MATHRUBHUMI RSS
Loading...
പഴയ വീടിന് പുതിയ മുഖം

വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണോ നിങ്ങള്‍? അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ ഇതാ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍...


എന്റെ വീട് കുറച്ചൊന്നു പഴഞ്ചനായോ? നമുക്ക് പലപ്പോഴും തോന്നാനിടയുണ്ട്. ഓരോ കാലത്തും പണിയുന്ന വീടുകള്‍ അതതുകാലത്തെ അഭിരുചിക്കനുസരിച്ചുള്ളതാണല്ലോ. അഭിരുചി മാറുന്നതിനനുസരിച്ച് വീടുകളുടെ രൂപവും ഭാവവും മാറും. പഴയ വീടുകള്‍ക്ക് പുതിയ മുഖം നല്‍കുന്നത് ഇപ്പോള്‍ ട്രെന്‍ഡായിട്ടുണ്ട്. ഇത് രണ്ടുതരത്തിലുണ്ട്. ഒന്നുകില്‍ പുതിയ സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാം (ഞലിീ്മശേീി), അല്ലെങ്കില്‍ പഴയതില്‍ മാറ്റമൊന്നും വരുത്താതെ ചന്തം കൂട്ടാം (Restoration).

പുതിയ സൗകര്യങ്ങള്‍ സ്വന്തം വീട്ടിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വീട് പുതുക്കിപ്പണിയേണ്ടിവരും. പഴയ വീടുകള്‍ അതേ ഭംഗിയില്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പഴയതൊക്കെ നിലനിര്‍ത്തിതന്നെ പുതുക്കിപ്പണിയാം.

പഴയ വീടുകള്‍ പുതുക്കിപ്പണിയുമ്പോള്‍ നേരിടുന്ന പ്രധാന ആരോപണം കൂടുതല്‍ പണം ചെലവാകുമെന്നതാണ്. എന്നാല്‍ ഇത് വ്യക്തമായ അറിവില്ലാത്തതുകൊണ്ടാണ്. കൃത്യമായ പ്ലാനിങ്ങോടെ പണിതാല്‍ അധിക ച്ചെലവ് ഉണ്ടാകുകയുമില്ല. അതിനായി പുതുക്കിപ്പണിയുന്നതിന് മുമ്പ് പഴയ പ്ലാന്‍ കൃത്യമായി പഠിക്കുകയും എവിടെയൊക്കെ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുകയും വേണം.
വീട് പുതുക്കിപ്പണിയുമ്പോള്‍ എത്ര വേണമെങ്കിലും നമുക്ക് മോടിപിടിപ്പിക്കാം. പക്ഷേ, സ്വന്തം ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ മാത്രം വരുത്തി പോക്കറ്റ് കാലിയാകാതെ നോക്കണം. വീടിന്റെ പഴക്കം കൂടി ബലം ക്ഷയിക്കുമ്പോള്‍, വീട്ടുകാരുടെ അഭിരുചി മാറുമ്പോള്‍, പഴമ ഫാഷനാകുമ്പോള്‍ എന്നിങ്ങനെ മൂന്ന് സാഹചര്യങ്ങളിലാണ് വീടിന്റെ പുതിക്കിപ്പണിയല്‍ അത്യാവശ്യമായി വരുന്നത്.
പഴയ വീട് പുതുക്കമ്പോള്‍ പുതിയ വീട് പണിയുന്നതിനേക്കാള്‍ ശ്രദ്ധ ആവശ്യമാണ്. ആസൂത്രണത്തിലെ ചെറിയ പാളിച്ചകള്‍ പോലും കനത്ത നഷ്ടത്തിന് ഇടയാക്കും. പഴയ വീടിന്റെ ഘടനയിലേക്ക് പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഇവിടെ ചെയ്യുന്നത്. വീടിന്റെ പഴക്കം, ഭിത്തിയുടെ ബലം, തറയുടെ ശക്തി, മേല്‍ക്കൂരയുടെ സ്വഭാവം എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷമേ പുതുക്കിപ്പണി തുടങ്ങാവൂ. ഇതു സംബന്ധിച്ച് തീരുമാനമെടുക്കും മുമ്പ് വിദഗ്ധനായ ഒരു ആര്‍ക്കിടെക്ടിന്റെ സഹായം തേടുന്നത് നല്ലതാണ്.

