MATHRUBHUMI RSS
Loading...
സദ്യയുടെ മാമാങ്കം; വിഭവങ്ങള്‍ 63
രതീഷ് രവി

ഭക്തിയും ആചാരവും രുചിയും സമ്മേളിക്കുന്ന ആറന്മുള വള്ളസദ്യയുടെ വിശേഷങ്ങള്‍, സദ്യയിലെ പത്തുതരം വിഭവങ്ങളും...പമ്പാതീര്‍ത്ഥം തളിച്ച് തുടച്ചെടുത്ത തൂശനില. ഇടത്ത് താഴെ ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച് - ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന്, ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, പഴം, മലര്, ഉണ്ട ശര്‍ക്കര, കല്‍ക്കണ്ടം. ഇലയുടെ നടുഞരമ്പിനു താഴെ ഇടതുഭാഗത്തെ വിഭവങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

ഇനി മുകളിലേക്ക്. ഇടത്ത് മുകളില്‍ തോരന്‍. അതുതന്നെ അഞ്ചുതരം - മടന്തയില, ചുവന്ന ചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, പിന്നെ നാലുതരം അച്ചാര്‍, നടുക്ക് അവിയല്‍, അതു കഴിഞ്ഞ് കിച്ചടികള്‍. വലത്തേയറ്റത്ത് മുകളില്‍ മധുരപ്പച്ചടി, താഴെ വറുത്തെരിശ്ശേരി. ചോറും ഒഴിക്കാനുള്ള കറികളും പലതരം പായസങ്ങളും വരുന്നതേയുള്ളൂ.

ആറന്മുള വള്ളസദ്യയ്ക്കായി ഇലയില്‍ കാത്തിരിക്കുന്ന വിഭവങ്ങള്‍ കണ്ടപ്പോഴേ വയറു നിറഞ്ഞു. മനസ്സും. ഇത് രുചിയുടെ ഉത്സവമാണ്. വേണമെങ്കില്‍ സദ്യമാമാങ്കമെന്നു പറയാം. ഒരിലയില്‍ 63 വിഭവങ്ങള്‍ വിളമ്പുന്ന ഇങ്ങനെയൊരു സദ്യ ഒരുപക്ഷേ, ലോകത്ത് ആറന്മുളയില്‍ മാത്രമേ കാണൂ.

ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ് വള്ളസദ്യ. ഇതുമായി ബന്ധപ്പെട്ട് അനുഷ്ഠാനങ്ങളുടെ പരമ്പരതന്നെയുണ്ട്. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ (ചുണ്ടന്‍വള്ളങ്ങള്‍) ഒന്നിനെ വള്ളസദ്യയ്ക്കായി ക്ഷണിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങുകയായി. വള്ളസദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കുന്നു.

പിന്നീട് ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നു. കരനാഥന്മാര്‍ക്ക് വെറ്റില, പുകയില നല്‍കി കരമാര്‍ഗം ക്ഷേത്രത്തിലെത്തണം. കരക്കാര്‍ ഈ സമയം ആറന്മുളയപ്പനെ സ്തുതിക്കുന്ന വള്ളപ്പാട്ട് പാടി പള്ളിയോടത്തിലേറി ക്ഷേത്രക്കടവിലെത്തും. ഇവിടെവെച്ച് വഴിപാടുകാരന്‍ കരക്കാര്‍ക്ക് വെറ്റ പോല (വെറ്റില- പുകയില) നല്‍കി അഷ്ടമംഗല്യത്തിന്റെയും താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലംവെച്ച് കൊടിമരച്ചുവട്ടിലെത്തുന്ന കരക്കാര്‍ നയമ്പ് (തുഴ) നിറപറയ്ക്കു മുന്നില്‍ വെച്ച് സദ്യാലയത്തിലേക്ക് കടക്കുന്നു.

മാരാമണ്‍ പള്ളിയോടക്കരക്കാരാണ് സദ്യാലയത്തില്‍. ഇലയില്‍ 48 വിഭവങ്ങള്‍ നിറഞ്ഞു. ഇനിയുള്ള വിഭവങ്ങള്‍ കരക്കാര്‍ വള്ളപ്പാട്ട് പാടി ചോദിച്ചുവാങ്ങുകയാണ് പതിവ്. തൂശനിലയിലേക്ക് ചോറ് വിളമ്പാന്‍ തുടങ്ങിയപ്പോള്‍ കരക്കാരനായ എ.ആര്‍.രാധാകൃഷ്ണന്‍നായര്‍ പാടി,

''പൊന്‍ പ്രകാശം വിതറുന്ന
വിളക്കത്ത് വിളമ്പേണം
തിത്തിത്താര തിത്തെയ്യ്...''

