MATHRUBHUMI RSS
Loading...
സാരി V/S ഗൗണ്‍

സാരിയാണ് ഇപ്പോള്‍ പാശ്ചാത്യ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. കാന്‍ ചലച്ചിത്രോത്സവമാണ് സാരിയെ ഇത്രയ്ക്ക് പ്രസിദ്ധമാക്കിയത്. എല്ലാ പെണ്‍താരങ്ങളും ഗൗണ്‍ ധരിച്ചെത്തുന്ന കാനില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സാരിചുറ്റി ചെന്നു. അതാണ് കാര്യം. 2002 മുതല്‍ കാനില്‍ പ്രത്യക്ഷപ്പെടുന്ന ഐശ്വര്യാ റായ് ഇതുവരെ പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് ആദ്യമായി അവിടെ പോയ ദീപിക ചെയ്തത്. ഗൗണിനെ വെല്ലുന്ന വേഷം എന്നു തന്നെയാണ് സാരിയെപ്പറ്റി ഫാഷന്‍ ഗുരുക്കന്മാരുടെ വിലയിരുത്തല്‍. ചില ദോഷൈകദൃക്കുകള്‍ ദീപിക സാരിയുടുത്ത രീതി ശരിയായില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും നടിയുടെ തിരഞ്ഞെടുപ്പിനെ പ്രശംസിക്കുന്നതില്‍ പിശുക്കു കാട്ടുന്നില്ല.

മദ്യക്കമ്പനിയായ ഷിവാസ് റീഗലിന്റെ മുഖമായിട്ടാണ് ദീപിക കാനിലെത്തിയത്. 'ടൂര്‍ണി' എന്ന ഫ്രഞ്ച് സിനിമയുടെ പ്രീമിയറിലും പങ്കെടുത്തു. ല ഓറിയല്‍ സൗന്ദര്യവര്‍ധകവസ്തു കമ്പനിയുടെ ആഗോള മുഖമായ ഐശ്വര്യ അവിടെ കറങ്ങിനടക്കുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്നുള്ള പുതിയ താരോദയം. ലെബനീസ് ഡിസൈനര്‍ എലീ സാബിന്റെ ഗൗണാണ് ആദ്യ ദിനം ഐശ്വര്യ അണിഞ്ഞത്. നീല കലര്‍ന്ന വയലറ്റ് നിറത്തില്‍ മുഴുവന്‍ എംബ്രോയ്ഡറി ചെയ്തത്. അടുത്ത ദിവസം കറുത്ത ഗൗണും. കാനിലെ വസ്ത്ര ധാരണത്തിന്റെ പേരില്‍ ഫാഷന്റെ ഉസ്താദുക്കളില്‍ നിന്ന് മുമ്പും പഴികേട്ടിട്ടുണ്ട് ഐശ്വര്യ. കഴിഞ്ഞ വര്‍ഷം അണിഞ്ഞ കൈയില്ലാത്ത വെളുത്ത ഗൗണ്‍ മാത്രമാണ് പ്രശംസയ്ക്ക് പാത്രമായത്. റോബര്‍ട്ടോ കാവലിയായിരുന്നു അതിന്റെ ഡിസൈനര്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴാണ് ഒറ്റ ദിനം ചെന്നുപോന്ന ദീപിക മാലോകരെ കൈയിലെടുത്തത്. ഇന്ത്യന്‍ ഡിസൈനര്‍ രോഹിത് ബാല്‍ ഒരുക്കിയ ഓഫ് വൈറ്റ് നിറത്തില്‍ സ്വര്‍ണ നൂലുകള്‍ കൊണ്ട് ചിത്രത്തുന്നല്‍ ചെയ്ത സാരിയാണ് അവര്‍ ഉടുത്തത്. കൂടെ ഇറക്കം കുറഞ്ഞ ബ്ലൗസും തനി ഇന്ത്യ ടച്ചുള്ള ആഭരണങ്ങളും. വീതിയുള്ള വളകളും കുന്തന്‍ കമ്മലും ഇട്ട് കല്ലുവെച്ച ക്ലച്ച് പേഴ്‌സും പിടിച്ച് ചുവന്ന പരവതാനിയിലൂടെ അഭിമാനത്തോടെ ദീപിക നടന്നു.

ചുവപ്പ് പരവതാനിയിലൂടെ നടക്കാന്‍ സാരിക്കപ്പുറം ഒരു വേഷത്തെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. കാറില്‍ നിന്നിറങ്ങിയ നിമിഷം മുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ വളയുകയായിരുന്നുവെന്നും ഇന്ത്യന്‍ സിനിമാതാരങ്ങള്‍ എന്തണിഞ്ഞെത്തുന്നുവെന്നത് എപ്പോഴും അവിടെ ചര്‍ച്ചാവിഷയമാകാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ അറിഞ്ഞുതന്നെയാണ് ഗൗണിനെ തോല്പിക്കാന്‍ ദീപിക തുനിഞ്ഞിറങ്ങിയത്. അത് വിജയിക്കുകയും ചെയ്തു.

ഇന്ത്യയുടെ തനത് വേഷത്തിന് ഒരുണര്‍വ് നല്‍കുകയായിരുന്നു ദീപിക. ഇന്ത്യയിലെ സാധാരണപെണ്ണുങ്ങള്‍ ദീപിക ഉടുത്തപോലെ സാരിയുടുത്താണോ വഴിയിലിറങ്ങി നടക്കുന്നത് എന്ന് നെറ്റി ചുളിക്കുന്നുണ്ട് ചിലര്‍. ദീപിക നടത്തിയ 'ധീരമായ' പ്രവൃത്തിയെ പ്രശംസിക്കുന്നവരാണ് അധികവുമെന്നതിനാല്‍ ഇക്കൂട്ടരുടെ വാദങ്ങള്‍ കാര്യമാക്കേണ്ടതില്ല. ഏത് ഇന്ത്യന്‍ താരത്തിനും അന്താരാഷ്ട്രവേദിയില്‍ അഭിമാനത്തോടെ അണിയാന്‍ കഴിയുന്ന വേഷമാണ് ദീപിക അണിഞ്ഞതെന്നാണ് ഡിസൈനര്‍ ചാരു പരഷാര്‍ ഒരു വാരികയോട് പറഞ്ഞത്.

ദീപികയുടെ മാതൃക പിന്‍തുടര്‍ന്നാണോ എന്നറിയില്ല, 'രാവണി'ന്റെ പ്രദര്‍ശന ദിവസം സാക്ഷാല്‍ ഐശ്വര്യയും കാനില്‍ സാരി ഉടുത്തെത്തി. ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ കൈപിടിച്ചു നടന്ന ഐശ്വര്യക്കൊപ്പം രണ്ട് സാരിക്കാര്‍ കൂടി അന്നുണ്ടായിരുന്നു. നമ്മുടെ സുഹാസിനിയും 'രാവണി'ലെ വസ്ത്രാലങ്കാരം നിര്‍വഹിച്ച ഓസ്‌ക്കര്‍ ജേതാവ് ഭാനു അത്തയ്യയും. പക്ഷേ, അതൊന്നും അത്ര ക്ലിക്കായില്ല. അല്ലെങ്കിലും നന്ദിതാ ദാസ് കഴിഞ്ഞവര്‍ഷം കാനില്‍ സാരിയുടുത്ത് ചെന്നിട്ടും അത്ര വലിയ ചലനമൊന്നുമുണ്ടായില്ലായിരുന്നല്ലോ. ദീപികയെപ്പോലെയായിരുന്നില്ല അവരാരും സാരിയുടുത്തത് എന്നതാവാം കാരണം.