MATHRUBHUMI RSS
Loading...
വീട്ടുകാരുടെ മനസ്സില്‍ വിരിഞ്ഞ വീട്‌
ഷെഫീഖ് കടവത്തൂര്‌

കൃത്യമായ ആശയങ്ങളും ഭാവനയും ഉണ്ടെങ്കില്‍ വീട് പണിയാം, ആര്‍ക്കിടെക്ടിന്റെ സഹായമില്ലാതെ തന്നെ. അത്തരം ഏതാനും വീടുകളുടെ അനുഭവകഥകള്‍...


വീടിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ധാരണയുണ്ടാവുക വീട്ടുകാരനായിരിക്കും. ആര്‍കിടെക്ടും എന്‍ജിനീയറും എത്ര വരച്ചാലും തൃപ്തി വരാത്തവരുമുണ്ട്. ചിലപ്പോള്‍ ഒരു പ്ലാന്‍ വരഞ്ഞതിനു ശേഷമാവും അപ്പുറത്തെ വീട്ടിലെ സിറ്റ് ഔട്ടോ കോര്‍ട് യാര്‍ഡോ ശ്രദ്ധയില്‍ പെടുന്നത്. പ്ലാന്‍ തിരുത്തലായി പിന്നെ. മറ്റു ചിലര്‍ക്ക് വീടുപണി തങ്ങള്‍ക്കു തന്നെ ചെയ്തുതുടങ്ങിയാലോ എന്ന ചിന്തയുമുണ്ടാവും. ഇച്ചിരി ടെന്‍ഷന്‍ കൂടിയാലെന്താ, സാമ്പത്തികലാഭം, സമയലാഭം എല്ലാമുണ്ട്. കൂടാതെ ഉള്ളിലെ ക്രിയാത്മകത പരീക്ഷിക്കാനുള്ള വേദിയുമായി.

മുറ്റത്തേക്കിറങ്ങി നില്‍ക്കുന്ന മേട

വീടിന്റെ പേര് മേട. പത്തു സെന്റിലായി 1100 സ്‌ക്വയര്‍ ഫീറ്റ്. ചെലവായതു വെറും ഒന്‍പതു ലക്ഷവും. രണ്ടു നിലകളിലായി മൂന്ന് കിടപ്പുമുറികളുമുണ്ട്. പറഞ്ഞുവരുന്നത് കോഴിക്കോട് വേങ്ങേരിയിലുള്ള ബാബുവിന്റെ പറമ്പത്ത് വീടിനെക്കുറിച്ചാണ്. 2009-ലായിരുന്നു വീടിന്റെ പണി പൂര്‍ത്തിയായത്. പണി തീരാന്‍ മൂന്നരവര്‍ഷമെടുത്തു. സമയമെടുത്തു ചെയ്തതുകൊണ്ടാണ് വീട് ഇത്രയും മനോഹരമായതെന്ന് ബാബുവിന്റെ പക്ഷം. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ഭാര്യ വത്‌സലയും മകന്‍ ഋത്വിക്കുമുണ്ട് കൂടെ.വീടുപണിയുന്ന സമയത്ത് തിരക്കിട്ട യാത്രകളായിരുന്നു. കേരളത്തിലെ 14 ജില്ലകളിലുമുള്ള സൗന്ദര്യമുള്ള വീടുകളും കൊട്ടാരങ്ങളും കാണാനിറങ്ങി. ഇവയില്‍ നിന്നൊക്കെയുള്ള മാതൃകകള്‍ വീടിന്റെ പല ഭാഗങ്ങളിലും പരീക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന് വീടിന്റെ താഴികക്കുടം തന്നെ. അതു പണിതത് വയനാട്ടിലുള്ള പഴശ്ശിയുടെ സ്മാരകകുടീരം മാതൃകയാക്കിയാണ്. ''നാല് കൊല്ലം മുമ്പ് കോഴിക്കോട്ടെ പഴയ ക്രിസ്ത്യന്‍ പള്ളി പൊളിച്ചപ്പോള്‍ കിട്ടിയ ബെല്‍ജിയം ഗ്ലാസ് അപ്പടി എടുത്ത് വീട്ടിലെ ജനലിനും ഗ്ലാസ് പണിക്കുമുപയോഗിച്ചു. കന്യാകുമാരിയിലെ കൊട്ടാരത്തിലെ ചില നിര്‍മാണരീതികളും ഇവിടെയുണ്ട്. ഇത്തരം പഴയ ആര്‍കിടെക്ചറില്‍ നമ്മള്‍ക്ക് പഠിക്കാനും അനുകരിക്കാനും കൊറേ കാര്യങ്ങളുണ്ട്.'' മെഡിക്കല്‍ ബിസിനസുകാരനായ ബാബു പറയുന്നു.

