കെ.ജി.കാര്‍ത്തിക
വീടിന്റെ ജീവന് തുടിക്കുന്ന ഭാഗമാണ് അടുക്കളകള്‍. രുചി രൂപപ്പെടുന്ന സ്ഥലം. കാലത്തിനനുസരിച്ച് മലയാളികളുടെ അടുക്കള സങ്കല്പങ്ങളും മാറുകയാണ്. പഴയകാലത്ത് ഉണ്ടായിരുന്ന പുകക്കറ നിറഞ്ഞ അടുക്കളകളോട് മലയാളികള്‍ എന്നേ വിടപറഞ്ഞു. അടുക്കളകള്‍ പലപ്പോഴും വീടിന്റെ മറ്റ് മുറികളെക്കാള്‍ സുന്ദരമാക്കാനാണ് ഇന്ന് ശ്രമം. വീടിന്റെ ഏറ്റവും ശ്രദ്ധവേണ്ട ഭാഗവും അടുക്കളകളാണ്.വീട്ടമ്മമാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം, അടുക്കളയില്‍ സാധനങ്ങള്‍ അടുക്കോടും ചിട്ടയോടും സൂക്ഷിക്കുക എന്നതാണ്. പഴയകാലത്തൊക്കെ അടുക്കളയില്‍ തിങ്ങിഞെരുങ്ങി ഇരിക്കുന്ന അടുക്കള അലമാരകള്‍ കണ്ടിട്ടില്ലേ? ചിലപ്പോള്‍ അമ്മമാര്‍ പരാതിപറയുന്നതും കേള്‍ക്കാം; അടുക്കളയില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലെന്ന്... ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ആധുനിക ആര്‍ക്കിട്ടെക്ടുകള്‍ അവതരിപ്പിക്കുന്ന കിച്ചന് ക്യാബിനറ്റുകള്‍. അതായത്, അടുക്കള അലമാരകളുടെ ആധുനിക രൂപം. സ്ഥലം ഒട്ടും നഷ്ടപ്പെടുത്താതെ അടുക്കളച്ചുമരിനോട് പറ്റിച്ചേര്‍ന്ന് അങ്ങനെ ഇരുന്നോളും എന്നതാണ് ഇവയെ ആകര്‍ഷകമാക്കുന്നത്.
വ്യത്യസ്ത തരത്തിലുളള ക്യാബിനറ്റുകള്‍ ഇന്ന് ലഭ്യമാണ്. പുത്തന്‍ രീതിയില്‍ ഒരുങ്ങുന്ന അടുക്കളകളുടെ ഭാഗമാണ് ക്യാബിനറ്റുകള്‍. ഇത് വിവിധ രീതിയില്‍ അണിയിച്ചൊരുക്കാം. തടി, അലുമിനീയം, സ്റ്റീല്‍ എന്നീ വസ്തുക്കള്‍ ഉപയോഗിച്ചാണ് സാധാരണ ക്യാബിനറ്റുകള്‍ നിര്‍മിക്കുന്നത്. സാധാരണക്കാരന്റെ പോക്കറ്റിനിണങ്ങുന്ന രീതിയില്‍ അടുക്കളയെ ഒരുക്കാന്‍ ആര്‍ക്കിട്ടെക്ടുകള്‍ തയ്യാറാണ്.
പണമുണ്ടെങ്കില്‍ മഹാഗണിയോ, തേക്കോ പോലുള്ള തടികള്‍ കൊണ്ട് ക്യാബിനറ്റ് ഒരുക്കി അടുക്കളയ്ക്ക് ഭംഗികൂട്ടാം. എന്നാല്‍, ബജറ്റ് കുറവാണെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. കാരണം, പ്ലൈവുഡ് കൊണ്ടും ഒരുക്കാം സുന്ദരന്‍ ക്യാബിനറ്റുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ ബജറ്റ് പറഞ്ഞാല്‍ മതി, ആര്‍ക്കിട്ടെക്ടുകള്‍ അതിനനുസരിച്ച് ഒരുക്കിത്തരും ക്യാബിനറ്റുകള്‍. 25,000 രൂപ മുതല്‍ മുകളിലേക്കാണ് ഇവയുടെ വില.അലുമിനീയവും ഈട്ടിത്തടിയുമെല്ലാം ഉപയോഗിച്ച് തയ്യാറാക്കുന്ന ക്യാബിനറ്റുകള്‍ക്ക് വില അല്‍പ്പം കൂടുതലാകും. മാത്രമല്ല, ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നതും ഇവയുടെ പ്രത്യേകതയാണ്.
