ചോര്‍ച്ച, ചിതല്‍, പായല്‍, വഴുക്കല്‍.... മഴക്കാലത്തെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വീടിനാവശ്യമുള്ള അറ്റകുറ്റപ്പണികള്‍ നടത്താന്‍ സമയമായി...
കാലാവസ്ഥ മാറുമ്പോള്‍ നമുക്ക് അസുഖം വരാം. ഇതേ പ്രശ്‌നം വീടുകളുടെ കാര്യത്തിലുമുണ്ട്. ആറേഴ് മാസം കനത്ത ചൂടേറ്റ് കോണ്‍ക്രീറ്റ് ചുട്ടുപഴുത്തുനില്‍ക്കുമ്പോഴായിരിക്കും മഴയെത്തുക. ചുട്ടുപഴുത്തുകിടന്ന കോണ്‍ക്രീറ്റ് പെട്ടെന്ന് തണുക്കുമ്പോള്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെടും. മഴപെയ്ത് ടെറസില്‍ വെള്ളംനിറയുമ്പോള്‍ വിള്ളലുകള്‍ വലുതായി ചോരാന്‍ തുടങ്ങും.വീടിന്റെ കാര്യത്തില്‍ കാലാവസ്ഥയ്ക്കനുസരിച്ചുള്ള അറ്റകുറ്റപ്പണി അത്യാവശ്യമായി വരുന്ന ഭാഗമാണ് മേല്‍ക്കൂര. ശരിയായ കാരണം കണ്ടുപിടിക്കാതെ ഓട്ടയടച്ചതുകൊണ്ട് മാത്രം മേല്‍ക്കൂരയിലെ ചോര്‍ച്ച തടയാനാകില്ല. വീടിനകത്ത് നനവ് കാണുന്നിടത്താവില്ല ചോര്‍ച്ചയുടെ തുടക്കം. മുകളില്‍ കോണ്‍ക്രീറ്റിങ് മോശമായ ഏതെങ്കിലും ഭാഗത്ത് വെള്ളം ഊര്‍ന്നിറങ്ങി കമ്പിയിലൂടെ ഒഴുകി അടിയില്‍ കോണ്‍ക്രീറ്റ് മോശമായ മറ്റൊരു സ്ഥലത്തെത്തി ഇറ്റുവീഴുകയാണ് ചെയ്യുന്നത്.
പരന്ന മേല്‍ക്കൂരയിലാണ് ചോര്‍ച്ച കൂടുതല്‍ വരുന്നത്. മേല്‍ക്കൂരയുടെ മുകള്‍ഭാഗം മിനുസപ്പെടുത്തി വെള്ളം ഒഴുകിപ്പോവുന്നതിന് ആവശ്യമായ ചെരിവ് നല്‍കിയാല്‍ ചോര്‍ച്ച ഒരു പരിധിവരെ തടയാം. സിമന്റും മണലും സമാസമം ചേര്‍ത്ത് ടെറസ് റീപ്ലാസ്റ്റര്‍ ചെയ്യുന്നതും നല്ലതാണ്. ടെറസിലേക്ക് പെയ്തിറങ്ങുന്ന വെള്ളം പുറത്തേക്ക് പോകുന്ന പൈപ്പുകളില്‍ തടസ്സമില്ലെന്നും ഉറപ്പാക്കണം.
ചോര്‍ച്ച തടയാം
ചോര്‍ച്ച എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണെങ്കില്‍ മേല്‍ക്കൂര മുഴുവനായി വാട്ടര്‍പ്രൂഫ് ആക്കുകയേ നിവൃത്തിയുള്ളൂ. ഇതിന് വാട്ടര്‍ പ്രൂഫിങ് മെറ്റീരിയല്‍ മേല്‍ക്കൂരയില്‍ ഒട്ടിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യാം. പോളിമര്‍, ബിറ്റുമിന്‍, അക്രിലിക് എന്നിവയെല്ലാം വാട്ടര്‍പ്രൂഫിങ് മെറ്റീരിയലായി ഉപയോഗിക്കാം. ചതുരശ്ര അടിക്ക് 25 മുതല്‍ 50 രൂപ വരെ ചെലവ് വരും.
