MATHRUBHUMI RSS
Loading...
ഗുണനിലവാരം അതല്ലേ എല്ലാം
ജോര്‍ജ്.കെ.തോമസ്‌


കെട്ടിടനിര്‍മാണസാമഗ്രികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ നമ്മള്‍ പഠിച്ചാല്‍ അവയുടെ ഗുണനിലവാരവും തനിയെ നിര്‍ണയിക്കാനാവും. നിര്‍മാണവസ്തുക്കളുടെ ഗുണമറിയാന്‍ ഇത് ചില ടെക്‌നിക്കുകള്‍.

തടി:
തേക്ക്, പ്ലാവ്, ആഞ്ഞലി, ഇരൂള്‍, മരുത്, മഹാഗണി, തമ്പകം എന്നീ മരങ്ങളുടെ തടി ഗുണനിലവാരം ഉള്ളവയാണ് എന്ന് പൊതുവെ പറയാം. ബര്‍മ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുവരുന്ന തടിക്ക് ഗുണനിലവാരം ഉണ്ടെങ്കിലും അവ നന്നായി പോളിഷ് ചെയ്തുവേണം ഉപയോഗിക്കാന്‍. ഈ തടിക്ക് നാടന്‍ തടികളെ അപേക്ഷിച്ച് ഉറപ്പ് കുറവാണ്.

മരം വാങ്ങിയശേഷം അതില്‍നിന്ന് ഉരുപ്പടികള്‍ പണിയിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മരം തിരെഞ്ഞടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പിരിഞ്ഞിരിക്കുന്നതോ, കുത്തുവീണതോ, ഷേപ്പില്ലാത്തതോ, തുള വീണതോ ആയ തടികള്‍ ഒഴിവാക്കണം. മില്ലുകളില്‍നിന്നും തടി തിരഞ്ഞെടുക്കുമ്പോള്‍ വെട്ടിക്കഴിഞ്ഞ് 10 ദിവസമെങ്കിലും കഴിഞ്ഞുമാത്രമേ തടിയുടെ ഗുണനിലവാരം കണക്കാക്കാന്‍ കഴിയൂ. തടികളുടെ പ്രതലത്തിന് കടുംമഞ്ഞനിറമാണ് എങ്കില്‍ അത് മൂപ്പെത്തിയ തടിയാണെന്ന് അനുമാനിക്കാം.

ഒരു തടിമില്ലില്‍ പോയി മരം മുഴുവനായി കച്ചവടം ചെയ്യുന്നതിലും ഭേദം നമ്മുടെ അളവിനനുസരിച്ചുള്ള ഉരുപ്പടികളായിട്ട് വാങ്ങുന്നതാണ്. പല മരങ്ങളും പുറമെ കാണുമ്പോള്‍ നല്ലതായി തോന്നുമെങ്കിലും അറുത്തുമുറിച്ച് കഴിയുമ്പോള്‍ വളരെയധികം പോടും കേടുപാടുകളും ഉള്ളതായി കാണുന്നുണ്ട്. കട്ട്‌സൈസ് ആയിട്ട് എടുക്കുകയാണെങ്കില്‍ വില അല്പം കൂടുകയാണെങ്കിലും ഗുണമേന്മ ഉണ്ടായിരിക്കും.
സാന്‍ഡ് പേപ്പര്‍ ഉയോഗിച്ച് മിനുസം വരുത്തിയശേഷം തടവിനോക്കുമ്പോള്‍ ഏതെങ്കിലും കട്ടിയായ വസ്തുവില്‍ തടയുകയാണെങ്കില്‍ ഗുണമേന്മ കുറവാണ് എന്നു മനസ്സിലാക്കുവാന്‍ സാധിക്കും. അതുപോലെ തന്നെ പ്രകൃതിദത്തമായ വളയം (grains) വ്യക്തമായിട്ട് കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍ വാര്‍ണീഷ്‌പോലുള്ള ഏതോ വസ്തു ഉപയോഗിച്ച് നിറവും ഗുണവും കൂട്ടുവാന്‍ ശ്രമിച്ചു എന്നു മനസ്സിലാക്കാം.

