ഫാഷന്‍ ഒരിക്കലും മരവിച്ചു നില്‍ക്കില്ല. കാലം മാറുംതോറും പുത്തനായിക്കൊണ്ടിരിക്കും. പുതിയ പുതിയ കാറ്റഗറികളും വരും. ട്രെഡിഷനല്‍ വെയര്‍, എത്‌നിക്ക് വെയര്‍, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍ എന്നിങ്ങനെ ഓരോ കാറ്റഗറിയും മാറിക്കൊണ്ടിരിക്കും. ഉദാഹരണമായി കാഷ്വല്‍ വെയറുകള്‍ എല്ലാ കാലത്തും ഒന്നല്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ളവ എങ്ങോപോയി. യുവാക്കളാണ് എപ്പോഴും ഏറ്റവും ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ ധരിക്കുക. അവര്‍ പരീക്ഷണത്തിന് തയ്യാറാണ്. മാറ്റങ്ങള്‍ പൊതുവെ കളറുകളിലും കട്ടുകളിലും സ്റ്റൈലുകളിലും വസ്ത്രത്തിന്റെ സ്ട്രക്ചറുകളിലുമായിരിക്കും. ഡെനിം, കോട്ടണ്‍, ഹാന്‍ഡ്‌ലൂം, കോഡ്രോയ്, ലൈക്ര, സിന്തറ്റിക്കുകള്‍ എന്നിവ പെട്ടെന്നുതന്നെ ഫാഷന്‍ ലോകത്തെ കീഴടക്കി. കാക്കീസ്, കാപ്രീസ്, കുര്‍ത്തകള്‍, ചുരിദാറുകള്‍, ടീഷര്‍ട്ടുകള്‍, പാവാടകള്‍, ജീന്‍സ് എന്നിവയെല്ലാം കാഷ്വല്‍ വെയറുകളുടെ ഭാഗമായി. ഇവയില്‍ നല്ല ബ്രാന്‍ഡുകള്‍ തേടിയാണ് യുവാക്കളുടെ ഓട്ടം. കാഷ്വല്‍ വെയറുകള്‍ ശ്രദ്ധിക്കുന്നത് പ്രധാനമായും ഉടുക്കാനുള്ള സൗകര്യവും വ്യക്തികളുടെ ഭാവപ്രകടനത്തേയുമാണ്. വെസ്റ്റേണ്‍ ഗൗണ്‍ എന്നറിയപ്പെടുന്ന നൈറ്റി ഇത്രയേറെ സ്വീകരിക്കപ്പെട്ടത് ഉടുക്കാനുള്ള ലാഘവത്വംകൊണ്ടാണ്. കാഷ്വല്‍ വെയറില്‍ പ്രധാനമായും സ്വീകരിക്കപ്പെട്ടത് മൂന്നു കളറുകള്‍ ചേര്‍ത്തുള്ളവയാണ്.
ഉപഭോക്താക്കള്‍, പ്രത്യേകിച്ചും സ്ത്രീകള്‍, തിരഞ്ഞെടുക്കുക ഓരോ സമയവും വ്യത്യസ്തവും എക്‌സ്‌ക്ലൂസീവുമായ വെയറുകളുമാണ്. ഡിസൈനര്‍ വെയറുകളോടുള്ള പ്രിയം അങ്ങനെയാണ് ഉണ്ടാകുന്നത്. നഗരങ്ങളിലാണ് ഈ പ്രവണത ഏറ്റവും പ്രത്യക്ഷം.
ബൗട്ടിക്കുകള്‍
ബൗട്ടിക്കുകളോടുള്ള പ്രിയം ഏറിവരികയാണ്. നിരീക്ഷകര്‍ പറയുന്നത് തിരുവനന്തപുരത്താണ്, പ്രത്യേകിച്ചും ടെക്‌നോപാര്‍ക്കില്‍, ബൗട്ടിക്കുകള്‍ക്ക് ഏറ്റവും പ്രചാരം. ബൗട്ടിക്കുകളിലാണ് കൂടുതല്‍ ഗുണവും കൂടുതല്‍ ഡിസൈനുകളുമുണ്ടാവുക എന്നാണ് വിശ്വാസം. ചിലര്‍ മാസങ്ങളോളം ഏറ്റവും പുതിയ ഡിസൈന്‍ തേടി നടക്കും. കലയും കരവിരുതുമാണ് തേടുന്നത്.
സാല്‍വാറുകളിലാണെങ്കില്‍ തകര്‍പ്പന്‍ കളറുകളിലുള്ള മിക്‌സ് ആന്‍ഡ് മാച്ച് ആണ് പ്രിയം. ബോട്ടം ദുപ്പട്ടകളാണ് ഈ ട്രെന്‍ഡില്‍ ഏറ്റവും പ്രിയം. യോജിച്ച ടോപ്പും. പട്യാല, അഫ്ഗാനീ സ്റ്റൈലുകളിലുള്ള ബോട്ടം ലഭിക്കും. ഡ്യൂപ്പിയോണ്‍ സില്‍ക്കിലുള്ള സ്റ്റോളുകളും പ്രിയങ്കരമാണ്.
