MATHRUBHUMI RSS
Loading...
പ്രായമേ, കളി ഞങ്ങളോടോ
റീഷ്മ ദാമോദര്‍

മുപ്പതു കഴിഞ്ഞു, രണ്ട് പിള്ളേരുമായി. ഇനിയാരു ശ്രദ്ധിക്കാനാ. ഒരു കോട്ടണ്‍ സാരി, ഏറിയാലൊരു സല്‍വാര്‍...അത്രയൊക്കെ ഫാഷനായാല്‍ മതി. കുറച്ചു കാലം മുമ്പ് സ്ത്രീകള്‍ ഇങ്ങനെയൊക്കെയായിരുന്നു. ഇപ്പോള്‍ കാലം മാറുന്നു, ഹശളല യലഴശി െമ േ30 എന്ന ചിന്തയിലാണ് ഇവര്‍. പ്രായം കൂടിയെന്ന് വെച്ച് ഡ്രസ്സിങ്ങില്‍ അങ്ങനെയങ്ങ് വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് ചിന്തിക്കുന്നവര്‍ കൂടുന്നു. ഡ്രസ്സിങ് സ്റ്റൈല്‍ മാറ്റി പഴയ ചുറുചുറുക്ക് വീണ്ടെടുക്കാമല്ലോ.

ജീന്‍സിന്റെ കാര്യം തന്നെയെടുക്കാം. ഇലാസ്റ്റിക് ജീന്‍സ്, സ്‌കിന്നി ജീന്‍സ്, ബൂട്ട്കട്ട് ജീന്‍സ്, സ്‌ട്രെയിറ്റ് കട്ട് ജീന്‍സ് എന്നിങ്ങനെ 30 പ്ലസിന് യോജിച്ച ജീന്‍സുകള്‍ പലതരമുണ്ട്. ഓരോന്നും തിരഞ്ഞെടുക്കുന്നത് നമ്മുടെ ശരീരം നോക്കിയാവണമെന്നുമാത്രം. ഇലാസ്റ്റിക് ജീന്‍സ് തടിയുള്ളവര്‍ക്കും മെലിഞ്ഞവര്‍ക്കും ഒരുപോലെ ഇണങ്ങും. മെലിഞ്ഞവരാണെങ്കില്‍ ശരീരത്തിലൊട്ടിക്കിടക്കുന്ന സ്‌കിന്നി ജീന്‍സ് പരീക്ഷിക്കാം. കാല്‍ തടിച്ചവര്‍ക്ക് ബൂട്ട്കട്ട് ജീന്‍സാവും ചേര്‍ച്ച. തടി അങ്ങനെ അറിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌ട്രെയിറ്റ് കട്ട് ജീന്‍സ് എല്ലാവര്‍ക്കും അനുയോജ്യമാണ്.

'മെലിഞ്ഞവര്‍ ലോവെയ്‌സ്റ്റ് ജീന്‍സിട്ടാലും നോ പ്രോബ്ലം. പക്ഷേ, അല്‍പം തടിയുള്ളവര്‍ ഹൈവെയ്സ്റ്റ് തന്നെ തിരഞ്ഞെടുക്കണം. അതിന്റെ കൂടെ ലോങ്‌ടോപ്പ് ഉപയോഗിക്കാം. വയറ് ഒന്ന് ഒതുങ്ങി നില്‍ക്കാന്‍ സഹായിക്കും', ഫാഷന്‍ സ്റ്റൈലിസ്റ്റ് സുനിത പ്രശാന്ത് നിര്‍ദേശിക്കുന്നു.

ചുരിദാറും കുര്‍ത്തയുമൊക്കെ വാങ്ങുമ്പോള്‍, അതിന്റെ കട്ടിലും, സ്ലീവിലുമാണ് ശ്രദ്ധിക്കേണ്ടത്. സൈഡ് കട്ടില്ലാത്ത ലോങ് സല്‍വാറുകള്‍ ഒരു എലഗന്റ് ലുക്ക് നല്‍കും. ഒപ്പം എത്ത്‌നിക് കോട്ടണ്‍ പ്രിന്റുള്ള സല്‍വാറുകളും ഈ പ്രായക്കാര്‍ക്ക് നന്നായി ചേരും. സ്ലീവ്‌ലെസ്, ഷോര്‍ട്ട് സ്ലീവ് എന്നതിനുപകരം ത്രീഫോര്‍ത്ത് സ്ലീവ് പരീക്ഷിക്കാം. കൈയുടെ വണ്ണം കുറച്ചുകാണിക്കും എന്നതാണ് ഇത്തരം സ്ലീവുകളുടെ പ്രത്യേകത. ഫുള്‍സ്ലീവ് കുറച്ചുകൂടെ സ്റ്റൈലിഷ് ആണെങ്കിലും എല്ലാവര്‍ക്കും ചേരണമെന്നില്ല. ചൈനീസ് കോളറും ഹൈനെക്ക് കോളറുമാണ് കോളറുകളില്‍ ഏറ്റവും ട്രെന്‍ഡി.