ഇഷ്ടിക:
കേരളത്തില്‍ ലഭിക്കുന്ന ഇഷ്ടികകള്‍ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എന്നിങ്ങനെ തരംതിരിക്കാം.
ഫസ്റ്റ് ക്ലാസ് ഇഷ്ടിക (Crushing Strength 100 Kg/cm2): നല്ല ചുവപ്പ് നിറവും മുട്ടിനോക്കിയാല്‍ മണിമുഴങ്ങുന്ന ശബ്ദവുമുണ്ടാകണം. നന്നായി ചുട്ടെടുത്തു എന്നതിന്റ തെളിവാണത്. സമാന്തരമായ വശങ്ങളില്‍ ഒരേ അളവ് എന്നിവ മറ്റു പ്രത്യേകതയാണ്. മുഴയും തടയും ഇല്ല എന്ന ഉറപ്പ് വരുത്തണം. ഒരു ഇഷ്ടിക 24 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിയിട്ടശേഷം തൂക്കിനോക്കിയാല്‍ 5 ശതമാനത്തില്‍ കൂടുതല്‍ ഭാരം കൂടുവാന്‍ പാടില്ല. പുറം ചുമരുകള്‍, വാട്ടര്‍ ടാങ്ക്, ചിമ്മിണി മുതലായവ ഫസ്റ്റ് ക്ലാസ് ഇഷ്ടിക വച്ചുതന്നെ പണിയുവാന്‍ ശ്രദ്ധിക്കുക.
സെക്കന്‍ഡ് ക്ലാസ് ഇഷ്ടിക (Crushing Strength of 75 Kg/cm2): നിറത്തിലും വലുപ്പത്തിലും സ്വല്പം വ്യതിയാനങ്ങള്‍ വരാം. പക്ഷേ, മുട്ടിനോക്കുമ്പോള്‍ മണിമുഴങ്ങുന്ന ശബ്ദം ലഭിക്കണം. 24 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിയതിനുശേഷം തൂക്കിനോക്കിയാല്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഭാരം കൂടുവാന്‍ പാടില്ല. പ്ലാസ്റ്റര്‍ ചെയ്യുന്ന ചുമരുകള്‍ക്ക് ഈ ഇഷ്ടികയാണ് കൂടുതല്‍ അഭികാമ്യം. കല്ല്, കക്കപോലുള്ള വസ്തുക്കള്‍ പ്രതലത്തിലോ ഉള്‍ഭാഗങ്ങളിലോ കാണരുത്. പാടങ്ങളില്‍നിന്ന് ചെളിമണ്ണ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇഷ്ടികകളാണ് ഏറ്റവും നല്ലത്. ഇവയില്‍ മണലിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ഇഷ്ടികകള്‍ക്കു നല്ല ബലം ഉണ്ടായിരിക്കും. പല വേവുകള്‍ ഉള്ള ഇഷ്ടികകള്‍ നല്ലതല്ല.

വെട്ടുകല്ല്:
വടക്കന്‍ മലബാറില്‍ കിട്ടുന്നവയാണ് ഏറ്റവും നല്ല വെട്ടുകല്ല്. ഭൂമിയുടെ പ്രതലത്തില്‍നിന്നും മേലെയുള്ള മണ്ണ് നീക്കിയശേഷം 15, 20 പാളികള്‍ ആയി വെട്ടിയെടുക്കുന്ന കല്ലാണ് ഏറ്റവും ഉത്തമം. ആഴം കൂടുംതോറും ചെങ്കല്ലില്‍ മണ്ണിന്റെ അംശം കൂടുതലായി കാണാം. കാഴ്ചയില്‍ കടുംചുവപ്പും കറുപ്പും കലര്‍ന്ന കല്ലാണ് ഉത്തമം. മഞ്ഞനിറം കൂടുംതോറും ഗുണനിലവാരം കുറയുന്നു. മെഷീന്‍കെട്ട് വെട്ടുകല്ലാണെങ്കില്‍ സിമന്റ്, പുഴി, പണിക്കൂലി എന്നിവയില്‍ ഇഷ്ടികയെ അപേക്ഷിച്ച് കുറവ് അനുഭവപ്പെടും. ആറ് ഇഷ്ടികയുടെ സ്ഥാനത്ത് ഒരു കല്ല് മതിയാവും. പക്ഷേ, കയറ്റുവാനും ഇറക്കുവാനും ഭാരം കൂടുതലായതിനാല്‍ ഇഷ്ടികയെ അപേക്ഷിച്ച് കൂടുതല്‍ ക്ലേശം അനുഭവപ്പെടും. മരത്തില്‍ ചെയ്യുന്നതുപോലെ കടച്ചില്‍, കൊത്തുപണി എന്നിവ വെട്ടുകല്ലില്‍ ചെയ്താല്‍ കാഴ്ചയ്ക്ക് മനോഹരമാണ്.

