ട്രെന്‍ഡിയാവാന്‍ ടീനേജ് തിരഞ്ഞെടുത്തിരിക്കുന്ന എളുപ്പമാര്‍ഗമാണ് ടാറ്റൂയിങ്. കൈയില്‍, കഴുത്തില്‍, തോളില്‍, നെറ്റിയില്‍... എന്തിന്, നാക്കില്‍ വരെ ടാറ്റൂ പതിക്കുന്നവരാണ് പുതുതലമുറ...
സൂപ്പര്‍താരം ആഞ്ജലീന ഷൊലി അകം തുടയില്‍ ടാറ്റൂ ചെയ്തതാണ് ഹോളിവുഡിലെ ഹോട്ട് വാര്‍ത്ത. ഭര്‍ത്താവ് ബ്രാഡ്പിറ്റിനു വേണ്ടിയാണ് ഈ ടാറ്റൂയിങ് എന്ന് ഷൊലി പ്രഖ്യാപിക്കുകയും ചെയ്തു.പ്രണയ പ്രഖ്യാപനങ്ങളുടെ പുത്തന്‍ഭാഷ്യമായി മാറിയ ടാറ്റൂയിങ്ങിലേക്ക് ഏറ്റവും പുതുതായി എത്തിയ സെലിബ്രിറ്റി മാത്രമാണ് ഷൊലി. ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം എത്രയോ കാലങ്ങളായി ഭാര്യ വിക്ടോറിയയുടെ പേര് കൈത്തണ്ടയില്‍ പച്ചകുത്തി നടക്കുന്നു. കാന്‍ ചലച്ചിത്രോത്സവത്തില്‍ ചുവപ്പ് പരവതാനിയിലൂടെ നടന്നുനീങ്ങിയ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പിന്‍കഴുത്തില്‍ ആര്‍.ബി. എന്ന് ടാറ്റൂ ചെയ്തത് കണ്ടുപിടിച്ച് അത് രണ്‍ബീര്‍ കപൂര്‍ എന്നതിന്റെ ആദ്യാക്ഷരങ്ങളാണെന്നാഘോഷിച്ചു മാധ്യമങ്ങള്‍. നയന്‍താരയുടെ കൈത്തണ്ടയിലെ 'പ്രഭു'വും മംമ്തയുടെ തോളിലെ ഗണേശനുമെല്ലാം വാര്‍ത്തയായി.
അതേ, ടാറ്റൂയിങ് വന്‍തരംഗമായി മാറിയിരിക്കുകയാണ്. ട്രെന്‍ഡിയാവാന്‍ ടീനേജ് തിരഞ്ഞെടുത്തിരിക്കുന്ന എളുപ്പവഴിയാണ് ഇത്. തൊലിവരഞ്ഞ്, വെള്ളത്തില്‍ അലിയാത്ത മഷികയറ്റി പ്രിയപ്പെട്ടവരുടെ പേരുകളും ഇഷ്ടചിത്രങ്ങളും അലങ്കാരങ്ങളും കൊത്തിവെക്കുക. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കലയാണ് ഇന്നത്തെ അത്യന്താധുനിക ഫാഷന്‍. അല്പം വേദനിച്ചാലെന്താ പ്രിയപ്പെട്ടതിനെ ശരീരത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞില്ലേ.
കൈയില്‍, കഴുത്തില്‍, തോളില്‍, നെറ്റിയില്‍, നാഭിയില്‍, നെഞ്ചില്‍, അരക്കെട്ടില്‍, കാലില്‍, എന്തിന് നാക്കില്‍വരെ എവിടെ വേണമെങ്കിലും ടാറ്റൂ പതിക്കാം. പക്ഷേ, ചെറുപ്പക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരം ലോവര്‍ ബാക്ക് ടാറ്റൂവിനാണ്. ലോ വെയ്സ്റ്റ് ജീന്‍സും സ്ലീവ്‌ലെസ് ടീഷര്‍ട്ടും അണിഞ്ഞുനടക്കുമ്പോള്‍ സെക്‌സ് അപ്പീല്‍ കൂട്ടാന്‍ ഇതുതന്നെ നല്ലമാര്‍ഗമെന്ന് പുതുതലമുറ കണ്ടെത്തിക്കഴിഞ്ഞു.
വിശ്വാസത്തിന്റെ പേരില്‍ ടാറ്റൂചെയ്യുന്നവരുമുണ്ട്. ജ്യോതിഷികളെ കണ്ട് രാശിയുംമറ്റും നോക്കി ദേവീദേവന്മാരുടെയും പ്രപഞ്ചശക്തികളുടെയുമൊക്കെ ചിത്രങ്ങള്‍ പച്ചകുത്തുന്നവര്‍. പക്ഷേ, ചൈനീസ് ഡ്രാഗണും തേളുമൊക്കെയാണ് നമ്മുടെ നാട്ടിലെ യുവാക്കളുടെ ഇഷ്ടചിഹ്നങ്ങള്‍. മസില്‍ പെരുപ്പിച്ച തോളില്‍ ഇവയിലേതെങ്കിലും കൊത്തിവെച്ചാല്‍ പൗരുഷം ഒന്ന് ജ്വലിച്ചു എന്നാണല്ലോ സിനിമകള്‍ കാട്ടിത്തരുന്ന മാതൃക.
ഒരിക്കല്‍ കുത്തിയാല്‍ സ്ഥിരമായി പതിഞ്ഞുകിടക്കും ഈ ടാറ്റൂകള്‍. വേണ്ടത്ര ആലോചിച്ച് തീരുമാനിച്ചുമാത്രം മതി പേരുകുത്തലൊക്കെയെന്ന് സാരം. എങ്കിലും ചില ലേസര്‍ ചികിത്സകള്‍കൊണ്ട് താത്കാലികമായോ ചിലപ്പോള്‍ സ്ഥിരമായോ ഇവ മായ്ക്കാന്‍ കഴിയാറുണ്ട്. ടാറ്റൂചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയുടെ പ്രത്യേകതയും നിറവും അനുസരിച്ചിരിക്കും ഇത്.സെക്‌സ് അപ്പീലും പൗരുഷവും ആത്മവിശ്വാസവുമൊക്കെ കൂട്ടാനും ട്രെന്‍ഡിയാകാനും ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഒന്നോര്‍ക്കണം ചെറിയ അണുബാധ മുതല്‍ എച്ച്.ഐ.വി. ബാധവരെ ഉണ്ടാക്കാന്‍ കഴിയുന്ന ഫാഷന്‍മാര്‍ഗമാണ് ടാറ്റൂ എന്നത്. ശരിയായ രീതിയില്‍ അണുനശീകരണം വരുത്തിയ ഉപകരണങ്ങളേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. വിദഗ്ധരെക്കൊണ്ടുമാത്രമേ ടാറ്റൂ ചെയ്യിക്കാവൂ.
ഇത്തരം റിസ്‌ക്കൊന്നുമെടുക്കാന്‍ താത്പര്യമില്ല, എന്നാല്‍ ട്രെന്‍ഡിയാവുകയും ചെയ്യണം എന്നുണ്ടെങ്കില്‍ ഒന്നേയുള്ളൂ മാര്‍ഗം. ടാറ്റൂ സ്റ്റിക്കറുകള്‍ വിപണിയില്‍ കിട്ടും. അവ വാങ്ങി വേണ്ടപ്പോള്‍ ഒട്ടിക്കുക.


NEWS LETTER
RSS
VIDEO










