വാസ്തുശാസ്ത്രമനുസരിച്ച് വീട് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രശസ്ത വാസ്തുശാസ്ത്ര വിദഗ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് വിശദീകരിക്കുന്നു...
വിവാഹത്തിന് പുരുഷനും സ്ത്രീയും തമ്മിലുള്ള ജാതകചേര്‍ച്ചപോലെയാണ് വീടിന് ഭൂമിയും ദിക്കുകളുമായുള്ള പൊരുത്തങ്ങള്‍. ഈ പൊരുത്തങ്ങള്‍ നോക്കി വീടുപണിയുന്നത് ഗൃഹനാഥനും കുടുംബത്തിനും ഐശ്വര്യം കൊണ്ടുവരുമെന്നാണ് വാസ്തുശാസ്ത്ര വിശ്വാസം.നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്താണ് വാസ്തുവിധികള്‍ തീരുമാനിക്കുന്നത്. വീടുവെക്കാന്‍ അനുയോജ്യമായ ഭൂമി, വീടിന്റെ സ്ഥാനം, വലുപ്പം, കിണറിന്റെ സ്ഥാനം തുടങ്ങി ഗൃഹപ്രവേശംവരെയുള്ള കാര്യങ്ങള്‍ക്ക് വാസ്തുശാസ്ത്രത്തില്‍ പ്രത്യേകം നിര്‍ദേശങ്ങളുണ്ട്.
വീട് വെക്കാന്‍ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍
വാസ്തുശാസ്ത്രമനുസരിച്ച് വാസയോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്ഥലത്തിന്റെ ആകൃതി, കിടപ്പ് എന്നിവ. വടക്കോട്ടും കിഴക്കോട്ടും ചെരിഞ്ഞു കിടക്കുന്ന ഭൂമി അല്ലെങ്കില്‍ പ്രസ്തുത ദിക്കുകളിലേക്ക് നീരൊഴുക്കുള്ള ഭൂമിയാണ് വീടുവെക്കാന്‍ നല്ലത്. വൃത്താകൃതിയിലുള്ളതും മൂന്നോ അഞ്ചോ ആറോ മൂലകളോടു കൂടിയതുമായ ഭൂമിയില്‍ വീട് വെക്കരുത്. സമചതുരാകൃതിയിലുള്ള ഭൂമിയാണ് ഏറ്റവും നല്ലത്.
പശുക്കള്‍ നില്ക്കുന്ന, ഫലവൃക്ഷങ്ങള്‍ ധാരാളമായി നില്ക്കുന്ന, നല്ല വിളവുകിട്ടുന്ന ഭൂമിയാണ് വീടുവെക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം. വീടു വെക്കാന്‍ പറ്റിയ ഭൂമിയുടെ ലക്ഷണമറിയാന്‍ ഒരു മാര്‍ഗമുണ്ട്. ഒരു കുഴി കുഴിച്ച് അതില്‍നിന്നെടുത്ത മണ്ണ് തിരികെ കുഴിയിലിട്ടാല്‍ മണ്ണ് ബാക്കി വരുന്നുണ്ടെങ്കില്‍ ആ സ്ഥലം വീടുവെക്കാന്‍ നല്ലതാണ്. ഭൂമിയില്‍ മണ്ണിന്റെ ദൃഢത പരിശോധിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ദിക്കുകളുടെ പ്രാധാന്യം
വീട് പണിയാന്‍ തിരഞ്ഞെടുക്കുന്ന ഭൂമിയില്‍ ശരിയായ ദിക്കറിഞ്ഞു വേണം നിര്‍മാണപ്രവൃത്തികള്‍ നടത്താന്‍. വാസ്തുശാസ്ത്രമനുസരിച്ച് ഭൂമിയില്‍ എട്ടു ദിക്കുകളാണ് ഉള്ളത്. നാല് മഹാദിക്കുകളും നാല് വിദിക്കുകളും.
മഹാദിക്കുകളായ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലേക്ക് ദര്‍ശനമായ വീടുകളാണ് വാസ്തുശാസ്ത്രപ്രകാരം താമസയോഗ്യമായി കണക്കാക്കുന്നത്. കിഴക്കു ദര്‍ശനമായ പടിഞ്ഞാറ്റിനിഗൃഹം ധനത്തെ പ്രദാനംചെയ്യുന്നു. തെക്ക് ദര്‍ശനമായ വടക്കിനിഗൃഹം സുഖത്തെ പ്രദാനം ചെയ്യും. പടിഞ്ഞാറ് ദര്‍ശനമായ കിഴക്കിനി ഐശ്വര്യത്തെ പ്രദാനം ചെയ്യും. വടക്കു ദര്‍ശനമായ തെക്കിനിഗൃഹം ആരോഗ്യത്തെ പ്രദാനംചെയ്യുന്നതുമാണ്.