സിറാമിക് ടൈല്‍സ്:
ഏറ്റവും പ്രചാരത്തിലുള്ള ഫ്‌ളോറിങ് മെറ്റീരിയലാണ് സിറാമിക് ടൈല്‍. ഇത് കാലിഞ്ചു മുതല്‍ മുക്കാലിഞ്ചു വരെ കനത്തില്‍ ലഭിക്കുന്നു. കനം കൂടുന്തോറും ഗുണനിലവാരവും കൂടും. Glossy Finish, Matt Finish, Anti Skid Finish എന്നിങ്ങനെ ഉപയോഗിക്കേണ്ട സ്ഥലത്തിന്റെ ആവശ്യകത കണക്കിലെടുത്ത് വാങ്ങിക്കണം. ഓരോ ടൈലിന്റെയും മറുഭാഗത്ത് വ്യക്തമായ മെഷ് ഡിസൈന്‍ ഉണ്ട് എന്നു ഉറപ്പുവരുത്തണം. സിമന്റ് ഗ്രൗട്ട്, പശ എന്നിവ ഒട്ടിപ്പിടിക്കുവാന്‍ ഇവ കൂടുതല്‍ സഹായിക്കും. ഗുണനിലവാരം കൃത്യമായിപ്പുലര്‍ത്തുന്ന വ്യവസായശാലകളില്‍നിന്നും ലഭിക്കുന്ന ടൈലുകള്‍ക്ക് കൃത്യമായ രൂപം ഉണ്ടായിരിക്കും. കളര്‍ വേരിയേഷനും കുറവായിരിക്കും. ഒരു ടൈലിന്റെ നാലു മൂലയിലും ഷാര്‍പ്പ് എഡ്ജ് ആണെന്ന് ഉറപ്പു വരുത്തണം. നാല് ടൈലുകള്‍ ഒരുമിച്ചുവെച്ച് നോക്കിയാല്‍ വലുപ്പത്തിലെ കൃത്യതയില്‍ ഉള്ള വ്യതിയാനം വേഗം മനസ്സിലാക്കുവാന്‍ സാധിക്കും. കൈകൊണ്ട് തലോടി നോക്കുമ്പോള്‍ മിനുസമുള്ള പ്രതലത്തില്‍ സ്‌ക്രാച്ചും മുഴയും അനുഭവപ്പെടരുത്. ഗുണനിലവാരം കുറഞ്ഞ ടൈലാണെങ്കില്‍ കറുത്ത കലകള്‍ കാണാന്‍ സാധിക്കും. നിര്‍മാണത്തിന്റെ അപാകതയാണ് അത് സൂചിപ്പിക്കുന്നത്. Standard Grade എന്ന് മാര്‍ക്ക് ചെയ്ത ടൈലുകള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നു.

