വീട്ടുമുറ്റത്തെ ചീരകൃഷിയിലൂടെ വിട്ടമ്മമാര്‍ക്ക് മാതൃകയാവുകയാണ് ഫറോക്കിലെ നല്ലൂര്‍ സ്രാങ്കുംപടി പടിക്കല്‍പറമ്പില്‍ ഉഷാകുമാരി. കൃഷിയോടുള്ള താത്പര്യം കുടുംബത്തിന് വരുമാനം കൂടിയായി മാറിയതിന്റെ അഭിമാനത്തിലാണ് ഈ വീട്ടമ്മയിപ്പോള്‍. സ്ഥിരമായി വീട്ടുപറമ്പില്‍ ചെറിയ തോതില്‍ പച്ചക്കറി കൃഷി നടത്താറുണ്ടെങ്കിലും ഈ വര്‍ഷമാണ് ചീരകൃഷിയിറക്കിയത്. വീട്ടില്‍ വളര്‍ത്തുന്ന പശുക്കളുടെ ചാണകവും മൂത്രവും മാത്രം ഉപയോഗിച്ചുള്ള സമ്പൂര്‍ണ ജൈവകൃഷിയായതിനാല്‍ ചീരവില്പന ഇവര്‍ക്ക് ഒരു പ്രശ്‌നമേയാകാറില്ല.
ഇടവിട്ട ദിവസങ്ങളില്‍ 400-500 രൂപയുടെ വരെ ചീര വില്‍ക്കാന്‍ കഴിയുന്നതായി ഉഷാകുമാരി പറഞ്ഞു. വീടിനു സമീപത്തുള്ളവര്‍തന്നെ വാങ്ങുന്നതിനാല്‍ കടകളില്‍ വില്‍ക്കാന്‍ നല്‍കാറില്ല. ഭര്‍ത്താവ് പി.പി. നാരായണന്റെയും മക്കളായ അരുണ്‍കുമാര്‍, അഖില്‍, അര്‍ച്ചന എന്നിവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങളും പ്രോത്സാഹനവുമാണ് കൃഷി സമ്പൂര്‍ണ വിജയത്തിലെത്തിച്ചതെന്ന് ഉഷാകുമാരി പറഞ്ഞു. രാവിലെയും വൈകിട്ടും കുടുംബമൊന്നാകെ തോട്ടത്തിലിറങ്ങി ചെടികളെ പരിപാലിക്കുന്നത് നാട്ടുകാര്‍ക്കും പുതുമയുള്ള കാഴ്ചയായി മാറിയിരിക്കുകയാണ്.
വേനല്‍ നേരത്തെ കനത്തുതുടങ്ങിയത് തുടര്‍ന്നുള്ള കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണിവര്‍.
ഭാര്യയുടെ കൃഷിയോടുള്ള താത്പര്യമാണ് തന്നെയും കൃഷിയിലേക്കാകര്‍ഷിച്ചതെന്ന് നാട്ടുപണിക്കാരനായ ഭര്‍ത്താവ് പി.പി.നാരായണന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനുള്ള തീരുമാനത്തിലാണ് ഈ കുടുംബം.

NEWS LETTER
RSS











