MATHRUBHUMI RSS
Loading...
വീണ്ടും ചുങ്കിടിക്കാലം

ഓര്‍മയില്ലേ, ആറേഴുവര്‍ഷം മുമ്പ് ഒരു വസന്തംപോലെ ഉത്തരേന്ത്യയില്‍നിന്നു പാറിയെത്തി മലയാളിയുടെ സ്വന്തമായ ചുങ്കിടിയെ. പിന്നെ എവിടെത്തിരഞ്ഞാലും പെണ്‍കുട്ടികള്‍ നിറത്തില്‍ കുളിച്ചു നടക്കുന്ന ചുങ്കിടിക്കാലമായിരുന്നു. കാമ്പസില്‍ ഒട്ടൊക്കെ വ്യത്യസ്തയാണ് താനെന്നു വിളിച്ചു പറയാന്‍, കല്യാണങ്ങളിലും പാര്‍ട്ടികളിലും വ്യക്തിത്വം പ്രകടിപ്പിക്കാന്‍ ...അങ്ങനെ ആളുകള്‍ക്കനുസരിച്ച്, അവസരങ്ങള്‍ക്കനുസരിച്ച് അണിയാന്‍ ചുങ്കിടിയുടെ വൈവിധ്യം ധാരാളം.... ഇപ്പോഴിതാ ഓണക്കാലത്ത് ചുങ്കിടി തിരിച്ചെത്തിയിരിക്കുന്നു; വിവിധ വര്‍ണങ്ങളില്‍, ചിത്രപ്പണികളില്‍, അലങ്കാരങ്ങളില്‍. എപ്പോഴും ഈ നരച്ച കളര്‍ വയ്യെന്ന പരിഭവത്തില്‍ ഇഷ്ടക്കോട്ടണെ കൈയൊഴിയേണ്ട. മാത്രവുമല്ല, കോട്ടണ്‍ സില്‍ക്കിലും സിന്തറ്റിക്കിലുമെല്ലാം ഈ വര്‍ണവൈവിധ്യം നിങ്ങള്‍ക്കു സ്വന്തമാക്കാം.

ഗുജറാത്തി പെണ്‍കുട്ടികളുടെ സ്വന്തം ബാന്ദ്‌നിയാണ് മലയാളത്തിലെത്തുമ്പോള്‍ ചുങ്കിടിയായി മാറുന്നത്. തുണിയുടെ ചില ഭാഗങ്ങള്‍ കെട്ടി നിറം കൊടുക്കുന്നതാണ് രഹസ്യം. ഇരുണ്ടതും ഇളം കളറുകളിലും വ്യത്യസ്ത ഡിസൈനുകളിലും ചുങ്കിടി ലഭ്യമാണ്. പ്ലെയിന്‍ വെള്ള, കറുപ്പ്, മഞ്ഞ തുടങ്ങി ഏത് ചുരിദാര്‍ കമ്മീസ് ബോട്ടത്തിനുമൊപ്പവും ചുങ്കിടി ഷാള്‍ അണിഞ്ഞാലോ? മാറിയില്ലേ എല്ലാ ലുക്കും... അതു തന്നെയാണ് ചുങ്കിടിയുടെ രഹസ്യവും. കൈയിലൊതുങ്ങുന്ന വില മുതല്‍ തുടങ്ങും ഈ വര്‍ണവൈവിധ്യം. ഇപ്പോള്‍ കടകളിലും അന്യസംസ്ഥാന സ്റ്റാളുകളിലുമെല്ലാം ചുങ്കിടിയുണ്ട്. ഓണമൊന്ന് കഴിഞ്ഞോട്ടെ, ചുങ്കിടിയില്‍ നിറയുന്ന കാമ്പസല്ലേ കാത്തിരിക്കുന്നത്. ഇടുന്ന ആളുടെ നിറവും തരവുമനുസരിച്ച് ചെത്താന്‍ ഇതാ ഒരു ചുങ്കിടിക്കാലം മുന്നില്‍.