ടൈല്‍ വാങ്ങുമ്പോള്‍ ഓരോ പെട്ടിയും തുറന്നുനോക്കി വിള്ളല്‍ ഇല്ല എന്നു ഉറപ്പുവരുത്തണം. അപൂര്‍വ ഡിസൈന്‍ ഉള്ളവയാണ് വാങ്ങുന്നതെങ്കില്‍ ആവശ്യത്തിലും അല്പം കൂടുതല്‍ വാങ്ങുകയാണെങ്കില്‍ കാലപ്പഴക്കത്തില്‍ പൊട്ടിപ്പോകുന്ന ടൈല്‍സും നിറവ്യത്യാസം ഇല്ലാതെ മാറ്റുവാന്‍ സാധിക്കും.മണല്‍:
ഉപ്പുരസവും സള്‍ഫര്‍ പോലുള്ള ധാതുക്കളും തീരെയില്ലാത്ത പൂഴിയാണ് ഏറ്റവും നല്ലത്. വലിപ്പം കൂടിയ തരികള്‍ ഉള്ളവയില്‍ ചെളിയും മറ്റും കുറവാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. കല്ലുപൊടി, കക്ക, വൃക്ഷങ്ങളുടെ വേര് എന്നിവ പൂര്‍ണമായും അരിച്ചുമാറ്റയതിനുശേഷം ഉപയോഗിക്കുക. ഭിത്തികള്‍ പണിയുമ്പോള്‍ തരി കൂടുതലുള്ള പൂഴി ചേര്‍ത്ത സിമന്റ് കൂട്ടാണ് നല്ലത്. പൂഴിയുടെ ദൗര്‍ലഭ്യം നേരിടുന്ന ഇക്കാലത്ത് കരിങ്കല്‍പ്പൊടി പ്രചാരത്തിലുണ്ട്. പക്ഷേ, ഗുണനിലവാരത്തില്‍ ഇത് മണലിന്റെയത്ര വരില്ല. ഇതു ഉപയോഗിക്കുകയാണെങ്കില്‍ ലാബുകളില്‍ ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ തരികളുടെ വലിപ്പവും മറ്റും തിട്ടപ്പെടുത്തി ബോധ്യമായതിനുശേഷം മാത്രം ഉപയോഗിക്കുക. കടല്‍തീരത്തെ മണലില്‍ ക്ലോറൈഡ് അടങ്ങിയിരിക്കുന്നതുകൊണ്ട് വാര്‍പ്പിനും മറ്റും ഈ മണല്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റിനുള്ളിലെ കമ്പി പെട്ടെന്ന് തുരുമ്പിക്കുന്നതിന് കാരണമാവും.

സിമന്‍റ്:
സിമന്റിന്റെ ഗ്രേഡിനെ 33, 43, 53 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് 43 ഗ്രേഡ് ഓര്‍ഡിനറി പോര്‍ട്ട്‌ലാന്റ് സിമന്റ് ആണ് നല്ലത്. മഴക്കാലത്താണ് കോണ്‍ക്രീറ്റ് ചെയ്യുന്നതെങ്കില്‍ 53 ഗ്രേഡ് ഉപയോഗിക്കാം. ഭിത്തി തേക്കുന്നതിനു 53 ഗ്രേഡ് നല്ലതല്ല.