പുതുക്കിപ്പണിയല്‍ പാരയാകാതിരിക്കാന്‍

നമ്മള്‍ ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും വീട് പുതിക്കിപ്പണിയുന്നതിലൂടെ കിട്ടിയില്ലെങ്കില്‍ പണം മുടക്കിയത് വെറുതെയാകും. നാലു കിടപ്പുമുറി മോഹിക്കുന്ന ഒരാള്‍ രണ്ട് കിടപ്പുമുറി മാത്രമുള്ള വീട് പുതുക്കിപ്പണിയുന്നതുകൊണ്ട് കാര്യമില്ല. പുതിയ ജീവിതശൈലിയുമായി പൊരുത്തപ്പെട്ടു പോകുന്ന സൗകര്യങ്ങള്‍ പഴയ വീട്ടിലും ഇല്ലേ എന്ന് ഉറപ്പാക്കണം. കിടപ്പുമുറികള്‍ ചെറുതാണെങ്കില്‍ ബാത്ത് അറ്റാച്ച് സൗകര്യം ഒരുക്കാനും പ്രയാസമായിരിക്കും.

പണ്ട് ഒരു വീട്ടില്‍ ഒരു അടുക്കളയേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ പത്തുപന്ത്രണ്ട് പേര്‍ക്ക് നിന്നുതിരിയാന്‍ കഴിയുന്ന വലിയ അടുക്കള. ഇന്ന് ഗ്യാസ് സ്റ്റൗവ് വെക്കാന്‍ ഒരടുക്കള, വിറകടുപ്പിന് മറ്റൊന്ന് എന്ന രീതിയാണ്. ഓരോ അംഗത്തിനും ഓരോ കിടപ്പുമുറിയാണ് ഇപ്പോഴത്തെ സ്റ്റൈല്‍. പണ്ട് വലിയ ഹാള്‍ പോലുള്ള ഒന്നോ രണ്ടോ മുറികളേ കാണൂ. പണ്ടത്തെ മേല്‍ക്കൂരയ്ക്ക് പൊക്കം കുറവായിരുന്നു. ഫാനിട്ടാല്‍ തലമുട്ടും. കട്ടിളക്കും പൊക്കം നന്നേ കുറവായിരുന്നു. വീട് പുതുക്കിപ്പണിയും മുമ്പ് ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തണം.

ചുമരിന് തീരെ ബലമില്ലെങ്കില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ആവശ്യമായി വരും. ഉത്തരങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റ് ബീം പണിയേണ്ടിവരും. ഇതെല്ലാം ചെലവ് കൂട്ടുന്ന കാര്യങ്ങളാണ്.

പുതുക്കിപ്പണിയല്‍ എങ്ങനെ?

മുറികളുടെ പൊക്കക്കുറവ് മേല്‍ക്കൂരപൊക്കിയുയര്‍ത്തി പരിഹരിക്കാം. ഓടിട്ട മേല്‍ക്കൂരയാണെങ്കില്‍ അത് എടുത്തുമാറ്റിയിട്ട് ചുവരുകെട്ടി പ്പൊക്കുക. അതിനു മുകളില്‍ പഴയ മേല്‍ക്കൂര തന്നെ ഉറപ്പിക്കുക.

മേല്‍ക്കൂരയുടെ പട്ടികകളും കഴുക്കോലും കൂടുതല്‍ നശിച്ചിട്ടുണ്ടെങ്കില്‍ പുതുക്കുമ്പോള്‍ മരത്തിനുപകരം സ്റ്റീല്‍ ഉപയോഗിക്കുന്നതായിരിക്കും ലാഭം. പഴയ വീട്ടില്‍ മുറികളുടെ എണ്ണം കൂടുതലാണെങ്കില്‍ ചുവര്‍ ഇടിച്ചുകളഞ്ഞ് മുറികളുടെ വലിപ്പം കൂട്ടി എണ്ണം കുറയ്ക്കാം. ചുവര്‍ എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ ആര്‍ച്ച് കൊടുത്ത് തുറക്കാം. നല്ലരീതിയില്‍ ഓക്‌സൈഡ് ചെയ്തിട്ടുണ്ടെങ്കില്‍ പഴയ വീടിന് പുതിയ ഫ്ലോറിങ്ങിന്റെ ആവശ്യമില്ല. അല്ലാത്തപക്ഷം ട്രെന്‍ഡിനനുസരിച്ച് മാര്‍ബിളോ തറയോടോ ടൈല്‍സോ പാകാം.