മഴക്കാലത്ത് മാസത്തിലൊരിക്കല്‍ മേല്‍ക്കൂരയില്‍ കുമ്മായമോ ബ്ലീച്ചിങ് പൗഡറോ വിതറിയാല്‍ പായല്‍ പിടിക്കുന്നത് ഒഴിവാക്കാം. പായല്‍ വരാതിരിക്കാനുള്ള ആന്റി ഫംഗസ് പെയിന്റുകളും വാങ്ങാന്‍ കിട്ടും. ഇതുകൊണ്ടും ചോര്‍ച്ച തടയാനായില്ലെങ്കില്‍ അലൂമിനിയം, ഫൈബര്‍ ഷീറ്റുകൊണ്ടുള്ള മറ്റൊരു മേല്‍ക്കൂരകൂടി കൊടുക്കുക മാത്രമാണ് പോംവഴി. ഈ സ്ഥലം മഴക്കാലത്ത് തുണിയുണക്കാനും വിറക് അടുക്കിവെക്കാനുമൊക്കെ ഉപയോഗിക്കുകയുമാവാം.
അപൂര്‍വമായി ചെരിച്ചു വാര്‍ക്കുന്ന മേല്‍ക്കൂരകളിലും ചോര്‍ച്ച കാണാറുണ്ട്. മേല്‍ക്കൂര ചെരിച്ച് വാര്‍ക്കുമ്പോള്‍ കോണ്‍ക്രീറ്റിലെ വാട്ടര്‍സിമന്റ് അനുപാതം കുറവായിരിക്കും. ഇത് കോണ്‍ക്രീറ്റിന്റെ വെള്ളം വലിച്ചെടുക്കാനുള്ള കഴിവ് കൂട്ടും. അതുവഴി ചോര്‍ച്ചയും. ചെരിഞ്ഞ മേല്‍ക്കൂരയില്‍ വെള്ളം ഒഴുക്കിക്കളയാന്‍ പാത്തികള്‍ ഉണ്ടാകുന്നത് നല്ല പരിഹാരം തന്നെ.
ചരിഞ്ഞ മേല്‍ക്കൂരയില്‍ തറയോട് പതിക്കുന്ന പതിവുണ്ട്. ചോര്‍ച്ച തടയാന്‍ ഇത് നല്ല മാര്‍ഗമാണ്. എന്നാല്‍ തറയോടിനും കോണ്‍ക്രീറ്റിനും ഇടയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനിന്നാല്‍ ഇത് ഈര്‍പ്പമായി കോണ്‍ക്രീറ്റിലൂടെ അരിച്ചിറങ്ങും. ഓടിനടിയിലേക്ക് വെള്ളം ഇറങ്ങിയാലും പെട്ടെന്നുതന്നെ ഒലിച്ചുപോകാനുള്ള ക്രമീകരണം ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാം.
ചോര്‍ച്ച മേല്‍ക്കൂരയില്‍നിന്ന് മാത്രമല്ല, ചിലപ്പോള്‍ തറയിലും ഭിത്തിയിലും വെള്ളം കിനിഞ്ഞ് പായല്‍ പിടിക്കാറുണ്ട്. തറയുടെ ഉള്‍വശത്തും മുകള്‍ഭാഗത്തും വാട്ടര്‍പ്രൂഫ് കോണ്‍ക്രീറ്റ് മിശ്രിതം മൂന്ന് ഇഞ്ച് കനത്തില്‍ പ്ലാസ്റ്റര്‍ ചെയ്യുകയാണ് പരിഹാരം. തറയുടെ ചുറ്റും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുകയും വേണം. തറയ്ക്കു ചുറ്റും ഇടത്തിണ്ണ കെട്ടുന്നതും നല്ലതാണ്. ഭിത്തിയില്‍ കിനിവ് വരുന്നത് ചിലപ്പോള്‍ മേല്‍ക്കൂരയുടെ ചോര്‍ച്ച കാരണമാകും. അങ്ങനെയെങ്കില്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച ഒഴിവാക്കുക മാത്രമാണ് പരിഹാരം.
