MATHRUBHUMI RSS
Loading...
പ്രകൃതിയിലേക്ക് തുറന്നുവെച്ച കൂട്‌
സി.എം.ബിജു

കണ്ണടച്ചു തുറക്കുന്നത്ര വേഗത്തിലാണ് കേരളത്തിലെ വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഡിസൈനിലും ഇന്റീരിയറിലുമുണ്ട് മാറ്റത്തിന്റെ കുത്തൊഴുക്ക്. വീടുനിര്‍മ്മാണത്തിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ച് കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്ടുകള്‍ വിലയിരുത്തുന്നു. ഒപ്പം ഗൃഹലക്ഷ്മി തിരഞ്ഞെടുത്ത വ്യത്യസ്തവും മനോഹരവുമായ അഞ്ചു വീടുകളും...രോഗങ്ങളെ ചെറുക്കുന്ന വീട്. അതും വന്നുകഴിഞ്ഞു കേരളത്തില്‍. കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിലാണ് കേരളത്തിലെ വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നത്. 'രാത്രിയൊന്ന്് തലചായ്ക്കാന്‍ മാത്രമുള്ളതായിരുന്നു മുമ്പത്തെ വീട്. കൃഷി സജീവമായിരുന്നപ്പോള്‍ എല്ലാവരും വീടിനുപുറത്തായിരുന്നു. ഇന്ന്് പുറത്തെ ജോലികള്‍ കുറഞ്ഞു. എല്ലാം വീടിന്റെ ഉള്ളിലായി. ഇത് വീട് നിര്‍മാണത്തില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. മുറികളുടെയെല്ലാം വലിപ്പം കൂടി. ഓരോ ഏരിയകളും അനുദിനം വലുതായിക്കൊണ്ടിരിക്കുന്നു.'പ്രമുഖ ആര്‍ക്കിടെക്ടും പരിസ്ഥിതി വീടുകളുടെ വക്താവുമായ പി.കെ.ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നു.

ഡിസൈനിലും ഇന്റീരിയറിലും ഫ്ലോറിങ്ങിലുമെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഡിസൈനില്‍ പരമ്പരാഗത കേരളീയശൈലി വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്കാണ് ഇന്ന് മുന്‍തൂക്കം. പരിസ്ഥിതിക്ക് ഇണങ്ങുന്നതാവണം വീടുകള്‍ എന്ന് വാദിക്കുന്നവരും കൂടിവരുന്നു.

ഡിസൈന്‍ വിപ്ലവം

ആളുകള്‍ക്കിടയില്‍ ഡിസൈന്‍ അവബോധം കൂടിയെന്നതാണ് അടുത്തകാലത്തുണ്ടായ വിപ്ലവകരമായ മാറ്റമെന്ന് പ്രമുഖ ആര്‍ക്കിടെക്ട് ടി.എം.സിറിയക് അഭിപ്രായപ്പെടുന്നു. ''നല്ല ഡിസൈനെന്നാല്‍ സ്ഥലത്തിന്റെ വിദഗ്ധമായ ഉപയോഗം, നല്ല മെറ്റീരിയല്‍സ്, ഊര്‍ജോപഭോഗത്തിലെ മിതത്വം എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ്. ഉപയോഗം നോക്കിയാണ് ഡിസൈന്‍ തീരുമാനിക്കുന്നത്. അതുകൊണ്ടാണ് ടോയ്‌ലെറ്റ്,കബോര്‍ഡ്,മേശ തുടങ്ങിയവയെക്കുറിച്ചൊക്കെ ആളുകള്‍ കൂടുതല്‍ ചിന്തിക്കുന്നത്'', സിറിയക് ചൂണ്ടിക്കാട്ടുന്നു.

വീടിനെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറിപ്പോയെന്ന പക്ഷക്കാരനാണ് ആര്‍ക്കിടെക്ട് ജയന്‍ ബിലാത്തിക്കുളം. 'വീട് ഇന്ന് ലൈഫ് സ്റ്റൈലിന്റെ ഭാഗമായി മാറി. വലിയ വീടുവെച്ചയാളെയാണ് വലിയപേഴ്‌സണാലിറ്റി ഉള്ളവരായി പറയുന്നത്. പൊങ്ങച്ചത്തിന്റെ പേരില്‍ എത്രയധികം അനാവശ്യസ്ഥലങ്ങളാണ് നാം വീട്ടിനുള്ളില്‍ സൃഷ്ടിക്കുന്നത്. പണ്ടൊക്കെ വിളകളും കൃഷിയും ഉണ്ടായിരുന്നപ്പോള്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്റ്റോര്‍റൂം ആവശ്യമായിരുന്നു. ഇന്നതിനെന്ത് പ്രാധാന്യം. അതുപോലെ സ്റ്റഡി റൂം.അവിടെയിരുന്ന് പഠിച്ചതുകൊണ്ട് മാത്രം ആരെങ്കിലും പരീക്ഷ വിജയിച്ചിട്ടുണ്ടോ. രണ്ട് അടുക്കളകളാണ് ഇന്നത്തെ ഫാഷന്‍. ഒന്ന് പാചകത്തിനും മറ്റൊന്ന് സാധനങ്ങള്‍ നിരത്തി പ്രദര്‍ശിപ്പിക്കാനും. അടിസ്ഥാനാവശ്യം എന്ന നിലയില്‍നിന്ന് വീടുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതിനുള്ള തെളിവാണിതെന്നും ജയന്‍ അഭിപ്രായപ്പെടുന്നു.

