MATHRUBHUMI RSS
Loading...
വീട്ടിലൊരു കളിത്തൊട്ടില്‍

വര്‍ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞതാണ് കുട്ടികളുടെ ജീവിതം. മഞ്ചാടിയും ചായക്കൂട്ടുകളും നിറഞ്ഞിരിക്കും കുട്ടികളുടെ പരിസരം. അപ്പോള്‍ വീട്ടിലവര്‍ക്ക് സ്വന്തമായൊരിടവും ആവശ്യമല്ലേ? വായനയ്ക്കും ടി.വി. കാണാനും ആരാധനയ്ക്കുമൊക്കെ പ്രത്യേക ഇടങ്ങള്‍ ഒരുക്കുന്നതുപോലെ കുട്ടികള്‍ക്ക് വീട്ടിലൊരു മുറി ഒരുക്കുന്നതാണ് പുതിയരീതി. കുട്ടികള്‍ക്ക് പ്രായമായാലും ഉപയോഗിക്കാവുന്ന തരത്തിലാവണം മുറിയൊരുക്കേണ്ടത്.

കുഞ്ഞുങ്ങളുടെ മുറികള്‍ പക്ഷേ, സൗകര്യങ്ങളില്‍ കുഞ്ഞായിരിക്കരുത്. മുറിക്ക് സാമാന്യം വിശാലത വേണം. കാറ്റും വെളിച്ചവും പ്രവേശിക്കുന്ന വിധത്തിലാവണം നിര്‍മാണം. കുട്ടികള്‍ക്ക് പ്രത്യേകമുറി ഒരുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ പ്ലാനിങ് വീടിന്റെ നിര്‍മാണഘട്ടത്തില്‍തന്നെ തുടങ്ങണം. കുട്ടികള്‍ നാളെ വലുതാകാനുള്ളവരാണെന്ന ബോധ്യത്തില്‍ നിന്നുവേണം കിഡ്‌സ്‌റൂം ഒരുക്കാന്‍. കുട്ടികള്‍ക്ക് 14-15 വയസ്സാകുന്നതുവരെയേ കുഞ്ഞുമുറികള്‍ക്ക് ആയുസ്സുള്ളൂ. നിസ്സാരമായതും ചെലവ് കുറഞ്ഞതുമായ മാറ്റങ്ങളിലൂടെ കുഞ്ഞുമുറികള്‍ക്ക് രൂപമാറ്റം വരുത്താന്‍ കഴിയണം. രൂപമാറ്റം വരുത്താവുന്ന ഫര്‍ണിച്ചറുകളും സ്ഥിരസ്വഭാവമില്ലാത്ത ഇന്റീരിയറുമാണ് കുഞ്ഞുമുറികളില്‍ അഭികാമ്യം.

കുഞ്ഞിനായി ഏതു പ്രായത്തില്‍ മുറിയൊരുക്കണം എന്നതും പ്രധാനമാണ്. കുട്ടി കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തമാവുമ്പോള്‍ അവര്‍ക്ക് സ്വന്തമായി മുറിയൊരുക്കാം. ഇളംപ്രായത്തില്‍തന്നെ വീട്ടില്‍ തനിക്കൊരു മുറി കിട്ടിയാല്‍ ആ വീടിനോടവര്‍ക്ക് വല്ലാത്തൊരു ഹൃദയബന്ധം ഉണ്ടാകും. വളരുമ്പോള്‍ കുട്ടിമുറി ടീനേജ് മുറിയാക്കാന്‍ കഴിയുന്ന വിധമാകണം സജ്ജീകരണങ്ങള്‍.

ഫര്‍ണിച്ചര്‍

കുട്ടികളുടെ മുറി മോടിപിടിപ്പിക്കാന്‍ പ്രത്യേകഫര്‍ണിച്ചറുകള്‍ വിപണിയിലുണ്ട്. പല ഫര്‍ണിച്ചര്‍ ഷോറൂമുകളിലും കുട്ടികളുടെ ഫര്‍ണിച്ചറുകള്‍ക്കുവേണ്ടിയുള്ള പ്രത്യേക വിഭാഗംതന്നെയുണ്ട്. പടികള്‍ ചവുട്ടി മുകളിലെത്താവുന്ന ഡബിള്‍ഡക്കര്‍ കട്ടില്‍ ഇക്കൂട്ടത്തില്‍ പുതിയതാണ്. കട്ടിലിനു താഴെയുള്ള ഭാഗത്ത് കംപ്യൂട്ടര്‍ ടേബിള്‍, ചെറിയ മേശ, അലമാര എന്നിവ പിടിപ്പിക്കാം. ആകര്‍ഷകമായ നിറങ്ങളില്‍ ഇവ ലഭിക്കും. കുട്ടികളുടെ ഫര്‍ണിച്ചറുകള്‍ കൂടുതലായി പ്ലാസ്റ്റിക്ക്, തടി, സ്റ്റീല്‍ എന്നിവകൊണ്ടാണ് ഉണ്ടാക്കുന്നത്. ട്രീറ്റഡ് വുഡ്‌കൊണ്ടുള്ള ഫര്‍ണിച്ചറുകളും ഉപയോഗത്തിലുണ്ട്. വില കൂടുമെങ്കിലും തടിയും സ്റ്റീലും കൂടുതല്‍ കാലം ഈടുനില്‍ക്കും.