ഇഷ്ടികയും വെട്ടുകല്ലും ഉപയോഗിച്ച് പണിയുന്ന പുറം തേയ്ക്കാത്ത വീടുകള്‍ ചാറ്റല്‍മഴയേറ്റാല്‍ പായല്‍ പിടിക്കുക സ്വാഭാവികമാണ്. ചാറ്റല്‍മഴയേല്‍ക്കാതിരിക്കാന്‍ വീതികൂടിയ സണ്‍ഷേഡുകള്‍ പണിയുകയാണ് മാര്‍ഗം. ചുമരില്‍ ആന്റിഫംഗല്‍ പെയിന്റുകള്‍ അടിക്കുന്നതും നല്ലതാണ്. ചൂടുകാലത്ത് ചുമരില്‍ വീഴുന്ന വിള്ളലുകള്‍ മഴക്കാലത്ത് വികസിക്കും. ഇതുവഴിയും ഈര്‍പ്പം ഊര്‍ന്നിറങ്ങാറുണ്ട്. ക്രാക്ക്ഫില്ലര്‍ ജെല്ലുകള്‍ ഉപയോഗിച്ച് വിള്ളലുകള്‍ അടയ്ക്കുകയാണ് പോംവഴി. കുമ്മായം പൂശുന്ന ഭിത്തികളില്‍ വെള്ളം തട്ടിയാല്‍ പെട്ടെന്ന് പായല്‍ പിടിക്കും. കുമ്മായം ഈര്‍പ്പം വലിച്ചെടുക്കുമെന്നതാണ് കാരണം. ഭിത്തിയില്‍ പുട്ടി ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നതും നല്ലതാണ്.
ചുമരില്‍ ഷോക്ക്
ഷോക്കടിക്കുന്ന ചുമരുകളാണ് മഴക്കാലത്തെ മറ്റൊരു പ്രശ്‌നം. ഭിത്തിക്കും കോണ്‍ക്രീറ്റിനും ഉള്ളിലൂടെ വൈദ്യുതിലൈന്‍ ഇടുന്ന വീടുകളിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. ഈര്‍പ്പം തങ്ങിനില്ക്കുമ്പോള്‍ ഭിത്തി നല്ല വൈദ്യുതചാലകമാണ്. മാത്രമല്ല കേബിള്‍ വലിക്കാനിടുന്ന പൈപ്പുകളിലേക്ക് വെള്ളമിറങ്ങിയാല്‍ ചിതലരിച്ച് കേബിളിലെ ഇന്‍സുലേഷന്‍ ദ്രവിച്ചുപോകാനും ഇടയുണ്ട്. ഇന്‍സുലേഷന്‍ നഷ്ടമായ കേബിളിലൂടെ വൈദ്യുതി ചുമരിലേക്ക് പ്രവഹിക്കുമ്പോഴാണ് ഷോക്കേല്‍ക്കുന്നത്.
ഇലക്ട്രിക് പോസ്റ്റില്‍ നിന്നുവരുന്ന മെയിന്‍ ലൈനിലൂടെ വെള്ളം ഊര്‍ന്ന് മീറ്ററിലേക്കും മെയിന്‍സ്വിച്ചിലേക്കും ഒഴുകുന്നതും ഷോക്കിന് കാരണമാവാറുണ്ട്. വീടിനു പുറത്തെ സ്വിച്ചുകളിലും ബള്‍ബ് പോയിന്റുകളിലും മഴവെള്ളം വീണാലും ചുമരില്‍ ഷോക്കിന് സാധ്യതയുണ്ട്. മെയിന്‍സ്വിച്ചും മീറ്ററും വീടിന് പുറത്താണെങ്കില്‍ പ്ലാസ്റ്റിക് കവചംകൊണ്ട് മറയ്ക്കുക.
