MATHRUBHUMI RSS
Loading...
അഴകുള്ള അകത്തളങ്ങള്‍

വീട് വീടായിത്തോന്നണമെങ്കില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രത്യേകം ശ്രദ്ധിക്കണം. കാറ്റും വെളിച്ചവും വീടിനകത്തേക്കു പ്രവേശിക്കുന്ന രീതിയിലായിരിക്കണം ഇത് ചെയ്യേണ്ടത്. സൗന്ദര്യത്തിനും സൗകര്യത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഡിസൈനിങ്ങാണ് എല്ലാവര്‍ക്കും സ്വീകാര്യം. എങ്കിലും ഡിസൈനറും വീട്ടുകാരും ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്തു മാത്രമേ വീടിന് യോജിച്ച ഡിസൈന്‍ തീരുമാനിക്കാന്‍പാടുള്ളൂ. മാക്‌സിമം ചെലവ് കുറയ്ക്കുക എന്നതും പ്രധാനമാണ്.

കൊളോണിയല്‍ രീതിയിലുള്ള അകത്തളസജ്ജീകരണങ്ങള്‍ മടുക്കാത്ത ഡിസൈന്റെ ഭാഗമാണ്. എങ്കിലും ആഢ്യത്വവും കുലീനതയുമുള്ള ആധുനിക ഡിസൈനുകള്‍ ഇന്ന് ഇന്റീരിയറിന്റെ എല്ലാ മേഖലകളും കീഴടക്കിത്തുടങ്ങിയിരിക്കുന്നു.

കുറച്ചുകാലം മുന്‍പുവരെ ലിവിങ് റൂമും ഫാമിലി റൂമും ഒരുമിച്ച് സജ്ജീകരിക്കുന്നതായിരുന്നു രീതിയെങ്കില്‍ ഇന്ന് ചെറിയ വീടാണെങ്കില്‍പോലും ഇവ വേര്‍തിരിക്കുകയും ടി.വി. മുതലായവ ഫാമിലി റൂമില്‍തന്നെ സജ്ജീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഫാമിലി റൂമിനോടു ചേര്‍ന്ന് അടുക്കളയും ഒരുക്കുന്നു. 'ഓപ്പണ്‍ കിച്ചന്‍' എന്ന വിദേശിയെ നമ്മുടെ നാടും ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

ട്രെന്‍ഡി അടുക്കള

അടുക്കളയില്‍ പ്ലെയിന്‍ കളറുകളും ലളിതമായ ഡിസൈനും ആയ ഡ്രോകളും ബില്‍ട്ട് ഇന്‍ എക്യുപ്‌മെന്റ്‌സും ആണ് പുതിയ രീതി. കുറച്ചുകൂടി പൈസ മുടക്കി ചെയ്യാം എന്നുള്ളവര്‍ക്ക് സ്ലൈഡിങ് കൗണ്ടര്‍ ടോപ്‌സ് സജ്ജീകരിക്കാം. കൗണ്ടര്‍ ടോപ്പിന്റെ അടിയില്‍ ടോപ്പ് സ്ലൈഡ് ചെയ്ത് മാറ്റിയും ഉപയോഗിക്കാം. അടുക്കളയുടെ ഒരു ഭാഗത്ത് ഒരു സ്റ്റഡി ടേബിള്‍ ഇട്ടാല്‍ അത് ഒരു ബ്രേക്ക് ഫാസ്റ്റ് ഏരിയയായും കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്റ്റഡി ടേബിള്‍ ആയും ഉപയോഗിക്കാം.

ഇത്തിരി സ്ഥലത്ത് അധികം സാധനങ്ങള്‍ വെക്കാന്‍പറ്റുന്ന പുള്‍ ഔട്ടുകളാണ് അടുക്കളയില്‍ കൂടുതലായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. വില കൂടിയ സ്റ്റീല്‍കൊണ്ടുള്ളവയും പ്ലാസ്റ്റിക് കോട്ടിങ് ഉള്ളവയും ലഭ്യമാണ്. മൂലയില്‍ വെക്കാവുന്ന പുള്‍ ഔട്ടുകള്‍ വെച്ചാല്‍ ഉപയോഗശൂന്യമാകാവുന്ന സ്ഥലങ്ങള്‍ എളുപ്പത്തില്‍ ഉപയോഗപ്രദമാക്കാം. സിങ്കില്‍ വെള്ളം വീഴുമ്പോള്‍ ശബ്ദം കേള്‍ക്കാത്ത സൗണ്ട് പ്രൂഫ് സിങ്കുകള്‍ ഉണ്ട്. പോറലുകള്‍ ഏല്‍ക്കാത്ത സ്‌ക്രാച്ച് പ്രൂഫ് സിങ്കുകളും ഉണ്ട്.