ഏതോ രാജകല്പന കേട്ട മാതിരി വിളമ്പുകാര്‍ ഓടിവന്നു. പന്തിയില്‍ കത്തിച്ചുവെച്ചിരുന്ന നിലവിളക്കിനു മുന്നില്‍ അവര്‍ തൂശനിലയിട്ട് വിളമ്പി. ചോറ് വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും പാട്ട്.

''അഭിഷേക തീര്‍ത്ഥം
കളഭ കുങ്കുമം വേണം''

ആറന്മുളയപ്പനെ അഭിഷേകം ചെയ്ത തീര്‍ത്ഥവും ക്ഷേത്രത്തിലെ കളഭവും കുങ്കുമവും നല്‍കി. കരക്കാര്‍ തീര്‍ത്ഥം കുടിച്ച് പ്രസാദം നെറ്റിയില്‍ തൊട്ടു. ചോറില്‍ പരിപ്പുകറിയൊഴിച്ച് വിളമ്പുകാര്‍ നെയ്യുമായി എത്തിയപ്പോള്‍ കരക്കാര്‍ക്ക് തൃപ്തി പോരാ.

''നറുനെയ് നമുക്ക് വേണ്ടാ
വെണ്ണതന്നെ തന്നീടേണം''

വിളമ്പുകാര്‍ വെണ്ണയുമായെത്തി. ചെറുപയര്‍പരിപ്പ് കറിയും വെണ്ണയും പപ്പടവും ചേര്‍ത്ത് ഒരു പിടി പിടിച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും ചോറു വന്നു. പിന്നെ ഒഴിച്ചത് സാമ്പാറാണ്. ചമ്മന്തിപ്പൊടി, അമ്പഴങ്ങ അച്ചാര്‍, ചെഞ്ചീര തോരന്‍ എന്നിവയെല്ലാം പാട്ടുപാടി ചോദിച്ചുവാങ്ങി. സാമ്പാര്‍ ചേര്‍ത്ത് ഉണ്ടുകഴിഞ്ഞാല്‍ പിന്നെ പായസങ്ങളാണ് - അടപ്രഥമന്‍, കടലപ്രഥമന്‍, പാലട, കദളിപ്പഴപ്രഥമന്‍ എന്നിങ്ങനെ നാലുതരം. മധുരം കിനിയുന്ന നാല് രുചികള്‍. ഇലയില്‍ പറ്റിയിരുന്ന അവസാന തുള്ളിവരെ കുടിച്ചു. അപ്പോഴേക്കും കരക്കാര്‍ വിളിച്ചുപറഞ്ഞു.

''തിരുവാറന്മുളയപ്പന്റെ പൊന്നിന്‍തിടമ്പേറ്റും
ശ്രീരഘുനാഥന്റെ ഇഷ്ടഭോജനമായ
നീലക്കരിമ്പേ..., അത് കൊണ്ടുവാ...''

ഇലയില്‍ ആദ്യംതന്നെ ഒരു ചെറിയ കഷണം കരിമ്പ് വിളമ്പിയിരുന്നെങ്കിലും പാടിച്ചോദിച്ചവര്‍ക്ക് ഓരോ വലിയ കഷണം നീലക്കരിമ്പുകൂടി കൊടുത്തു. മോദകം വേണമെന്ന് പാട്ടുപാടി ചോദിച്ചു കരക്കാര്‍. ഉടനെ മോദകമെത്തി.

പായസത്തിനുശേഷം പിന്നെയും ചോറ് വന്നു. ഇതാണ് മധ്യതിരുവിതാംകൂറിലെ രീതി. പായസം കഴിഞ്ഞാണ് പുളിശ്ശേരി (കാളന്‍) കൂട്ടിയുള്ള ഊണ്. ചോറ് വിളമ്പിയപ്പോള്‍ രാധാകൃഷ്ണന്‍നായര്‍ പാടി.

''ചിങ്ങാന ദേശത്തുളവായ മാങ്ങ
എങ്ങാനുമുണ്ടെങ്കില്‍ കയറിപ്പറിച്ച്
ചെമ്മേ ചമച്ച് കറിയാക്കി വിളമ്പിടേണം''

പഴുത്തമാങ്ങാക്കറിയെന്ന് ആറന്മുളക്കാര്‍ പറയുന്ന മാമ്പഴ പുളിശ്ശേരിയെത്തി. ചുക്കുവെള്ളം വേണമെന്ന് ആവശ്യപ്പെട്ടതും പാട്ട് രൂപത്തിലാണ്.