ടാങ്ക് നിറയുന്നു
മഴക്കാലത്ത് മിക്ക വീടുകളിലും സെപ്റ്റിക് ടാങ്ക് നിറയാറുണ്ട്. ഫഌഷ് ചെയ്യുമ്പോള്‍ ക്ലോസറ്റില്‍ നിന്ന് വെള്ളം ഒഴുകിപ്പോകാതെ നിറഞ്ഞുവ
രുന്നതായാണ് ആദ്യം കാണുക. ക്ലോസറ്റിലെ മാലിന്യം ഒഴിഞ്ഞുപോകാനും തടസ്സം നേരിടും. പിന്നെ ടാങ്ക് നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് ഒഴുകാന്‍ തുടങ്ങും. മഴവെള്ളം സെപ്റ്റിക് ടാങ്കിലേക്ക് ഒഴുകിയെത്തുന്നതാണ് ടാങ്ക് നിറയാന്‍ കാരണമാകുന്നത്. വീട് വെക്കുന്ന സ്ഥലത്തെ ജലനിരപ്പ് മഴക്കാലത്ത് എത്ര ഉയരുമെന്ന് മനസ്സിലാക്കി അതിലും ഉയരത്തില്‍ ടാങ്ക് പണിതാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ല. കല്ലും ഇഷ്ടികകളും ഉപയോഗിച്ച് പണിയുന്ന ടാങ്കുകളിലാണ് മഴക്കാലത്ത് വെള്ളം നിറയുന്ന പ്രശ്‌നം കൂടുതലായി കാണുന്നത്. പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത ടാങ്കുകളോ ഫെറോസിമന്റ് ടാങ്കുകളോ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ കുറയ്ക്കാം. ടാങ്കുകള്‍ മൂടിവെക്കുന്ന സ്ലാബ് പൊട്ടിയിട്ടില്ല എന്നും ഉറപ്പാക്കണം.
ഡ്രെയ്‌നേജ് സംവിധാനം നല്ലരീതിയിലല്ലെങ്കില്‍ അതിന്റെ ദോഷം മുഴുവന്‍ കാണുക മഴക്കാലത്തായിരിക്കും. അടുക്കളയില്‍ നിന്നു വരുന്ന മലിനജലം ഒഴുക്കിക്കളയാന്‍ സംവിധാനമുണ്ടാക്കണം. അല്ലെങ്കില്‍ മുറ്റത്ത് മലിനജലവും മഴവെള്ളവും കെട്ടിനിന്ന് കൊതുക് പെരുകും. കട്ടയോ കല്ലോകൊണ്ടു കെട്ടിയ ചെറിയ കുഴിയുണ്ടാക്കി അതിലേക്ക് വേണം അടുക്കള മാലിന്യവും കുളിമുറിയിലെ അഴുക്കുവെള്ളവും ഒഴുക്കിക്കളയാന്‍.
നിറം മങ്ങുന്നു
വില കൂടിയ ഈട്ടി, ഇരൂള്‍, തേക്ക് എന്നീ മരങ്ങള്‍കൊണ്ട് പണിത വാതിലും ജനലുംപോലും ചാറ്റല്‍മഴയേറ്റാല്‍ നിറം മങ്ങും. മരത്തിന് മുകളില്‍ ഈര്‍പ്പം തങ്ങിനിന്ന് പായല്‍ പറ്റുന്നതു ഈ നിറം മാറ്റം കൊണ്ടാണ് സംഭവിക്കുന്നത്. മിക്ക വീടുകളുടെയും പൂമുഖത്ത് മരത്തിന്റെ കൊത്തുപണികള്‍ ഉണ്ടാവാറുണ്ട്. ചാറ്റല്‍ മഴ അതിലടിച്ചാല്‍ ഇതിനെല്ലാം നിറംമാറ്റം വരാം. തടിയില്‍ മഴതട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതുതന്നെയാണ് പ്രധാനം. ജനലുകളില്‍ ചാറ്റല്‍മഴയേല്‍ക്കാതിരിക്കാന്‍ വീതികൂടിയ സണ്‍ഷേഡുകള്‍ പണിയാം.