അനാവശ്യ ബീമുകള്‍ ഒഴിവാക്കി

അനാവശ്യ ബീമുകള്‍ കഴിവതും ഒഴിവാക്കിയതാണ് വീടിന്റെ പ്രത്യേകതകളില്‍ പ്രധാനം. തറയൊരുക്കിയ നിലത്തെ മണ്ണ് ഉറപ്പുള്ളതായതിനാല്‍ ഇവിടെ ബെല്‍റ്റ് ഇട്ടിട്ടില്ല. നല്ല ഒരു കല്‍പണിക്കാരന്റേയും മരപ്പണിക്കാരന്റേയും സഹായവും പിന്നെ ഒരു ആര്‍കിടെക്ടിന്റെ പ്രചോദനവുമാണ് മേട ഇത്രയും മനോഹരമായതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. പ്ലാന്‍ ഏകദേശരൂപമായതിനു ശേഷം അതിന്റെ അളവുകളെക്കുറിച്ചും മറും അറിയാനും ഫൈനല്‍ ഡിസൈനിങ്ങിനും സഹായിച്ചത് ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിനിയായ ഹരിതയാണ്. ബെല്‍റ്റ് അധികം വേണ്ട എന്ന നിര്‍ദേശം അവരുടേതായിരുന്നു.

ആദ്യം ബാബുവിന്റെ മനസില്‍ വന്നത് വീടിന്റെ എലിവേഷന്‍. സമയമെടുത്തു ചെയ്താല്‍ പെര്‍ഫക്ഷന്‍ കൂടുമെന്ന പഴയ വിദ്യയില്‍ ആകൃഷ്ടനായി സാവധാനമായിരുന്നു പണി പൂര്‍ത്തിയായത്. പഴശി കുടീരത്തിന്റെ മാതൃക കാട്ടിക്കൊടുക്കാനായി ആശാരിമാരായ ഗണേഷനേയും പ്രതീഷിനേയും വയനാട്ടില്‍ കൊണ്ടുപോയി. കോലായില്‍ പ്രത്യേകഫര്‍ണിച്ചറൊന്നുമില്ലെങ്കിലും ഒറ്റക്കരിങ്കല്ലില്‍ ചാരുപടിയെ അനുസ്മരിപ്പിക്കുന്ന ഇരിപ്പിടമാണുള്ളത്. ഇതിനു സ്‌പെഷ്യല്‍ ക്രെഡിറ്റ് കല്‍പണിക്കാരനായ രാധാകൃഷ്ണനു അവകാശപ്പെട്ടതും. ഒരു പാറപ്പുറത്തിരിക്കുന്ന സുഖം ഇത് നല്‍കുന്നു. ഇവിടെ വരുന്നവര്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന ഇടവുമിതാണെന്ന് വീട്ടുകാരി വത്‌സലയുടെ സാക്ഷ്യം. സ്റ്റയര്‍ കേസ് വെറും പടികള്‍ മാത്രമാവാതെ ഒരു ഗ്യാലറിയിലിരിക്കുന്ന പ്രതീതിയുണ്ടാക്കും. റെക്ടാങ്കുലാര്‍ ഷേപ്പിലുള്ള ഇത് ചെലവും ചുരുക്കി. സായാഹ്‌നങ്ങളിലെ ചര്‍ച്ചകള്‍ക്കു പറ്റിയ ഇടവുമാണ്.

