MATHRUBHUMI RSS
Loading...
എന്തൊരു രുചി

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന മീന്‍മുട്ടകൊണ്ട് തയ്യാറാക്കിയ അഞ്ച് കിടിലന്‍ വിഭവങ്ങള്‍. തയ്യാറാക്കിയത് കോഴിക്കോട് താജ് ഗേറ്റ്‌വേയിലെ ഷെഫ് തോമസ്.


പ്രോട്ടീന്‍, തയാമിന്‍, നിയാസിന്‍, റിബ്ലോഫാമിന്‍, ആ12, വൈറ്റമിന്‍ അഋ&ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് മീന്‍മുട്ട. ഇതില്‍ വളര്‍ച്ചയ്ക്കാവശ്യമായ അവശ്യഘടകങ്ങള്‍ എല്ലാംതന്നെയുണ്ട്. മീന്‍മുട്ട ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാവുന്ന ചില വിഭവങ്ങളിതാ.

മീന്‍മുട്ട ഓംലറ്റ്

1. മത്തിമുട്ട 100 ഗ്രാം
2. മുട്ട മൂന്നെണ്ണം
3. പച്ചമുളക് രണ്ടെണ്ണം
4. ചെറിയ ഉള്ളി ആറെണ്ണം
5. മഞ്ഞള്‍പൊടി ഒരു ടീസ്​പൂണ്‍
6. കറിവേപ്പില ഒരു ഇതള്‍
7. ഉപ്പ് ആവശ്യത്തിന്
8. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്​പൂണ്‍

മീന്‍മുട്ട വൃത്തിയാക്കി കഴുകി മാറ്റിവെക്കുക. ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക. പകുതി വെളിച്ചെണ്ണ ഒരു നോണ്‍സ്റ്റിക് പാനില്‍ ഒഴിച്ച് എണ്ണ ചൂടാവുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ചേരുവകളിട്ട് രണ്ടു മിനുട്ട് വഴറ്റുക. അതിലേക്ക് മീന്‍മുട്ടയും ഉപ്പും മഞ്ഞളും ചേര്‍ത്ത് അഞ്ചു മിനുട്ട് വേവിക്കുക. മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച് പതപ്പിക്കുക. ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന മീന്‍മുട്ടചേര്‍ത്ത് യോജിപ്പിക്കുക. ബാക്കി വെളിച്ചെണ്ണ നോണ്‍സ്റ്റിക് പാനില്‍ ഒഴിച്ച് ഓംലറ്റ് രൂപത്തില്‍ ചുട്ടെടുക്കുക.

മീന്‍മുട്ട പൊരിയല്‍

1. അയ്ക്കൂറമുട്ട 200 ഗ്രാം
2. സവാള ഒരെണ്ണം
3. ഇഞ്ചി കാലിഞ്ച് കഷണം
4. പച്ചമുളക് രണ്ടെണ്ണം
5. കറിവേപ്പില രണ്ടിതള്‍
6. തേങ്ങ ചിരകിയത് രണ്ട് ടേബിള്‍സ്​പൂണ്‍
7. മുളകുപൊടി അര ടേബിള്‍സ്​പൂണ്‍
8. മഞ്ഞള്‍പൊടി കാല്‍ ടേബിള്‍സ്​പൂണ്‍
9. വെളിച്ചെണ്ണ ഒരു ടേബിള്‍സ്​പൂണ്‍
10. നാരങ്ങാനീര് അര നാരങ്ങയുടേത്
11. ഉപ്പ് ആവശ്യത്തിന്
12. വെള്ളം കാല്‍ കപ്പ്

മീന്‍മുട്ട വൃത്തിയാക്കി കഴുകി മാറ്റിവെക്കുക. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് വെക്കുക. ചെറുതായി മുറിച്ച മീന്‍മുട്ട, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കാല്‍ കപ്പ് വെള്ളത്തില്‍ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ഒരു പ്രാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ചേരുവകളിട്ട് വഴറ്റി അതിലേക്ക് തേങ്ങ ചിരണ്ടിയത് ചേര്‍ത്ത് രണ്ടു മിനുട്ട് വഴറ്റിയതിനു ശേഷം വേവിച്ചുവെച്ചിരിക്കുന്ന മീന്‍മുട്ടചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ച് നാരങ്ങാനീരും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

മീന്‍മുട്ട സാന്‍ഡ്‌വിച്ച്

1. മത്തിയുടെയോ അയലയുടെയോ മുട്ട 100 ഗ്രാം
2. സാന്‍ഡ്‌വിച്ച് ബ്രഡ് നാല് സ്ലൈസ്
3. മസ്റ്റാര്‍ഡ് സോസ് ഒരു ടേബിള്‍സ്​പൂണ്‍
4. ബട്ടര്‍ രണ്ട് ടേബിള്‍സ്​പൂണ്‍
5. കുരുമുളകുപൊടി രണ്ട് നുള്ള്
6. ഉപ്പ് ആവശ്യത്തിന്

