MATHRUBHUMI RSS
Loading...
വെളിച്ചം അണയുന്നേയില്ല
കെ.അബ്ദുള്‍ റസാക്ക്‌


മഴയൊന്ന് ചാറിയാല്‍ മതി കറന്റ് പോകും. വേനല്‍ക്കാലത്താണെങ്കില്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവര്‍കട്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മാസാമാസം നല്‍കുന്ന വൈദ്യുതബില്ലില്‍ മാത്രം യാതൊരു കുറവുമില്ല. വൈദ്യുതിബില്ലില്‍ കുറവുവരുത്താന്‍ കഴിഞ്ഞാല്‍ അതു കുടുംബ ബജറ്റിനെ തന്നെ മാറ്റിമറിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷെ ഒരു ഇടത്തരം കുടുംബമാണെങ്കില്‍ എല്ലാത്തരം ഇലക്ട്രിക്കല്‍ സാധനങ്ങളും വീട്ടിലുണ്ടാകും. ഒന്നുകില്‍ ഇതെല്ലാം വിറ്റ് ഒഴിവാക്കണം. അല്ലെങ്കില്‍ അതൊന്നും ഉപയോഗിക്കാതെ വീടിന്റെ ആളൊഴിഞ്ഞ മൂലയിലേക്ക് മാറ്റിവയ്ക്കാം. പ്രായോഗികമായ ഒരു കാര്യം മറ്റൊരു ഊര്‍ജ്ജസ്രോതസ്സ് കണ്ടെത്തുക എന്നുള്ളതാണ്.

സൂര്യന്‍ അസ്തമിക്കാറില്ല

പ്രഞ്ചത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജസ്രോതസ്സാണ് സൂര്യന്‍. ഒരിക്കലും നിലയ്ക്കാത്ത ഈ ഊര്‍ജ്ജസ്രോതസ്സ് ഉപയോഗിച്ച് സോളാര്‍ വൈദ്യുതി ഉണ്ടാക്കാം. ഇതുവഴി പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം എന്നിവ ഒഴിവാക്കാന്‍ കഴിയും. സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പണ്ടുമുതല്‍ക്കെ ഉണ്ടായിരുന്നു. വീട്ടില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ട്രെന്‍ഡ് അടുത്തകാലത്താണ് തുടങ്ങിയത്. ഗാര്‍ഹിക വൈദ്യുതിയുടെ ആവശ്യകത സോളാര്‍ വൈദ്യുതി മുഖേന പരിഹരിക്കപ്പെടും എന്ന തിരിച്ചറിവാണ് ഇതിനുകാരണം.

വൈദ്യുതിയുടെ ഉപയോഗം കൂടിവരുകയും വേണ്ടത്ര വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് ഒരു പരിധിവരെ സൗരോര്‍ജ്ജത്തിന്റെ ഉപയോഗം കൊണ്ട് ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടാം. സോളാര്‍ വൈദ്യുതിയുടെ ഉല്പാദനം വഴിയുണ്ടാകുന്ന മലിനീകരണം പൂജ്യം ശതമാനമാണ് എന്നതും നേട്ടമാണ്.

വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍ക്ക് പകരം സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെ ഉപയോഗം കൊണ്ട് വലിയൊരളവ് ഊര്‍ജ്ജചെലവ് ലാഭിക്കാന്‍ കഴിയും. വീടുകളില്‍ ലൈറ്റുകളും സോളാര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.

വേണ്ടത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും വീട് പൂര്‍ണ്ണമായും സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനവും ഇന്നുണ്ട്. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ അതിന്റെ മേല്‍ ഊര്‍ജ്ജമന്ത്രാലയം നല്കുന്ന സബ്‌സിഡി ഏകദേശം 70 ശതമാനത്തോളമാണ്.

കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നോഡല്‍ ഏജന്‍സിയാണ് 'അനര്‍ട്ട്' (Anert). സാധാരണയായി വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ വീടുകളില്‍ ഡീസല്‍ ജനറേറ്റര്‍ സെറ്റുകളാണ് ഉപയോഗിച്ചുവരുന്നത്. ഇങ്ങനെ ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ചെലവ് വളരെ കൂടുതലാണ്. ഇതുമൂലം മലിനീകരണം ഉണ്ടാകുകയും ചെയ്യുന്നു.