''ഏഴു മേല്‍ക്കൂരയാണിവിടെ. ഓരോ മുറിക്കും മേല്‍ക്കൂരയുണ്ട്.. '' ബാബു മേല്‍ക്കൂര വിശേഷങ്ങളിലേക്ക് നീങ്ങി. മേല്‍ക്കൂരയിലെ കഴുക്കോലും മറ്റു തടിപ്പണിയുമൊക്കെ സ്ഥലനാമമായ വേങ്ങേരിയെ അനുസ്മരിപ്പിക്കും വിധം ഔഷധമരമായ വേങ്ങമരം ഉപയോഗിച്ചാണ് പണി കഴിപ്പിച്ചത്. ജനലും വാതിലും പണിയാന്‍ പ്ലാവും തേക്കും ഉപയോഗിച്ചു.

ഫാനില്ലാത്ത വീട്

'സ്വന്തമായി വീടെടുക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. എല്ലാ മേഖലയിലും നമ്മുടെ കണ്ണെത്തും. സാമ്പത്തികലാഭവുമുണ്ട്. പിന്നെ പരിചയമായിക്കഴിഞ്ഞാല്‍ എളുപ്പമാണ്. ഇപ്പോ തന്നെ എന്റെ അനിയനു വേണ്ട വീടും ഒരുക്കുന്നതു ഞാന്‍ തന്നെയാ.. '' ബാബുവിന്റെ ആത്മവിശ്വാസം നിറഞ്ഞ സ്വരം. വീട് മറ്റാരെങ്കിലുമാണെടുത്തിരുന്നതെങ്കില്‍ ഇതിലും കൂടുതല്‍ പണം ചെലവാവുവെന്ന കാര്യത്തില്‍ ബാബുവിനു സംശയമില്ല.

ഒരു റിസോര്‍ട്ടിലെത്തുന്ന പ്രതീതിയാണ് ഇവിടെ. ഈ കാലാവസ്ഥ എന്നും നിലനിര്‍ത്താന്‍ ലാന്‍ഡ്‌സ്‌കേപ്പും വലിയ പങ്കു വഹിക്കുന്നു. വെറും 900 രൂപ മാത്രമേ ലാന്‍ഡ്‌സ്‌കേപ്പ് അലങ്കരിക്കാന്‍ ചെലവായുള്ളൂ. സാധാരണ വയലില്‍ നിന്നും കിട്ടുന്ന ബഫാലോ ഗ്രാസ് പറിച്ചു നടുകയായിരുന്നു. എന്നും തണുപ്പും കാറ്റുമാണ്. വേണമെങ്കില്‍ മുറ്റത്തേക്ക് ഇറങ്ങി നില്‍ക്കുന്ന വീടെന്നോ അകത്തേക്ക് മുറ്റം കയറിനില്‍ക്കുന്ന വീടെന്നോ വിളിക്കാം. ഓരോ ബെഡ്‌റൂമിനും മൂന്ന് ജനാലകള്‍ ഉണ്ട്. വെളിച്ചവും കാറ്റും നല്ലവണ്ണമുള്ളതിനാല്‍ ഇവിടെ ഫാനുകള്‍ ഉപയോഗിച്ചിട്ടേയില്ല. മുറികളൊക്കെയും അറ്റാച്ച്ഡുമാണ്. പക്ഷേ അത് മനസിലാകണമെങ്കില്‍ ബെഡ്‌റൂമിലെ ഒറ്റനോട്ടത്തില്‍ അലമാരയുടെ വാതിലെന്ന് തോന്നിക്കുന്ന വാതിലുകളിലൊന്ന് തുറക്കണം.