മീന്‍മുട്ട വൃത്തിയാക്കി മാറ്റിവെക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ ഒരു ടീസ്​പൂണ്‍ ബട്ടറിട്ട് ചൂടാവുമ്പോള്‍ മീന്‍മുട്ട കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റി അഞ്ചു മിനുട്ട് വേവിക്കുക. തീയില്‍ നിന്ന് മാറ്റി മസ്റ്റാഡ് സോസ് ചേര്‍ത്ത് ബ്രഡ് സ്ലൈസുകള്‍ക്ക് ഉള്ളില്‍വെച്ച് സാന്‍ഡ്‌വിച്ച് ഗ്രില്ലറില്‍ ഗ്രില്‍ചെയ്ത് ഉപയോഗിക്കാം.

മീന്‍മുട്ട പൊള്ളിച്ചത്

1. മീന്‍മുട്ട-100 ഗ്രാം
2. കുരുമുളകുപൊടി-അര ടീസ്​പൂണ്‍
3. മഞ്ഞള്‍പൊടി-ഒരു നുള്ള്
4. വെളിച്ചെണ്ണ-അര ടീസ്​പൂണ്‍
5. നാരങ്ങനീര്-അര ടീസ്​പൂണ്‍
6. കറിവേപ്പില-ഒരിതള്‍
7. ഉപ്പ്-പാകത്തിന്

മീന്‍മുട്ട കഴുകി വൃത്തിയാക്കി വെള്ളം വാര്‍ത്തുകളഞ്ഞ് മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ചൂടായ മണ്‍ചട്ടിയിലോ ദോശക്കല്ലിലോ വെച്ച് ഇല നല്ലതുപോലെ ഉണങ്ങിക്കഴിയുന്നതുവരെ ചെറുതീയില്‍ തിരിച്ചും മറിച്ചും വെച്ച് വേവിക്കുക. ചൂടോടെ ഉപയോഗിക്കാം.

മീന്‍മുട്ട കുടംപുളിയിട്ട് വറ്റിച്ചത്

1. മത്തിയുടെയോ അയലയുടെയോ മുട്ട 100 ഗ്രാം
2. കുടംപുളി രണ്ടു ചുള
3. വെളുത്തുള്ളി നാലു ചുള
4. ഇഞ്ചി കാല്‍ ഇഞ്ച്
5. കറിവേപ്പില ഒരു ഇതള്‍
6. പച്ചമുളക് മൂന്നെണ്ണം
7. ചെറിയ ഉള്ളി നാലെണ്ണം
8. മുളകുപൊടി ഒരു ടീസ്​പൂണ്‍
9. മഞ്ഞള്‍പൊടി ഒരു നുള്ള്
10. ഉപ്പ് ആവശ്യത്തിന്
11. വെളിച്ചെണ്ണ ഒരു ടീസ്​പൂണ്‍

മീന്‍മുട്ട കഴുകി വൃത്തിയാക്കി വെക്കുക. കുടംപുളി കഴുകി ഒരു കപ്പ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ പൊടിയായി അരിഞ്ഞ് പച്ചമുളക് നെടുകെ പിളര്‍ത്തിയും മാറ്റിവെക്കുക. ഒരു മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന ചേരുവകള്‍ വേപ്പിലയും ചേര്‍ത്ത് മൂന്നു മിനുട്ട് വഴറ്റി മുളകുപൊടിയും മഞ്ഞള്‍പൊടിയും രണ്ടു ടേബിള്‍ സ്​പൂണ്‍ വെള്ളത്തില്‍ കലര്‍ത്തിയൊഴിച്ച് വെള്ളംവറ്റി പച്ചമണം മാറുന്നതുവരെ വഴറ്റുക. കുടംപുളി കുതിര്‍ത്ത വെള്ളവും ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീന്‍മുട്ട ചേര്‍ത്ത് ചെറുതീയില്‍ അഞ്ചു മിനുട്ട് വേവിക്കുക. തീയില്‍ നിന്നും മാറ്റി കുറഞ്ഞത് ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുക.
(മീന്‍മുട്ട വിഭവങ്ങളില്‍ ഉയര്‍ന്നയളവില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണ ഭക്ഷണമാഗ്രഹിക്കുന്നവര്‍ ഉപയോഗം കുറയ്ക്കുന്നതായിരിക്കും നല്ലത്.)