അധികം ഉയരം പാടില്ല, കൂര്‍ത്ത അറ്റങ്ങളും മൂലകളും ഒഴിവാക്കണം, ഭാരം കൂടരുത് ഈ മൂന്ന് കാര്യങ്ങള്‍ മനസ്സില്‍വെച്ചാണ് കുട്ടികള്‍ക്കായി ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കേണ്ടത്. പഠിക്കാനുള്ള സ്റ്റഡി ടേബിളും ഉയരം കുറഞ്ഞ കസേരയും കിഡ്‌സ്‌റൂമില്‍ വെക്കാം. പുസ്തകങ്ങള്‍ അടുക്കിവെക്കാനുള്ള ഷെല്‍ഫുകളും കൊടുക്കാം. വളരുന്ന പ്രായത്തിനനുസരിച്ച് ആവശ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കും വര്‍ണപുസ്തകങ്ങള്‍ക്കുംവേണ്ടി നിര്‍മിച്ച കബോര്‍ഡുകളും തട്ടുകളും പിന്നീട് പുസ്തകങ്ങളും ബാഗുകളും വെക്കാന്‍ ഉപയോഗപ്പെടുത്താവുന്നതേയുള്ളു. ഉറപ്പിക്കുന്ന തട്ടുകളേക്കാള്‍ ഇളക്കി മാറ്റാവുന്നതും രൂപം മാറ്റാവുന്നതുമായവയാണ് നല്ലത്. കബോര്‍ഡുകള്‍ വിവിധ നിറത്തിലായാല്‍ കൂടുതല്‍ ആകര്‍ഷകമാകും. കുട്ടിയുടെ ഇഷ്ടമറിഞ്ഞ് ആ നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കാം.

മുറിയുടെ സ്ഥാനം

മാസ്റ്റര്‍ ബെഡ്‌റൂമിനോട് ചേര്‍ന്നുവേണം കുട്ടികളുടെ മുറി. മാസ്റ്റര്‍ ബെഡ്‌റൂമില്‍ നിന്നുവേണം കുട്ടികളുടെ മുറിയിലേക്ക് വാതില്‍ കൊടുക്കാന്‍. നേരിട്ട് പുറത്തേക്ക് തുറക്കുന്ന വിധത്തിലുള്ള വാതിലുകള്‍ കുട്ടികള്‍ക്കുള്ള മുറികള്‍ക്ക് പാടില്ല. വീട്ടിലാരുമറിയാതെ കുട്ടിക്ക് പുറത്തു പോകാന്‍ കഴിയരുത്. പുറത്തുനിന്ന് ആര്‍ക്കും അകത്തേക്ക് പ്രവേശിക്കാനും പറ്റരുത്. മുറിയില്‍ ഒറ്റയ്ക്ക് കഴിയുന്ന കുട്ടിക്ക് അമ്മയെയോ അച്ഛനെയോ പെട്ടെന്ന് വിളിക്കണമെന്നു തോന്നിയാല്‍ അവര്‍ക്ക് എളുപ്പം ഓടിയെത്താന്‍ കഴിയുന്ന സ്ഥലത്തായിരിക്കണം കിഡ്‌സ് റൂം. വേണ്ടത്ര കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലമാണെന്ന് ഉറപ്പാക്കണം. പടിഞ്ഞാറുനിന്നാണ് കാറ്റ് വരിക. അതുകൊണ്ട് പടിഞ്ഞാറു ഭാഗത്ത് ജനല്‍ കൊടുത്താല്‍ മുറിയിലേക്ക് കാറ്റ് കയറും. ബിന്നുകളിലും തട്ടുകളിലും വാതിലുകളിലും വര്‍ണം വാരിവിതറി മുറി കളര്‍ഫുള്‍ ആക്കുന്നത് കുട്ടികളെ സന്തോഷിപ്പിക്കും. കര്‍ട്ടനും കിടക്കവിരിയും കുഷ്യനുകളും ബഹുവര്‍ണത്തിലാക്കി മുറിക്ക് ചന്തംവരുത്താനും സാധിക്കും. സ്വന്തം മുറിയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ കാണും. അവര്‍ക്കായി വേണമെങ്കില്‍ ചുവരില്‍ മടക്കിവെക്കാവുന്ന തരത്തിലുള്ള ഡൈനിങ്‌ടേബിളും പരീക്ഷിക്കാം.