വീടിന് പുതുതായി പ്ലാസ്റ്ററിങ് ചെയ്യുന്നുണ്ടെങ്കില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് നോക്കണം. ചുവര്‍ വിണ്ടിട്ടുണ്ടെങ്കില്‍ വീടിന് ബലക്കുറവ് ഉണ്ടാകും. ചുവര്‍ വിണ്ടതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചശേഷം മാത്രം പ്ലാസ്റ്ററിങ് നടത്തണം. വീട് ഇരുന്നുപോകുമ്പോള്‍ വിള്ളലുണ്ടാകാം. അങ്ങനെയെങ്കില്‍ ആദ്യം ഫൗണ്ടേഷനിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. അല്ലാതെയുള്ള വിള്ളലാണെങ്കില്‍ സ്റ്റീല്‍റോഡ് കൊടുത്ത് സ്റ്റിച്ചു ചെയ്ത്, ശേഷം മാത്രം പ്ലാസ്റ്റര്‍ ചെയ്യുക.

വീട് അന്നും ഇന്നും

അസൗകര്യങ്ങള്‍ ഒഴിവാക്കി, സൗകര്യങ്ങള്‍ പൂര്‍ണമായി നിലനിര്‍ത്തി എങ്ങനെ ഒരു വീട് പുതുക്കി പണിതുവെന്ന് നോക്കാം. കണ്ണൂര്‍ കക്കാടില്‍ ലക്ഷ്മി മെഡിക്കല്‍സ് ഉടമ എ.എം. രാജീവിന്റെ പുതുക്കിപ്പണിത വീടാണ് ചിത്രത്തില്‍ (പേജ് 98). പതിനൊന്ന് സെന്റ് സ്ഥലത്ത് 15 വര്‍ഷം മുമ്പ് രാജീവിന്റെ അച്ഛന്‍ ശങ്കരന്‍ വൈദ്യര്‍ പണികഴിപ്പിച്ചതാണ് പഴയ വീട്. സൗകര്യങ്ങള്‍ കുറവായതിനാല്‍ വീടിന്റെ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് അകത്തളങ്ങളില്‍ ആധുനിക സൗകര്യങ്ങളും പുറംകാഴ്ചക്ക് കൂടുതല്‍ ഭംഗിയും നല്‍കി വീട് പുതുക്കിപ്പണിയാമെന്ന് തീരുമാനിക്കുകയായിരുന്നു രാജീവ്.

പുതുക്കിപ്പണിതപ്പോള്‍ ഒരു നല്ല വീടിന് വേണ്ട സൗകര്യങ്ങള്‍ പരമാവധി സംയോജിപ്പിച്ചു.

മഴ നനയാതെ വീടിനുള്ളില്‍ പ്രവേശിക്കുവാന്‍ ഒരു കാര്‍പോര്‍ച്ച് നല്‍കി. കേരളത്തിന്റെ കാലാവസ്ഥ പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വീടിന്റെ പുറത്തിരിക്കുക വളരെ സുഖകരമാണ്. അതുകൊണ്ട് വിശാലമായ ഒരു വരാന്ത നല്‍കി. വരാന്തയുടെ ഒരുഭാഗം വൃത്താകൃതിയില്‍ ചെയ്തതുകൊണ്ട് മുറ്റത്തിന് കൂടുതല്‍ ഭംഗിയും സൗകര്യവും ലഭിച്ചു. വീടിന് കൂടുതല്‍ നീളം തോന്നാതിരിക്കുവാനും വൃത്താകൃതി പ്രയോജനപ്പെട്ടു. പുതുക്കിപ്പണിതപ്പോള്‍ ഒരു ആധുനിക ജീവിതശൈലിക്ക് ഇണങ്ങും വിധമുള്ള സൗകര്യങ്ങള്‍ നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വാസ്തുശാസ്ത്രത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്താണ് അവ ചെയ്തത്. പ്രധാന കവാടത്തിന് അഭിമുഖമായി കിഴക്കോട്ട് ദര്‍ശനം ലഭിക്കുന്ന രീതിയില്‍ ഒരു പൂജാമുറി, തെക്ക് പടിഞ്ഞാറ് മൂലയില്‍ (കന്നിമൂല) പ്രധാനപ്പെട്ട സ്വീകരണമുറി എന്നിവ ഒരുക്കി.
നേരത്തെ ഉണ്ടായിരുന്ന ലിവിംഗ് കം ഡൈനിങ് ഹാളിനെ ഒരു ഇടനാഴി ആയി രൂപാന്തരപ്പെടുത്തി. സ്റ്റെയര്‍ കെയ്‌സിനും ബെഡ്‌റൂമിനും പൂജാമുറിക്കും കൂടുതല്‍ സ്വകാര്യത ലഭിക്കുവാന്‍ ആര്‍ച്ച് രൂപത്തിലുള്ള ഒരു പാര്‍ട്ടീഷന്‍ (വേര്‍തിരിക്കുന്ന ചുമര്‍) സ്ഥാപിച്ചു. സ്റ്റെയര്‍കെയ്‌സിന്റെ സ്ഥാനവും ദിശയും ശരിയായിരുന്നതിനാല്‍ അവക്ക് കാര്യമായ വ്യത്യാസം ഒന്നും വരുത്തിയില്ല.