''വറുത്തെരിശ്ശേരി ഭുജിച്ചിടുമ്പോള്‍
പെരുത്തുവന്നൊരു ദാഹമിപ്പോള്‍
ചതച്ച് ചുക്കിട്ട് തിളപ്പിച്ച വെള്ളം
മഹത്ത്വമേറീടുമിഹ തന്നിടേണം''

പിന്നെ രസംകൂട്ടി ചോറുണ്ടു. സംഭാരം കുടിക്കാന്‍ കിട്ടി. കരക്കാര്‍ പക്ഷേ, പിന്നെയും വിളിച്ചുപറഞ്ഞു.

''ചേനപ്പാടി രാമച്ചാരുടെ
നീലിപ്പയ്യിന്‍ പാളത്തൈരേ...
അതു കൊണ്ടുവാ...''

പാട്ടുപാടിയവര്‍ക്ക് പാളയില്‍ തൈര് കൊണ്ടുകൊടുത്തു. 63 വിഭവങ്ങളുള്ള ഊണ് കഴിഞ്ഞപ്പോള്‍ കരക്കാര്‍ സംതൃപ്തരായി. പിന്നെ കുചേലവൃത്തത്തിലെ വരികള്‍ പാടി.

''പണ്ടൊരിക്കല്‍ പാണ്ഡവമഹര്‍ഷിയുടെ ശാകോദനം
ഉണ്ടു ഞാനിന്ന് ഭവാന്റെ പൃഥുകം തിന്നു
രണ്ടുകൊണ്ടുമുണ്ടായോളം സുഖവും തൃപ്തിയും കീഴില്‍
ഉണ്ടായിട്ടില്ലൊരിക്കലുമെനിക്കു സഖേ''

കൈകഴുകിയശേഷം കരക്കാര്‍ വീണ്ടും കൊടിമരച്ചുവട്ടിലെത്തി. അവിടെ നിറച്ചുവെച്ചിരുന്ന പറ മറിച്ചു ( ഈ ചടങ്ങിന് പറ തളിക്കുക എന്നും പറയും). പള്ളിയോട കരക്കാര്‍ ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിച്ചു.

''നാളിന്‍ നാളില്‍ സുഖിച്ചതിമോദമോടെ വസിച്ചാലും
നാളികലോചനന്‍ തന്റെ നാമമാഹാത്മ്യത്താല്‍''

കടവില്‍ നിന്ന് കരക്കാരെ എങ്ങനെ സ്വീകരിച്ചുകൊണ്ടുവന്നോ അതുപോലെ യാത്രയാക്കണമെന്നാണ് വിധി. വീണ്ടും താളമേളങ്ങള്‍ മുഴങ്ങി. താലപ്പൊലിയും അഷ്ടമംഗല്യവുമായി വഴിപാടുകാര്‍ കരക്കാരെ ക്ഷേത്രത്തിന് പ്രദക്ഷിണം വയ്പ്പിച്ചു. വള്ളപ്പാട്ടു പാടി നീങ്ങിയ കരക്കാരെ ക്ഷേത്രക്കടവുവരെ വഴിപാടുകാരും അനുഗമിച്ചു.


ഇനി കരക്കാര്‍ പള്ളിയോടത്തിലേറി വള്ളപ്പാട്ട് പാടി സ്വന്തം കരകളിലേക്ക് പോവുകയാണ്. ഭക്തിയുടെ പമ്പയില്‍ വിശ്വാസത്തിന്റെ തുഴയെറിഞ്ഞ് പള്ളിയോടം കണ്ണില്‍നിന്ന് മറയുംവരെ വഴിപാടുകാര്‍ തൊഴുകൈകളോടെ കരയില്‍ നിന്നു.

ആറന്മുള വള്ളസദ്യയിലെ 63 വിഭവങ്ങളില്‍ പ്രധാനപ്പെട്ട പത്തെണ്ണം പരിചയപ്പെടുത്തുകയാണ് വിജയന്‍ നടമംഗലം (ആറന്മുള കേറ്ററിങ്‌സ്), മനോജ് മാധവശ്ശേരി (ചോതി കേറ്റേഴ്‌സ്) എന്നിവര്‍.