കിച്ചണ്‍ ചെറുതെങ്കിലും ഒരു കോടതിക്കൂടു പോലെയുള്ളതാണ്. ഫ്രിഡ്ജും സിങ്കും നോബുമല്ലാം അതാതിന്റെ പൊസിഷനില്‍ ചെയ്തു. ടീച്ചറായ ഭാര്യ വത്‌സലയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇതൊരുക്കിയത്. മകന്‍ ഋത്വിക് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. നല്ലവണ്ണം ചിത്രങ്ങള്‍ വരയ്ക്കും. അവന്‍ വരച്ച ചില ചിത്രങ്ങളൊക്കെ ചുവരില്‍ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. വീടു കാണാന്‍ വരുന്നവരെല്ലാം കൗതുകത്തോടെ ഇതിനെപ്പറ്റി ചോദിക്കാറുമുണ്ട്. ''ടെറാകോട്ട സ്‌റ്റൈലിലുള്ള സെറാമിക്് ടൈലുകളാണ് ഫ്ലോറിങ്. പണ്ടൊരിക്കല്‍ മൈസൂര്‍ കൊട്ടാരം കണ്ടതിന്റെ ഓര്‍മ്മയ്ക്കാ അത് തന്നെ കൊടുത്തത്. ''മേടയുടെ ഒറ്റക്കല്‍ ഇരിപ്പിടത്തില്‍ ബാബുവും കുടുംബവും ഒരു വൈകുന്നേരം കൂടി ആഘോഷിക്കാനുള്ള തിരക്കിലാണ്.

വരയിലെ ടേസ്റ്റ് എഞ്ചിനീയറാക്കി

തൃരുവനന്തപുരത്തെ പേരൂര്‍ക്കടയിലുള്ള കയ്യാലക്കകം വീടിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇളമുറക്കാരനായ ജോസ് പുതിയ വീടു പണിതപ്പോഴും പേരു പഴയതു തന്നെ കൊടുത്തു. കയ്യാലക്കകം. പശ്ചിമനിരകളുടെ പശ്ചാത്തലത്തില്‍ ഈ വീട് ഒരു വൈറ്റ്ഹൗസായി തോന്നിയാലും തെറ്റില്ല. മഴ പെയ്താല്‍ പിറകിലെ പശ്ചാത്തലത്തില്‍ നീലക്കുന്നുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. വീടിന് ആകെയും വെള്ളനിറമാണ് നല്‍കിയത്. സ്വന്തമായി വീട് പണിയാനുള്ള തീരുമാനത്തെ ബിസിനസുകാരനായ ജോസ് ഇങ്ങനെ വിലയിരുത്തുന്നു. ''മുമ്പേ എനിക്ക് വരയ്ക്കുന്നതില്‍ ഒരു ടേസ്റ്റുണ്ടായിരുന്നു. പിന്നെ ഈ ലൊക്കേഷന്‍ വ്യൂ ഏറെ ഇഷ്ടപ്പെട്ടു. ഒരു പരീക്ഷണം നടത്താന്‍ ഇതൊക്കെത്തന്നെ പോരേ, പ്രചോദനമായിട്ട്?''മുമ്പ് പാറമടയായിരുന്നു ഇവിടം. എത്രയും പെട്ടെന്ന് പണി തീര്‍ക്കണമെന്നുണ്ടായിരുന്നു. മൊത്തം 2500 സ്‌ക്വയര്‍ ഫീറ്റുണ്ട് വീടിന്. രണ്ടു നിലകളിലായി മൂന്ന് ബെഡ്‌റൂമും വരുന്നു. ഇവയില്‍ കിഡ്‌സ് റൂം ഏറെ മനോഹരം. സിംപിള്‍ ഡിസൈനോടായിരുന്നു താല്‍പര്യം. വീടിനാകെയും വെള്ളനിറം കൊടുത്തതും അതുകൊണ്ടു തന്നെയാണ്. ഫ്ലോറിങ്ങിനു തറയോടും നല്‍കി. ഇതിനുള്ള കടപ്പാട് മുമ്പൊരു യാത്രയില്‍ കിട്ടിയ വിദേശമാഗസിനു നല്‍കാനും മടിയില്ല.