എട്ട് പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ വിശാലമായ ഡൈനിങ് റൂമും അതിനനുബന്ധമായി ഒരു വാഷ് ബെയ്‌സിന്‍ കൗണ്ടറും പണിതു.

ഇടനാഴി, ലിവിങ് റൂം, ഡൈനിങ് റൂം, വര്‍ക്ക് ഏരിയ എന്നീ മുറികളില്‍ നിന്ന് നോക്കിയാല്‍ ഗെയിറ്റിന്റെ അടുത്തേക്കുള്ള കാഴ്ച ലഭിക്കുന്ന രീതിയിലാണ് പുതുക്കിപ്പണിതത്.

കിഴക്കോട്ട് നോക്കി പാചകം ചെയ്യുവാന്‍ പാകത്തില്‍ അടുക്കള പുനര്‍ക്രമീകരിച്ചു. പുതുതായി ഒരു സര്‍വന്റ് ടോയ്‌ലറ്റ് കൂട്ടിച്ചേര്‍ത്തു.
താഴത്തെ നിലയിലുള്ള മാസ്റ്റര്‍ ബെഡ്‌റൂമിനോട് ചേര്‍ന്നുള്ള ടോയ്‌ലറ്റ് ആധുനിക സൗകര്യങ്ങള്‍ ലഭിക്കുംവിധം പുനര്‍ക്രമീകരിച്ചു.
മുകളിലത്തെ നിലയിലുള്ള ബെഡ്‌റൂമിന്റെ ടോയ്‌ലറ്റും വിപുലീകരിച്ചു. ഉല്ലാസകരമായ അന്തരീക്ഷം ലഭിക്കുവാനായി മുകളിലത്തെ നിലയിലുള്ള ബെഡ്‌റൂമിനോട് ചേര്‍ന്ന് ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിവ ക്രമീകരിച്ചു.

പടിഞ്ഞാറ് നിന്നുള്ള കാറ്റും മഴയും വെയിലും ചെറുക്കുവാന്‍ വീതികൂടിയ സണ്‍ഷൈഡുകള്‍ പണിതു. കാലാവസ്ഥയുടെ പ്രത്യേകതകൂടി കണക്കിലെടുത്ത് 'മാംഗലൂര്‍ ടൈലുകള്‍' പതിച്ച് മേല്‍ക്കൂര ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഏകദേശം 12 ലക്ഷം രൂപയ്ക്ക് പുതുക്കിപ്പണിയല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പഴയവീട് പൊളിച്ചുമാറ്റി ഇതേ സൗകര്യങ്ങളോടുകൂടി പുതിയ വീട് നിര്‍മിക്കുകയായിരുന്നുവെങ്കില്‍ 25-30 ലക്ഷം രൂപ തീര്‍ച്ചയായും ചെലവാകുമായിരുന്നു.

പുതുക്കിപ്പണിയുമ്പോള്‍ ശ്രദ്ധിക്കാന്‍

വീടുകള്‍ പുതുക്കിപ്പണിയുന്നതിന് മുമ്പ് ഒരു സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ വീടും പരിസരവും വിലയിരുത്തുക.

കിണര്‍, ജലസംഭരണി, സെപ്റ്റിക് ടാങ്ക് തമ്മിലുള്ള ദൂരം ശരിയാണെന്ന് ഉറപ്പാക്കുക.

ബലക്ഷയം വന്ന കെട്ടിടഭാഗങ്ങള്‍ ബലവത്താക്കുക.