കിടപ്പുമുറി, ബാത്ത്‌റൂം

ബാത്ത്‌റൂമില്‍ ഷവര്‍ ക്യുബിക്കിള്‍, റെയിന്‍ ഷവര്‍ എന്നിവയുടെ ഉപയോഗം ഇപ്പോള്‍ വ്യാപകമാണ്. ഡ്രൈ ഏരിയയും വെറ്റ് ഏരിയയും തിരിക്കുന്നതിനായി ടഫണ്‍ ചെയ്ത ഗ്ലാസുകള്‍ ആണ് ഉപയോഗിക്കുന്നത്. മേല്‍ക്കൂരയില്‍നിന്ന് സൂര്യപ്രകാശം വരുന്ന രീതിയില്‍ നിര്‍മിച്ച് ചെടികളും ചരലും മറ്റും വെച്ച് ബാത്ത് റൂമുകള്‍ കൂടുതല്‍ ആധുനികമാക്കാം. വെളിയില്‍ കാണാത്ത രീതിയില്‍ വയ്ക്കുന്ന ഫ്ലഷ് ടാങ്കാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. സ്ഥലം ലാഭിക്കാം എന്നുള്ള ഒരു ഗുണംകൂടിയുണ്ടിതിന്. ബാത്ത് റൂമുകളിലും അടുക്കളയിലും കൗണ്ടര്‍ ടോപ്പായി ഉപയോഗിക്കാന്‍ ഇപ്പോള്‍ കൃത്രിമ സ്ലാബുകള്‍ ലഭ്യമാണ്. ഇവയ്ക്ക് വില അല്പം കൂടുമെങ്കിലും ഇഷ്ടമുള്ള നിറങ്ങളില്‍ ടൈല്‍സിനും മറ്റും ഇണങ്ങുന്ന രീതിയില്‍ ചെയ്യാമെന്ന ഗുണമുണ്ട്.

മുറിയുടെ ഭംഗിക്ക് മിഴിവേകാന്‍ പ്രധാനമായും പങ്കുവഹിക്കുന്ന ഒന്നാണ് കര്‍ട്ടനുകളും ബ്ലൈന്‍ഡ്‌സും. മുറിയുടെ മറ്റു നിറങ്ങളോടു യോജിച്ച രീതിയിലാവണം അതിന്റെ നിറവും ഡിസൈനും. രണ്ടിഴയായിട്ടിടുന്ന കര്‍ട്ടന് ഇന്ന് പ്രചാരം കൂടുതലാണ്. മുറിക്കുള്ളിലെ വെളിച്ചം ക്രമീകരിക്കാനും സ്വകാര്യതയ്ക്കും ഇത്തരം കര്‍ട്ടനുകള്‍ നല്ലതാണ്. ലളിതമായ കാഴ്ച നല്‍കാന്‍ ലൂപ്പ് കര്‍ട്ടന് കഴിയും. മികച്ച ഡിസൈനിലുള്ള കര്‍ട്ടന്‍ റോഡുകള്‍ ഉപയോഗിച്ച് ഐലൈറ്റ് കര്‍ട്ടന്‍ ചെയ്യുന്നതും പുതിയ രീതിയാണ്. എന്നാല്‍, കൂടുതല്‍ ഗാംഭീര്യം തോന്നേണ്ട സ്ഥലങ്ങളില്‍ പ്ലീറ്റ്‌സ് കര്‍ട്ടനുകള്‍തന്നെയാവും നല്ലത്.

