MATHRUBHUMI RSS
Loading...
പുത്തന്‍ ട്രെന്‍ഡുകളുടെ കാലം വരുന്നു
അഞ്ജന ശശി

പുതുപുത്തന്‍ ട്രെന്‍ഡുകളുമായാണ് 2010-ന്റെ വരവ്. പുതുവര്‍ഷത്തിലെ പുതിയ ട്രെന്‍ഡുകളെ ഫാഷന്‍ ലോകം ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഈ ലോകോത്തര ഫാഷനുകള്‍ തന്നെയാവും 2010-ല്‍ വിപണി
ഭരിക്കുക.

ഹരിതനീലിമ

പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടലിന്റെ ഹരിത നീലിമ. 2010-ന്റെ പ്രിയപ്പെട്ട നിറം. അതാണ് പുതുവര്‍ഷത്തിന്റെ ഫാഷന്‍ നിറമായി ലോകപ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ദ്രനീലവും മരതകവും കൂടിക്കലര്‍ന്ന, ആരെയും മോഹിപ്പിക്കുന്ന, മനസ്സിന് കുളിര്‍മ നല്‍കുന്ന നിറം. വെള്ളവും ആകാശവും കൂടിച്ചേരുന്ന ഈനിറം വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും നിറംകൂടിയാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഇണങ്ങുന്ന നിറമെന്ന ഖ്യാതിയും ഹരിത നീലിമയ്ക്കുണ്ട്.
സില്‍ക്കിലും കോട്ടണിലും സിന്തറ്റിക്കിലും ഒരുപോലെ ശോഭതരുന്ന നിറമാണിത്. കാഴ്ചയുടെ മനോഹാരിതകൊണ്ട് ആഢ്യത്വം തോന്നിപ്പിക്കുന്ന നിറം. വേഷങ്ങള്‍ക്കുമാത്രമല്ല, അതിനോടുചേര്‍ന്നുള്ള അലങ്കാരങ്ങള്‍ക്കും ഹരിതനീലിമ അനുയോജ്യമാണ്.

അനിമല്‍ പ്രിന്റുമായി ആഭരണങ്ങള്‍

സ്ത്രീകളുടെ ആഭരണഭ്രമത്തിന് കാലഭേദമില്ല. എല്ലാത്തരം ആഭരണങ്ങളും അവര്‍ അണിയാറുണ്ട്. പുതിയ വര്‍ഷത്തെ ഫാഷന്‍ സ്വീകരിക്കുന്നതോടൊപ്പം മുന്‍വര്‍ഷങ്ങളിലെ ഫാഷന്‍ അവര്‍ തുടരുന്നു എന്നതാണ് സത്യം.

ഈ പുതുവത്സരത്തില്‍ സ്ത്രീകളെ കാത്തിരിക്കുന്നത് വിവധ ആഭരണങ്ങളിലെ അനിമല്‍ പ്രിന്റുകളാണ്. പുള്ളിപ്പുലിയുടെ കലകള്‍ക്ക് സമാനമായ കമ്മലുകളും സീബ്രാ വളകളും വസ്ത്രങ്ങളുമെല്ലാമാണ് 2010-ലെ ഫാഷന്‍ ട്രെന്‍ഡുകളെന്ന് ലോകത്തെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍ പറയുന്നു. അതുതന്നെയായിരിക്കും ഇന്ത്യയിലും കേരളത്തിലും അടുത്തവര്‍ഷം വിപണികളെ നിയന്ത്രിക്കുക.

അധികം ഉയരമില്ലാത്തവര്‍ക്ക്

പുള്ളിപ്പുലിയുടേതുപോലത്തെ ഡിസൈനുള്ള വസ്ത്രങ്ങളില്‍ താത്പര്യം കാണില്ല. ഇത് വീണ്ടും ഉയരം കുറച്ചുതോന്നിപ്പിക്കും എന്നതാണ് കാര്യം. അത്തരക്കാര്‍ക്കായാണ് കമ്മലുകളും വളകളും ലോക്കറ്റുകളും ബാഗുകളും എന്തിന് ചെരുപ്പുകളും വരെ ഈ ഡിസൈനില്‍ ചെയ്തിരിക്കുന്നത്.

പാമ്പിന്റെ തോലിനോട് സാമ്യമുള്ള ചെരുപ്പുകളാണ് 2010 ലെ ഫാഷന്‍. ഇതില്‍ ബാഗുകളും ബെല്‍റ്റുകളും ലഭ്യമാണ്. ചെരുപ്പുകളില്‍ ഉയര്‍ന്ന ഹീലുള്ള ഹാഫ് ഷൂ അതിന്റെ പ്രൗഢി നിലനിര്‍ത്തും. പച്ചയും കറുപ്പും കലര്‍ന്ന സ്‌നേക് സ്‌കിന്‍ കാറ്റ് ബാക് സിപ് ചെരുപ്പുകള്‍ പാര്‍ട്ടിവെയറുകളില്‍ മുന്നില്‍വരും. മുട്ടിനു പകുതിവരെ മൂടുന്നവശങ്ങളില്‍ സിബ്ബ് പിടിപ്പിച്ച ബൂട്‌സുകള്‍ക്കും അടുത്തവര്‍ഷം നല്ലകാലമായിരിക്കും.

ബാഗില്‍ മെറ്റാലിക്കാണ് പുതുവര്‍ഷത്തിന്റെ ഫാഷന്‍. ഗോള്‍ഡന്‍, സില്‍വര്‍, കോപ്പര്‍ നിറങ്ങളിലുള്ള ബാഗുകള്‍ വിപണി കീഴടക്കും. ഏതുവസ്ത്രത്തിനും അനുയോജ്യമാണ് മെറ്റാലിക് നിറം. മുന്‍വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിച്ചിരുന്ന ഫാഷനായിരുന്നു ഇതെങ്കില്‍ പുതുവര്‍ഷത്തില്‍ എല്ലാദിവസവും ഉപയോഗിക്കാവുന്ന നിറമായി ഇതുമാറുകയാണ്.