വിള്ളലുകള്‍ രൂപപ്പെടാനുള്ള കാരണം കണ്ടുപിടിച്ച് പ്രതിവിധി ചെയ്യുക.

ചുമരില്‍ വരുന്ന കുത്തനെയുള്ള വീതി കൂടിയ (2എം.എം.ല്‍ കൂടുതല്‍) വിള്ളലുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.

കാലപ്പഴക്കം വന്നിട്ടുള്ള പഴയ മേല്‍ക്കൂരയില്‍ കമ്പി ഉപയോഗിച്ച് ചെറിയ കനത്തില്‍ വെള്ളം ഒഴുകിപ്പോകാനുള്ള ചെരിവ് ലഭിക്കുംവിധം കോണ്‍ക്രീറ്റ് ചെയ്യുക.

ചെരിഞ്ഞ മേല്‍ക്കൂരയാണെങ്കില്‍ ഓടുകള്‍ താഴെ ഇറക്കി വെച്ചശേഷം കഴുക്കോലുകള്‍ ബലവത്താക്കുക. ഓടുകള്‍ വയര്‍ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി രണ്ട് കോട്ട് പ്രൈമര്‍ അടിച്ചതിന് ശേഷം വാട്ടര്‍ പ്രൂഫ് പെയിന്റ് ചെയ്യുക.

വാട്ടര്‍ പ്രഷറിനായി ആവശ്യമെങ്കില്‍ ജലസംഭരണി കുറച്ച്കൂടി ഉയര്‍ത്തുക.

പഴയ വയറിങ്, എര്‍ത്തിങ് സംവിധാനം സുരക്ഷിതമാക്കുക.

പഴയ ദ്രവിച്ച ഇരുമ്പ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുക.

പഴയകാല മര ഉരുപ്പടികള്‍ കശുവണ്ടിത്തോട് എണ്ണ ഉപയോഗിച്ച് മിനുക്കിയാല്‍ അവയ്ക്ക് ഭംഗി കൂടും.

പഴയ തറവാടുകള്‍ക്ക് അവയുടെ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ ടോയ്‌ലറ്റുകളും കാര്‍പോര്‍ച്ചും പിറകുവശത്തോ, ഇരുവശങ്ങളിലുമായോ പണിയാം.

പഴയ മൊസൈക്ക് ഫ്ലോറിങിന് മുകളില്‍ അവ ഇളക്കിക്കളയാതെ തന്നെ ഇന്ന് ലഭിക്കുന്ന മനോഹരമായ ടൈലുകള്‍ പശ ഉപയോഗിച്ച് ഉറപ്പിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ വായു കുമിളകള്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വിള്ളല്‍ വരാന്‍ സാധ്യത ഉണ്ട്.

ജനല്‍ പാളികളും ചില്ലുകളും ആവശ്യമെങ്കില്‍ ഇന്നത്തെ അഭിരുചിക്കനുസരിച്ച് പുതുക്കുക.

ഏഴടിയില്‍ താഴെ ഉയരമുള്ള ജനലുകളും കട്ടിളകളും മാറ്റി പുനഃക്രമീകരിക്കുക.

കുത്തനെ ഉള്ള ഗോവണിപ്പടികള്‍ അനായാസം ഉപയോഗിക്കാന്‍ സാധിക്കുംവിധത്തില്‍ പുനഃക്രമീകരിക്കുക.

ചാറ്റല്‍മഴ ചുവരിലടിക്കാതിരിക്കാന്‍ സ്ലോപ്പിങ് റൂഫ് കൊടുക്കണം.

പഴയ ചിമ്മിനി ഇടയ്ക്ക് സ്ലാബ് കെട്ടി വാട്ടര്‍ ടാങ്ക് ആയി ഉപയോഗിക്കാം.

പഴയ ജി.ഐ. പൈപ്പുകള്‍ മാറ്റി പി.വി.സി. പൈപ്പ് ആക്കണം.

മേല്‍ക്കൂര പൊക്കി ഇടയ്‌ക്കൊരു നില കൊടുക്കാം. അവിടേക്ക് തടികൊണ്ടുള്ള സ്റ്റയര്‍കേസ് മതി.

ജോര്‍ജ് കെ. വര്‍ഗീസ്, ആര്‍ക്കിടെക്ട്, കണ്ണൂര്‍
ഫോണ്‍: 98471 66641