മുതിര്‍ന്നവരെക്കാള്‍ കുരുന്നുകള്‍ക്കാണ് ഇപ്പോള്‍ ഫാഷന്‍ ഭ്രമം. പുതു ട്രെന്‍ഡുകള്‍ മനസ്സിലാക്കി ആഭരണങ്ങളും വസ്ത്രങ്ങളും തിരഞ്ഞെടുക്കാന്‍ മിടുക്കരാണ് പുതുതലമുറ...
കുട്ടികളുടെ ഷോപ്പിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങളും പാവകളും നിറഞ്ഞ കടയാണ് മനസ്സില്‍ തെളിയുന്നത്... എന്നാല്‍, ഇന്ന് ട്രെന്‍ഡ് ആകെ മാറി. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കുമുണ്ട് ഫാഷന്‍ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം... കുട്ടികളുടെ ആഭരണങ്ങള്‍ക്കായി ഫാന്‍സി ഷോപ്പുകള്‍ ഒരുഭാഗം മാറ്റിവച്ചിരിക്കുന്നു. കണ്ണാടിയില്‍ നോക്കിത്തുടങ്ങുന്ന മൂന്ന് വയസ്സുകാരിക്ക് പോലും അറിയാം, ഏത് വേഷത്തിനൊപ്പം ഏത് ആഭരണം ധരിക്കണമെന്ന്. കുട്ടികളുടെ ആവശ്യവും അഭിരുചിയും കണ്ടറിഞ്ഞ് വ്യത്യസ്ത ആഭരണങ്ങള്‍ വിപണിയില്‍ എത്തുന്നു.കുപ്പിവള കിലുക്കം വേണ്ട
പണ്ടത്തെ കുപ്പിവളകളും സ്പ്രിങ് വളകളും ഇപ്പോള്‍ കണ്ടെത്താനില്ല. ഇനാമല്‍ വര്‍ക്ക് ചെയ്ത മെറ്റാലിക് വളകളോടാണ് കുട്ടികള്‍ക്ക് പ്രിയം. ഒരു വളയില്‍ തന്നെ ഒന്നിലേറെ നിറങ്ങളില്‍ ഇനാമല്‍ വര്‍ക്ക് ചെയ്ത വളകളാണ് ഇവയില്‍ പ്രധാനം. കറുപ്പ്, വെളുപ്പ്, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങളാണ് കുട്ടികള്‍ക്ക് പ്രിയം. തടിയില്‍ തീര്‍ത്ത, മുത്തുകളോടു കൂടിയ സ്പ്രിങ് വളകളാണ് മറ്റൊരു താരം. മൂന്നോ നാലോ ലെയറുകളായി, മഴവില്‍ നിറങ്ങളില്‍ ലഭിക്കുന്ന ഇത്തരം വളകളുടെ വില 20 രൂപയില്‍ തുടങ്ങുന്നു.
ബ്ലാക്ക്, വൈറ്റ് കല്ലുകള്‍ പതിപ്പിച്ച് അലങ്കരിച്ച കുട്ടി വളകളും ധാരാളമുണ്ട്.കുട്ടികള്‍ക്ക് ആഘോഷവേളകളില്‍ ലാച്ചയ്‌ക്കൊപ്പമോ പാര്‍ട്ടിവെയറിനൊപ്പമോ അണിയാന്‍ കഴിയുന്നതരം സെറ്റ് വളകളും വിപണയില്‍ ലഭ്യമാണ്.
