റോസാപ്പൂ പോലെ സുന്ദരിയാവണോ? എന്നാല്‍ റോസാപ്പൂ ദളങ്ങള്‍ നിറഞ്ഞ ഒരു സ്‌കര്‍ട്ട് മതി. എന്താ വിശ്വാസം വരുന്നില്ലേ? ഒന്നണിഞ്ഞുനോക്കൂ. എന്നിട്ട് പറയൂ. ഇപ്പോള്‍ റാമ്പുകളിലെ ഹോട്ട് വസ്ത്രങ്ങള്‍ ഈ പൂ ഉടുപ്പുകളാണ്. നിറങ്ങള്‍ വാരിയണിഞ്ഞുനില്‍ക്കുന്ന പൂക്കളുടെ ചന്തം ഏത് ചൂടിലും ഉള്ളൊന്നു തണുപ്പിക്കും. കടുംവര്‍ണങ്ങള്‍ വിരിയുന്ന കാലമായതിനാലാവാം ഫാഷനിലും പൂക്കള്‍ ഇടംപിടിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തും നടക്കുന്ന ഫാഷന്‍ ഷോകളില്‍ ഇത് 'പൂക്കാല'മാണ്.
പൂക്കളുടെ ഡിസൈന്‍ അഥവാ ഫ്‌ളോറല്‍ ഡിസൈന്‍ പ്രിന്റ് ചെയേ്താ തുന്നിയോ കട്ട്‌വര്‍ക്ക് ചെയേ്താ പിടിപ്പിച്ച വസ്ത്രങ്ങള്‍ റാമ്പില്‍ ഇളകി നടക്കുന്നു. വില്‍സ് ലൈഫ് സ്റ്റൈല്‍ ഇന്ത്യാ ഫാഷന്‍ വീക്കിലും പൂ ഒരു താരമായിരുന്നു.
പെട്ടെന്നൊരു സുപ്രഭാതത്തില്‍ തുടങ്ങിയതൊന്നുമല്ല പൂക്കമ്പം. കാലങ്ങളായി വസ്ത്രങ്ങളില്‍ പൂക്കളുണ്ട്. കുട്ടിക്കാലത്തെ കുഞ്ഞുഫ്രോക്കുകളില്‍ എത്രമാത്രം പൂക്കളായിരുന്നു. ആ പൂക്കാലം ഒരിക്കലും തീരുന്നില്ല എന്നതാണ് ഈ റാമ്പുകള്‍ നല്‍കുന്ന സവിശേഷത. പ്രായമിത്രയുമായില്ലേ ഇനിയും പൂവും കായുമുള്ള വസ്ത്രമിടാനോ എന്ന ചോദ്യം വേണ്ട. ഏതു പ്രായക്കാര്‍ക്കും എപ്പോഴും അണിയാവുന്ന എവര്‍ഗ്രീന്‍ ലുക്ക് നല്‍കുന്ന ഡിസൈന്‍ തന്നെ ഇത്. നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധനല്‍കണമെന്നു മാത്രം.
ഫ്‌ളോറല്‍ ഡിസൈനുള്ള ഫ്രോക്കും ടോപ്പും മാത്രമല്ല, സാരിയും കുര്‍ത്തയുമെല്ലാം ട്രെന്‍ഡി തന്നെ. സില്‍ക്ക്, ജോര്‍ജറ്റ്, ക്രഷ്ഡ് സില്‍ക്ക്, ലൈക്ര, നെറ്റ്, കോട്ടണ്‍ ഏതുമെറ്റീരിയലിലും ഇണങ്ങിച്ചേരുന്നവയാണ് ഈ ഡിസൈന്‍.നിറയെ പൂപ്പടമുള്ള സ്‌കര്‍ട്ടും പ്ലെയിന്‍ ടോപ്പും അസല്‍ കോമ്പിനേഷന്‍ തന്നെ. അതുപോലെ കോട്ടന്‍ പാന്റ്‌സും കൂള്‍നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്റഡ് ലോങ് ഷര്‍ട്ട് വിത്ത് ബെല്‍റ്റും. വേനലില്‍ തിളങ്ങാന്‍ കഴിയുന്ന വണ്ടര്‍ഫുള്‍ ഡ്രസ് തന്നെ.
അല്പം ഹെവിഡിസൈനാണ് വേണ്ടതെങ്കില്‍ ആന്റിക് സില്‍വറിലും മറ്റും ചെയ്ത ഡിസൈനുള്ളവ പരീക്ഷിക്കാം. എക്കാലത്തും മുന്‍നിരയിലുള്ള കലംകാരിയും ഫ്‌ളോറല്‍ ഡിസൈനുകളുടെ കുലത്തില്‍പ്പെട്ടതുതന്നെ.

NEWS LETTER
RSS











