MATHRUBHUMI RSS
Loading...
പാശ്ചാത്യരുചിയില്‍ നെയ്മീന്‍
ആശ.കെ.ചന്ദ്രന്‍

കടല്‍ത്തീരം, ഉപ്പുകാറ്റ്, തീരത്തുകൂടി നടക്കുമ്പോള്‍ തിരയോടൊപ്പം വന്ന് തിരിച്ചുപോകാന്‍ കഴിയാതെ ദിക്കു തെറ്റിയ ഞണ്ടുകള്‍. വൈകുന്നേരത്തെ ഇത്രയും കാഴ്ചകളും കൂടിയാകുമ്പോള്‍ ഉന്മേഷമുള്ള ഒരു പകലിന്റെ സുന്ദരമായ വിടവാങ്ങല്‍ പൂര്‍ണമാകുന്നു. കടലിന്റെ മക്കള്‍ക്ക് ഇതെല്ലാം പതിവ്കാഴ്ചകള്‍. അവരുടെ പതിവുകള്‍ പുതുമകളാകുന്ന വിനോദസഞ്ചാരികള്‍ക്ക് കടല്‍ വിഭവങ്ങളിലൂടെയും ഊളിയിടാം. മസാല ചേര്‍ത്ത്, എണ്ണയില്‍ വറുത്തതോ, ഉലര്‍ത്തിയതോ എന്തും. പാചകത്തിന്റെ സമവാക്യങ്ങളില്‍ ഏറെ വ്യത്യസ്തതകള്‍. എന്നാല്‍ കുടമ്പുളിയിട്ട മീന്‍കറിയിലെ ചുവപ്പില്‍നിന്നു വേര്‍പെട്ട് വെണ്ണയില്‍ പൊതിഞ്ഞ മീന്‍ കഷണങ്ങള്‍. മുഖം ചുളിക്കേണ്ട. സ്വാദിന്റെ ചേരുവകള്‍ക്കൊപ്പം നിര്‍വചനങ്ങളും മാറുന്നു.

കടലോരത്ത് വസിക്കുന്ന പാശ്ചാത്യരുടെതാണ് നെയ്മീന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പുതിയ വിഭവം. 'എമറാള്‍ഡ് ഹാര്‍ബര്‍' എന്ന പരിഷ്‌കാരപ്പേരുപോലെതന്നെ വിദേശ വിഭവം. കാഴ്ചയിലും വിദേശി.

കുരുമുളകിന്റെ 'സൈ്പസി' രുചിയില്‍ കുളിച്ച നെയ്മീനെത്തുന്നത് മൂക്കുതന്നെയാണ് ആദ്യമറിയുക. വൈറ്റ്‌സോസും ചീസും പൊതിഞ്ഞ് മൃദുലമാക്കിയ മീന്‍ കഷണങ്ങള്‍ നാവിലൂടെ അലിഞ്ഞിറങ്ങുമ്പോള്‍ 'ടേസ്റ്റി' യെന്ന് അറിയാതെ പറഞ്ഞുപോകും. എരിവുതീരെ ചേരാതെ വെണ്ണയുടെ രുചിയുമായി അപൂര്‍വ മത്സ്യവിഭവം. വാസലച്ചീര (പാലക്) യുടെ സാന്നിധ്യം മീനിന്റെ പോഷക സമൃദ്ധിക്ക് മുതല്‍ക്കൂട്ടാകുന്നു. ഗ്രാമ്പൂവും പട്ടയിലയും വെളുത്തുള്ളിയും സ്വാദിന് കൂടുതല്‍ ഭംഗിയേകുന്നു.

പാശ്ചാത്യ ദ്വീപുവാസികള്‍ പ്രചരിപ്പിച്ച ഈ കറിക്കൂട്ട് ഉത്തരേന്ത്യയാണ് ആദ്യം ദത്തെടുത്തത്. പിന്നീട് കേരളീയര്‍ക്കും ഇഷ്ട വിഭവമായി. നെയ്മീനില്‍ തീര്‍ക്കുന്ന അപൂര്‍വ രുചിയാണ് എമറാള്‍ഡ് ഹാര്‍ബര്‍.

ഉച്ചഭക്ഷണമായും, ഡിന്നറിനും ഉപയോഗിക്കാവുന്ന മെയിന്‍ ഡിഷാണ് ഈ നെയ്മീന്‍ വിഭവം. സായാഹ്നങ്ങളിലെ സൗഹൃദ സംഭാഷണങ്ങളില്‍ അലിഞ്ഞിറങ്ങുന്ന ഈ രുചിയെയും ഒപ്പംകൂട്ടാം. മീന്‍ വിഭവങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നെയ്മീന്‍ പാചകക്കൂട്ടുകളില്‍ കാലഭേദമെന്യേ പ്രിയങ്കരമായിക്കഴിഞ്ഞു ഈ പുതിയ ചേരുവ. പോഷകാംശങ്ങളില്‍ നെയ്മീനോളം പോരുന്ന മറ്റൊരു മത്സ്യമില്ല. അതുകൊണ്ടുതന്നെ രുചിയുടെകാര്യത്തില്‍ ഏറ്റവുമധികം പരീക്ഷണ വിധേയമാകുന്നതും നെയ്മീനാണെന്ന്പറയാം.

കടലില്‍ നിന്ന് എന്തും കഴിക്കാന്‍ കിട്ടുമെന്നിരിക്കെ മസാലയും ഉപ്പുംചേര്‍ത്ത് പുതു രുചികളാക്കാമെന്നിരിക്കെ മടിച്ചുനില്‍ക്കേണ്ട എന്നതാണ് പുതിയ വിഭവങ്ങള്‍ക്ക് പിന്നിലെ വിജയമന്ത്രം. വൈകുന്നേരങ്ങള്‍ക്ക് സ്വാദും പോഷകവും പിന്നെയിത്തിരി ഉല്ലാസവും വേണമെങ്കില്‍ 'എമറാള്‍ഡ് ഹാര്‍ബര്‍' എന്ന വിദേശിയെത്തന്നെ കൂട്ടുപിടിക്കാം. ഒപ്പം ജൂസും ആയിക്കോട്ടെ. ചായ, കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.