പരീക്ഷണങ്ങള്‍ ഡിസൈനിലും

'ക്യൂബ് ഡിസൈനുകളാണ് കേരളത്തിലിപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ക്യൂബ് വളരെ മോഡേണ്‍ ആണെന്ന ധാരണയിലാണിത്. പാശ്ചാത്യരാജ്യങ്ങളിലെ ഡിസൈനുകളോടുളള ഭ്രമമാണ് ഇവിടെയും.' തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ്് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ആര്‍ക്കിടെക്ടുമായ ജോസ്‌ന റാഫേല്‍ പറയുന്നു. പക്ഷേ ഈ ഡിസൈന്‍ നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതരീതിക്കും അത്ര യോജിച്ചതല്ലെന്ന അഭിപ്രായമുണ്ട് പല ആര്‍ക്കിടെക്ടുകള്‍ക്കും. ചൂടുകാലത്ത് അധികം ചൂട് ഉള്ളിലേക്ക് ആഗിരണം ചെയ്യാത്ത കെട്ടിട നിര്‍മാണശൈലിയായിരുന്നു പഴയകാലത്ത് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ കൂടുതല്‍ ഗ്ലാസ് പാനലൊക്കെ നല്‍കുന്ന ഏര്‍പ്പാടുണ്ട്. ഗ്ലാസ് ചൂട് ആഗിരണം ചെയ്തിട്ട് പുറത്തുവിടില്ല. പിന്നെ മുറിയിലെ ചൂട് തണുപ്പിക്കാന്‍ എ.സി. ഉപയോഗിക്കേണ്ടി വരും, വിദഗ്ധര്‍ വിമര്‍ശനമുയര്‍ത്തുന്നു.

ഡിസൈനില്‍ മോഡേണും ട്രെഡീഷണലും ചേര്‍ന്ന മിക്‌സ് പരീക്ഷിക്കാന്‍ പലരും ഇഷ്ടപ്പെടുന്നതായി കോഴിക്കോട് ഇവലൂഷന്‍സിലെ ആര്‍ക്കിടെക്ട് സിന്ധുകൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു. മോഡേണ്‍ ഡിസൈന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. പക്ഷേ പഴയ ശൈലിയെ കൈവിടാനും ആരും ഒരുക്കമല്ല. ഇതാണ് ട്രെഡീഷണല്‍-കൊളോണിയല്‍ മിക്‌സ് കൂടിവരാന്‍ കാരണം. ലാന്‍ഡ് സ്‌കേപ്പിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇന്നത്തെ മിക്ക ഡിസൈനും.

ചൂട് പ്രതിരോധിക്കാന്‍ കാലാവസ്ഥക്ക് യോജിച്ച വീടുകളും ഉയരുന്നുണ്ട്. നടുമുറ്റം വ്യാപകമാവുന്നത് അതിന്റെ ലക്ഷണമാണ്. വീടിനുള്ളില്‍ തണുത്തഅന്തരീക്ഷമൊരുക്കാന്‍ നടുമുറ്റം സഹായിക്കുന്നു. അതേപോലെ ഓപ്പണ്‍മുറികള്‍ വ്യാപകമാവുന്നു. കിടപ്പുമുറിക്ക് മാത്രം സ്വകാര്യതയുള്ള കാലമാണ് വരുന്നത്. ''ഓപ്പണ്‍ ഡിസൈന്‍ എന്നത് ഇന്നത്തെ ഒരു ട്രെന്‍ഡുതന്നെയാണ്. അടുക്കളകള്‍ ഓപ്പണ്‍ ആയിക്കഴിഞ്ഞു. നമ്മുടെ മനസ്സുകള്‍ പോലും ഓപ്പണാവുന്നതിന്റെ സൂചനയാണിത്.''ജോസ്‌ന റാഫേല്‍ പറയുന്നു. ''ഇനി വാതിലുകളില്ലാതെ എല്ലാം തുറസ്സാവാം. ചുറ്റുമതില്‍ മാത്രമുള്ള വീടുകളുടെ കാലമാവും'', പി.കെ. ശ്രീനിവാസനും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു.

മാറ്റം ഇന്റീരിയറിലും

'ഇന്റീരിയറിന്റെ കാര്യത്തിലും ഇപ്പോള്‍ ശ്രദ്ധകൂടി. ഫര്‍ണീച്ചറുകള്‍,അത് അറേഞ്ചുചെയ്യുന്ന രീതി,ആര്‍ട്ട് എന്നിവക്കൊക്കെ കൂടുതല്‍ പ്രാധാന്യം വന്നുകഴിഞ്ഞു. ഭാവിയില്‍ കേരളത്തിന്റെ തനത് കെട്ടിടനിര്‍മാണരീതികള്‍ ഉയര്‍ന്നുവരും.നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും മണ്ണിനും യോജിച്ച വീടുകളാവും അപ്പോഴത്തേത്'' ടി.എം.സിറിയക് പറയുന്നു.

'ടോയ്‌ലെറ്റുകളെല്ലാം ഹൊറിസോണ്ടല്‍ ആകൃതിയില്‍ രൂപപ്പെടുത്തിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ വെര്‍ട്ടിക്കലാണ് ട്രെന്‍ഡ്.അതേപോലെ ടോയ്‌ലെറ്റിലും ലിവിങ്ങ് റൂമിലുമൊക്കെ ഉപയോഗിക്കുന്നത് വലിയ ടൈലുകളാണ്. വലിയ ടൈലുകള്‍ ഉപയോഗിക്കുമ്പോള്‍ മാര്‍ബിളിട്ട പോലെ ഫിനിഷിങ്ങ് കിട്ടും. ഇവയ്ക്ക് ജോയിന്റ്‌സ് കുറയുന്നത് ഭംഗി നല്‍കും.'സിന്ധു കൃഷ്ണകുമാര്‍ പറയുന്നു. ക്ലേ ബ്രിക്‌സുകള്‍ പലരും ടൈലായി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ ഗ്രാനൈറ്റുപോലും ലെതര്‍ഫിനിഷില്‍ ലഭിക്കും. ഇതില്‍ അത്ര പെട്ടെന്ന് അഴുക്ക് പിടിക്കില്ല. അതേപോലെ വുഡന്‍ഫ്ലോറിങ്ങിനും പ്രചാരം കൂടി വരുന്നു.

ചുമരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ലൈറ്റുകളുടെ കാലമാണിനി. ലൈറ്റുകളുടെ എഡ്ജ് മാത്രമേ പുറത്തുകാണൂ. സോഴ്‌സ് ഒരിക്കലും കാണാനാവില്ല. സാധാരണ ലൈറ്റുകളും ഫാന്‍സി പോലെ തോന്നിക്കും. എല്‍ഇഡിക്കാണ് ഇപ്പോള്‍ ലൈറ്റിങ്ങില്‍ ഏറെ ഡിമാന്‍ഡ്. സൗരോര്‍ജം ഉപയോഗിച്ച് പ്രകാശിക്കുന്ന എല്‍ഇഡി പോലും വിപണിയിലുണ്ട്.

എല്ലാം പ്രകൃതിദത്തം

ഗ്രീന്‍ ഹോമുകള്‍ കൂടുതലായി വരുന്നു എന്നത് ഇപ്പോഴത്തെ പോസിറ്റീവ് ട്രെന്‍ഡാണ്. ഇക്കോഫ്രന്‍ഡ്‌ലിയാവും വരും വര്‍ഷങ്ങളിലെ ഏറ്റവും വലിയ ട്രെന്‍ഡ്. ''ഓല, മുള, മണ്ണ് എന്നിങ്ങനെ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ വീട് നിര്‍മാണത്തില്‍ കൂടുതലായി ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ മെറ്റീരിയല്‍സൊന്നും പുനരുപയോഗപ്രദമല്ല. മണ്ണും മരവും നമുക്ക് എല്ലാ കാലത്തും ഉപയോഗിക്കാം'' ആര്‍ക്കിടെക്ട് പി.കെ.ശ്രീനിവാസന്‍ നിര്‍ദേശിക്കുന്നു.

''എല്ലാ കെട്ടിടത്തിലും ഇത്ര ശതമാനം പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ്‌ന റാഫേലും പറയുന്നു. സൗരോര്‍ജമൊക്കെ കൂടുതലായി ഉപയോഗിക്കണം. വിദേശത്തൊക്കെ അത് നിര്‍ബന്ധമാണ്. പരമാവധി പകല്‍വെളിച്ചം ഉപയോഗിക്കുന്ന രീതിയിലാവണം നമ്മുടെയും ഡിസൈനുകള്‍. ഇപ്പോള്‍ പകല്‍പോലും കൃത്രിമവെളിച്ചം ഉപയോഗിക്കുന്ന രീതിയാണ്. ഭാവിയില്‍ അതും മാറിയേക്കാം. ശുഭപ്രതീക്ഷയിലാണ് ആര്‍ക്കിടെക്റ്റുമാര്‍.

മുള കൊണ്ടൊരു കൊട്ടാരം

കയറിച്ചെല്ലുമ്പോഴൊരു സിറ്റൗട്ട്. അതുകഴിഞ്ഞ് ലിവിങ്‌റൂം. അവിടെനിന്ന് കണ്ണെത്തും ദൂരത്തൊരു ഡൈനിങ്ങ് ഹാള്‍... വീടിനെക്കുറിച്ചുള്ള ഈ പാരമ്പര്യസങ്കല്‍പങ്ങളെല്ലാം തകര്‍ന്നുപോവും തിരുവനന്തപുരം കവടിയാറിലുള്ള ഈ വീട്ടിലേക്ക് കയറിച്ചെന്നാല്‍. മുന്നില്‍ ചുമരിനുപകരം കുത്തിനിര്‍ത്തിയ മുളകള്‍, കയറിച്ചെല്ലുന്നത് വിശാലമായൊരു ഹാളിലേക്ക് ,അരികിലൊരു കുളം, ചതുരവടിവൊന്നും പാലിക്കാത്ത കിടപ്പുമുറികള്‍....


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. രാജഗോപാലന്‍ നായരുടെയും എല്‍.ഐ.സി.ഉദ്യോഗസ്ഥ ജയശ്രീയുടെയും വീടാണിത്. മണ്‍വീടിനോട് പണ്ടേ പ്രണയമായിരുന്നു ജയശ്രീക്ക്. അതുകൊണ്ട് യൂജിന്‍ പണ്ടാലയുടെ വീടുകള്‍ കാണാന്‍ ഒരുപാട് നടന്നിട്ടുമുണ്ട്. അന്നുതുടങ്ങിയ പ്രണയത്തിന്റെ സാക്ഷാത്കാരമാണ് പുതിയ വീട്.

''മുറികളൊക്കെ ഇങ്ങനെ അടച്ചുപൂട്ടിയിടുന്നത് എനിഷ്ടമല്ല. മുറിയില്‍ കയറിയാല്‍ നമുക്ക് ഒരിക്കലും മുഷിവ് തോന്നരുത്. അതുകൊണ്ടാണ് ഓപ്പണ്‍ സ്‌പേസ് വേണമെന്നു വെച്ചത്. ഈ വീട്ടില്‍ രണ്ട് കിടപ്പുമുറികള്‍ക്കുമാത്രമേ വാതിലുകളുള്ളൂ.'' ജയശ്രീ പറഞ്ഞു.

