MATHRUBHUMI RSS
Loading...
നാലുമണിനേരം
ആശ.കെ.ചന്ദ്രന്‍

സ്‌കൂളില്‍ നിന്നെത്തിയാല്‍ സെറ്റിയിലേക്ക് ചാഞ്ഞുകിടന്ന് റിമോട്ടില്‍ ചാനല്‍ മാറ്റിക്കളിക്കുകയാവും കുട്ടികള്‍. മുതിര്‍ന്നവരായാലും പുറത്തുനിന്ന് ക്ഷീണിച്ചെത്തിയാല്‍ തളര്‍ന്നിരിക്കാന്‍ തന്നെയാവും തീരുമാനം. അലസതയുടെ നാലുമണിനേരം എല്ലാവര്‍ക്കും ഒരേപോലെ. ഉന്മേഷത്തിനായി നീട്ടുന്ന ചായയ്‌ക്കൊപ്പം സ്‌നാക്‌സ് എന്തെങ്കിലുമില്ലെങ്കില്‍ പൂരത്തിന് ആനയില്ലാത്ത പോലെയോ മറ്റോ.

നാലുമണി നേരത്ത് ചായ പകരുന്ന ഉണര്‍വിന് ഒരു പിന്തുണയെന്നവണ്ണം എന്തെങ്കിലും കൊറിക്കണം. അത് സ്വീറ്റാകാം. സൈ്പസിയാവാം. വെജിറ്റേറിയനാകാം. നോണ്‍വെജാകാം. എരിവിനോ പുളിക്കോ പ്രത്യേക നിബന്ധനകളുമില്ല. അതുകൊണ്ട് എല്ലാ രസങ്ങളിലേക്കും യഥേഷ്ടം പാകപ്പെടുത്തിയെടുക്കാവുന്ന ഒരു അറേബ്യന്‍ വിഭവത്തിന്റെ അകമ്പടിയാവാം ചായയ്ക്ക്. മാവില്‍പൊതിഞ്ഞെടുത്ത നിറരുചി.

'മിക്‌സ്ഡ് കട്ടീഫ്' മടക്കുസാധനത്തെ ഓര്‍മിപ്പിക്കുന്ന രുചിനിറഞ്ഞ സ്‌നാക്‌സ്. മൈദയുടെയും റവയുടെയും മാവ് പാകപ്പെടുത്തിയെടുക്കുന്ന പുറംചട്ടയ്ക്കുള്ളില്‍ നമുക്കിഷ്ടമുള്ള രുചിനിറയ്ക്കാം. മാവുകുഴച്ചെടുത്ത് പപ്പടവലിപ്പത്തില്‍ പരത്തിയെടുക്കുക. ഇതിലേക്കാണ് 'ഫില്ലിങ്' വയ്ക്കുന്നത്. ഫില്ലിങ്ങിന്റെ വൈവിധ്യത്തിലൂടെയാണ് കട്ടീഫില്‍ വ്യത്യസ്തത നിറയുന്നത്.

വെജിറ്റേറിയന്‍ ഫില്ലിങ്ങിനായി കാരറ്റ്, ഗ്രീന്‍പീസ്, കോളിഫ്‌ളവര്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ചീര തുടങ്ങി എന്ത് പച്ചക്കറിവിഭവങ്ങളും ഉപയോഗിക്കാം. വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ ചതച്ച് പച്ചക്കറിചെറുതായി അരിഞ്ഞതിനോടൊപ്പം ചേര്‍ത്ത് വേവിച്ചെടുത്താല്‍ വെജിറ്റേറിയന്‍ മിക്‌സ്ഡ് കട്ടീഫ് റെഡി.

ഇനി നോണ്‍- വെജ് വേണമെന്നിരിക്കട്ടെ, പച്ചക്കറിക്ക് പകരം ചിക്കന്‍, ബീഫ്, മട്ടന്‍ എന്തുമാകാം. ഇറച്ചിമസാല അധികം എരിവുചേര്‍ക്കാതെയോ ചേര്‍ത്തോ പാകം ചെയെ്തടുക്കാം. പരത്തിയമാവിനുള്ളില്‍ ഇവ നിറച്ച് മടക്കിയെടുക്കുക. ഫ്രൈയിങ് പാനിലിട്ട് നെയ്യോ ഒലിവ് ഓയിലോ പുരട്ടി പൊരിച്ചെടുക്കാം. ചൂടോടെ വിളമ്പിയാല്‍ നാലുമണിനേരം പൂര്‍ണം. വ്യത്യസ്ത രുചിക്കൂട്ടുകള്‍ നിറച്ച് പരീക്ഷിച്ചാല്‍ ദിവസവും പുതിയ വിഭവംപോലെ വിളമ്പുകയുമാവാം. ചുരുക്കത്തില്‍ ഒരു വെടിക്ക് രണ്ടിലധികം പക്ഷികള്‍ വീഴും. ഒരേ പാചകക്കൂട്ടില്‍ വ്യത്യസ്ത സ്വാദുകളൊരുക്കാം.

അധികം സൈ്പസി അല്ലാത്തതും എണ്ണയുടെ അംശമില്ലാത്തതുമായ കറിക്കൂട്ടുകളാണ് അറേബ്യന്‍ പാചകകലയില്‍. കൊഴുപ്പില്ലാത്ത ഒലിവെണ്ണയാണ് പാചകത്തിനായി അധികവും ഉപയോഗിക്കുക. നാരങ്ങയുടെ സാന്നിദ്ധ്യം വിഭവത്തില്‍ നിറവും രുചിയും കൂട്ടുന്നു. ഒപ്പം മയവും. മിക്‌സ്ഡ് കട്ടീഫ് ഉണ്ടാക്കാന്‍ വെറും പതിനഞ്ചുമിനിട്ടേ എടുക്കുന്നുള്ളൂ എന്നതും ലളിതമായ സ്‌നാക്‌സ് എന്ന അംഗീകാരം നേടിക്കൊടുക്കുന്നു ഈ പുതുരുചിക്ക്.

ചേരുവകള്‍

മൈദമാവ്: 500 ഗ്രാം
റവ: 200 ഗ്രാം
ഈസ്റ്റ്: 50 ഗ്രാം
റോസ്‌വാട്ടര്‍: 50എം.എല്‍.
പാല്‍പ്പൊടി: 100 ഗ്രാം
ബേക്കിങ് പൗഡര്‍: 20 ഗ്രാം
ചൂടുവെള്ളം: 500 മില്ലി

സ്റ്റഫിങ്ങിന്

പഞ്ചസാരയും വെണ്ണയും ചേര്‍ന്ന മിശ്രിതം: 200 ഗ്രാം. വാള്‍നട്ട്: 200 ഗ്രാം
പഞ്ചസാര സിറപ്പ്
പഞ്ചസാര: 500 ഗ്രാം
വെള്ളം: 500 എം.എല്‍.
നാരങ്ങ: രണ്ട് കഷണം

പാകം ചെയ്യുന്ന വിധം

അധികം വെള്ളം ചേര്‍ക്കാതെ കട്ടിയായി മാവ് കുഴച്ചെടുക്കുക. പരത്തിയമാവില്‍ സ്റ്റഫിങ് നിറയ്ക്കുക. പഞ്ചസാര സിറപ്പുചേര്‍ത്ത് മടക്കിയെടുക്കുക. വെണ്ണ പുരട്ടി ഫ്രൈയിങ് പാനില്‍ പാകം ചെയെ്തടുക്കുക. ചെറിയ ചുവന്ന നിറം വരുന്നതുവരെ വേവിച്ചെടുത്ത് ചൂടോടെ വിളമ്പാം.