താരതമ്യേന ലാഭകരം

സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, ഇന്‍വര്‍ട്ടര്‍, ചാര്‍ജ് കണ്‍ട്രോളര്‍ എന്നിവയാണ് വീട്ടിലെ സോളാര്‍ പവര്‍‌സ്റ്റേഷനു വേണ്ട സജ്ജീകരണങ്ങള്‍. സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച ഒരു അര്‍ധചാലകമാണ് സോളാര്‍ പാനല്‍. സിലിക്കണ്‍ ആറ്റത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം പതിക്കുമ്പോള്‍ ഇലക്‌ട്രോണുകള്‍ പുറത്തുചാടുകയും വൈദ്യുതി ഉണ്ടാകുകയും ചെയ്യുന്നു. വയറുകള്‍ വഴി ഈ വൈദ്യുതി ഓട്ടോമാറ്റിക് ചാര്‍ജ് കണ്‍ട്രോളറിലേക്കും അതുവഴി ബാറ്ററിയിലേക്കും എത്തിക്കുന്നു. ബാറ്ററി വൈദ്യുതി സംഭരിച്ച് വെയ്ക്കുന്നു. സംഭരിച്ചുവെക്കുന്ന ഡിസി വൈദ്യുതിയെ ഇന്‍വര്‍ട്ടറിലൂടെ കടത്തിവിട്ടാല്‍ വീട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റിയ എസി കറന്റായി മാറും.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്തു വേണം സോളാര്‍പാനല്‍ വെയ്ക്കാന്‍. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം പതിക്കുന്നത് മേല്‍ക്കൂരയിലായതിനാല്‍ അവിടെ വെക്കുന്നതായിരിക്കും നല്ലത്. ഉപയോഗിക്കുന്ന സോളാര്‍ പാനലുകളുടെയും ബാറ്ററികളുടേയും എണ്ണം കൂടുന്നതിനനുസരിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവും കൂടും.


ഒരു ചെറിയ വീടിന് ആവശ്യമായ സൗരോര്‍ജ്ജ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ വലിയ ചെലവൊന്നും വരില്ല. 2 ലക്ഷം രൂപയുണ്ടെങ്കില്‍ 600 വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സംവിധാനം വീട്ടിലുണ്ടാക്കാം. 4 സി.എഫ്.എല്‍ ലൈറ്റും ഫാനും ഈ വൈദ്യുതി കൊണ്ട് സുഖമായി പ്രവര്‍ത്തിപ്പിക്കാം.

തുടക്കത്തില്‍ ഒരു വലിയ സംഖ്യ ചെലവാക്കേണ്ടിവരുന്നുണ്ടെങ്കിലും 25 വര്‍ഷത്തേക്ക് ഇതിന് ആയുസ്സു കണക്കാക്കുന്നതുകൊണ്ട് വൈദ്യുതി ചാര്‍ജ്ജിനത്തില്‍ നമ്മള്‍ നല്കുന്ന തുകയുമായി തട്ടിക്കുമ്പോള്‍ ഇത് ലാഭകരമാണ്. സ്ഥാപിച്ചശേഷം അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി കാര്യമായ ചെലവ് ഉണ്ടാവുന്നില്ല എന്നതും ഗുണമാണ്.

പരിഹരിക്കാവുന്ന പോരായ്മകള്‍

മഴക്കാലത്ത് സ്വാഭാവികമായും സൂര്യപ്രകാശത്തിന്റെ ലഭ്യത കുറയും. ഇത്തരം സാഹചര്യങ്ങളില്‍ സൗരോര്‍ജ്ജം വേണ്ടത്ര കരുതിവെയ്ക്കുക പ്രയാസമായിരിക്കും. പക്ഷേ ഉയര്‍ന്ന സംഭരണശേഷിയുള്ള ബാറ്ററികള്‍ ഉപയോഗിച്ചാല്‍ ഈ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാം. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് വീട്ടിലെ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കാന്‍ കഴിയുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. പ്രവര്‍ത്തിപ്പിക്കാം. പക്ഷെ ശക്തിയേറിയ വൈദ്യുതിയുണ്ടാക്കാന്‍ ശേഷിയുള്ള പാനലുകളും ബാറ്ററികളും ഉപയോഗിക്കണമെന്നുമാത്രം.

സോളാര്‍ വൈദ്യുതി ഇന്ത്യയില്‍

ഇന്ത്യയില്‍ സൗരോര്‍ജ്ജത്തിന്റെ ഉല്‍പ്പാദനവും സൗരോര്‍ജ്ജ ഉല്പന്നങ്ങളുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ പ്രത്യേക മന്ത്രാലയം തന്നെ ഇതിനായുണ്ട്. മിനിസ്ട്രി ഓഫ് ന്യു ആന്റ് റിന്യുവബ്ള്‍ എനര്‍ജി (MNRE) ഒരു യൂണിറ്റ് സൗരോര്‍ജ്ജ വൈദ്യുതിക്ക് കേന്ദ്രഗവണ്‍മെന്റ് നല്കുന്ന സബ്‌സിഡി ഏകദേശം 18 രൂപയോളമാണ്.

സോളാര്‍ വൈദ്യുതിയുടെ ഉല്‍പ്പാദനവും ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ സോളാര്‍ മിഷന്‍'. ഈ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2022 ഓടു കൂടു 20 മില്ല്യന്‍ വീടുകളില്‍ സൗരോര്‍ജ്ജ വൈദ്യുതി എത്തിക്കുക എന്നതാണ്.