സിമന്റില്‍ കുറച്ച് കളര്‍ ഓക്‌സെഡുകള്‍ ചേര്‍ത്താണ് ഫ്ലോറിങ്ങ്. പാറക്കഷ്ണങ്ങള്‍ വാങ്ങി സ്റ്റെയര്‍കേസുകള്‍ പണിതു. ബാത്ത് റൂമില്‍ ടൈലും മാര്‍ബിളുമൊന്നും പതിച്ചില്ല. കരിങ്കല്ല് ചീകിമിനുക്കി നിലത്ത് പാകിയിട്ടു. ഡൈനിങ്ങിലെ മേശയും കസേരയുമൊക്കെ പാറക്കഷ്ണങ്ങളില്‍ തന്നെ കൊത്തിയെടുത്തു. വീടിന്റെ മുന്നിലെങ്ങും മുളയുടെ പ്രയോഗം. ഇടത്ത് ഭാഗത്തൊരു ബെഡ് റൂം, ഓപ്പണ്‍ കോര്‍ട്ട് യാര്‍ഡ്. ഇത് വേര്‍തിരിക്കുന്നത് ഗ്ലാസ് കൊണ്ടുള്ള ഷട്ടറാണ്. മുകളില്‍ ആര്‍ട്ട് റൂമും ഓപ്പണ്‍ ഫാമിലി റൂമും. ഒപ്പമൊരു ബെഡ് റൂമുമുണ്ട്.
ഹാള്‍ കണ്‍സെപ്റ്റിലാണ് ഈ വീട് പണിതിരിക്കുന്നത്. ഓപ്പണ്‍നെസാണ് ഈ വീടിനെ ആകര്‍ഷണീയമാക്കുന്നത്. ''വ്യത്യസ്തമാവണമെന്ന ആഗ്രഹത്തില്‍ നിന്ന് വന്നതാണ് മുളയുടെ കണ്‍സെപ്റ്റ്. മുളയ്ക്ക് പോളിയൂറിത്തീന്‍ കോട്ടിങ്ങ് കൊടുത്തു. ഈടിനും ഉറപ്പിനും വേണ്ടിയായിരുന്നു അത്. ഈ വീട്ടില്‍ ഡിവൈഡഡ് സ്‌പേസുകള്‍ കുറവാണ്. ഡൈനിങ്ങ് ഹാളും അടുക്കളയും തമ്മില്‍പോലും വേര്‍തിരിവില്ല. പാചകവും ഭക്ഷണം കഴിക്കുന്നതും തമ്മില്‍ ബന്ധമുണ്ടല്ലോ. അതുമാത്രമല്ല വീട്ടമ്മ പാചകത്തിലായാലും ഗൃഹനാഥനോട് സംസാരിച്ചിരിക്കാം.'' തുറസ്സുനിലങ്ങളുടെ ഗുണം വിവരിച്ചു ആര്‍ക്കിടെക്ട് ലിസ.

വീടുപണി തുടങ്ങിക്കഴിഞ്ഞുള്ള ദിവസങ്ങളിലെ അധ്വാനവും ടെന്‍ഷനും അനുഭവിച്ചുതന്നെ അറിയണമെന്ന പക്ഷക്കാരിയാണ് ജയശ്രീ. ''മണ്ണ് കുഴച്ച് ചെയ്യണമെന്നായിരുന്നു ആദ്യം വിചാരിച്ചത്. തൊഴിലാളികളെ തേടി കുറെ നടന്നു. അവരെ കിട്ടാത്തതിനാല്‍ മണ്‍കട്ട വാങ്ങേണ്ടി വന്നു. നല്ല മുള തേടി ഒരുപാട് സ്ഥലങ്ങളില്‍ അലഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍നിന്നാണ് മുള കിട്ടിയത്. എല്ലാത്തിലും ഞാനും കൂടി പങ്കുചേര്‍ന്നു. അതൊരു രസമുള്ള കാലം തന്നെ'', ജയശ്രീ ഓര്‍ത്തെടുത്തു.

''ഇവിടെ താമസിച്ചുതുടങ്ങിയതുമുതല്‍ വീട്ടിനകത്തിരുന്ന് മഴ കാണാം. നിലാവ് അകത്തുവീഴും. ഒരിക്കലും ഫാനിടേണ്ടി വരാറില്ല'', ചിത്രകാരി കൂടിയായ ജയശ്രീ വീടിനെക്കുറിച്ച് പറഞ്ഞു സന്തോഷിച്ചു.

മനുഷ്യനാദ്യം പിറന്ന വീട്

മണ്ണ് മെഴുകിയ പടിവാതില്‍. അതുകടന്ന് അകത്തെത്തിയപ്പോള്‍ മുന്നിലെ നീളന്‍ വരാന്തയിലിരിപ്പുണ്ട് ഗൃഹനാഥന്‍. ''ഉച്ച വെയിലിലും വീടിനുള്ളില്‍ കുളിര്‍മ. മണ്ണിന്റെ ഗുണമാണത്. ഒട്ടും ചൂടറിയില്ല'' അകത്തേക്ക് ക്ഷണിച്ചിരുത്തുമ്പോള്‍ പ്രൊഫ.എം.വി.നാരായണന്‍ ഓര്‍മിപ്പിച്ചു.


വടക്കോട്ട് മുഖമുള്ള വീട്.പേര് വൈപഞ്ചികം. പേരില്‍ത്തന്നെ തുടങ്ങുന്നു കൗതുകങ്ങള്‍. ''കവി ആര്‍. രാമചന്ദ്രന്റെ സഹോദരന്‍ വിശ്വനാഥന്റെ ഒരു പ്രയോഗമാണ്. ഭാവഗീതം എന്നൊക്കെ അര്‍ത്ഥം പറയാം'', നാരായണന്‍ മാഷ് ചിരിച്ചു.

