തളിയുടെയും കുറ്റിച്ചിറയുടെയും രുചിക്ക് ഒരു പ്രാചീന സ്വാദുണ്ട്. ഒരിക്കല്‍ രുചിച്ചാല്‍ നാവിന്‍തുമ്പില്‍ തങ്ങിനില്‍ക്കും. തീന്‍മേശയില്‍ എത്രമാത്രം പരിഷ്‌കാരങ്ങള്‍ ഉണ്ടായാലും അവയ്‌ക്കെന്നും പുതുമയാണ്. തളിയുടെ തമിഴ് വിഭവങ്ങളും കുറ്റിച്ചിറയുടെ തനത് വിഭവങ്ങളും തിരക്കിട്ട ജീവിതത്തിനിടയിലും വീടുകളില്‍ ഇടയ്ക്കിടയ്ക്ക് തയ്യാറാക്കാറുണ്ട്.തളിയിലെ വീടുകളില്‍ സ്ഥിരം വിഭവങ്ങള്‍ തമിഴ്‌നാടിന്റെ രുചികള്‍തന്നെ. കല്യാണം, കാതുകുത്തല്‍, പിറന്നാള്‍ തുടങ്ങി വിശേഷാവസരങ്ങളിലും മലയാള മാസത്തിലെ വിശേഷദിവസങ്ങളിലും ഇവിടെയെത്തണം രുചിയുടെ വിശേഷമറിയാന്‍.
കല്യാണത്തിന്റെ വിശേഷവിഭവമാണ് 'ചീര്'. സദ്യയ്‌ക്കൊപ്പം വരന്റെ ആളുകള്‍ക്ക് നല്‍കുന്ന വിശിഷ്ട വിഭവങ്ങളാണ്. സമ്പന്നരുടെ വീടുകളില്‍ 'മുഴചീര്' ആവും നല്‍കുക. അരിമുറുക്ക്, മുത്തുസ്വരം, ലഡു, മൈസൂര്‍പാക്ക്. മാലാഡു, അപ്പം, അതിരസം എന്നിവയുടെ 101 വീതമടങ്ങിയതാണ് 'മുഴുചീര്'.
മലയാളമാസത്തിലെ വിശേഷാവസരങ്ങളില്‍ തളിയിലെ കുടുംബങ്ങളില്‍ വിഭവങ്ങളും ബഹുകേമമായിരിക്കും.
ജനവരിയിലെ തൈപ്പൂയ്യത്തിന് പാല്‍പ്പായസമാണ് പ്രധാനം. കുംഭമാസത്തിലെ ശിവരാത്രിക്ക് 'പരിപ്പുകഞ്ഞി' മുഖ്യം. മീനമാസത്തിലെ സംക്രാന്തിക്ക് താലികെട്ട് കല്യാണം 'നോയ്മ്പട'യാണ് അന്ന് ഭക്ഷിക്കുക.
ആവണി അവിട്ടത്തിനും കര്‍ക്കടകത്തില്‍ നാഗപഞ്ചമിക്കും ഗോതമ്പും മൈദയും തേങ്ങയുമൊക്കെ ചേര്‍ത്ത 'ഉപ്പിട്ടു' തയ്യാറാക്കും. മുറുക്ക്, ചീട, വെല്ലചീട തുടങ്ങിയവയൊക്കെയാണ് ശ്രീകൃഷ്ണജയന്തിയിലെ വിശേഷ രുചികള്‍.
ചിങ്ങത്തിലെ ചതുര്‍ഥിക്ക് വിഘ്‌നേശ്വരന് പ്രിയപ്പെട്ട 'മോദകം' ഇവിടത്തെ കുടുംബങ്ങളില്‍ ഒരുക്കിയിരിക്കും. അരിപ്പൊടിയും നാളികേരവും ശര്‍ക്കരയും ചേര്‍ത്താണ് മോദകം തയ്യാറാക്കുക. നവരാത്രിക്ക് ഒന്‍പത് ദിവസവും വ്യത്യസ്തതരം 'ചുണ്ടല്‍' ആണ് മുഖ്യവിഭവം. പയര്‍ ശരക്കരയിട്ട് വേവിച്ചത്, കടല ഉപ്പിട്ടത് തുടങ്ങിയവയൊക്കെ ചുണ്ടലില്‍പ്പെടും.