'ലെഗിന്‍സും കുര്‍ത്തിയുമാണെന്റെ പ്രിയവേഷം. പക്ഷേ, ദുപ്പട്ട ഇല്ലെങ്കില്‍ എനിക്ക് കോണ്‍ഫിഡന്‍സ് കുറയുന്നതുപോലെ തോന്നും. അതുകൊണ്ട് പല നിറത്തിലും മെറ്റീരിയലിലുമുള്ള കുറെ സ്റ്റോള്‍ വാങ്ങും. അത് ഓരോ ഡ്രസിനനുസരിച്ച് മാറ്റിമാറ്റി ഇടും', കുസാറ്റില്‍ പി.എച്ച്.ഡി ചെയ്യുന്ന അനുപമ ഡ്രസ് കോഡ് വെളിപ്പെടുത്തുന്നു.

കുര്‍ത്തി തിരഞ്ഞെടുക്കുമ്പോള്‍

കുര്‍ത്തി എത്രത്തോളം ഫിറ്റ് ആണെന്നതാണ് പ്രധാനം. ബോഡി അല്‍പം ലൂസായാലും കുഴപ്പമില്ല, ഷോള്‍ഡറും സ്ലീവിന്റെ വണ്ണവും കൃത്യമായിരിക്കണം. ഇല്ലെങ്കില്‍ പ്രായം കൂടുതല്‍ തോന്നിക്കും. മെലിഞ്ഞവര്‍ക്ക് ഷോര്‍ട്ട് കുര്‍ത്തിയുമാവാം. എന്നാല്‍, തടി കൂടുതല്‍ ഉള്ളവര്‍ക്ക് ഇത് ചേരില്ല. അതുകൊണ്ട് കുര്‍ത്തിയുടെ നീളം അല്‍പം കൂട്ടണം. മുട്ടിനൊപ്പമോ മുട്ടിനു തൊട്ടുമുകളില്‍വരെയോ നീളമാവാം.. വലിയ പ്രിന്റുകള്‍ ഉള്ള കുര്‍ത്തി ഒഴിവാക്കുന്നതാണ് നല്ലത്. പകരം ചെറിയ ഫ്ലോറല്‍ പ്രിന്റ്‌സ് ഉള്ള ടോപ്പുകള്‍ തിരഞ്ഞെടുക്കാം. ഒപ്പം നിറ്റഡ് ബോട്ടം, ലെഗിന്‍സ്, ചുടിബോട്ടം... ട്രെന്‍ഡി ലേഡി എന്നു പേരു നേടാന്‍ വേറെ വല്ലതും വേണോ? 'കുര്‍ത്തിയുടെ മുമ്പില്‍ വൈഡ് നെക്കും, പിന്നില്‍ ഹൈനെക്കും കൊടുത്തുനോക്കൂ. ഒരു സെമിഫോര്‍മല്‍ ലുക്ക് കിട്ടും. എലഗന്റുമായിരിക്കും', ഫാഷന്‍ ഡിസൈനര്‍ സഖി നിര്‍ദേശിക്കുന്നു.

മൂഡിന് അനുസരിച്ച് വസ്ത്രം

ഓരോ സന്ദര്‍ഭത്തിനും യോജിച്ച വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇന്നത്തെ തേര്‍ട്ടി പ്ലസ് ഏറെ ശ്രദ്ധിക്കുന്നു. അതിലവര്‍ മോഡേണ്‍ വസ്ത്രങ്ങളെ കൂട്ടുപിടിക്കുന്നു.തിരുവനന്തപുരത്തെ വീട്ടമ്മ ശ്രീധന്യയുടെ അനുഭവം കേള്‍ക്കൂ. 'ഒരേപോലുള്ള ഡ്രസ് ധരിച്ച് മടുക്കുമ്പോള്‍ ഞാനിടയ്‌ക്കൊക്കെ സ്‌കര്‍ട്ട് ഇടാറുണ്ട്. ഒപ്പം, ചെറിയ പഫ് സ്ലീവുള്ള കോട്ടണ്‍ ടോപ്പും, നെറ്റ് സ്റ്റോളും.'