വീടിന്റെ ഉള്ളിലേക്ക് കയറിയാല്‍ നടുമുറ്റം, അപ്പുറത്ത് ഓപ്പണ്‍ സിറ്റൗട്ട്. ഇടത്തേ മൂലയ്ക്ക് ഡൈനിങ്ങ് റൂം, അവിടെനിന്ന് അടുക്കള. ഒറ്റമുറിയും വാതിലുകള്‍ വെച്ച് വേര്‍തിരിച്ചിട്ടേയില്ല. ബെഡ്‌റൂമിന് മാത്രമേ അടച്ചുപൂട്ടുള്ളൂ. ഈ ഓപ്പണ്‍നെസ് തന്നെയാണ് അകത്തളത്തിന്റെ ഭംഗി. കരിങ്കല്ലുകൊണ്ടാണ് ഫൗണ്ടേഷനിട്ടത്. വെട്ടുകല്ലുകൊണ്ട് ചുമരുകെട്ടി. മേല്‍ക്കൂരക്ക് കോണ്‍ക്രീറ്റിന്റെ അടിയിലും മുകളിലും ഓട് പതിച്ചു. പഴയ വീടുപൊളിച്ചപ്പോള്‍ കിട്ടിയ ഓടാണ്. അതുകൊണ്ട് വില കുറഞ്ഞു, ഉറപ്പ് കൂടി. 1873ല്‍ ഉണ്ടാക്കിയ ഓടുപോലുമുണ്ട്. പുതിയ ഓടിന് എളുപ്പം പൂപ്പല്‍ പിടിക്കും. പഴയതിന് ആ പ്രശ്‌നമുണ്ടാവില്ല. ചുമരിന്റെ പ്ലാസ്റ്ററിങ്ങ് മണ്ണിലായിരുന്നു. കിണറുകുഴിക്കുമ്പോഴും ഫൗണ്ടേഷനെടുക്കുമ്പോഴും കിട്ടിയ മണ്ണാണ് ചുമര് തേക്കാനെടുത്തത്. പഴയവീടിന്റെ ഓട്, ജനല്‍, വാതില്‍- എല്ലാം അതേപടി ഉപയോഗിച്ചു. ജനലിന് ഗ്ലാസും കര്‍ട്ടനും വേണ്ടെന്നുവെച്ചു. മരപ്പലകകൊണ്ടാണ് ജനല്‍പ്പാളി. രണ്ടുപാളികളുള്ളതിനാല്‍ മുകളില്‍ തുറന്നിട്ടാല്‍ ഇഷ്ടംപോലെ കാറ്റ് അകത്തെത്തും.

''ആദ്യം ഫ്ലാറ്റിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. അവിടെ ഭയങ്കരചൂട്. പുതിയ വീട്ടില്‍ നട്ടുച്ചയ്ക്ക് കയറിവന്നാലും അകത്ത് നല്ല തണുപ്പ്. മണ്ണ് ശ്വസിക്കുമെന്നാണ് പറയാറ്. അത് ചൂട് വലിച്ചെടുത്തോളും. അന്തരീക്ഷത്തില്‍ നല്ല തണുപ്പുണ്ടെങ്കില്‍ ചെറിയ ചൂട് പുറത്തുവിടുകയും ചെയ്യും. കാലാവസ്ഥക്ക് അനുസരിച്ച് പെരുമാറുന്ന ഇതിലും നല്ല മെറ്റീരിയല്‍ വേറെയില്ല'', പ്രൊഫസര്‍ ശരിക്കും വീടിന്റെ മാഷായി മാറി.

നിലം മുഴുവന്‍ മരമാണ്. ആളുകള്‍ വെറുതെ കത്തിച്ചുകളയുന്ന കഴി ഒരു രൂപയ്ക്കാണ് വാങ്ങിച്ചത്. അത് സംസ്‌കരിച്ചെടുത്തപ്പോള്‍ സ്‌ക്വയര്‍ഫീറ്റിന് 30 രൂപയായി. എങ്കിലും ടൈലിനെ അപേക്ഷിച്ച് എത്രയോ ലാഭകരം. വെള്ളം വീഴുന്ന ഇടങ്ങളില്‍ മരം ഒഴിവാക്കി. അടുക്കളയിലും കുളിമുറിയിലുമൊക്കെ കോട്ട സ്‌റ്റോണ്‍ പതിച്ചു. ഇളം പച്ച തെളിയുന്ന നിലം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗത്തിലാണ് പ്രൊഫ.എം.വി.നാരായണന്‍. ഭാര്യ അധ്യാപികയായ മീര വര്‍മ. ''ഓപ്പണ്‍ വീടായതിനാല്‍ അകത്ത് ഇഷ്ടംപോലെ സ്ഥലമുണ്ട്. അതിന്റെയൊരു പ്രത്യേകസുഖവും. ശില്‍പി ജീവന്‍തോമസ് ഒരിക്കല്‍ പറഞ്ഞു,'ഈ വീട്ടില്‍ മടിയന്‍മൂലകള്‍ കൂടുതലാണെന്ന്. എപ്പോഴും വിശ്രമിക്കാന്‍ തോന്നുമത്രേ'', അതും പറഞ്ഞ് മാഷ് ഉറക്കെ ചിരിച്ചു.

ഭൂമിയെ നോവിക്കാതെ

ചരിഞ്ഞ സ്ഥലത്ത് വീട് വെക്കാന്‍ ആഗ്രഹിക്കുകയാണ്. അതിനുവേണ്ടി ജെ.സി.ബി.കൊണ്ട് ഭൂമി ഇടിച്ചുനിരത്തുംമുമ്പ് ഒന്ന് മഞ്ചേരി മുട്ടിപ്പാലത്തേക്ക് വരിക. തട്ടുതട്ടായ സ്ഥലത്ത് ഭൂമിയെ നോവിക്കാതെ എങ്ങനെ വീടൊരുക്കാമെന്നതിന്റെ നല്ലൊരു ഗുണപാഠമാണ് ഇവിടെയുള്ള സഫീറിന്റെ വീട്.


മികച്ച വീടിനുള്ള അവാര്‍ഡ് നേടിയതിന്റെ തലയെടുപ്പുണ്ട് ഈ മൂന്നുനില വീടിന്. ഭൂമിയുടെ ചരിവിനോടൊത്തുള്ള ഡിസൈന്‍, ഗ്രീന്‍ കണ്‍സെപ്റ്റ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ 2010-ലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ് നേടാന്‍ അതുധാരാളമായിരുന്നു.