പൂമുഖത്തോടനുബന്ധിച്ച് പോര്‍ച്ച് പണിതാല്‍ മഴവെള്ളം ഉള്ളിലേക്കടിക്കുന്നത് തടയാം. അല്ലെങ്കില്‍ മേല്‍ക്കൂരയുടെ ഭാഗം അല്പം നീട്ടിവാര്‍ക്കാം. ഉമ്മറത്തെയും ജനല്‍വാതിലുകളെയും മഴയില്‍നിന്ന് സംരക്ഷിക്കാന്‍ 'തട്ടി'കള്‍ തൂക്കിയിടുന്ന പതിവ് പണ്ടുണ്ടായിരുന്നു. വേനല്‍ക്കാലത്ത് മുകളിലേക്ക് ചുരുട്ടിവെക്കാനും മഴക്കാലത്ത് താഴ്ത്തിയിടാനും കഴിയുന്ന ഫൈബര്‍ തട്ടികള്‍ വാങ്ങാന്‍ കിട്ടും. ആദ്യമഴയ്ക്കുമുമ്പ് തന്നെ തടിസാമഗ്രികളില്‍ രണ്ടു കോട്ട് ആന്റിഫംഗല്‍ വാര്‍ണിഷ് കൊടുക്കുന്നത് നല്ലതാണ്. ഓയില്‍ അധികമുള്ള പെയിന്റ് ഉപയോഗിക്കുന്നതും പരിഹാരമാര്‍ഗമാണ്.
സര്‍വത്ര ചിതല്‍
മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്‌നമാണ് ചിതല്‍. നനവ് തട്ടുന്നിടത്തെല്ലാം ചിതലരിച്ചുകയറും. കട്ടിളയ്ക്ക് താഴെ, മേല്‍ക്കൂരയില്‍, ഭിത്തിയില്‍... ഭൂമിയില്‍നിന്നുള്ള ഈര്‍പ്പം ചുമരിലേക്ക് കയറുന്നിടത്താണ് കൂടുതല്‍ ചിതലരിക്കുക. ഭിത്തിയില്‍ സുഷിരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സിമന്റ് ഉപയോഗിച്ച് അടയ്ക്കുന്നത് ചിതല്‍ തടയും. മഴക്കാലത്ത് ജനലും വാതിലും എപ്പോഴും അടച്ചിടരുത്.
മുറിക്കകത്ത് ഈര്‍പ്പം നിറഞ്ഞാല്‍ ചിതലിന് സാധ്യത കൂടും. കട്ടിളയും ജനലും ചുമരിനോട് ചേരുന്ന ഭാഗത്തും ചിതല്‍ എളുപ്പം വരും. ചിതല്‍പ്പൊടി മണ്ണെണ്ണയില്‍ കലക്കി അടിക്കുന്നത് ചിതലരിക്കുന്നത് തടയും. ജനലും കട്ടിളയുമൊക്കെ ടര്‍പന്റൈനില്‍ മുക്കിയ തുണികൊണ്ട് തുടയ്ക്കുന്നതും നല്ലതാണ്.
വീഴാതെ നോക്കണം
മഴക്കാലത്ത് മുറ്റത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. മുറ്റം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പായലും വഴുക്കലും പ്രശ്‌നമാകും. മുറ്റത്തു പതിക്കാന്‍ പായല്‍ പിടിക്കാത്ത തരം ടൈലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കരിങ്കല്‍ ടൈലുകളും മിനുസപ്പെടുത്താത്ത സിമന്റ് കട്ടകളും പായല്‍ പിടിക്കാത്തവയാണ്. കോണ്‍ക്രീറ്റ് ചെയ്ത മുറ്റത്തെ വഴുക്കല്‍ ഒഴിവാക്കാന്‍ കുമ്മായമോ ബ്ലീച്ചിങ് പൗഡറോ ഇടയ്ക്കിടെ വിതറുന്നത് നന്നായിരിക്കും. കോണ്‍ക്രീറ്റ് മുറ്റമാണെങ്കില്‍ വെള്ളം ഒഴുകിപ്പോകാന്‍ ചെറിയ ചാലുകള്‍ പണിയുന്നത് നല്ലതാണ്.

NEWS LETTER
RSS