ബ്ലൈന്‍ഡുകളില്‍ വെനീഷ്യന്‍, റോമന്‍, ഓസ്‌ട്രേലിയന്‍, റോളര്‍ എന്നിങ്ങനെ പലതുണ്ടെങ്കിലും ഏറ്റവും ട്രെന്‍ഡിയുള്ളത് റോമനാണ്. മുകളിലേക്കു മടക്കിവെക്കാവുന്നതരത്തിലുള്ളതാണിവ. റോമന്‍ ബ്ലൈന്‍ഡുകളും രണ്ട് മടക്കായി ചെയ്യാം. കാറ്റും വെളിച്ചവും കടക്കുന്ന തുണികൊണ്ടുള്ള ഒരു മടക്കും ഇരുണ്ട കളറിലുള്ള തുണികൊണ്ട് ഒരു മടക്കും. 70-80 രൂപയോളം ഒരു സ്‌ക്വയര്‍ ഫീറ്റിന് ചെലവ് പ്രതീക്ഷിക്കാം.

ഡിസൈന്‍ തീരുമാനിക്കല്‍

ഒരു വീടിന്റെ ആത്മാവാണ് അതിന്റെ അകത്തളം. അതുകൊണ്ട് സ്വന്തമായി ഒരു വീട് വെക്കുമ്പോള്‍ അവരവരുടെ ആവശ്യങ്ങളും അഭിരുചികളും മുന്നില്‍ കാണുക. മറ്റു പല ഇടങ്ങളിലും കണ്ടതും കേട്ടതും എല്ലാം പരിഗണിക്കാം. പക്ഷേ, സ്വന്തമായൊരു കാഴ്ചപ്പാടുണ്ടെങ്കില്‍ നമ്മുടെ ആവശ്യമനുസരിച്ച് ഭംഗിയുള്ളതും മടുപ്പുളവാക്കാത്തതുമായ ഡിസൈനുകള്‍ സ്വന്തമാക്കാം.

അതിനാദ്യമായി വേണ്ടത് ആവശ്യമുള്ളവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്. ഇതില്‍ വീട്ടിലുള്ള കുട്ടികള്‍മുതല്‍ പ്രായമായവരെവരെ പരിഗണിക്കാം. പിന്നീട് അവയെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി സജ്ജീകരിക്കാം. ഇലക്ട്രിക്കല്‍ വര്‍ക്കെല്ലാം ഈ സജ്ജീകരണം അനുസരിച്ചായിരിക്കണം. ഉദാ: 6 അടി വീതിയുള്ള കട്ടിലാണെങ്കില്‍ അതനുസരിച്ച് ക്രമീകരിച്ചാകണം കട്ടിലിടുന്നത്. കട്ടിലില്‍നിന്ന് കൈ എത്തുന്ന ദൂരത്തില്‍ സ്വിച്ച് ബോഡ് വെക്കാം. പിന്നീട് ഈ അളവുകളില്‍ ഫര്‍ണിച്ചര്‍ ക്രമീകരിച്ചുകഴിഞ്ഞാല്‍ ഡെക്കറേഷന്‍ പാര്‍ട്ടിലേക്ക് കടക്കാം.

രൂപംമാറ്റാവുന്ന ഫര്‍ണിച്ചറുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. മേശയായും സോഫയായും കട്ടിലായും ഉപയോഗിക്കാം എന്നുള്ളതാണ് പ്രത്യേകത. തീരെ കുറഞ്ഞ സ്ഥലസൗകര്യമുള്ള ഫ്ലറ്റുകളില്‍ ഇത് വളരെ ഉപയോഗപ്രദമാണ്. റിക്ലൈനിങ് ചെയറും ബീന്‍ബാഗുമാണ് വിപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡ്. ഇതിന് 4,000 മുതല്‍ 30,000 വരെ രൂപ വിലയുണ്ട്. സിന്തെറ്റിക് ലെതറും ലെതറും ഉപയോഗിച്ചുള്ള ബീന്‍ ബാഗുകളും ട്രെന്‍ഡ് ആണ്. 2,000 മുതല്‍ 15,000 വരെ രൂപ വിലയുണ്ടിതിന്.

ലളിതമായ ഫര്‍ണിച്ചറിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. ഫര്‍ണിച്ചറില്‍ മിതത്വം പാലിച്ച് കൂടുതല്‍ സ്ഥലം ഒഴിവാക്കിയിടുന്നതാണ് പുതിയ രീതി.

