പി.സജിത്ത് കുമാര്‍
കണ്ണൂര്‍: സമൂസയും തോരനും അവിയലും തേങ്ങാ ചമ്മന്തിയും തൊട്ട് നാവില്‍ വെള്ളമൂറിക്കുന്ന നല്ല കോഴി ബിരിയാണി വരെ സകല നാടന്‍ വിഭവങ്ങളുടെയും സ്വാദ് പാശ്ചാത്യലോകത്തെ അറിയിക്കുകയാണ് കണ്ണൂരിലെ ഒരു കുടുംബം. പാരീസില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി പത്മാവതിയും മകള്‍ ബീനയുമാണ് മലയാളി പാചകത്തിന്റെ കൈപ്പുണ്യവും രുചിഭേദങ്ങളും പാശ്ചാത്യലോകത്തെ പഠിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പാചകവിധികളുള്‍പ്പെടുത്തി ഇവരെഴുതിയ പുസ്തകത്തിന് ആഗോളതലത്തില്‍ ഫ്രാന്‍സിലെ ഏറ്റവും മികച്ച അന്യരാജ്യ പാചകഗ്രന്ഥത്തിനുള്ള അവാര്‍ഡും ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു വീട്ടില്‍ അമ്മയും മകളും ചേര്‍ന്ന് ഓരോ ദിവസമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍, അതിന്റെ ചേരുവകള്‍, എല്ലാം വളരെ ലളിതമായി അവതരിപ്പിക്കുന്ന ഇവരെ ഫ്രാന്‍സില്‍ ശ്രദ്ധേയരാക്കിയത്. 'മൈ ഇന്ത്യന്‍ റെസീപ്‌സ്' എന്ന പേരീല്‍ ഫ്രഞ്ച് ഭാഷയിലുള്ള ആദ്യ പുസ്‌കമിറങ്ങിയത് 2006ല്‍. വലിയ സ്വീകരണമാണ് പുസ്തകത്തിന് ലഭിച്ചത്. ഫ്രഞ്ച് മാസികകള്‍ വലിയ പ്രാധാന്യം ഈ പുസ്തകത്തിന് നല്‍കി. പാരീസിലെ 'ലെ സലോണ്‍ ഡു ലിവെറെ' പോലുള്ള പ്രധാന പുസ്തകമേളകളില്‍ പങ്കെടുക്കാന്‍ ഇതിലൂടെ പത്മാവതിയ്ക്കും ബീനയ്ക്കും സാധിച്ചു.

ഇംഗ്ലീഷുള്‍പ്പടെ വിവിധ ഭാഷകളിലേയ്ക്ക് ഇതിന്റെ പ്രസാധകര്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ലഭിച്ച വലിയ സ്വീകാര്യത മനസ്സിലാക്കി രണ്ടാമതൊരു പുസ്തകമെഴുതാന്‍ പ്രസാധകരായ മിനര്‍വ ഇവരോട് നിര്‍ദേശിക്കുകയായിരുന്നു. അങ്ങ നെയാണ് ഇന്‍ഡെ ടൈം എറ്റ് ഗൗര്‍മാണ്ടേ(ഹോ മെയ്ഡ് ആന്റ് ഗൗര്‍മെറ്റ് ഇന്ത്യന്‍ കുക്കിങ്) എന്ന രണ്ടാമത്തെ പുസ്തകം ഫ്രഞ്ച് ഭാഷയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. കണ്ണൂരില്‍ ഇവരുടെ വീടുള്ള തളാപ്പിലെ സീതാ നിവാസില്‍ താമസിച്ചായിരുന്നു പൂര്‍ണമായും കണ്ണൂര്‍ പശ്ചാത്തലത്തില്‍ പുസ്തകത്തിലെ വിഭവങ്ങളൊരുക്കിയത്. അമ്മയുടെയും മകളുടെയും പാചകവിധികള്‍ക്കൊപ്പം പുസ്തകത്താളുകളിലെ വര്‍ണചിത്രങ്ങളെടുത്തത് ഫ്രാന്‍സിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഇസബെല്ലെ റോസന്‍ ബാമാണ്. കണ്ണൂര്‍ മാര്‍ക്കറ്റും ആയിക്കര മത്സ്യബന്ധന കേന്ദ്രവും കണ്ണൂരിലെ പലചരക്ക് കടകളുമൊക്കെ ഇസബെല്ലയുടെ ക്യാമറക്കണ്ണില്‍ ലോകമെമ്പാടുമെത്തി. രണ്ടാഴ്ചക്കാലമാണ് ഇസബെല്ല പത്മാവതിക്കും മകള്‍ക്കുമൊപ്പം കണ്ണൂരില്‍ ഇതിനായി തങ്ങിയത്.
ഇപ്പോള്‍ 136 രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ക്കിടയില്‍ നിന്നാണ് ലോകത്തെ മികച്ച പാചക ഗ്രന്ഥത്തിനുള്ള അവാര്‍ഡും ഈ പുസ്തകത്തെ തേടിയെത്തിയിരിക്കുന്നത്. ഫ്രഞ്ച് ചതാനലായ ക്യൂസിന്‍ ടി.വിയില്‍ കുക്കിങ് ഷോ അവതരിപ്പിക്കാനും ബീനയ്ക്ക് അവസരം ലഭിച്ചു. പാരീസില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ പാചക ക്ലാസെടുക്കാന്‍ പത്മാവതിയ്ക്കും ബീനയ്ക്കും ഇപ്പോള്‍ അവസരം ലഭിക്കുന്നുണ്ട്. ഇതിലൂടെ ഇന്ത്യന്‍ ഭക്ഷണങ്ങളുടെ വൈവിധ്യതയും സ്വാദും ഇവര്‍ പ്രചരിപ്പിക്കുകയാണ്. ഫ്രഞ്ച് പൗരത്വമാണ് പത്മാവതിക്കും കുടുംബത്തിനുമുള്ളത്.
ഭര്‍ത്താവ് ദാമോദരന്‍ പാറാടിന്‍ പാരീസില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. പാരീസില്‍ എഞ്ചിനീയറായ റാം, അവിടെത്തന്നെ അഭിഭാഷകയായ ബസ്മ എന്നിവരാണ് മറ്റ് മക്കള്‍.

NEWS LETTER
RSS