പാറ്റപ്പേടി വേണ്ട
ക്യാബിനറ്റുകളില്‍ തന്നെ താരങ്ങള്‍ പലതുണ്ട്. പലതരത്തിലുള്ള സൗകര്യങ്ങളോട് കൂടിയവ വിപണിയിലുണ്ട്. ഇവയില്‍ ഉള്‍പ്പെടുന്നതാണ് ആന്റി കോക്രോച്ചും സ്പാനിഷ് ക്യാബിനറ്റുകളും. വിപണിയിലെ മോഡേണ്‍ താരങ്ങളായ ഇവയ്ക്ക് വിലയും അല്‍പ്പം കൂടുതലാകും. തനി സ്പാനിഷ് ക്യാബിനറ്റുകളെ ഇന്ത്യന്‍ രീതിയുമായി കൂട്ടിയിണക്കിയാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്ലീക്ക് മറൈന്‍ പ്ലൈ കൊണ്ടുണ്ടാക്കി ലാമിനേറ്റ് ചെയ്യുന്നവയാണ് ഇതിന്റെ കാര്ക്കേസുകള്. വാതിലുകള്‍ നിര്‍മിക്കുന്നത് സ്പാനിഷ് ബോര്‍ഡ് വസ്തുക്കള്‍ ഉപയോഗിച്ചാണ്. പാറ്റ പെരുകാതിരിക്കുന്നതിനുളള സംവിധാനങ്ങളോടു കൂടിയ ആന്റി കോക്രോച്ച് ക്യാബിനറ്റുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത്തരം ക്യാമ്പിനറ്റുകളുടെ നിര്‍മാണച്ചെലവ് 6 ലക്ഷത്തിനടുത്ത് വരും. ലാമിനേറ്റഡ് പ്ലൈവുഡ് ഉപയോഗിച്ച് ക്യാബിനറ്റുകള്‍ നിര്‍മിക്കാം. ഇതിന്റ വാതിലുകള്‍ക്ക് സോളിഡ് വുഡ് മതിയാകും.
1.5 ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ഇതിന്റെ നിര്‍മാണച്ചെലവ്. അലുമിനീയത്തില്‍ ഒരുങ്ങുന്ന ക്യാബിനുകള്‍ക്ക് ഗ്ലാസ് ഷട്ടറുകള്‍ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ഭംഗി ലഭിക്കുന്നു. ഇവയുടെ നിര്‍മാണത്തിന് 5 ലക്ഷം ചെലവ് വരും. എം.ഡി.എഫ്. ഉപയോഗിച്ച് നിര്‍മിക്കുന്ന ക്യാബിനറ്റുകള്ക്കാണ് ഏറ്റവും ചെലവു കുറവ്. എം.ഡി.എഫ്. മെറ്റീരിയല്‍ ചതുരശ്രയടിക്കനുസരിച്ചാണ് ലഭ്യമാകുന്നത്. വ്യത്യസ്തമായ നിറങ്ങളില്‍ എം.ഡി.എഫ്. ലഭിക്കുമെന്നതിനാല്‍ വേറെ നിറം നല്‍കുന്നതിന്റെ ചെലവ് ഒഴിവാക്കാം. ഓരോ ക്യാമ്പിനറ്റിനും ചേരുന്ന ഉപകരണങ്ങള്‍ ക്രമീകരിച്ച് ഇവ കൂടുതല്‍ മനോഹരമാക്കാം. ഗൃഹോപകരണങ്ങളുടെ വലിപ്പത്തിനനുസൃതമായി, നമ്മുടെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന പോള്‍ ക്യാമ്പിനറ്റുകളും വിപണിയില്‍ സുലഭമാണ്. സ്റ്റൈയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിതമായിരിക്കുന്ന ഒരു പോളിന്റെ വില 1600 രൂപ മുതലാണ്. ഇതിന് പുറമെ മുളയും ക്യാബിനറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
ക്യാബിനറ്റുകള്‍ക്ക് ഗൃഹനാഥന്റെ മനസ്സിനിണങ്ങുന്ന വിവിധ നിറങ്ങള്‍ നല്‍കാം. സാധാരണ പെയിന്റുകള്‍ക്ക് പുറമെ, വാഹനങ്ങള്‍ക്ക് അടിക്കുന്ന പെയിന്റുകളും ക്യാബിനറ്റിന് ഉപയോഗിക്കാവുന്നതാണ്. വാഹനത്തിന് അടിക്കുന്ന പെയിന്റ് ഉപയോഗിച്ചാല്‍ ക്യാബിനറ്റുകള്‍ കഴുകാന്‍ സാധിക്കും. ക്യാബിനറ്റ് തരംതിരിക്കുന്നതിന് തടി, പ്ലൈവുഡ്, മള്‍ട്ടി വുഡ്, കടപ്പ, ഫെറോ സിമന്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്. മള്‍ട്ടി വുഡ്ഡിന് വില അല്പം കൂടുതലാണ്.

NEWS LETTER
RSS