അവിയല്‍

ഏത്തക്കായ, ചേന, വെള്ളരിക്ക ഒരു കിലോ വീതം
പടവലം 750 ഗ്രാം
വഴുതനങ്ങ 500 ഗ്രാം
പച്ചമുളക്, ഉള്ളി 150 ഗ്രാം വീതം
മുരിങ്ങക്കായ 250 ഗ്രാം
അമരയ്ക്ക 100 ഗ്രാം
സവാള മൂന്നെണ്ണം
മഞ്ഞള്‍പൊടി രണ്ട് സ്പൂണ്‍
മുളകുപൊടി നാല് സ്പൂണ്‍
ജീരകം, പുളി, ഉപ്പ് 50 ഗ്രാം വീതം
വെളിച്ചെണ്ണ ഒരു ലിറ്റര്‍
പച്ചത്തേങ്ങ രണ്ടെണ്ണം

പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞ് കഴുകി വെള്ളം തോര്‍ത്തിവെക്കുക. തേങ്ങ തിരുമ്മി ജീരകം, ഉള്ളി, കറിവേപ്പില ചേര്‍ത്ത് ചെറുതായി അരയ്ക്കുക. ശേഷം ഉരുളിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പച്ചക്കറികള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റി വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്താല്‍ അരച്ച തേങ്ങ വിതറി നന്നായി ഇളക്കി ബാക്കി വെളിച്ചെണ്ണ ചേര്‍ക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടപാത്രത്തിലേക്ക് അവിയല്‍ കോരി വയ്ക്കുക. മുകളിലും കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കണം.

വറുത്ത എരിശ്ശേരി

ചേന, ഏത്തക്കായ, വന്‍പയര്‍ ഒരു കിലോ വീതം
കുരുമുളക് ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി ആവശ്യത്തിന്
വെളിച്ചെണ്ണ അര ലിറ്റര്‍
തേങ്ങ 5 എണ്ണം
(മൂന്നെണ്ണം വറുക്കാനും രണ്ടെണ്ണം അരയ്ക്കാനും)
വെളുത്തുള്ളി നാല് അല്ലി
കറിവേപ്പില, ജീരകം, ഉപ്പ് ആവശ്യത്തിന്

ചേന ചെറുതായി അരിയുക. ഏത്തക്കായ ചീകി അരിയുക. വന്‍പയര്‍ വേവിച്ചുവെക്കുക. അരിഞ്ഞ കഷണങ്ങള്‍ കഴുകി പാത്രത്തിലിട്ട് നിരപ്പില്‍ വെള്ളം ഒഴിച്ച് വേവിക്കുക. വെന്താല്‍ തവികൊണ്ട് ഉടച്ച് കോരി പാത്രത്തില്‍ വെക്കുക. തിരുമ്മിയ തേങ്ങ വെളിച്ചെണ്ണ ചേര്‍ത്ത് ഉരുളിയില്‍ വറുക്കുക. നന്നായി ചുവക്കുമ്പോള്‍ വാങ്ങുക. ബാക്കി ഒരു തേങ്ങ തിരുമ്മി വെളുത്തുള്ളി, ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക. വേവിച്ചുവെച്ച കഷണങ്ങള്‍ വീണ്ടും അടുപ്പില്‍ വെച്ച് അരച്ച തേങ്ങയും ഉപ്പും ഇട്ട് ഇളക്കി, വറുത്ത തേങ്ങ ഇട്ട് കുരുമുളകുപൊടിയുംകൂടി ചേര്‍ത്ത് ഇളക്കി വാങ്ങുക.

മടന്ത ഇലത്തോരന്‍

തേങ്ങ അര മുറി
മഞ്ഞള്‍പൊടി, മുളകുപൊടി, കടുക് അര സ്പൂണ്‍ വീതം
പച്ചരി അര സ്പൂണ്‍
വെളിച്ചെണ്ണ 100 ഗ്രാം
വറ്റല്‍മുളക് നാലെണ്ണം
കറിവേപ്പില കുറച്ച്
ഉപ്പ് ആവശ്യത്തിന്

വെളിച്ചേമ്പിന്റെ കിളുന്ത് ഇല നന്നായി കഴുകുക. ഇല തിരി തെറുക്കുന്നതുപോലെ തെറുത്ത്, ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് അല്പം മഞ്ഞള്‍പൊടി ഇട്ട് മടന്തയില വേവിക്കുക. വെന്താല്‍ വെള്ളം ഊറ്റിക്കളയുക. തിരുമ്മിയ തേങ്ങ വെളിച്ചെണ്ണ ചേര്‍ത്ത് ഉരുളിയില്‍ ചൂടാക്കി കുറച്ച് കടുക്, വറ്റല്‍മുളക്, അല്പം പച്ചരി ഇട്ട് താളിക്കുക. അര സ്പൂണ്‍ മുളകുപൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കി വേവിച്ച മടന്തയില അതിലിട്ട് നല്ലവണ്ണം ഇളക്കി കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് കഴിക്കാം.