ദീപാവലിക്ക് പ്രധാനം 'ഉക്കാര'യാണ്. കടലപ്പരിപ്പും ശര്‍ക്കരയും നാളികേരവും ചേര്‍ത്ത് പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നതാണ് ഉക്കാര.
ധനുമാസത്തിലെ തിരുവാതിരയ്ക്ക് 'കളി'യാണ് പ്രധാന വിഭവം. അരിവറുത്തു പൊടിച്ച് ശര്‍ക്കരയില്‍ വെരകിയാണ് 'കളി' ഉണ്ടാക്കുക.
മുരുകന്റെയും അയ്യപ്പന്റെയും വിശേഷദിനമായ പൈങ്കുനി ഉത്രത്തില്‍ 'തെനപ്പൊടി'യും 'മായപ്പൊടി'യുമാണ് മുഖ്യഭക്ഷണം. തെന വറുത്ത് പൊടിച്ചുണ്ടാക്കുന്നതാണ് 'തെനപ്പൊടി'. പൊട്ടുകടല പൊടിച്ചു ശര്‍ക്കരയും നെയ്യും ചേര്‍ത്തുണ്ടാക്കുന്നതാണ് മായപ്പൊടി. ഇങ്ങനെ തളിയില്‍ രുചിക്കുമുണ്ട് ഒരു പൈതൃകം.
തമിഴ് ബ്രാഹ്മണരുടെ പ്രത്യേക വിഭവങ്ങള്‍ 25 വര്‍ഷമായി മാരിയമ്മന്‍കോവില്‍ റോഡിലെ ലക്ഷ്മി സ്വീറ്റ്‌സില്‍ നിന്ന് ലഭിക്കും. കല്യാണ അവസരങ്ങളില്‍ നല്‍കുന്ന പച്ചക്കര്‍പ്പൂരം ചേര്‍ത്ത ലഡു, കാര്‍ത്തിക വിളക്കിന്റെ പ്രത്യേക വിഭവങ്ങളായ മോരപ്പം, അവില്‍പ്പൊരി, നെയ്യപ്പം, അഷ്ടമിരോഹിണിയുടെ വിശേഷ വിഭവം ചീട മുറുക്ക്, വെല്ലചീട, ഓണം, വിഷു നാളില്‍ പ്രത്യേകമായി തയ്യാറാക്കുന്ന പാലട, കല്യാണങ്ങളിലെ മുഖ്യവിഭവമായ 'ചീര്' പലഹാരങ്ങള്‍, പ്രത്യേകതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍ എല്ലാം ഇവിടെയുണ്ട്.
ഓര്‍ഡര്‍ അനുസരിച്ച് പാലട പ്രഥമന്‍ എന്നും ഇവിടെ തയ്യാറാക്കാറുണ്ട്. അമ്മിണി കൊഴുക്കട്ടയും സാമ്പാര്‍ പൊടിയും ചട്ട്ണിപ്പൊടിയും കോക്കനട്ട് ബര്‍ഫിയും ഡല്‍ഹി ബാദുഷയും വടയും ബജ്ജിയും എല്ലാം ഇവിടെ തയ്യാറായിരിക്കും.
തമിഴ് ബ്രാഹ്മണ സഹോദരന്മാരായ പരമേശ്വരനും ഹരിഹരനും ഗണേശനും ചേര്‍ന്നാണ് ലക്ഷ്മി സ്വീറ്റ്‌സ് നടത്തുന്നത്. എല്ലാ വിഭവങ്ങളും ലക്ഷ്മി സ്വീറ്റ്‌സിന് സമീപമുള്ള ഇവരുടെ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ്.
ഇനി വിഭവസമൃദ്ധമായ തമിഴ് സദ്യ കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതും ഇവിടെ ലഭിക്കും. 17 വിഭവങ്ങളടങ്ങിയ സദ്യ ഓര്‍ഡനനുസരിച്ചാണ് ഉണ്ടാക്കി നല്‍കുന്നത്. തൊട്ടടുത്ത്, പൂജാവസ്തുക്കളുമായി ശ്രീലക്ഷ്മി പൂജാ സ്റ്റോഴ്‌സും ഇവര്‍ നടത്തുന്നുണ്ട്.