പുതിയ കളക്ഷനില്‍ മജന്ത, ഓറഞ്ച് എന്നീ വര്‍ണങ്ങളുടെ തിളങ്ങുന്ന ഷെയ്ഡുകളുള്ള കട്‌വര്‍ക്ക് സാരികളും സാല്‍വാറുകളും ട്രെന്‍ഡിയാണ്.
ഇക്കാലത്തെ മലയാളി പുരുഷന്മാര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ച വസ്ത്രങ്ങളിലൊന്നാണ് കുര്‍ത്താ ചുരിദാര്‍. ജന്മംകൊണ്ട് ഉത്തരേന്ത്യനാണെങ്കിലും ഇത് കേരളീയര്‍ക്ക് പ്രിയപ്പെട്ടതായിക്കഴിഞ്ഞു. അരയില്‍ നാരിനുപകരം ഇലാസ്റ്റിക്കാണ് ഈ പുതിയ ചുരിദാറില്‍. കാലിനേക്കാള്‍ നീളമുണ്ട് അവയ്ക്ക്, പക്ഷേ, ചുരുങ്ങി വളപോലെ ഇറുകി നില്‍ക്കും അടിയില്‍. ഈ ചുരിദാര്‍ കുര്‍ത്തയ്ക്കും ഷെര്‍വാണീസിനും പരിപൂര്‍ണ മാച്ചാണ്.
ജോധ്പൂരി സ്യൂട്ടുകള്‍ ഇന്ത്യന്‍-വെസ്റ്റേണ്‍ അഭിരുചികളുടെ ഒരു നല്ല സങ്കലനമാണ്. ട്രൗസേഴ്‌സും കോട്ടുമായാണ് ഇവ വരുന്നത്. ചിലപ്പോള്‍ വെസ്റ്റും കൂടെ കാണും. വെസ്റ്റേണ്‍ കട്ടും കൈകൊണ്ടുള്ള ഇന്ത്യന്‍ എംബ്രോയ്ഡറിയും ചേര്‍ന്നുള്ള നെഹ്രു വെള്ള കളറില്‍.
പല വര്‍ണത്തിലും കട്ടുകളിലും ലഭിക്കുന്ന കുര്‍ത്ത-പൈജാമയാണ് മറ്റൊരു ട്രെന്‍ഡി വെയര്‍. പൊതുവെ ഒരു അനൗപചാരിക വസ്ത്രമാണ്. ഔപചാരികമാകുമ്പോള്‍ ഡിസൈന്‍ വ്യത്യസ്തമായിരിക്കും.
മുട്ടിന് താഴെവരെ നീളമുള്ള, മുന്നില്‍ കുടുക്കുകള്‍ തുന്നിയുള്ള, ശരീരത്തില്‍ ഒട്ടിനില്‍ക്കുന്ന നീളന്‍ കോട്ടാണിത്. കല്യാണങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമൊക്കെ ധരിക്കാവുന്ന വളരെ ഗ്ലാമറസ്സായ വസ്ത്രമാണിത്.
സ്ത്രീകള്‍ക്കുള്ള കണ്ടംപററി വസ്ത്രങ്ങളാണ് സാല്‍വാര്‍ കമ്മീസ്, ലെഹങ്ക, ഷോര്‍ട്ട് കുര്‍ത്തീസും ലോങ് കുര്‍ത്തീസും. ഉത്തരേന്ത്യന്‍ വസ്ത്രമാണ് സാല്‍വാര്‍ കമ്മീസ്. കേരളത്തിലെ പുതിയ തലമുറയ്ക്ക് ഏറെ പ്രിയങ്കരം.
മുഗള്‍ സാമ്രാജ്യകാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന പ്രൗഢിയാണ് ലെഹങ്കയ്ക്ക്. സില്‍ക്ക്, ഓര്‍ഗാന്‍സാ, ജമി വാര്‍സ്, ബ്രൊക്കെയ്ഡ്‌സ് തുടങ്ങിയ റിച്ച് തുണികള്‍ ലെഹങ്കയില്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. യുവതികള്‍ ഇവയെ സാരിക്ക് പകരമായി അണിഞ്ഞുതുടങ്ങിയിട്ടുണ്ട്.
പ്ലെയ്ന്‍ ത്രെഡ്ഡിലുള്ള എംബ്രോയ്ഡറി ചെയ്ത കുര്‍ത്തി പകല്‍ സമയത്ത് നല്ല എടുപ്പ് നല്‍കും. അതുപോലെ ചിക്കന്‍കാരി ഒരു നല്ല വര്‍ക്കാണ്. വെള്ള യാണുകൊണ്ടുള്ള ഷാഡോ ടൈപ്പ് എംബ്രോയ്ഡറി ചിക്കന്‍കാരി കുര്‍ത്തിക്ക് ഭംഗി പകരുന്നുണ്ട്.

NEWS LETTER
RSS