സിമന്റിന്റെ ഗുണമേന്മ വ്യക്തമായി ടെസ്റ്റ് ചെയ്യുവാന്‍ ക്യൂബ് ടെസ്റ്റ് നടത്താം. കേരളത്തിലെ മിക്ക എഞ്ചിനീയറിങ് കോളേജുകളിലും ഇതിനുള്ള സംവിധാനമുണ്ട്. എളുപ്പമായ മാര്‍ഗത്തിലറിയണമെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്​പൂണ്‍ സിമന്റ് നല്ലവണ്ണം കലക്കിയതിനുശേഷം ഒരു മിനുട്ട് കഴിഞ്ഞ് മുകളില്‍ പടരുന്ന പാടയും ഗ്ലാസ്സിന്റെ താഴെ അടിഞ്ഞുകൂടുന്ന തരിയും കൈകൊണ്ട് ഞെരടി പരിശോധിച്ചാല്‍ അവയിലടങ്ങിയിരിക്കുന്ന വിവിധയിനം മാലിന്യങ്ങളും മായവും ഒരു പരിധിവരെ അറിയുവാന്‍ സാധിക്കും. ചാക്കില്‍നിന്നുള്ള സിമന്റ് ഘനരൂപത്തില്‍ പരീക്ഷിക്കണമെങ്കില്‍ കൈയില്‍വെച്ച് ഞെരടിനോക്കിയാല്‍ ഒരുപരിധിവരെ അറിയുവാന്‍ സാധിക്കും. ഇങ്ങനെ ഞെരടുമ്പോള്‍ തരികളുടെ അംശം തീരെയില്ലെങ്കില്‍ സിമന്റ് നല്ലതാണെന്നു ഉറപ്പിക്കാം. ചാരം, ക്വാറിപ്പൊടി, ചുണ്ണാമ്പുപൊടി, ചെകിടി മണ്ണ് എന്നിവയാണ് സിമന്റില്‍ സാധാരണയായി കണ്ടുവരുന്ന മായങ്ങള്‍. ഐഎസ്‌ഐ മാര്‍ക്കുള്ള അംഗീകൃത കമ്പനികളുടെ സിമന്റുമാത്രം വാങ്ങുക. ഇത് കുറച്ചുകുറച്ചായി വാങ്ങാതെ ഒരു ലോട്ടായിട്ട് എടുക്കുന്നതാണ് നല്ലത്. തീര്‍ത്തും ഈര്‍പ്പം തട്ടാത്ത സ്ഥലത്ത് ഉയരം കുറഞ്ഞ അട്ടികളായിട്ട് അടുക്കിവെക്കാന്‍ ശ്രദ്ധിക്കണം. വാങ്ങുന്ന സിമന്റ് പഴകിയതല്ല എന്നും ഉറപ്പാക്കണം.

സ്റ്റീല്‍:
ടി.എം.ടി. (Thermal Mechanical Tempering) കമ്പികളാണ് ഇന്ന് വിപണിയില്‍ പ്രചാരത്തിലുള്ളത്. കൂടുതല്‍ ബലമുള്ള കമ്പിയാണിത്. കമ്പിയുടെ നീളത്തില്‍ ഓരോ മീറ്റര്‍ ഇടവിട്ട് അവ നിര്‍മിച്ച കമ്പനിയുടെ ലോഗോ പതിഞ്ഞിരിക്കും. വളച്ചാല്‍ പെട്ടെന്ന് ഒടിഞ്ഞു പോകാത്ത കമ്പിയാണ് ഏറ്റവും നല്ലത്. അവയുടെ ഗുണമേന്മ, ശാസ്ത്രീയമായി പരീക്ഷിക്കണമെങ്കില്‍ എഞ്ചിനീയറിങ് കോളേജുകളിലും കൊച്ചി കപ്പല്‍ നിര്‍മാണശാലയിലും സാധ്യമാണ്.

കമ്പി വാങ്ങുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അത് റീസൈക്കളിങ് കമ്പിയാണോ എന്നാണ്. പഴയ ഇരുമ്പുവസ്തുക്കളില്‍നിന്ന് ഉരുക്കിയെടുക്കുന്ന കമ്പിയാണ് റീ സൈക്കിള്‍ഡ്. ഇത് നിലവാരമുള്ള കമ്പികളുടെ ഇടയില്‍ കലര്‍ത്തിയും അല്ലാതെയും വില്പന നടത്തുന്നുണ്ട്. ഇതിന് ബലം കുറയും. കടയില്‍നിന്ന് കമ്പി വാങ്ങുമ്പോള്‍തന്നെ വളച്ചുനോക്കി ബലം പരീക്ഷിക്കണം. ഏറെ തവണ ഒരേ സ്ഥലത്തുതന്നെ വളയ്ക്കുമ്പോള്‍ പൊട്ടുന്നുണ്ടെങ്കില്‍ അത് ഗുണനിലവാരമില്ലാത്ത കമ്പിയാണ് എന്നുറപ്പിക്കാം.