നഖം വളര്‍ന്നാല്‍ വെട്ടിക്കളയണം. അല്ലെങ്കില്‍ അതിനടിയില്‍ അഴുക്കു കയറി അസുഖങ്ങള്‍ പിടിക്കാനിടയുണ്ട്. അതുകൊണ്ട് നഖം വെട്ടി വൃത്തിയാക്കി വെക്കണം. സ്‌കൂളില്‍ പാഠങ്ങള്‍ക്കൊപ്പം അധ്യാപകര്‍ പറഞ്ഞുതന്നിരുന്ന വൃത്തിപാഠം. ശരിയാണ്, വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ രോഗം വരുത്താന്‍ നഖം മതി. അതിന് അവ വെട്ടിക്കളയണം എന്നു നിര്‍ബന്ധമുണ്ടോ? നഖം വെറുതെ വെട്ടിക്കളയേണ്ട ഒന്നല്ലെന്നും സുന്ദരമായ നഖങ്ങള്‍ തിരഞ്ഞെടുക്കാന്‍ മത്സരം നടത്തി നഖറാണിയെ (നെയില്‍ ക്വീന്‍) തിരഞ്ഞെടുക്കാമെന്നുമൊക്കെ ഫാഷന്‍ ഗുരുക്കള്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ മാസം ആദ്യം ടോക്യോയില്‍ നഖപ്രദര്‍ശനവും നഖറാണി മത്സരവുമൊക്കെ അരങ്ങേറുകയും ചെയ്തു. നഖത്തില്‍ ശംഖും മുത്തും മാലാഖമാരും അമ്പും വില്ലും അരയന്നങ്ങളും അങ്ങനെ എത്രയെത്ര വിസ്മയങ്ങള്‍ തീര്‍ത്താണ് നഖറാണിമാരാകാന്‍ സ്ത്രീകളെത്തിയത്. അത്രയ്‌ക്കൊക്കെ അലങ്കരിച്ചില്ലെങ്കിലും അത്യാവശ്യം അലങ്കാരങ്ങളൊക്കെ നടത്തി നഖം സുന്ദരമാക്കുന്നതില്‍ നാം എന്തിനു മടിച്ചു നില്‍ക്കണം. പല നിറത്തിലുള്ള നെയില്‍ പോളിഷ് അല്പം ഭാവനയോടെ നഖത്തില്‍ പ്രയോഗിച്ചാല്‍ത്തന്നെ നഖാലങ്കാരമായി. നീട്ടിവളര്‍ത്തിയ ബഹുവര്‍ണ സ്‌ട്രൈപ്‌സുള്ള നഖങ്ങള്‍ കണ്ടാല്‍ ആരും നോക്കും. സ്വര്‍ണം, വെള്ളി, നീല, ചുവപ്പ്, പച്ച, കറുപ്പ് എന്നിവയ്‌ക്കൊപ്പം സോഫ്റ്റ് നിറങ്ങള്‍; ഇതാണ് നഖത്തിലണിയാന്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും ട്രെന്‍ഡിയായ വര്‍ണങ്ങള്‍. ഇനി അതില്‍ അല്പംകൂടി വ്യത്യസ്തത വേണമെന്നുണ്ടെങ്കില്‍ ചെറിയ നക്ഷത്രങ്ങളും സീക്വന്‍സുകളും ഒട്ടിച്ചുവെക്കാം. നഖം തുളച്ച് ചെറിയ റിങ്ങുകളിട്ടും മുത്തുകള്‍ പിടിപ്പിച്ചും അലങ്കരിക്കാം. അതിന് ഒരു നെയിലിസ്റ്റിന്റെ സഹായംതേടുകയാണ് നല്ലത്. നഖങ്ങള്‍ പരിചരിച്ച് അലങ്കരിച്ചുകൊടുക്കുന്നത് കേശാലങ്കാരം പോലെ തന്നെ ഒരു തൊഴിലുമാണ്. ഇത്തരത്തില്‍ നഖാലങ്കാരം നടത്തുന്നവരാണ് നെയിലിസ്റ്റുകള്‍.
പഴയകാലത്ത് സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും നഖാലങ്കാരത്തിനു പ്രാധാന്യം നല്‍കിയിരുന്നു. കാല്‍ നഖങ്ങള്‍ക്കും കൈനഖങ്ങള്‍ക്കും ഒരുപോലെ അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ കാലം പോകെ ആരോഗ്യപാലനത്തിനായുള്ള നഖസംരക്ഷണം ഫാഷന്‍ സൂത്രവാക്യത്തിന്റെ ഭാഗമായി. കാല്‍നഖങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം കൈനഖാലങ്കാരത്തിനു കിട്ടി. നഖസംരക്ഷണം കോസ്‌മെറ്റിക് വ്യവസായത്തിന്റെയും ഫാഷന്റെയും ഭാഗമായിത്തീര്‍ന്നു. കഴിഞ്ഞ കുറെ നാളുകളായി നെയില്‍ ആര്‍ട്ട് എന്ന ഒരു ശാഖതന്നെ ഉണ്ട്. മാനിക്യൂറും പെഡിക്യൂറും ചെയ്ത് കൈകാല്‍ നഖങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവ അലങ്കരിക്കുന്നതു ഫാഷന്റെ ഭാഗമായിക്കഴിഞ്ഞു. കൈ നഖങ്ങള്‍ക്കൊപ്പം കാല്‍നഖങ്ങളും ഇത്തരത്തില്‍ അലങ്കരിക്കുന്നുണ്ട്.
നഖങ്ങള്‍ക്കു മുകളില്‍ ഒട്ടിച്ചുവെക്കാവുന്ന അക്രിലിക് നഖങ്ങള്‍ക്കു പ്രിയമേറെയാണ്. യഥാര്‍ഥ നഖത്തിന് എന്തെങ്കിലും കേടുപാടുകളുണ്ടെങ്കില്‍ അത് അറിയില്ലെന്നു മാത്രമല്ല, ഓരോ തവണ പുറത്തുപോകുമ്പോഴും തരാതരം നഖങ്ങള്‍ മാറിമാറി ഒട്ടിക്കുകയും ചെയ്യാം. ഇത്തരം നെയില്‍ ആര്‍ട്ട് കിറ്റുകള്‍ വിപണിയില്‍ കിട്ടുകയും ചെയ്യും.

NEWS LETTER
RSS