''ഭൂമിയെ അധികം വേദനിപ്പിക്കരുത്'', ആര്‍ക്കിടെക്റ്റിനോട് സഫീറിന്റെ ആദ്യത്തെ ഡിമാന്‍ഡ് അതായിരുന്നു. പിന്നെ വ്യത്യസ്തമായൊരു വീടുപണിയണമെന്ന ആഗ്രഹവും. ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജലിന്റെയും മനസ്സിലിരിപ്പ് ഇതുതന്നെയായിരുന്നു. അങ്ങനെ സ്ഥലത്തിന്റെ ചരിവുകള്‍ ഡിസൈനിലും ഉപയോഗപ്പെടുത്തിയപ്പോള്‍ സുന്ദരമായൊരു വീട് പിറന്നു. മൂന്ന് നിലകളിലൊരു കാവ്യശില്‍പം. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന വീടിന് ഒരു തെങ്ങോലയുടെ രൂപമാണ്. വീടിനുവേണ്ടി ആകെ ഒരു മീറ്ററേ മണ്ണ് നീക്കിയിട്ടുള്ളൂ. അപ്പോള്‍ കിട്ടിയ ചെറിയകല്ലൊക്കെ ഇവര്‍ വെറുതെ കളഞ്ഞില്ല. ചെറിയപടവുകള്‍ക്ക് ഭംഗികൂട്ടാന്‍ ഉപയോഗിച്ചു. സ്ഥലത്തിനുതന്നെ ഭംഗിയുള്ളതിനാല്‍ വീടിനുവേണ്ടി മാത്രം അധികം ഡെക്കറേഷനൊന്നും വേണ്ടി വന്നില്ല. ഷോവാള്‍ പോലും കൊടുത്തില്ല.

''ഏതുനിലയില്‍നിന്നും മുറ്റത്തിറങ്ങാം. അകത്താണെങ്കിലോ നല്ല വെന്റിലേഷനും. രാത്രി ഏഴുമണി വരെയൊന്നും ലൈറ്റിടേണ്ടി വരാറില്ല'' ഗൃഹനായകന്‍ സഫീര്‍ സന്തോഷം പങ്കുവെച്ചു. അകത്തൊന്നും അധികം ഫര്‍ണിഷിങ്ങ് നല്‍കിയിട്ടില്ല. പുറംകാഴ്ചതന്നെയാണ് ഈ വീടിന്റെ ഏറ്റവും വലിയ ഭംഗിയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണത്. ലാളിത്യത്തിന്റെ ഭംഗിയാണ് അകത്തും പുറത്തും.

ആദ്യനിലയില്‍ ബെഡ്‌റൂം,ഡൈനിങ്ങ് റൂം, അടുക്കള, വര്‍ക്ക് ഏരിയ, സ്റ്റോര്‍, സിറ്റൗട്ട് എന്നിവയാണ്. അടുത്ത നിലയില്‍ ഫാമിലി ലിവിങ്ങ് റൂമും ഒരു ബെഡ്‌റൂമും. ഏറ്റവും മുകളില്‍ ഒരു മാസ്റ്റര്‍ ബെഡ്‌റൂമും, രണ്ട് ഓപ്പണ്‍ ബാല്‍ക്കണിയും.

മേല്‍ക്കൂരക്ക് മുകളില്‍ ചൂട് കുറയ്ക്കാന്‍ ഷിങ്കിള്‍സ് നല്‍കിയിരിക്കുന്നു. ഓടിനേക്കാള്‍ ചൂട് കുറവാണ് ഈ ഇറക്കുമതി ഉത്പന്നത്തിന്. വെയില്‍ പോയാല്‍ വീട് ഉടന്‍ തണുക്കും. ഷിങ്കിള്‍സ് ചൂട് ആഗിരണം ചെയ്യുന്നത് കുറയുന്നതുകൊണ്ടാണിത്. ഓടിനേക്കാള്‍ കാഴ്ച ഭംഗിയും കൂടി. സ്ലാബിനോട് ചേര്‍ന്നിരിക്കുന്നുമുണ്ട്.

കാമുകിയെപ്പോലെ

വൈകീട്ട് ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ചു കയറിവരുമ്പോള്‍ നമുക്കൊരു ഫ്രഷ്‌നെസ് തരുന്നതാവണം വീട്. ഒരിക്കലും മടുപ്പിക്കാതെ തന്നിലേക്ക് അതിങ്ങനെ കൊളുത്തി വലിക്കണം. ഒരു കാമുകിയെപ്പോലെ'', സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ശ്രീലതയും പ്രകാശും അല്‍പം കാല്‍പനികമായിത്തന്നെയാണ് വീട് സ്വപ്‌നം കണ്ടത്. കോഴിക്കോട് മലാപ്പറമ്പില്‍ ഇവരുടെ ആഗ്രഹത്തിന് തളിരിട്ടു. നര്‍മദയെന്ന വീട് രണ്ടുപേരെയും ഇതുവരെ ബോറടിപ്പിച്ചിട്ടേയില്ല.