വിദിക്കുകളായ തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക് എന്നിങ്ങനെ കോണുകളിലേക്ക് ദര്‍ശനമായ രൂപകല്പനയും നിര്‍മാണവും ശാസ്ത്രപ്രകാരം ശരിയല്ല. വടക്കുപടിഞ്ഞാട്ട് ദര്‍ശനമായ തെക്കുകിഴക്ക് വീടിന് ഫലം ഭയവും തെക്കുപടിഞ്ഞാറെ വീടിന് ഫലം കലഹവും വടക്കുപടിഞ്ഞാറ് വീട് ഫലം ചപലതയും, വടക്കുകിഴക്ക് വീട് നിര്‍മിച്ചാല്‍ ഫലം കുലനാശവുമാണ്. അതുകൊണ്ട് വീടുപണിയുന്നതിന് ഉപയോഗിക്കുന്ന ഭൂമിയോടു ചേര്‍ന്ന വഴിയും അതിരുകളും ദിക്കനുസരിച്ച് കൃത്യമല്ലെങ്കില്‍ ദിക്ക് കൃത്യമാക്കിയശേഷം മാത്രം വീടുപണി തുടങ്ങുക.
ഓരോ മുറിയും എവിടെ
കേരളത്തിലെ പരമ്പരാഗത വീടുനിര്‍മാണരീതിയായ നാലുകെട്ട് (ചതുശ്ശാല) രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് വാസ്തുശാസ്ത്രത്തില്‍ ഓരോ മുറികളുടെയും (ശാലകളുടെ) സ്ഥാനങ്ങളെപ്പറ്റി പറയുന്നത്.
വീടിന്റെ മധ്യത്തില്‍ നടുമുറ്റവും അതിന്റെ നാലുവശത്തായി ദിക്കനുസരിച്ച് മുറികളുമാണ് പണിയേണ്ടത്. നടുമുറ്റത്തിന്റെ കിഴക്കുവശത്തുള്ളത് കിഴക്കിനിയും (പടിഞ്ഞാറ് ദര്‍ശനം) പടിഞ്ഞാറു വശത്തുള്ളത് പടിഞ്ഞാറ്റിയും (കിഴക്കു ദര്‍ശനം) തെക്കുവശത്ത് തെക്കിനിയും (വടക്കോട്ട് ദര്‍ശനം) വടക്കുവശത്ത് വടക്കിനിയും (തെക്ക് ദര്‍ശനം) ആയി വേണം രൂപകല്പന. ഇതില്‍ വടക്കിനിയും കിഴക്കിനിയും പരദേവതാ ഭജനവും ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലവും ഭക്ഷണം കഴിക്കുന്ന തളവും അതിനോടു ബന്ധപ്പെട്ട മുറികളും പണിയാം. അതായത് വീടിന്റെ വടക്കോ കിഴക്കോ വശങ്ങളിലുള്ള മുറികളിലാണ് അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, പൂജാമുറി എന്നിവ വരേണ്ടത്.
തെക്കിനിയും പടിഞ്ഞാറ്റിയും ധനാലയവും ധാന്യാലയവും ആയതിനാല്‍ ധനധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും അതിനോടു ബന്ധപ്പെട്ട പ്രധാന മുറികളും അതിഥിസത്കാരത്തിനുള്ള മുറികളും ഇവിടെ വരണം. ഇപ്രകാരം ദിക്കിന്റെ പ്രാധാന്യമനുസരിച്ച് മുറികളുടെ നിര്‍ണയം പൂര്‍ത്തിയാക്കിയാല്‍ ബാക്കിവരുന്ന കോണ്‍ഗൃഹങ്ങള്‍ (മൂലയില്‍ വരുന്ന മുറികള്‍) ഉറങ്ങാനും പഠനത്തിനും ഉപയോഗിക്കാം. കിടപ്പുമുറി, പഠനമുറി, സ്വീകരണമുറി എന്നിവയ്ക്ക് തെക്കുപടിഞ്ഞാറ് വരുന്ന മുറികള്‍ ഉപയോഗിക്കാം.