വയറിങും പ്ലംബിങും

കുട്ടികളുടെ മുറിയിലെ ഇലക്ട്രിക്കല്‍ വയറിങ്ങില്‍ പ്രത്യേക ശ്രദ്ധ വേണം. വയറിങ് പൂര്‍ണമായും ചുവരിന് അകത്തുകൂടിയായിരിക്കണം. ഷോക്കേല്‍ക്കാത്ത വളരെ നിലവാരം കൂടിയ സ്വിച്ചുകള്‍ മാത്രമേ പിടിപ്പിക്കാവൂ. സാധാരണ ബള്‍ബുകള്‍ക്കു പകരം ഫാന്‍സി ബള്‍ബുകളും കളര്‍ ബള്‍ബുകളും ആയിരിക്കും കുട്ടികള്‍ക്കിഷ്ടം. എ.സി. വെക്കുന്നുണ്ടെങ്കില്‍ അത് റിമോട്ടുകൊണ്ടുമാത്രം പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലുള്ളതാവണം. കുട്ടിയുടെ കൈ എത്താത്ത ഉയരത്തില്‍ വേണം എ.സി. ഘടിപ്പിക്കാന്‍. ടി.വി. വെക്കുന്നുണ്ടെങ്കിലും ഈ മട്ടിലാവണം സ്ഥാനം.

ലൈറ്റുകളും ഫാനുമൊക്കെ ഓണാക്കിയശേഷം കുട്ടികള്‍ അറിയാതെ ഉറങ്ങിപ്പോകുക സ്വാഭാവികമാണ്. അതുകൊണ്ട് അവരുടെ മുറിയില്‍ സമയം സെറ്റ് ചെയ്തു വെക്കാവുന്ന പ്രോഗ്രാമബിള്‍ സ്വിച്ചുകള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. കിഡ്‌സ്‌റൂമിനോടു ചേര്‍ന്ന് ബാത്ത്‌റൂം പണിയുന്നുണ്ടെങ്കില്‍ അതും കുട്ടികളെ ഉദ്ദേശിച്ചുള്ളതായിരിക്കണം. കുട്ടികള്‍ക്ക് കൈയെത്തും ഉയരത്തില്‍ വേണം ടാപ്പുകള്‍ പിടിപ്പിക്കാന്‍. കുട്ടികളെ മാത്രമുദ്ദേശിച്ച് വിവിധ അലങ്കാരരൂപത്തിലുള്ള ടാപ്പുകളും ഷവറുമെല്ലാം വിപണിയിലിറങ്ങിയിട്ടുണ്ട്. ശ്രദ്ധക്കുറവുകൊണ്ട് അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട് പൂളോ, ബാത്തിങ് ടബ്ബോ കുട്ടികളുടെ ബാത്ത് റൂമില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

സ്വകാര്യത മെച്ചം

അച്ഛനമ്മമാരേക്കാള്‍ തന്റെ വീടിനെക്കുറിച്ചും മുറിയെക്കുറിച്ചും സ്വകാര്യമായ ഇഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കുട്ടികളുണ്ട്. ഒറ്റയ്ക്കിരുന്ന് പഠിക്കാനുള്ള ഇടം എല്ലാ കുട്ടികളും ആഗ്രഹിക്കാറുണ്ട്. വീട്ടിലെ ബഹളമോ ശബ്ദമോ ശല്യമാകാതെ സൗകര്യമായിരുന്നു പഠിക്കാന്‍ സ്വന്തം മുറിയുണ്ടെങ്കില്‍ നന്നായിരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ കുറച്ചുകൂടി സ്വകാര്യത ആഗ്രഹിക്കുന്നവരായിരിക്കും. അവരുടെ മുറിയില്‍ ഡ്രസ്സിങ് ഏരിയയും മേക്കപ്പ് കോര്‍ണറും ഒരുക്കുന്നതും നന്നായിരിക്കും. സാമാന്യം തരക്കേടില്ലാത്ത ഒരു കിഡ്‌സ് റൂം ഒരുക്കണമെങ്കില്‍ ഇന്നത്തെ നിലയില്‍ നാല്‍പ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെ ചെലവ് പ്രതീക്ഷിക്കാം.

ശ്രീജിത്ത് (ആര്‍കിടെക്ട്, തുഷാരം ഗ്രൂപ്പ്, തലശ്ശേരി)