കൊച്ചുസ്ഥലത്തെ ചെറിയ'വലിയ'വീടാണ് നര്‍മദ. രണ്ടുനിലയില്‍ ആകെയുള്ളത് രണ്ട് കിടപ്പുമുറി. പക്ഷേ വലിപ്പംതോന്നിപ്പിക്കുന്ന ഡിസൈന്‍. മുന്നിലെ ചുമരിലുള്ള ശില്‍പങ്ങളാണ് ഈ വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ചെങ്കല്ലില്‍ കൊത്തിയെടുത്ത മനുഷ്യരൂപങ്ങള്‍.'മുന്നില്‍ സ്റ്റോര്‍റൂമും ടോയ്‌ലെറ്റുമാണ്. അതിനു ജനല്‍ പിടിപ്പിച്ചാല്‍ കയറിച്ചെല്ലുന്നിടത്തുനിന്നുതന്നെ ടോയ്‌ലെറ്റ് കാണില്ലേ. അതൊഴിവാക്കാം,വീടിന്റെ മുന്‍വശം വ്യത്യസ്തമാക്കുകയും ചെയ്യാം.അങ്ങനെയാണ് ശില്‍പങ്ങള്‍ കൊത്തിവെക്കാമെന്നു തീരുമാനിച്ചത്'', ശ്രീലത പറയുന്നു. ചുമര് കെട്ടുമ്പോള്‍തന്നെ ശില്‍പങ്ങള്‍ കൊത്തിയെടുക്കുന്ന ഭാഗത്ത് കല്ല് അല്‍പം മുന്നിലോട്ട് തള്ളി കെട്ടിയെടുത്തു. അതിനുശേഷമായിരുന്നു ചെങ്കല്ലില്‍ ശില്‍പം തീര്‍ത്തത്. പുറത്തെ ചുവരുകള്‍ക്ക് സിമന്റ് തൊട്ടിട്ടേയില്ല.

''പരമാവധി പ്രകൃതിയോടടുത്ത് നില്‍ക്കുന്നതാവണം വീടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ട് ചെങ്കല്ല് വെട്ടിയെടുത്ത പോലെത്തന്നെ ഉപയോഗിച്ചു. സിമന്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനായി. കല്ലിന്റെ ഉള്‍വശം പ്രത്യേകരീതിയില്‍ അകത്തേക്ക് മടക്കിയാണ് ചെത്തിയത്'', പ്രകാശ് പറയുന്നു.

ആറുസെന്റ് പ്ലോട്ടിനനുസരിച്ചാണ് വീട് ഡിസൈന്‍ ചെയ്തത്. ലംബാകൃതിയിലാണ് പ്ലോട്ട്. അതുകൊണ്ട് വീടിനും വന്നു നിരവധികോണുകളും മടക്കുകളും. നര്‍മദയിലെ പ്രധാനകിടപ്പുമുറി മുകളിലത്തെ നിലയിലാണ്. എല്ലാം കൈയെത്തുംദൂരത്തുനിന്നെടുക്കാവുന്ന കുഞ്ഞ് അടുക്കള താഴത്തെ നിലയില്‍.

ഡൈനിങ്ങ് റൂമിലേക്ക് വെളിച്ചം നല്‍കാന്‍ ചുമരിലൊരുക്കിയ കിളിവാതിലാണ് ഈ വീടിന്റെ ഇന്റീരിയറിലെ കൗതുകം. മുന്നിലെ വരാന്തയുടെ ആകൃതി ക്വാര്‍ട്ടര്‍ സര്‍ക്കിളാണ്. കടുത്ത വേനലിലും അകത്ത് കുളിര്‍മ. ഓടും കോണ്‍ക്രീറ്റും ചേരുന്നിടത്ത് എയര്‍കോളന്‍ ഇട്ടതുകൊണ്ട്് എസിയിട്ട പോലെ തണുത്ത അകം. ജനലിലൊന്നും ഒറ്റക്കമ്പിപോലും ഉപയോഗിച്ചിട്ടില്ല. എല്ലാം മരം കൊണ്ട് പണിതിരിക്കുന്നു. മുകളില്‍ രണ്ടിടത്ത് ടെറസുകള്‍.

തലയെടുപ്പിന്റെ ഇരട്ടമുഖം

മുന്നിലൊരു ഹൈവേ. പിന്നില്‍ വയലും പുഴയും. രണ്ടുഭാഗത്തുനിന്നും ആളുകള്‍ നോക്കുന്ന സ്ഥലത്ത് എങ്ങനെ വീടൊരുക്കും. ഈ വെല്ലുവിളി മറികടന്നുതന്നെ ഡോ. ശശി വീടൊരുക്കി, രണ്ട്മുഖമുളള വീട്. കാസര്‍കോട് ജില്ലയിലെ പടന്നക്കാട്ടാണ്് ഡോക്ടറുടെ ഈ വ്യത്യസ്ത വീട്.


വയലുള്ള ഭാഗത്ത് വീടിന് കേരളീയശൈലിയിലുള്ള മുഖം നല്‍കി. മറുവശത്ത് ഹൈവേയ്ക്കുനേരെയുള്ള മുഖത്തിന് മോഡേണ്‍ രൂപവും. 7500 സ്‌ക്വയര്‍ഫീറ്റ് വീടിന് ഓരോയിടത്തും വ്യത്യസ്തത നല്‍കാനുള്ള ശ്രമം. കൊളോണിയല്‍-ട്രെഡീഷണല്‍ മിക്‌സാണ് ഈ വീട്.
വീടിന് നടുമുറ്റമില്ല. അതിന്റെ സ്ഥാനത്ത് താഴത്തെ നിലയില്‍നിന്ന് ടെറസ് വരെയെത്തുന്ന ലിഫ്‌ററ്. മുകളിലെ ബെഡ് റൂമിന്റെ ഒരുവശത്തെ ചുമര് ഗ്ലാസിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടുത്തെ കര്‍ട്ടനൊന്ന് നീക്കിയാല്‍ കിടന്നുകൊണ്ടുതന്നെ വീടിനുപുറകിലെ പുഴകാണാം.
മുന്നിലെ ഹൈവേയില്‍നിന്ന് പെട്ടെന്ന് പൊടിയും അഴുക്കും പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചുവരില്‍ കറുപ്പുകലര്‍ന്ന ടഫ് ഫിനിഷ് നല്‍കിയിരിക്കുന്നു. സ്റ്റെയര്‍ കേസെല്ലാം തടിയില്‍ തീര്‍ത്തു. ഫ്ലോറിങ്ങിനായി ജെംറെഡ് കളര്‍ ഗ്രാനൈറ്റ് ഉപയോഗിച്ചിട്ടുണ്ട്. ബെഡ്‌റൂമുകള്‍ക്ക് ഓരോന്നിനും ഓരോ നിറമാണ്. പക്ഷേ എല്ലാം പരസ്പരം ഇഴുകിച്ചേരുന്നു.