മഴവില്‍ വിരിയും മാലകള്‍
മള്‍ട്ടി കളര്‍ തന്നെയാണ് മാലകളിലും കുട്ടികള്‍ക്ക് പ്രിയങ്കരം. നീല, ബ്രൗണ്‍, വെളുപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, എന്നിങ്ങനെ വിവിധ വര്‍ണങ്ങള്‍ ഒത്തിണങ്ങിയ സെറാമിക് മാലകള്‍ ഏത് കുഞ്ഞിന്റെയും കണ്ണിലുടക്കും. ഉടുപ്പുകള്‍ക്ക് ചേര്‍ന്ന കളര്‍ മാലകളേ അണിയൂ എന്ന് വാശിപിടിക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് ഏറെ ആശ്വാസമാണ് ക്രിസ്റ്റല്‍ മാലകള്‍. ഏതാണ്ട് എല്ലാ നിറങ്ങളിലും ക്രിസ്റ്റല്‍ മാലകള്‍ ലഭ്യമാണ്. വളകളില്‍ എന്നതുപോലെ തന്നെ മാലകളിലെയും ട്രെന്‍ഡാണ് വുഡന്‍ ഡിസൈന്‍. തടിയില്‍ തീര്‍ത്ത മാലകളുടെ വില 80 രൂപയില്‍ തുടങ്ങുന്നു. മാലകളിലെ മറ്റൊരു താരമാണ് ത്രെഡ് മാലകള്‍. നേരത്തെ കറുപ്പില്‍ മാത്രം കണ്ടിരുന്ന ത്രെഡ് മാലകള്‍ ഇപ്പോള്‍ എല്ലാ നിറത്തിലും ലഭ്യമാണ്. ഇവ 30 രൂപ മുതല്‍ ലഭിക്കും. മുത്തുകളിലെ റാണി പേളാണ് മറ്റൊരു തരംഗം. സിംപിള്‍ ലുക്ക് നല്‍ക്കുന്ന പേള്‍ മാലകളും കുഞ്ഞുകഴുത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
വിരലുകളിലെ വൈവിധ്യം
കുഞ്ഞുവിരലുകളില്‍ തരംഗമായി മാറിയിരിക്കുകയാണ് പ്ലാസ്റ്റിക്ക് മോതിരങ്ങള്‍. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ മിക്കി മൗസും
ഡൊണാള്‍ഡ് ഡക്കും സ്‌കൂബീഡൂവും ഒക്കെ നിറഞ്ഞു നില്‍ക്കുകയാണ് മോതിരങ്ങളില്‍. ഇത് 15 രൂപ മുതല്‍ ലഭിക്കും. വിരലുകളുടെ വലിപ്പത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വൈറ്റ്, ബ്ലാക്ക്, ഗോള്‍ഡന്‍ മെറ്റല്‍ മോതിരങ്ങളുമുണ്ട്. കഥ പറയും കമ്മല്‍
കമ്മലുകളില്‍ പ്ലാസ്റ്റിക്കില്‍ തീര്‍ത്ത സെറ്റുകളോടാണ് പ്രിയം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടൊപ്പം മുയല്‍, കിളികള്‍, പൂച്ച, തത്ത, എന്നിവയും കാണാം. മെറ്റാലിക് കമ്മലുകളാണ് മറ്റൊരു ഫാഷന്‍. ഇത് പാര്‍ട്ടിവെയറായും ഉപയോഗിക്കാം.
പട്ടിന്റെ പ്രൗഢിയില്‍ ഹെയര്‍ ബോ
കുട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ട ഹെയര്‍ബോ ഏറെ ഫാഷന്‍ നിറഞ്ഞതാണ്. പട്ടും ലെയ്‌സും വച്ച് അലങ്കരിച്ചത്, കല്ലുകള്‍ വച്ച് അലങ്കരിച്ച മെറ്റാലിക് ബോ, റെക്‌സിന്‍, വുഡന്‍, എന്നിവയുമുണ്ട്.
കാലില്‍ മിന്നും പാദസരം

കല്ലും മുത്തുകളും കൊഞ്ചിക്കളിക്കുന്ന കുഞ്ഞുപാദസരങ്ങള്‍ സ്ഥിരം കാഴ്ചയാണ്. പ്ലാസ്റ്റിക് നൂലില്‍ മുത്തുകള്‍ കോര്‍ത്തെടുത്ത പാദസരങ്ങള്‍ 40 രൂപ നിരക്കില്‍ ലഭിക്കും, ഒപ്പം വൈറ്റ് മെറ്റല്‍ പാദസരങ്ങളും കാണാം.
കുട്ടിക്കാര്യത്തില്‍ അല്പം ശ്രദ്ധ
കുട്ടികള്‍ക്ക് അണിയാന്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് നല്ലത്
കുട്ടികള്‍ പ്ലാസ്റ്റിക് കമ്മലുകള്‍ അണിയുമ്പോള്‍ മുതിര്‍ന്നവര്‍
ശ്രദ്ധിക്കണം. അത് വായിലിടാന്‍ സാധ്യതയുണ്ട്.
കുട്ടികളുടെ മുടി ഉയര്‍ത്തി കെട്ടിയാല്‍ കഴുത്ത് കറുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കടലമാവ്, കസ്തൂരിമഞ്ഞള്‍, പുളിച്ച തൈര് എന്നിവ ചേര്‍ത്ത് കഴുത്ത് കഴുകണം.
ലിപ്സ്റ്റിക് കുട്ടികള്‍ ഉപയോഗിച്ചാല്‍ ചുണ്ട് കറുത്ത നിറമാകും

NEWS LETTER
RSS











