MATHRUBHUMI RSS
Loading...
പ്രിയമേറുന്ന തടിവളകള്‍

വീതിയും കനവും കുറഞ്ഞ വളകള്‍ കൈത്തണ്ട നിറയെ അണിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ബ്ലാക്കും വൈറ്റും മെറ്റലുകളിലുള്ള നൂലന്‍ വളകിലുക്കി നടന്നു കുറെക്കാലം. ചുവപ്പും പച്ചയും മഞ്ഞയും കറുപ്പും കുപ്പിവളക്കാലത്തിനു ശേഷമായിരുന്നു ഇത്. മെറ്റല്‍ വളകള്‍ വന്നപ്പോഴും കുപ്പിവളകളുടെ സ്ഥാനം പോയിരുന്നില്ല. വിവാഹവേളകളില്‍ പൊന്‍വളകള്‍ക്കൊപ്പം അവയും ഇടകലര്‍ത്തിയണിഞ്ഞു വധുക്കള്‍. കല്യാണസാരികയുടെ നിറമനുസരിച്ച് വളകളുടെ നിറം മാറി.

കുറെക്കഴിഞ്ഞപ്പോള്‍ ഒറ്റവള വന്നു. കളിമണ്ണിലുണ്ടാക്കിയവ. പല ഡിസൈനുകളില്‍. പാമ്പുപോലെ വളഞ്ഞ് ചുറ്റിയ പാറ്റേണിലും മജന്തപോലുള്ള തീക്ഷ്ണനിറങ്ങളിലും അവ കൈയില്‍ കിടന്നു. അവയില്‍ കണ്ണാടിച്ചില്ലുകളും കല്ലും ഗില്‍റ്റും പതിഞ്ഞു. പൊന്നാനത്തലയുള്ള ബഹുവര്‍ണവളകള്‍ പിന്നെ വന്നു. വസ്ത്രത്തിനു ചേരുന്ന നിറങ്ങളില്‍ അണിയാന്‍ അവ ധാരാളം.

അലുക്കുകളും തൊങ്ങലുകളും തൂക്കുമണികളുമുള്ള വളകള്‍ കിലുക്കി നടന്നു പെണ്‍കുട്ടികള്‍ കുറെക്കാലം. തൊങ്ങലുകളുടെയും തൂക്കുമണികളുടെയും നീളം ഏറിയും കുറഞ്ഞും നിന്നു. ഒറ്റവളയും വീതിയുള്ള രണ്ടു വളകള്‍ക്കിടയില്‍ അടുങ്ങിക്കിടക്കുന്ന കുട്ടിവളകളുമായി അവയങ്ങനെ കൈയില്‍ കിടന്നു. പൊന്നിന്‍ വളയില്ലെങ്കിലും തൊങ്ങലുള്ള വള നിര്‍ബന്ധം എന്നതായിരുന്നു സ്ഥിതി. പൊടുന്നനെയാണ് എല്ലാം മാറിയത്. ആര്‍ക്കോ ഇക്കോഫ്രണ്ട്‌ലിയാകാന്‍ തോന്നിയതാണോ കാരണമെന്നറിയില്ല. മുളയും ചിരട്ടയുമെല്ലാം കൈയിലും കാതിലും കഴുത്തിലുമേറി. മുളയിലോ ചിരട്ടയിലോ പണിത ഒറ്റവള അഴകിനും ആഢ്യത്വത്തിനുമപ്പുറം ഗംഭീരസ്റ്റൈലുതന്നെയായിരുന്നു. കൈയിലവ തടിച്ചു കടിച്ചുകിടക്കുമ്പോള്‍ നമ്മളും പരിസ്ഥിതിയോട് സൗഹൃദം കാട്ടിയപോലെ.

ഇവയുടെ സ്ഥാനം ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തന്നെ. ഒപ്പം പരിസ്ഥിതിയില്‍നിന്നു തന്നെ ചില കണ്ടെത്തലുകള്‍ വേറെയുണ്ടായി-തടിവളകള്‍ (വുഡന്‍ ബാങ്കിള്‍സ്). വളകള്‍ വട്ടത്തിലായിരിക്കണമെന്ന നിയമം കാറ്റില്‍ പറന്നുപോയപ്പോള്‍ തടിവളകള്‍ പല ആകൃതിയിലും വന്നു. ചതുരവും പഞ്ചഭുജവും ഷഡ്ഭുജവും ഒക്കെയായി. ചിരട്ടവളകള്‍ക്കു കഴിയാത്ത കാര്യം.

പല വര്‍ണങ്ങളിലുള്ള നാലോ അഞ്ചോ തടിവളകള്‍ അണിയലാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കുപ്പിവളപോലെ, ലോഹവളപോലെ കൈത്തണ്ട നിറച്ചില്ലെങ്കിലും ഏതാണ്ട് നിറഞ്ഞപോലെ. വട്ടവും ചതുരവുമൊക്കെ ഒന്നിച്ചണിഞ്ഞാലും അയ്യേ എന്നാരും പറയില്ല. കാലം അതാണ്. തടിയില്‍ നൂലു ചുറ്റിയ, അതും പട്ടുനൂലു ചുറ്റിയ വളയും വന്നുകഴിഞ്ഞു.