കേരളീയമുഖമുള്ള ഭാഗത്ത് മുന്നിലോട്ട് തള്ളിനില്‍ക്കുന്ന കാര്‍പോര്‍ച്ച്. അതിനുമുകളില്‍ കൂത്തമ്പലത്തിന്റെ സ്റ്റൈലിലൊരു സിറ്റൗട്ട് കൊടുത്തു. ഇവിടെയിരുന്നാല്‍ പുഴ കാണാം. അതിന്റെ മുകളില്‍ വേറെ ബാല്‍ക്കണിയുമുണ്ട്. ഇതിലേക്ക് കയറാന്‍ ലിഫ്റ്റ്.

താഴത്തെ നിലയില്‍ രണ്ട് ബെഡ്‌റൂമാണ്. ഡൈനിങ്ങ് ഹാള്‍,ലൈബ്രറി, ലിവിങ്ങ് റൂം, ഫാമിലി റൂം, അടുക്കള തുടങ്ങിയവയുമുണ്ട്. മുകളിലെ നിലയില്‍ നാല് ബെഡ്‌റൂം,വര്‍ക്കിങ്ങ് സ്‌പേസ്,ഇസ്തിരിയിടാനുള്ള സ്ഥലം എന്നിവക്കൊപ്പം തുണി അലക്കാനുള്ള സ്ഥലവുമൊരുക്കിയിരിക്കുന്നു. ഇതിന്റെയും മുകളിലൊരു സെന്‍ട്രല്‍ ഹാള്‍. ഗൃഹനാഥന്‍ ഡോക്ടറായതിനാല്‍ കണ്‍സള്‍ട്ടിങ്ങിനും മീറ്റിങ്ങിനുമൊക്കെ പ്രത്യേകസ്ഥലം കണക്കാക്കിയാണ് വീട് ഒരുക്കിയിരിക്കുന്നത്.

ഇനി ആയുര്‍വേദ വീടുകളും

രോഗങ്ങളെ തടയുന്ന വീടെന്നത് സ്വപ്‌നമല്ല. തിരുവനന്തപുരം ബാലരാമപുരത്തുള്ള ഈ വീടുകള്‍ അത്തരമൊരു സ്വപ്‌നത്തില്‍ നിന്നു പടുത്തുയര്‍ത്തിയവയാണ്.''ആയുര്‍വേദ ഭക്ഷണം കഴിക്കുക,ആയുര്‍വേദ മരങ്ങള്‍ വളര്‍ത്തുക എന്നിവയെല്ലാം പണ്ടുമുതലേയുള്ള ശീലങ്ങളാണ്. അത്തരമൊരു രീതി വീട് നിര്‍മാണത്തിലും കൊണ്ടുവരികയായിരുന്നു'' ആയുര്‍വേദ വീട് നിര്‍മാതാക്കളായ ഹാന്‍ഡ് ലൂം വീവേഴ്‌സ് ഡവലപ്‌മെന്റ് സൊസൈറ്റി മാര്‍ക്കറ്റിങ് മാനേജര്‍ കെ. സതീഷ്‌കുമാര്‍ പറയുന്നു.

രണ്ട് തരം ആയുര്‍വേദ വീടുകളാണ് സൊസൈറ്റി നിര്‍മിക്കുന്നത്. ഒന്ന് രോഗങ്ങളുള്ളവര്‍ക്ക് താമസിക്കാന്‍. മറ്റൊന്ന് രോഗം വരുന്നത് ചെറുക്കാനും. ആയുര്‍വേദ ഇഷ്ടിക ഉപയോഗിച്ചാണ് വീടിന്റെ തറയും ചുമരും നിര്‍മിക്കുന്നത്. മരുന്ന് കൂട്ടുകള്‍ ചേര്‍ത്താണ് ഇഷ്ടികയുണ്ടാക്കുന്നത്. ചന്ദനം, രക്തചന്ദനം, പതിമുകം,വേപ്പ്, പഞ്ചഗവ്യം, രാമച്ചം എന്നിവയുടെ കൂട്ടിനൊപ്പം കളിമണ്ണ് ചേര്‍ക്കും. കീടനാശിനി തളിക്കാത്ത സ്ഥലങ്ങളില്‍ നിന്നേ കളിമണ്ണെടുക്കൂ. അമ്പത് ശതമാനം മണ്ണും ബാക്കി മരുന്നുകൂട്ടുകളും ചേര്‍ക്കും. ഈ കൂട്ടുകള്‍ ചേര്‍ത്താണ് പ്ലാസ്റ്ററിങ്ങും. നീലഅമരി, മഞ്ഞള്‍, രക്തചന്ദനം, കടുക്ക, പതിമുകം എന്നിവ ചേര്‍ത്ത് പെയ്ന്റിങ്ങ്. മേല്‍ക്കൂര മരത്തിന്റെ തട്ടൊരുക്കി ഓട് വെക്കും. ഇരുനില വീട് പണിയുമ്പോള്‍ തടികൊണ്ട് ബീമൊരുക്കി പലകയടിക്കും. ഇതിനുമുകളില്‍ മരുന്നും കളിമണ്ണും കൊണ്ട് കോണ്‍ക്രീറ്റുചെയ്യും. പുറത്ത് ടൈലൊട്ടിക്കും. ഫ്ലോറിങ്ങിന് ഒന്നരയടി കനത്തില്‍ മരുന്ന് - കളിമണ്ണ് മിശ്രിതം നിറച്ചിട്ട് മുകളില്‍ ടൈല്‍ പതിക്കും. ആയിരം അടി വീട് പണിയാന്‍ 25 ലക്ഷം രൂപ ചെലവാകും.