ആന്റിക് സൗന്ദര്യം

പാരമ്പര്യമായി കിട്ടിയ ആന്റിക് ഫര്‍ണിച്ചറുകളും മറ്റും ഇവിടെ വേണ്ടും വിധം ഉപയോഗിച്ചതാണ് ഇന്റീരിയറിലെ ആകര്‍ഷണീയതയ്ക്കു മാറ്റു കൂട്ടിയതെന്ന് വീട്ടുകാരി സ്മിത പറയുന്നു. അതുകൊണ്ട് കാശും ലാഭമായി, കാണാനും ലുക്കായി. ഇവയില്‍ അപ്‌ഹോള്‍സ്റ്ററി ചെയ്തു സോഫ സ്‌റ്റൈലാക്കിയിട്ടുമുണ്ട്. വീട്ടില്‍ ആരു വന്നാലും ഇതിനെപ്പറ്റി എന്തെങ്കിലുമൊരു ചോദ്യമുണ്ടാവും. ഓരോ മുറിയുടെ അളവുകളും മനസില്‍ കാണാപാഠമായിരുന്നു. വീടു പണിയുമ്പോള്‍ ഏതുറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഉത്തരം പറയുന്ന രൂപത്തില്‍ നിറഞ്ഞുനിന്നു. ഒരു മുറിയുടേയും അളവുകളുടെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും ശ്രമിച്ചിട്ടില്ല. മുമ്പ് ലൈബ്രറിയില്‍ സെന്‍സസ് വരച്ചതും മറ്റുമല്ലാം ഇതിനു സഹായകരമായി. ജനാലയ്‌ക്കെല്ലാം അത്രയെളുപ്പമൊന്നും തകര്‍ക്കാന്‍ കഴിയാത്ത ഗ്ലാസ് നല്‍കി. വെളിച്ചം നല്ലവണ്ണം വരാന്‍ ഇവ സഹായിക്കുന്നത് മെച്ചം.

''ആദ്യം വീടിന് കോര്‍ട്‌യാര്‍ഡ് പണിയേണ്ട പ്ലാന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. വീടിരിക്കുന്ന നിലം ഗ്രൗണ്ട് ലെവലില്‍ നിന്നും അല്പം താണ് സ്ഥിതി ചെയ്യുന്നതാണിതിനു കാരണം.. അപ്പോ കോര്‍ട്‌യാര്‍ഡ് വെച്ചാലും നമ്മളുദ്ദേശിക്കുന്ന ഫലം കിട്ടിയെന്നു വരില്ല.'' ജോസ് പറയുന്നു. വെറുതെ ഒരു പ്ലാന്‍ വരയ്ക്കാതെ കൃത്യമായും വീടിന്റെ അവസ്ഥ കൂടി അറിഞ്ഞായിരുന്നു വീടുപണി. ഇഷ്ടം പോലെ പ്ലാന്‍ വരച്ച് പതം വന്നെന്നും പറയാം. എങ്കിലും വീട്ടില്‍ ഒരു ഓഫീസ് മുറി ഇല്ലാത്ത വിഷമം ബാക്കിയുണ്ട് മനസില്‍.

ടെറസ് ഉപയോഗപ്പെടുത്തി

സാധാരണ വീടുകളില്‍ ടെറസിലിരിക്കുന്നത് ഒരു പക്ഷേ താമസം തുടങ്ങിയതിന്റെ ആദ്യകാലങ്ങളിലായിരിക്കും. പിന്നെ പാടേ ഉപേക്ഷിക്കുകയാവും പതിവ്. എന്നാല്‍ ഇവിടെ ടെറസിന്റെ സാധ്യത എന്നും ഉപയോഗിക്കാവുന്ന വിധം ആണ്. ടെറസിലേക്ക് എളുപ്പം ഇറങ്ങാവുന്ന വിധത്തില്‍ എന്‍ട്രന്‍സ് നടത്തി. ഒരു ചെറിയ പാര്‍ട്ടി നടത്താനും രാത്രികാലങ്ങളില്‍ വന്നിരിക്കാനും ഇവ ധാരാളം. ഇതു വീടിനൊരു വിദേശലുക്കും നല്‍കുന്നു. വീടും പരിസരവും നല്ല പോലെ കൊണ്ടുനടക്കാന്‍ അച്ഛനേയും അമ്മയേയും പോലെ മക്കളായ ആനിയും മാത്യുവും കുര്യനുമൊക്കെ സദാ ഒരുക്കവുമാണ്. ലാന്‍ഡ്‌സ്‌കേപ്പും പിന്നെ വീടിനകവും അവര്‍ ഏറ്റെടുത്ത് മനോഹരമാക്കുന്ന സ്ഥിരം സെന്ററുകള്‍.