'ഞാന്‍ പഠിക്കുന്ന സമയത്ത് സല്‍വാര്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കല്യാണത്തിനുശേഷമാണ് മോഡേണ്‍ ഡ്രസിങ്ങിലേക്ക് മാറിയത്. ഭര്‍ത്താവിന് ഞാന്‍ ജീന്‍സും ഷര്‍ട്ടും ടീ-ഷര്‍ട്ടുമൊക്കെ ഇടുന്നതാണ് ഇഷ്ടം', എറണാകുളത്തെ മോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്മിത മേനോന്‍ പറയുന്നു. 'എന്റെ പ്രൊഫഷനും നല്ല ഡ്രസിങ്ങ് ഡിമാന്റ് ചെയ്യുന്നു. ഒരു സാരിയുടുത്ത് പോവുന്നതിനേക്കാള്‍ കോണ്‍ഫിഡന്‍സ് കിട്ടും, മോഡേണ്‍ ഡ്രസ്സില്‍ പോവുമ്പോള്‍', അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടുമ്പോഴും, സാരിയും പുതുമകള്‍ തേടിയുള്ള യാത്രയിലാണ്. സ്റ്റോണ്‍വര്‍ക്കുള്ള സാരി ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനായി. മിക്‌സ് ആന്റ് മാച്ച് സാരിയാണ് ട്രെന്‍ഡി. ബ്രൊക്കേഡും പ്ലെയിന്‍ മെറ്റീരിയലും മിക്‌സ് ചെയ്തുള്ള സാരി അണിഞ്ഞുനോക്കൂ. ആരുമൊന്നു നോക്കിപ്പോവും. ബ്രൊക്കേഡ്-ക്രേപ്, ബ്രൊക്കേഡ്-കോട്ടണ്‍ ഇങ്ങനെയുള്ള കോമ്പിനേഷനും പരീക്ഷിക്കാവുന്നതേയുള്ളൂ.

ആക്‌സസറീസ്

നല്ല ഡ്രസിങ്ങ്, നല്ല അപ്പിയറ ന്‍സ്, മൊത്തത്തില്‍ കൊള്ളാം. പക്ഷേ, ആക്‌സസറി കൗമാരക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെങ്കി ലോ?

മിനിമം ആക്‌സസറിയാണ് ഈ പ്രായത്തില്‍ നല്ലത്. വലിയ കമ്മലുകള്‍ക്ക് പകരം, ചെറിയ റിങ്ങോ സ്റ്റഡോ മതി. മാല വേണമെന്നില്ല. മാല നിര്‍ബന്ധമാണെങ്കില്‍, ഹെവി നെക്ലേസിനു പകരം നേര്‍ത്ത ചെയിന്‍ ആവാം. ഇത് സാരി, സല്‍വാര്‍ എന്നിവയ്ക്ക് ചേരും. അതുമല്ലെങ്കില്‍, വലിയ ബീഡ്‌സ് കൊണ്ടുള്ള നീളന്‍മാലകളും അണിയാം. പ്ലെയിന്‍ കുര്‍ത്തയ്‌ക്കൊപ്പം നല്ല മാച്ചായിരിക്കുമിത്. എത്ത്‌നിക് കാഷ്വല്‍ വെയറിന്റെ കൂടെ ബ്ലാക്ക് ആന്റ് റെഡ് വുഡന്‍ മാല ഇട്ടുനോക്കൂ. അടിപൊളിയാവും. 'പ്ലെയിന്‍ കുര്‍ത്തിയുടെ കൂടെ ഒരു റിങും വുഡന്‍ വളയും ഇടാം. ഇനി ഒരു നീണ്ട മാലയാണ് അണിഞ്ഞതെങ്കില്‍പ്പിന്നെ, കമ്മലിന്റെ ആവശ്യമില്ല.' ഒരു മേക്ക് ഓവര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സഖിയുടെ നിര്‍ദേശങ്ങള്‍.

വളകള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? പക്ഷേ, ഈ പ്രായത്തില്‍ വളകള്‍ അണിയുമ്പോള്‍, എലഗന്റ് ആയവ മാത്രം തിരഞ്ഞെടുക്കുക. വുഡന്‍ ബാംഗിള്‍സ് മോഡേണ്‍ ഡ്രസ്സിനും പരമ്പരാഗതവേഷങ്ങള്‍ക്കും ഒരുപോലെ യോജിക്കും. ഒറ്റവളയ്ക്ക് പകരം ഒന്നിച്ച് കുറേ വളകള്‍ ധരിക്കുന്നത് തടിവളകളുടെ ഭംഗി വര്‍ധിപ്പിക്കും. പ്ലെയിന്‍ കളര്‍ ഡ്രസ്സിനൊപ്പമാണ് അണിയുന്നതെങ്കില്‍ ഒരു വെറൈറ്റിലുക്കും കിട്ടും. സോ...ഇനി നമുക്കും ഒന്ന് ട്രെന്‍ഡിയാവാമല്ലേ.