MATHRUBHUMI RSS
Loading...
സ്വാദിന് പൊടിക്കൈകള്‍
ഹുസൈന്‍ എം.എ

നോണ്‍ വെജ് വിഭവങ്ങള്‍ക്ക് രുചി കൂട്ടാം


ബിരിയാണി

ബിരിയാണിക്കുള്ള മസാല തയ്യാറാക്കുമ്പോള്‍ ഗ്രേവിക്ക് സ്വാദ് കൂട്ടാന്‍ അല്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് മസാല വറ്റിച്ചെടുക്കുക.

ഇറച്ചി പൊരിക്കുമ്പോള്‍ അല്പം തൈര് ചേര്‍ക്കുക. ഇറച്ചി നല്ല മൃദുലമാവും.

മസാല തയ്യാറാക്കുമ്പോള്‍ മല്ലിയിലയും പുതിനയിലയും അരച്ചുചേര്‍ക്കുകയാണെങ്കില്‍ മണവും രുചിയും കൂടും.

ചോറ് തയ്യാറാക്കുമ്പോള്‍ ഒരു തവി മസാല ചോറില്‍ മിക്‌സ് ചെയ്ത് ദം ചെയ്യുകയാണെങ്കില്‍ ചോറിന് നിറവും മണവും രുചിയും കിട്ടും.

ചിക്കന്‍, മട്ടന്‍, ബീഫ്

ഇറച്ചിക്കറിക്ക് പുളി ആദ്യം തന്നെ ചേര്‍ക്കുക. മൃദുത്വം നഷ്ടപ്പെടില്ല.

ഇറച്ചിക്കറി വാങ്ങുന്നതിന് തൊട്ടുമുന്‍പ് ഗ്രാമ്പുവിന്റെ ഇല ചേര്‍ക്കുക. കറിക്ക് രുചിയും വാസനയും കിട്ടും.


മട്ടന്‍ചില്ലിയോ ബീഫ് ചില്ലിയോ ചിക്കന്‍ ചില്ലിയോ തയ്യാറാക്കുമ്പോള്‍ ഇറച്ചി ഫ്രീസറില്‍ വെച്ച് പകുതി സെറ്റായശേഷം മുറിക്കുക. നീളത്തില്‍ മുറിക്കാന്‍ എളുപ്പമുണ്ടാവും.

വറുത്തരച്ച കോഴിക്കറിക്കുള്ള തേങ്ങ മിക്‌സിയില്‍ ഒന്ന് കറക്കി ചുവട് കട്ടിയുള്ള പാത്രത്തില്‍ ചെറുതീയില്‍ വറുത്തെടുക്കുക.

മുളക്‌പൊടി, മഞ്ഞള്‍പൊടി, പെരുംജീരകം, വെളുത്തുള്ളി, തൈര്, ഉപ്പ് എന്നിവ അരച്ച് കോഴിക്കഷ ണങ്ങളില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞുമാത്രം വറുക്കുക. മണവും രുചിയും മൃദുത്വവും കിട്ടും.

കോഴിവരട്ടിയത് തയ്യാറാക്കുമ്പോള്‍ പുരട്ടാനുള്ള മസാലയില്‍ അല്പം വെളിച്ചെണ്ണ ചേര്‍ക്കുക. നിറവും മൃദുത്വവും കിട്ടും.

അണ്ടിപ്പരിപ്പും വറുത്ത ഉള്ളിയും അരച്ച് ചേര്‍ക്കുകയാണെങ്കില്‍ ഇറച്ചിക്കുറുമ യ്ക്ക് മണവും രുചിയും കൊഴുപ്പും കിട്ടും.

ഇറച്ചിക്കറിക്ക് കൊഴുപ്പും രുചിയും കൂട്ടാന്‍ അണ്ടിപ്പരിപ്പ് അരച്ച് ചേര്‍ക്കുക.

മീന്‍ കറി

കുടംപുളി കുതിര്‍ത്ത് ചേര്‍ക്കുക. പുളി പെട്ടെന്ന് മീനില്‍ പിടിക്കും.

കണവയില്‍ അല്പം മൈദമാവ് ചേര്‍ത്ത മസാല പുരട്ടുക. പൊരിക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാം.

മീന്‍ചാറിനുള്ള മസാല തയ്യാറാക്കുമ്പോള്‍ ഉലുവ, ജീരകം, കുരുമുളക്, മല്ലി എന്നിവ ഒരേ അളവില്‍ പൊടിച്ച് ചേര്‍ക്കുക. മണവും രുചിയും നിറവും കിട്ടും.

മീന്‍ വറുക്കാനുള്ള അരപ്പില്‍ ഒരു സ്പൂണ്‍ നാരങ്ങനീര് ചേര്‍ത്താല്‍ രുചി കിട്ടും. പൊടിഞ്ഞുപോവുകയുമില്ല.

മസാല പുരട്ടിയ മീനിന് മീതെ മുട്ട പതച്ചത് വളരെ നോര്‍മലായി പിടിപ്പിക്കുക. പൊടിഞ്ഞുപോവാതെയും കരുകരുപ്പായി വറുക്കാന്‍ പറ്റും.

വാഴയിലയില്‍ കറിവേപ്പില നിരത്തിയതിനു മുകളില്‍ കരിമീന്‍ വെച്ച് പൊള്ളിക്കുക. മീന്‍ പൊടിഞ്ഞുപോവില്ല.

മീന്‍ വറുക്കാന്‍ പുരട്ടുന്ന അരപ്പില്‍ കറിവേപ്പില ചേര്‍ക്കുക. പിന്നീട് വറുക്കുന്ന എണ്ണയിലും കറിവേപ്പില ചേര്‍ക്കണം. രുചി കൂടും.