പഴുത്ത മാങ്ങാ പുളിശ്ശേരി

നാടന്‍ പഴുത്ത മാങ്ങ അഞ്ചെണ്ണം
തൈര് അര ലിറ്റര്‍
മഞ്ഞള്‍പൊടി, മുളകുപൊടി, ജീരകം അര സ്പൂണ്‍ വീതം
ഉപ്പ് ആവശ്യത്തിന്
തേങ്ങ തിരുമ്മിയത്, പഞ്ചസാര ഒരു കപ്പ് വീതം
കടുക് ഒരു സ്പൂണ്‍
വറ്റല്‍ മുളക് നാലെണ്ണം
കറിവേപ്പില 10 ഇല
നെയ്യ് മൂന്ന് സ്പൂണ്‍

പാത്രത്തില്‍ വെള്ളം ഒഴിച്ച് മാങ്ങ ചെറുതായി വേവിക്കുക. തേങ്ങ തിരുമ്മി ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇതില്‍ വേവിച്ച മാങ്ങ ഇട്ട് ഉടച്ചെടുക്കുക. തൈര് ഉടച്ച് ചേര്‍ത്ത് ചെറുതായി ചൂടാക്കി മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങുക. ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി കടുക്, മുളക്, കറിവേപ്പില ഇട്ട് താളിച്ച് കറിയിലൊഴിച്ച് മധുരത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുക.

കദളിപ്പഴ പായസം

കദളിപ്പഴം 20 എണ്ണം
അരിനുറുക്ക് 250 ഗ്രാം
പാല്‍ മൂന്ന് ലിറ്റര്‍
പഞ്ചസാര ഒരു കിലോ
കശുവണ്ടി 100 ഗ്രാം
കുങ്കുമപ്പൂവ് ഒരു നുള്ള്
നെയ്യ് 200 ഗ്രാം

പാല്‍ തിളപ്പിക്കുക. ചെറിയ ചുവപ്പുനിറമാകുമ്പോള്‍ കുങ്കുമപ്പൂവും ഏലക്കായും പൊടിച്ചുചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് അരി കഴുകിയിടുക. നിര്‍ത്താതെ ഇളക്കണം. കദളിപ്പഴം അരിഞ്ഞ് ഉടച്ച് ചേര്‍ത്ത് ഇളക്കുക. അരി നന്നായി വെന്താല്‍ പഞ്ചസാരയിട്ട് ഇളക്കി കുറുകുമ്പോള്‍ വാങ്ങുക. നെയ്യില്‍ വറുത്ത കശുവണ്ടിയും കുറച്ച് നെയ്യും പായസത്തിന് മുകളില്‍ തൂവി ഉപയോഗിക്കുക.

കൈതച്ചക്ക പ്രഥമന്‍

കൈതച്ചക്ക (നല്ലവണ്ണം പഴുത്തത്) ഒന്ന്
ശര്‍ക്കര 250 ഗ്രാം
നെയ്യ്, കിസ്മിസ്, കശുവണ്ടി 50 ഗ്രാം വീതം
ഏലയ്ക്ക 10 ഗ്രാം
പഞ്ചസാര അര കപ്പ്
പാല്‍ ഒരു ലിറ്റര്‍

കൈതച്ചക്ക ചെത്തി പൊടിയായരിഞ്ഞ് നന്നായി വഴറ്റി വെള്ളം വറ്റിച്ച് നെയ്യും ശര്‍ക്കരയും ചേര്‍ത്ത് ഇളക്കുക. തിളപ്പിച്ച പാല്‍ ഒഴിച്ച് കുറുക്കി, പൊടിച്ച ഏലയ്ക്ക ചേര്‍ത്ത് ചൂടോടെ ഇറക്കി നെയ്യില്‍ വറുത്ത കശുവണ്ടി, കിസ്മിസ് എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കുക.

