MATHRUBHUMI RSS
Loading...
മനം മയക്കും കല്ലുമാലകള്‍
അഞ്ജന ശശി

സ്വര്‍ണവും വെള്ളിയും ചെമ്പുമെല്ലാം കഴിഞ്ഞ് സുന്ദരിമാരുടെ ഇപ്പോഴത്തെ ഇഷ്ടം കല്ലുവെച്ച മാലകളോടാണ്. മനം മയക്കുന്ന നിറങ്ങളിലും തിളക്കത്തിലും കുമാരിമാരുടെ ഹൃദയം കവരുന്ന വിവിധ കല്ലുമാലകള്‍ ഇന്ന് വിപണി കീഴടക്കിക്കഴിഞ്ഞു. നഗരത്തിലെ പ്രദര്‍ശനങ്ങളിലും പ്രധാന ഫാന്‍സി കടകളിലുമെല്ലാം കല്ലുകൊണ്ടുള്ളമാലകള്‍ നിറഞ്ഞിരിക്കുന്നു.

സ്വര്‍ണവിപണിയില്‍ കല്ലുവെച്ച ആഭരണങ്ങള്‍ക്ക് എന്നും പ്രിയമാണ്. സ്വര്‍ണത്തില്‍ കല്ലുകളും ചെറിയ ഡയമണ്ടുകളും വെച്ച ആഭരണങ്ങള്‍ വാങ്ങാന്‍ ഏറെആവശ്യക്കാരുമുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണവില കുത്തനെ പൊങ്ങിയപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് കല്ലുകളിലേക്കും സ്വര്‍ണം പൂശിയ ആഭരണങ്ങളിലേക്കും ചെറുപ്പക്കാരികള്‍ ചുവടുമാറി. പേളിലും റൂബിയിലും മരതകത്തിലുമെല്ലാമുള്ള യഥാര്‍ഥ കല്ലുകളിലും അതിനോട് കിടപിടിക്കുന്ന വ്യാജകല്ലുകളിലുമുള്ള മാലകളിലേക്കും സ്ത്രീകളുടെ കണ്ണെത്തി. വിവാഹം പോലുള്ള ചടങ്ങുകളില്‍ അണിയാന്‍ സ്വര്‍ണത്തിനുപകരം സ്വര്‍ണമല്ലെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തഭംഗിയോടെയും പൂര്‍ണതയോടെയുമുള്ള ആഭരണങ്ങള്‍ സ്ഥാനം പിടിച്ചു.

പ്രഷ്യസ് സ്റ്റോണുകള്‍, സെമി-പ്രഷ്യസ് സ്റ്റോണുകള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കല്ലുകളെ തിരിച്ചിരിക്കുന്നത്. വജ്രം, മരതകം, ഇന്ദ്രനീലം, മാണിക്യം തുടങ്ങിയവയാണ് പ്രഷ്യസ് സ്റ്റോണുകള്‍. അമിതിസ്റ്റ്, ലാപിസ്-ലാസുലി, ടോപാസ്, മൂണ്‍സ്റ്റോണ്‍, ഓപ്പല്‍, ടൂര്‍മലിന്‍ തുടങ്ങിയവയാണ് സെമിപ്രഷ്യസ് സ്റ്റോണില്‍ പെടുന്നത്. വിലകൂടിയ പ്രഷ്യസ് സ്റ്റോണിനേക്കാള്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിയുന്നത് ഇടത്തരക്കാരുടെ ഇഷ്ട കല്ലുകളായ കോറല്‍, ബ്ലഡ് സ്റ്റോണ്‍, അസുറൈറ്റ്, ഗാര്‍നറ്റ്, ക്രൈസോപ്രൈസ് തുടങ്ങിയ സെമി പ്രഷ്യസ് കല്ലുകളാണ്. കുറെക്കാലമായി വിപണിയില്‍ പിടിച്ചുനില്ക്കുന്ന മനോഹരമായ കല്ലുകളാണ് സാന്‍ഡ്‌സ്റ്റോണുകള്‍. കൂടാതെ കോറലില്‍ തീര്‍ത്ത മനോഹരമായ ചെയിനുകളും മാണിക്യത്തില്‍ തീര്‍ത്ത നെക്‌ലേസുകളും വിപണി അടക്കിവാഴുന്നു.

വലിയ കല്ലുകളില്‍ തീര്‍ത്ത ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. ഫാഷന്‍ ലോകത്തിന്റെ ഇഷ്ട ആഭരണവും വലിയ കല്ലുകളില്‍ തീര്‍ത്ത മാലകള്‍ തന്നെ. സ്വര്‍ണത്തിലും മറ്റും പിന്നീട് കെട്ടിക്കാമെന്ന സൗകര്യവും ഇത്തരം കല്ലുകള്‍ക്കുണ്ട്. ഹൈദരാബാദില്‍നിന്നുതന്നെയാണ് പേളുകള്‍ ഇപ്പോഴും ഏറെക്കുറെ ഇവിടത്തെവിപണിയിലെത്തുന്നത്.

ഏതുനിറത്തിലും തരത്തിലുമുള്ള വേഷങ്ങള്‍ക്ക് ഇണങ്ങുന്ന കല്ലുമാലകളാണിത്. മാലയ്ക്ക് അനുയോജ്യമായ കമ്മലും കൈചെയിനുമെല്ലാം ഒപ്പമുള്ളവയുമുണ്ട്. നൂലില്‍ കല്ലുകള്‍ മാത്രം കൊരുത്ത മാലകള്‍ക്ക് 90 രൂപ മുതലാണ് വില. കല്ലിന്റെ വലിപ്പത്തിനും ഭംഗിക്കും അനുസരിച്ച് വിലയും കൂടും. കഴുത്തിന് അഴകേറ്റുന്ന കല്ലുമാലകളുടെ ഭംഗി ഒന്നുവേറെത്തന്നെയെന്ന് പറയാതെ വയ്യ.