ചുരിദാര്‍ വിപണിയിലെ പുത്തനുണര്‍വാണ് മസാക്കലി. അനാര്‍ക്കലിയും പട്യാലയുമെല്ലാം അടക്കിവാണ വിപണി ഇപ്പോള്‍ മസാക്കലിയുടെ പിടിയിലാണ്. എങ്ങും എവിടെയും ടെക്‌സ്റ്റൈലുകള്‍ക്കുമുമ്പില്‍ സുന്ദരികളെക്കാത്ത് മസാക്കലി ഒരുങ്ങിനില്‍ക്കുന്നു. ജീന്‍സും ടോപ്പും കുര്‍ത്തയുമെല്ലാം കേരളത്തിന്റെ ഫാഷന്‍ രംഗം അടക്കിവാഴുമ്പോഴും മലയാളികള്‍ക്ക് ചുരിദാറിനോടുള്ള പ്രിയം നഷ്ടപ്പെട്ടില്ല. ഇന്നത്തെ മലയാളികള്‍ മനസ്സുകൊണ്ട് എന്നോ അംഗീകരിച്ചിരിക്കുന്നു ചുരിദാര്‍ എന്ന അന്യനാട്ടുകാരിയെ. സാരിയും മുണ്ടും ബ്ലൗസുമെല്ലാം ധരിച്ചിരുന്ന കേരളത്തിലെ സ്ത്രീകളുടെ വസ്ത്രബോധത്തെ പാടേ മാറ്റിമറിച്ചത് ഈ വടക്കേ ഇന്ത്യന്‍ വസ്ത്രംതന്നെയാണ്. മുഴുക്കൈയും മുക്കാല്‍ക്കൈയുമായി എത്തി പിന്നെ പകുതിക്കൈയും കൈ ഇല്ലാതെയും ചുരിദാര്‍ ഇവിടെ വിസ്മയം തീര്‍ത്തു. പിന്നീട് നീളം കൂടിയവയും കുറഞ്ഞവയും മുട്ടിനുമുകളില്‍ നില്‍ക്കുന്നവയും വന്നു. പഞ്ചാബിയും പട്യാലയും ഫാഷനായി. ബോളിവുഡിനും കോളിവുഡിനുമനുസരിച്ച് ഇവിടെയും ചലനങ്ങളുണ്ടായി. അനാര്‍ക്കലിയുടെ കടന്നുവരവും അതിനുചുവടുപറ്റി ഇപ്പോള്‍ മസാക്കലിയുടെ വരവും അതേ വഴിയിലൂടെതന്നെയാണ്.
ടോപ്പിന്റെ മുകള്‍ഭാഗം മുഴുവന്‍ നല്ല വര്‍ക്കോടെയും താഴെമുഴുവന്‍ ഞൊറിയുമായാണ് അനാര്‍ക്കലി കടന്നുവന്നത്. പഴയ ഹിന്ദി സിനിമയില്‍ രേഖയണിഞ്ഞ് അക്കാലത്ത് ഫാഷനായിരുന്ന ആ സ്റ്റൈല്‍ വര്‍ഷങ്ങള്‍ക്കുശേഷം 'ജോഥാ അക്ബര്‍' എന്ന സിനിമയോടൊപ്പം വിപണിയിലെത്തുകയായിരുന്നു. മുകള്‍ഭാഗത്ത് അനാര്‍ക്കലിയോട് സാമ്യമുള്ള കട്ടുമായാണ് ഇപ്പോള്‍ മസാക്കലിയുടെ വരവ്. എന്നാല്‍ വര്‍ക്ക് കൂടുതലായി കാണില്ല. മസാക്കലിയുടെ ഏറ്റവും വലിയ പ്രത്യേകത ചുരിദാറിന്റെ ബോട്ടം തന്നെയാണ്. ബനിയന്‍ ക്ലോത്തില്‍ അടിവശത്ത് ഇലാസ്റ്റിക് വെച്ച ചുരി ടൈപ്പിലാണ് ഇതിന്റെ കാലുകള്‍. അതുകൊണ്ടുതന്നെ ആരും ഇതു തയ്പ്പിക്കാന്‍ മുതിരുന്നില്ല. റെഡിമെയ്ഡ് തന്നെയാണ് പ്രിയം. അധികം തടിയില്ലാത്തവര്‍ക്ക് ഇതു നന്നായി ഇണങ്ങും.
ടോപ്പ് മുഴുവന്‍ ചെറിയ വര്‍ക്കുള്ള തരം ചുരിദാറാണിത്. കോട്ടണിലാണ് ഇതു കൂടുതല്‍ പോവുന്നത്. കോട്ടണ്‍ മിക്‌സിലും സാറ്റിനിലും മറ്റു സിന്തറ്റിക് തുണികളിലും ഇത് ഇറങ്ങുന്നുണ്ട്. ടോപ്പിന് അടിഭാഗം റൗണ്ട് കട്ടാണ്. ഫ്‌ളയറുകളാണുള്ളത്. കൈകള്‍ മിക്കവാറും നെറ്റിലാണ് വരുന്നത്. ഇല്ലെങ്കില്‍ ഷിഫോണ്‍ പോലെ ഒട്ടിക്കിടക്കുന്ന നേര്‍ത്ത തുണികളില്‍. ഏതാണ്ട് 800 രൂപ മുതലാണ് ഇതിന്റെ വിലയെന്ന് കോഴിക്കോട് സില്‍ക്ക് പാര്‍ക്ക് ഷോറൂമിലെ സെയില്‍സ്‌ഗേള്‍ അഭിപ്രായപ്പെട്ടു.
പെരുന്നാള്‍ സമയത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞതും മസാക്കലി തന്നെയെന്ന് പല പ്രമുഖ കടക്കാരും ഒരേ സ്വരത്തില്‍ പറയുന്നു. ചെറിയ പെണ്‍കുട്ടികളില്‍ ഈ ഫാഷന്‍ ഇറങ്ങിയിട്ട് കുറച്ചുനാളായി. എന്നാല്‍ കൗമാരക്കാരിലും യുവതികളിലും ഈ ഫാഷന്‍തരംഗം ഏശിവരുന്നതേയുള്ളൂ. ഇനിവരുന്നത് മസാക്കലിയുടെ നാളുകളാണ്. വേണ്ടെന്നുവെച്ചാലും അറിയാതെയൊന്ന് നോക്കിപ്പോവുന്ന മസാക്കലിസുന്ദരികളുടെ നാളുകള്‍.

NEWS LETTER
RSS