അടുക്കളയുടെ സ്ഥാനം
അടുക്കളയുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവേണം. ഭക്ഷണം പാകംചെയ്യാന്‍ വായു, ജലം, തീ എന്നിവ ആവശ്യമായതി
നാല്‍ വീടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള മുറിയും വീടിന്റെ ഈശാന കോണായി കണക്കാക്കുന്നതും വെള്ളത്തിന്റെ സ്ഥാനവുമായ വടക്കുകിഴക്കെ മുറിയും അഗ്നികോണായി കണക്കാക്കുന്ന തെക്കുകിഴക്കുള്ള മുറിയും അടുക്കളയായി ഉപയോഗിക്കാം. ഈ മുറികള്‍ വടക്കിനിയുടെയും കിഴക്കിനിയുടെയും ഭാഗമായും വരുന്നതാണ്. ചില പഴയ തറവാടുകളില്‍ വടക്കുകിഴക്കു ഭാഗത്ത് അടുക്കള കാണാറുണ്ട്. ഇത് കിണറ്റില്‍നിന്ന് വെള്ളം കോരാനുള്ള സൗകര്യം കണക്കാക്കി പണിയുന്നതാണ്.ഏകശാലാ രീതിയിലുള്ള വീടാണെങ്കില്‍ പ്രധാന മധ്യസൂത്രവും നാലു മൂലകളില്‍ വരക്കുന്ന കര്‍ണാകാരമായ രേഖകള്‍ക്കും (Diagonals) വേദദോഷം വരാത്തവിധം (മുറിഞ്ഞുവരാത്തവിധം) വേണം കക്കൂസ് പണിയാന്‍. കുളിമുറിയുടെയോ കക്കൂസിന്റെയോ ചുവരിനോടു ചേര്‍ന്ന് പൂജാമുറി പണിയരുത്. വീടിനു പുറത്ത് ബാത്ത്‌റൂം നിര്‍മിക്കുന്നുണ്ടെങ്കില്‍ അതൊരിക്കലും മതിലിനോട് ചേര്‍ന്നാകരുത്.
കിണറിന്റെ സ്ഥാനം
കിണറിന് ഏറ്റവും അനുയോജ്യമായ സ്ഥാനം വടക്കുകിഴക്കേ മൂലയാണ്. തെക്കുഭാഗത്തം പടിഞ്ഞാറ് വശത്തും കിണര്‍ വരുന്നത് ചെറിയ ഭൂമിയില്‍ ശുഭകരമല്ല. വടക്കുപടിഞ്ഞാറ് ഭാഗത്ത് കിണര്‍ പണിതാല്‍ സ്ത്രീകള്‍ക്ക് രോഗപീഡകള്‍ അനുഭവിക്കേണ്ടിവരാം. പടിഞ്ഞാറുഭാഗത്ത് വരുണപദത്തില്‍ ഒഴികെ വരുന്ന ഭാഗത്ത് കിണര്‍ പണിതാല്‍ ധനൈശ്വര്യം കുറയും. കിണര്‍ വടക്കാകുന്നത് സകല ഐശ്വര്യങ്ങളും കൊണ്ടുവരും.
എന്നാല്‍ കിഴക്കുവശത്തായി കണക്കാക്കുന്ന മേടം, എടവം രാശിസ്ഥാനങ്ങളും വടക്കുവശത്തായി കണക്കാക്കുന്ന മകരം, കുംഭം രാശികളും കിണറിന് അനുയോജ്യംതന്നെ. അതായത് വീടിന്റെ വടക്കുവശത്ത് വടക്കുപടിഞ്ഞാറെ മൂല ഒഴിവാക്കിയാല്‍ മറ്റു ഭാഗങ്ങളിലൊക്കെ കിണര്‍ ആകാം. വീടിന്റെ കിഴക്കുവശത്തുള്ള മുറ്റത്ത് തെക്കുകിഴക്ക് മൂല ഒഴിവാക്കിയാല്‍ അവിടെയും കിണര്‍ കുഴിക്കാം. കിണറിന് വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥാനം പറയുന്നുണ്ടെങ്കിലും വിസ്തൃതമായ ഭൂമിയില്‍ വീട് വെക്കുമ്പോള്‍ മാത്രമേ ഇത് സാധിക്കൂ. തെക്കുപടിഞ്ഞാറെ മൂലയില്‍നിന്ന് തെക്കോട്ട് വെക്കുന്ന അളവിനെക്കാള്‍ കൂടുതലായിരിക്കണം പടിഞ്ഞാറോട്ട് വെക്കുന്ന അളവ്. ഇപ്രകാരം ചെയ്താല്‍ ഇന്ദ്രജിത്ത് പദം വരുന്ന സ്ഥാനം കിണറിനായി ഉപയോഗിക്കാം.
വാസ്തുവിനെ പേടിക്കണോ?
വീട് വെക്കുമ്പോള്‍ വാസ്തു അനുസരിച്ച് നൂറിലേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഇവയെല്ലാം തികഞ്ഞ ഒരു വീട് പണിയുക വളരെ പ്രയാസമാണ്. വെളിച്ചം, കാറ്റ്, വെള്ളം തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ക്കും ഭംഗിക്കും മുന്‍ഗണന കൊടുത്ത്, വാസ്തുശാസ്ത്രത്തിലെ ഒഴിവാക്കാനാവാത്ത നിര്‍ദേശങ്ങളും പാലിച്ച് വീട് വെക്കുക എന്നതാണ് പോംവഴി. വാസ്തുശാസ്ത്രമനുസരിച്ച് ദോഷങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അതിനെല്ലാം ശാസ്ത്രംതന്നെ പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കുന്നുണ്ട്.

NEWS LETTER
RSS