വാള്‍പേപ്പറുകളും ടെക്‌സ്ച്വര്‍ പെയിന്റിങ്ങുമാണ് ചുമരുകള്‍ക്ക് കൂടുതല്‍ ഭംഗിവരുത്താന്‍ ചെയ്യുന്നത്. മുറിയുടെ ഒരുഭാഗത്തെ ചുവരില്‍ ഇ ത് ചെയ്താലും മതിയാകും. അഴുക്കു പുരണ്ടാല്‍ കഴുകിക്കളയാവുന്ന പെയ്ന്റുകളും പെയ്ന്റിന്റെ മുകളില്‍ കൊടുക്കാവുന്ന കോട്ടിങ്ങുകളും ഇപ്പോള്‍ ലഭ്യമാണ്. ചെളിപിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മാത്രമായും ഇവ ഉപയോഗിക്കാം.

ഫ്‌ളോറിങ്ങിനായി വില കുറഞ്ഞ കടപ്പമുതല്‍ ഇറ്റാലിയന്‍ മാര്‍ബിളും വുഡന്‍ ഫ്‌ളോറിങ്ങും വരെ വളരെ ട്രെന്‍ഡിയായി ഡിസൈന്‍ചെയ്യാം. ലാമിനേറ്റഡ് വുഡന്‍ ഫ്‌ളോറിങ്ങും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഗ്ലാസ് ടഫല്‍ ചെയ്‌തെടുത്ത് ഫ്‌ളോറിങ്ങിന് ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ ട്രെന്‍ഡാണ്. ഇതിന് സ്‌ക്വയര്‍ ഫീറ്റിന് 600 രൂപയോളം ചെലവുവരും. ഗ്ലാസില്‍തന്നെ പ്രത്യേകതരം കളര്‍ ലിക്യുഡ് നിറച്ച് ഉണ്ടാക്കുന്ന ടൈലുകളും വിപണിയിലുണ്ട്.

വുഡന്‍ ഫ്‌ളോറിങ്ങില്‍ തടികള്‍തന്നെ ടൈലുകളായോ സംസ്‌കരിച്ച ലാമിനേറ്റഡ് ഇന്റര്‍ ലോക്കിങ് ടൈലുകളായോ ഇത് വിരിക്കാം. ഇവ മാര്‍ബിളിന്റെയോ ടൈലിന്റെയോ കൂടെ മിക്‌സ് ചെയ്തുള്ള രീതിയുമുണ്ട്.

ലൈറ്റിങ്

എല്‍.ഇ.ഡി. ലൈറ്റിന്റെ കാലമാണ് ഇപ്പോള്‍. വാങ്ങുന്ന സമയത്ത് ചെലവ് കുറച്ച് കൂടുമെങ്കിലും വൈദ്യുതി ലാഭിക്കാന്‍ ഇവയാണ് നല്ലത്. ഡയറക്ട് ലൈറ്റിങ് അല്ലാതെ ഹിഡണ്‍ ലൈറ്റ്‌സ് കൊടുത്താല്‍ കൂടുതല്‍ ആകര്‍ഷകമാക്കാം.

ഫാനിന്റെ റെഗുലേറ്റര്‍പോലെ ലൈറ്റിങ്ങിലും ഡിമ്മറുകളും റെഗുലേറ്ററുകളും ഉണ്ട്. കിടപ്പുമുറി, ഡൈനിങ് മുറി എന്നിവയില്‍ ഇത് ഉപയോഗിക്കാം. ചുമരിലെ പെയിന്റിങ്ങിന് യോജിച്ച പെയിന്റിങ് ലൈറ്റും ഇപ്പോഴുണ്ട്. ഫ്‌ളോറിങ്, കര്‍ട്ടന്‍, പെയിന്റിങ്, ഫര്‍ണിച്ചര്‍, ലൈറ്റിങ് എന്തു തന്നെയായാലും അത് മൊത്തത്തിലുള്ള തീമിന് ഇണങ്ങുന്നവിധത്തില്‍ യോജിക്കുമ്പോഴാണ് അതിന് ഭംഗിവരുന്നത്.