ആത്മവിശ്വാസം ഒടുവില്‍ വീടായി

ഗള്‍ഫിലാണ് ബിസിനസെങ്കിലും വീടു പണിതുതുടങ്ങിയ ആറുമാസം മുഴുവനായും കണ്ണൂര്‍ ജില്ലയിലെ കടവത്തൂരുള്ള കൂളിയില്‍ അഷ്‌റഫ് നാട്ടില്‍ തന്നെ നിന്നു. പണിക്കാര്‍ക്കൊപ്പം കല്ലു ചുമക്കുന്നതും സിമന്റ് കുഴയ്ക്കുന്നതുമടക്കം എല്ലാ പണികളും മടിയില്ലാതെ ചെയ്തു. ആ കാലത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ അഷ്‌റഫ് വാചാലനാവുന്നു. ''അന്നൊക്കെ ശരിക്കും ഇവിടെയൊരു ഉത്‌സവത്തിന്റെ മൂഡായിര്ന്നു. അവരിക്ക്ള്ള ഭക്ഷണോം മറ്റുമൊക്കെ ഇവിടെത്തന്നെ വെക്കും. വാര്‍പ്പിന്റെ ദിവസൊക്കെ ഏതാണ്ട് 70 ഓളം പണിക്കാര്‍ വരെയുണ്ടായിരുന്നു.. പണ്ട് ചെറുപ്പത്തിലൊക്കെ ഓരോ വീടുകള്‍ കാണുമ്പോഴും ഓരോ ആഗ്രഹമായിരുന്നു. സിറ്റ് ഔട്ട് നന്നായി. ലാന്‍ഡ്‌സ്‌കേപ്പ് നന്നായി, സ്റ്റയര്‍കേസ് ഡിസൈന്‍ ഉഷാറായി, അങ്ങനെ. അതുകൊണ്ട് സ്വന്തമായി ഒരു വീടു പണിയാനായപ്പോള്‍ ഇതൊക്കെ മനസില്‍ വെച്ച് പണി തുടങ്ങി. വിജയിക്കുമെന്ന്ള്ള ആത്മവിശ്വാസവുമുണ്ടായിരുന്നു.''വീടിന്റെ പഌന്‍ മുമ്പേ വരച്ചു അഷ്‌റഫ്. പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. ഈ വര്‍ഷം ജനവരിയില്‍ തുടങ്ങിയ പണി ജൂണാവുമ്പോഴേക്കും തീര്‍ന്നു. ഇനി ഇന്റീരിയറില്‍ കുറച്ച് അലങ്കാരങ്ങള്‍ വേണമെന്ന ആഗ്രഹമുണ്ട്. സാധാരണ എന്‍ജിനീയറെയോ ആര്‍കിടെക്ടിനെയോ ഏല്‍പ്പിക്കുകയാണെങ്കില്‍ ഇത്ര പെട്ടെന്ന് പണി തീര്‍ന്നെന്നു വരില്ല. ചിലപ്പോള്‍ ഒരു വര്‍ഷത്തിനു മേല്‍ സമയമെടുക്കാനും സാധ്യതയുണ്ട്. ''കെട്ടിടനിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്ന ഇക്കാലത്ത് എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കിയാല്‍ അത്രയും സാമ്പത്തികലാഭവുമുണ്ടാകുമല്ലോ?'' അഷ്‌റഫ് ചോദിക്കുന്നു.

വിശാലത മുഖ്യാകര്‍ഷണം

30 സെന്റില്‍ 2700 സ്‌ക്വയര്‍ഫീറ്റാണ് വീട്. ഇതിനടുത്തു തന്നെയാണ് തറവാടു വീട്. അവിടത്തെ വിശാലത ഏറെ ആകര്‍ഷിച്ചിരുന്നതിനാല്‍ ഈ വീട്ടിലും അങ്ങനെ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഹാളും മുറികളും മുകളിലെ സിറ്റിങ്ങുമല്ലാം പരമാവധി വിശാലമാക്കിയത് ഇതിനാലാണ്. നാലു ബെഡ്‌റൂമുകളാണ് ഇവിടെ. നാലും വീടിന്റെ മുകളിലും താഴെയുമായി ഒരു വശത്തുതന്നെ വരുന്നു. ഇവയൊക്കെയും അറ്റാച്ച്ഡുമാണ്. ഫ്ലോറിങ്ങിനു മാര്‍ബിളും മാര്‍ബോണൈറ്റും നല്‍കി.