കുറ്റിച്ചിറയുടെ കൈപ്പുണ്യവുമായാണ് സൈനുത്താത്ത പ്രദേശവാസികള്‍ക്ക് രുചിവിളമ്പിയത്. കുറ്റിച്ചിറയുടെ തനതു വിഭവങ്ങളായ കോഴിപ്പിടിയും ഈന്ത്പിടിയും വാഴക്കസാലയും തേങ്ങാച്ചോറും കോഴിച്ചോറുമെല്ലാം പരീക്ഷിച്ച് തഴമ്പിച്ച കൈപ്പുണ്യം സെയിന്‍സ് തുടങ്ങി താമസിയാതെ കോഴിക്കോട്ടുകാര്‍ക്ക് ബോധ്യമായി.
19 വര്‍ഷം മുമ്പാണ് തങ്ങള്‍സ് റോഡിലെ പുതിയ നാലകത്ത് മാളിയേക്കല്‍ സൈനബിനൂര്‍ സെയിന്‍സ് റസ്റ്റോറന്റ് തുടങ്ങിയത്. കുറ്റിച്ചിറയുടെ തനത് വിഭവങ്ങള്‍ രുചികരമായി വിളമ്പിയ 'സെയിന്‍സ്' താമസിയാതെ ഒരു ബ്രാന്‍ഡ് നെയിമായെന്നു പറയാം.
1992ല്‍ കസ്റ്റംസ് റോഡില്‍ ആരംഭിച്ച സെയിന്‍സ് വൈകിട്ട് മാത്രമായിരുന്നു പ്രവര്‍ത്തനം. ഇറച്ചിപ്പത്തിരിയും ഉന്നക്കായയും മീന്‍ പത്തിരിയും ചട്ടിപ്പത്തിരിയുമടക്കമുള്ള പലഹാരങ്ങള്‍ വിളമ്പി. ഒരിക്കല്‍ കഴിച്ചവര്‍ പിന്നൊരിക്കലും വിട്ടുപോകാത്തതാണ് സൈനുത്താത്തയുടെ കൈപ്പുണ്യം. പലതരം ബിരിയാണികളായിരുന്നു ഉച്ചയ്‌ക്കെത്തുന്നവരെ കാത്തിരുന്നത്. മീന്‍, ചെമ്മീന്‍, ആട്, കോഴി... ബിരിയാണികള്‍ ഒന്നിനൊന്ന് മെച്ചം. ഒന്‍പത് വര്‍ഷമേ ആയിട്ടുള്ളൂ ഫയര്‍സ്റ്റേഷനടുത്ത് കോണ്‍വെന്റ് ക്രോസ് റോഡിലേക്ക് സെയിന്‍സ് മാറിയിട്ട്.
കടുക്ക നിറച്ചത്, മുട്ടമാല, മുട്ടസുര്‍ക്ക, പഴം നിറച്ചത്, സമൂസ, മുട്ടപ്പത്തിരി, മുട്ടമറിച്ചത്, കോഴിനിറച്ചത്, ചിക്കന്‍സ്റ്റ്യൂ, മട്ടന്‍സ്റ്റ്യൂ, കാട ഫ്രൈ, കോഴിപൊരിച്ചത്..., തുടങ്ങി കോഴിക്കോടിന്റെ തനതു വിഭവങ്ങളും പുറമേനിന്നു വന്ന വിഭവങ്ങളും സെയിന്‍സില്‍ റെഡിയാണ്.
നോമ്പുതുറയ്ക്കും പെരുന്നാളുകള്‍ക്കും പ്രത്യേക വിശേഷാവസരങ്ങളിലും കോഴിക്കോട് നഗരത്തിന്റെ ഉത്സവ വേളകളിലും കുറ്റിച്ചിറ രുചിയും കോഴിക്കോടന്‍ രുചിയുമായി സൈനുത്താത്ത സജീവമാകും.

NEWS LETTER
RSS











