MATHRUBHUMI RSS
Loading...
കുഞ്ഞു കിടപ്പുമുറികള്‍
സജി.സി.നായര്‍


കിടപ്പുമുറികള്‍ ഏതൊരാള്‍ക്കും ആശ്വാസമേകേണ്ട സ്ഥലമാണ്. എല്ലാ തിരക്കുകളില്‍ നിന്നും മോചിതമായി കുറച്ചുസമയം വിശ്രമിക്കേണ്ട സ്ഥലം, അല്ലെങ്കില്‍ എല്ലാം മറന്ന് സ്വപ്നത്തെ പുണര്‍ന്ന് ഉറങ്ങേണ്ട സ്ഥലം. എന്നാല്‍ പലപ്പോഴും ബെഡ്‌റൂമിലേക്ക് കയറുമ്പോള്‍ തന്നെ പ്രഷര്‍ കുത്തനെ കയറും. ഓടി രക്ഷപ്പെടാനാണ് തോന്നുക. മുറിയില്‍ വാരിവലിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങള്‍, അലങ്കോലമായി കിടക്കുന്ന കിടക്ക, ഒരു ഭാഗത്ത് അലക്കാനുള്ള വസ്ത്രങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു, ഒരു വീടിനു വേണ്ട ഫര്‍ണിച്ചര്‍ എല്ലാം മുറിയിലുണ്ട്. അതുകൊണ്ട് നിന്നുതിരിയാന്‍ സ്ഥലമില്ല. പിന്നെ, ഓടിപ്പോകാനല്ലാതെ എന്താണ് തോന്നുക. റൂമിന്റെ വലിപ്പം പ്രശ്‌നമല്ല. അതേസമയം അത് എങ്ങനെ ഒരുക്കുന്നുവെന്നതാണ് പ്രശ്‌നം. ആദ്യം ഫര്‍ണിച്ചര്‍. ഒരുവീട്ടിലേക്ക് വേണ്ടുന്നതെല്ലാം മുറിയില്‍ വെക്കണമെന്ന വിചാരം ആദ്യം മാറ്റിവെക്കുക.

ചെറിയ മുറിയാണെങ്കില്‍ കണ്‍വെര്‍ട്ടബിള്‍ ഫര്‍ണിച്ചര്‍ ഗുണം ചെയ്യും. മടക്കാന്‍ കഴിയുന്ന കട്ടില്‍, കട്ടിലനടിയില്‍ സാധനങ്ങള്‍ വെക്കാനുള്ള സൗകര്യം എന്നിവ ഇത്തരം മുറികള്‍ക്ക് ഗുണമായിരിക്കും. ബെഡ്‌റൂമുകളില്‍ ഏറ്റവുമധികം സ്ഥലം അപഹരിക്കുന്നത് കട്ടിലുകളാണ്. ശരിയായ സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ മുറിയുടെ സിംഹഭാഗവും അതിനായി പോകും. മുറിയുടെ രൂപത്തിനനുസരിച്ചായിരിക്കണം കട്ടിലിടേണ്ടത്. ചെറിയ മുറിയാണെങ്കില്‍ ചുമരിനോടു ചേര്‍ന്ന് കട്ടിലിടുന്നതായിരിക്കും സൗകര്യം. ഒരാള്‍ക്ക് കട്ടിലില്‍ കയറാന്‍ ബുദ്ധിമുട്ടാവുമെങ്കിലും കട്ടില്‍ ഒരുഭാഗത്ത് ഒതുങ്ങിയിരുന്നുകൊള്ളും. ഇത്തരം മുറികളില്‍ ബെഡ്‌സൈഡ് ടേബിളുകള്‍ ഒഴിവാക്കുകയായിരിക്കും നല്ലത്. വേണമെങ്കില്‍ ബെഡ്‌ഹെഡിനോട് ചേര്‍ന്ന് നിര്‍മിക്കാം. ജനല്‍പ്പടികളില്‍ ഇരിക്കാന്‍ സൗകര്യം ഒരുക്കിയാല്‍ പിന്നെ മുറിയില്‍ കസേരകളുടെ ആവശ്യം വരില്ല. കൂടുതല്‍ ഫ്രീ സ്‌പേസ് കാണുന്ന രീതിയിലായിരിക്കണം മുറി ഒരുക്കേത്. വിസ്തൃതമായ ചുമരുകള്‍ മുറിക്ക് വലിപ്പം തോന്നിക്കും. പിന്നെ, തിരഞ്ഞെടുക്കുന്ന നിറങ്ങളും കര്‍ട്ടനുകളും.

സിംപിള്‍ ആന്‍ഡ് റൊമാന്റിക് ആയിരിക്കണം പെയിന്റ്. കൂടുതല്‍ പേരും ഇളം പിങ്ക്, റോസ്, മെറൂണ്‍, നീല, പച്ച, ഐവറി എന്നീ നിറങ്ങളാണ് തിരഞ്ഞെടുക്കുക. വേണമെങ്കില്‍ വിസ്താരമേറിയ ചുമരില്‍ ഒറ്റ കടുംനിറമടിച്ച് ഹൈലൈറ്റ് ചെയ്യാം. കര്‍ട്ടനുകളുടെയും മറ്റും നിറം പെയിന്റിന് യോജിച്ചതായിരിക്കണം. ഇളംനിറങ്ങളായിരിക്കും അതിലും നല്ലത്.