ഗ്ലാസ് ഷട്ടര്‍ നല്‍കാം.

കാബിനറ്റിന് പെയിന്റ്, ഗ്ലാസ് പെയിന്റ് എന്നിവ നല്‍കി പുതുമ വരുത്താ വുന്നതാണ്.

കാബിനറ്റ് ഷട്ടറിന്റെ നോബ് മാറ്റിയും അതിന് ചന്തം നല്‍കാം. പല തരത്തിലുള്ള നോബുകള്‍ വിപണിയില്‍ ലഭ്യമാണ്.

പാതകത്തിന്റെ ഒരു കോര്‍ണര്‍ കുറച്ച് ഉയരത്തില്‍ കെട്ടിയാല്‍ മൈക്രോവേവ് അവ്ന്‍ വെക്കാനുള്ള സ്ഥലമായി.

കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് സിങ്ക് മാറ്റി പുതിയ സിങ്ക് പിടിപ്പിക്കാം.

സീലിങ്ങിനും ചുമരിനും പുതിയ പെയിന്റടിച്ചും അടുക്കള പുത്തനാക്കാം.