ഓലന്‍

ചേമ്പ് 250 ഗ്രാം
അച്ചിങ്ങപ്പയര്‍ 100 ഗ്രാം
വന്‍പയര്‍ 50 ഗ്രാം
തേങ്ങാപ്പാല്‍ ഒരു വലിയ കപ്പ്

വന്‍പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി വേവിക്കുക. ഒപ്പം ചേമ്പ് ചെറുതായി അരിഞ്ഞതും അച്ചിങ്ങപ്പയര്‍ നുറുക്കിയതും ഇട്ട് വേവിക്കുക. നന്നായി വെന്താല്‍ തേങ്ങാപ്പാല്‍ ഒഴിച്ച് വാങ്ങുക. (വള്ളസദ്യയ്ക്ക് ഉപ്പ് ചേര്‍ക്കാറില്ല).

അമ്പഴങ്ങ അച്ചാര്‍

അമ്പഴങ്ങ (മൂക്കാത്തത്) 10 എണ്ണം
കായപ്പൊടി, ഉലുവപ്പൊടി ഒരു സ്പൂണ്‍ വീതം
മുളകുപൊടി മൂന്ന് സ്പൂണ്‍
വെളിച്ചെണ്ണ 25 ഗ്രാം
നല്ലെണ്ണ 10 മില്ലി
മുളക് അഞ്ചെണ്ണം
കടുക്, ഉലുവ ഒരു സ്പൂണ്‍ വീതം
കറിവേപ്പില 10 അല്ലി
ഉപ്പ് പാകത്തിന്

വെളിച്ചെണ്ണയില്‍ വറുത്ത ഉലുവ, കടുക്, മുളക്, കറിവേപ്പില എന്നിവയിലേക്ക് നാലായി കീറിയ അമ്പഴങ്ങ ഇട്ട് വഴറ്റി ഒന്നര കപ്പ് വെള്ളം ചേര്‍ത്ത് ഇളക്കി മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി, ഉപ്പ് ചേര്‍ക്കുക. നന്നായി ചൂടായാല്‍ നല്ലെണ്ണ മുകളില്‍ ഒഴിക്കുക.

ചെറുപയര്‍ പരിപ്പുകറി

ചെറുപയര്‍ അര കിലോ
ജീരകപ്പൊടി 10 ഗ്രാം
വെളുത്തുള്ളി 25 ഗ്രാം
വെളിച്ചെണ്ണ 250 ഗ്രാം
മഞ്ഞള്‍പൊടി, മുളകുപൊടി, ജീരകം ഒരു സ്പൂണ്‍ വീതം
കറിവേപ്പില ആവശ്യത്തിന്്
ഉപ്പുപൊടി പാകത്തിന്
തേങ്ങ ഒന്ന്
നെയ്യ് രണ്ട് സ്പൂണ്‍
ചെറിയ ഉള്ളി അഞ്ചെണ്ണം
വറ്റല്‍മുളക് പത്തെണ്ണം
കടുക് ഒന്നര സ്പൂണ്‍
തേങ്ങാപ്പാല്‍ മൂന്ന് കപ്പ്

ചെറുപയര്‍ വറുത്ത് തൊലി കളഞ്ഞ് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ തേങ്ങ ചിരകിയത്, വെളുത്തുള്ളി, ജീരകം എന്നിവ നന്നായി അരച്ചുചേര്‍ക്കുക. ഒപ്പം ജീരകപ്പൊടി, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ്, നെയ്യ് ചേര്‍ക്കുക. ശേഷം ചെറിയ ഉള്ളി അരിഞ്ഞത്, കടുക്, മുളക്, ജീരകം, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വറുത്തിട്ട്, തേങ്ങാപ്പാലും ചേര്‍ത്ത് ചെറുചൂടോടെ വാങ്ങുക.

തകരയില തോരന്‍

തകരയില ഒരു പിടി
നാളികേരം ഒന്ന്
വെളുത്തുള്ളി ഒരു തുടം
മുളക് അഞ്ചെണ്ണം
ജീരകം ഒരു സ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്
വെളിച്ചെണ്ണ 50 ഗ്രാം
ചെറിയ ഉള്ളി അരിഞ്ഞത് മൂന്നെണ്ണം
ഉപ്പ് ആവശ്യത്തിന്

ചെറിയ ഉള്ളി, മുളക്, കടുക്, ജീരകം, കറിവേപ്പില വെളിച്ചെണ്ണയില്‍ വറുക്കുക. അതിലേക്ക് തകരയില ഇട്ട് കുറച്ച് വെള്ളം തളിക്കുക. ആവി കയറിയശേഷം തേങ്ങ ചിരവിയത് ഇട്ട് ഇളക്കി ചൂടോടെ വാങ്ങി ഉപയോഗിക്കുക.