MATHRUBHUMI RSS
Loading...
പാദരക്ഷകള്‍ അണിയാം, ആഭരണമായി

കഴുത്തിലണിയാന്‍ ചെരുപ്പുമാല, കാതിലണിയാന്‍ ഷൂ. എന്താ, കേട്ടിട്ട് അയ്യേ എന്നു തോന്നുന്നുണ്ടോ? അങ്ങനെ കരുതാന്‍ വരട്ടെ. സ്ഫടികത്തിലും മെറ്റലിലും മറ്റും തീര്‍ത്ത അതിമനോഹരങ്ങളായ കുഞ്ഞുഷൂസുകളാണ് മാലയും കമ്മലുമെല്ലാമായി സുന്ദരികളെ അണിയിച്ചൊരുക്കാന്‍ വിപണിയിലെത്തിയിരിക്കുന്നത്.

നീണ്ട് സൂചിമുനപോലുള്ള ഹീലുകളില്‍ തീര്‍ത്ത ചെരിപ്പുകള്‍ കാലിലിടാന്‍ പറ്റാത്തവര്‍ക്ക് അത് ഇനി കഴുത്തിലും കാതിലും അണിഞ്ഞ് ഭംഗിയാക്കാം. ഹീല്‍ കുത്തി കഴുത്തും കാതുമൊന്നും വേദനിക്കില്ല. തീര്‍ത്തും അണിയാന്‍ പാകത്തിനു മൃദുലമായാണ് അവ നിര്‍മിച്ചിരിക്കുന്നത്. ബാര്‍ബി പാവക്കുട്ടികളുടെ കാലിലണിയുന്ന തരം ബാര്‍ബി ഷൂകളും ഷൂ ചാം പിങ്ക് ക്രിസ്റ്റല്‍ ഡ്രോപ്‌സുകളും സ്​പാര്‍ക്കിള്‍ ഷൂകളുമെല്ലാം ഇന്ന് ചെറുപ്പക്കാരുടെ ഹരമാണ്. കേരളത്തിലെ മിക്ക നഗരങ്ങളിലും കടകളില്‍ ഇത്തരം കമ്മലുകളും മാലകളും വില്പയ്‌ക്കെത്തിക്കഴിഞ്ഞു.

കാതില്‍ പറ്റിക്കിടക്കുന്ന ഷൂ സ്റ്റഡുകള്‍ക്ക് നല്ല ഡിമാന്‍ഡാണ്. ചെറിയ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കമ്മലുകള്‍ക്ക് തീരെ കനമില്ലെന്നതും ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. നിറയെ വര്‍ക്കുള്ള മുത്തുകളും കല്ലുകളും പിടിപ്പിച്ച ഇത്തരം ചെരുപ്പുകമ്മലുകള്‍ക്ക് വില അല്പം കൂടും. നേരിയ മാലയുടെ അറ്റത്ത് വിവിധതരത്തിലുള്ള ലോക്കറ്റുകളായാണ് മാലകളില്‍ ചെരുപ്പ് പ്രത്യക്ഷപ്പെടുന്നത്. കമ്മലുകളില്‍ ഹാഫ് ഷൂകള്‍ക്കും ഹീല്‍ ഷൂകള്‍ക്കുമാണ് പ്രാധാന്യമെങ്കില്‍ മാലകളില്‍ ചെരുപ്പുകളാണ് കൂടുതലും കാണുന്നത്. ചെരുപ്പുവിപണിയിലേതുപോലെത്തന്നെ ഹീലുകളോടാണ് കമ്മലിനും മാലയ്ക്കും പ്രിയം.

ഇതു സ്ത്രീകള്‍ക്കുമാത്രം അണിയാനുള്ളതാണെന്ന് കരുതേണ്ട. യുവാക്കളെയും കാത്തിരിക്കുന്നുണ്ട് ഇത്തരം ഷൂ മാലകളും ഒറ്റക്കമ്മലുകളും. കട്ടിയുള്ള സില്‍വര്‍, ഗോള്‍ഡന്‍ ചെയിനുകളിലും കട്ടിയുള്ള കളര്‍ നൂലുകളിലുമെല്ലാമായാണ് അവരുടെ ഷൂവിന്റെ വരവ്. ചെറിയ കുട്ടികള്‍ക്കായി പ്രത്യേകം തീര്‍ത്ത രോമ ഷൂവിന്റെ കുഞ്ഞുപതിപ്പുമുണ്ട്.