മൊത്തം 40 ലക്ഷം രൂപ വരും ചെലവ്. അലങ്കാരവസ്തുക്കള്‍ പലതും ദുബായില്‍ നിന്നും കൊണ്ടുവരികയായിരുന്നു. പരമാവധി സിംപിള്‍ ഡിസൈന്‍ നല്‍കാന്‍ ശ്രമിച്ചു. വീടിനകത്ത് പ്രെയര്‍ മുറി നിര്‍ബന്ധമായിരുന്നു. ഏറ്റവും സ്‌പെഷ്യലായി തോന്നിയ ഭാഗങ്ങളിലൊന്ന് ഇതാണെന്ന് വീട്ടുകാരി സമീനയും മനസു തുറക്കുന്നു. മൂന്ന് മക്കളാണ് ഇവര്‍ക്ക്. അസ്‌ന, നജ, ഖദീജ സല്‍ഹ. മുന്‍വശത്തെ ചെറുതെങ്കിലും മനോഹരമായൊരു വരാന്തയില്‍ വൈകുന്നേരങ്ങളിലെ കുടുംബസംഗമങ്ങള്‍ക്കും സൗഹൃദസംഗമങ്ങള്‍ക്കുമായി എല്ലാവരും ഒത്തുകൂടും.

പഴമയുടെ പിറകെ

'ഇച്ചിരി പഴമ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടാ ഓടു നല്‍കിയത്. അതെല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു. വീട് കാണാന്‍ വന്ന ആരും ഇതുവരെയും മോശം അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല'', അഷ്‌റഫ് പറയുന്നു. നല്ല ഉറച്ച ഭൂമിയായിരുന്നതിനാല്‍ പൈലിങ്ങൊന്നും വേണ്ടി വന്നില്ല. ചെങ്കല്ലാണ് കൂടുതലും ഉപയോഗിച്ചത്. ലാന്‍ഡ്‌സ്‌കേപ്പും മനോഹരമാക്കി. ധാരാളം ഫല വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. സപ്പോട്ട, പേരക്ക തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. മുറ്റം മുഴുവനും ഇന്റര്‍ലോക്കിങ് ചെയ്തു. കാര്‍ പോര്‍ച്ചിനുള്ള എലിവേഷന്‍ മുറ്റത്ത് തൂണുകളിലായി മുന്നോട്ടേക്കു വരുന്നു. ഈരുള്‍, തേക്ക് എന്നിവ ഉപയോഗിച്ചാണ് മരപ്പണിയെല്ലാം ചെയ്തത്. മുകളിലെ ബാത്‌റൂമും കിച്ചനും ചെയ്തു കഴിഞ്ഞപ്പോഴാണ് ശരിക്കും സംതൃപ്തനായതെന്ന് അഷ്‌റഫ് പറയുന്നു. എത്ര വലിയ മഴ പെയ്താലും മുറ്റത്തെ ഒരു പോയിന്റില്‍ കൃത്യമായി വെള്ളം വന്നുനിറയുന്ന വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റം ചെയ്തപ്പോഴാണ് ഏറെ അഭിമാനം തോന്നിയത്.

''ഇനി ഇന്റീരിയറില്‍ അല്പം വുഡ് പാനലിങ് പണി ബാക്കിയുണ്ട്. സ്റ്റയര്‍കേസ് പോളിഷ് ചെയ്യണം. എങ്കിലും ഇനി വേണമെങ്കില്‍ ഒരു വീടിന്റെ പണി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസമൊക്കെ വന്നിട്ടുണ്ട്... '', അഷ്‌റഫ് വിശദീകരിക്കുന്നതിനിടയില്‍ മക്കള്‍ മൂവരും ഒത്തു ചേര്‍ന്നു. ഇനിയൊരു കുടുംബവൃത്താന്തം.