MATHRUBHUMI RSS
Loading...
രുചി പെയ്ത് മനം കുളിര്‍ത്തു

മഴക്കാലത്തിന് രുചി പകരാന്‍ തനത് കൂട്ടുകള്‍കൊണ്ട് പുതുമയാര്‍ന്ന വിഭവങ്ങളൊരുക്കാം. തയ്യാറാക്കിയത്: ബി.ചന്ദ്രഭാനു, എക്‌സി. സൂസ് ഷെഫ്, ലെ മെറിഡിയന്‍, കൊച്ചി...


ഞണ്ട് പച്ചക്കായ ഉലര്‍ത്ത്

പച്ചക്കായ നാല്
ചിരവിയ തേങ്ങ അരകപ്പ്
ചതച്ച വെളുത്തുള്ളി മൂന്ന്
അരിഞ്ഞ പച്ചമുളക് രണ്ട്
ചെറിയ ഉള്ളി പത്ത്
ചുവന്ന മുളക് നാല്
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
മുളക് പൊടി അരടീസ്പൂണ്‍
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
കടുക് അഞ്ച് ഗ്രാം
കറിവേപ്പില 15 എണ്ണം
ഉപ്പ് , എണ്ണ പാകത്തിന്

തൊലി നീക്കിയ പച്ചക്കായ ചെറു കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക. ഞണ്ട് വൃത്തിയാക്കുക. തേങ്ങ, പച്ചമുളക്, ചതച്ച വെളുത്തുള്ളി, മൂന്ന് ചെറിയ ഉള്ളി എന്നിവ കട്ടിയായി അരച്ചെടുക്കുക. പാത്രം ചൂടാക്കി എണ്ണയില്‍ കടുകിട്ട് പൊട്ടിക്കുക. ജീരകവും കറിവേപ്പിലയും അരിഞ്ഞ ചെറിയ ഉള്ളിയും ചേര്‍ക്കുക. മഞ്ഞള്‍പ്പൊടിയും ഞണ്ടും ചേര്‍ക്കുക.ഒരു മിനുട്ട് വഴറ്റുക. മുളക് പൊടി, മല്ലിപ്പൊടി, എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. വേവിച്ചുവെച്ച പച്ചക്കായ കഷ്ണങ്ങള്‍ ചേര്‍ക്കുക. തേങ്ങ അരച്ചതും ചേര്‍ക്കാം. അഞ്ച് മിനുട്ട് കൂടി വഴറ്റി വാങ്ങാം.

ജാക്ക്ഫ്രൂട്ട് മാല്‍പു

ചക്കച്ചുള 20 എണ്ണം
പാല്‍ ഒരു ലിറ്റര്‍
മൈദ കാല്‍ കപ്പ്
സൂജി റവ കാല്‍ കപ്പ്
നെയ്യ്, വെള്ളം ആവശ്യത്തിന്

പാല്‍ അരലിറ്റര്‍ ആവുംവരെ കുറുക്കിയെടുക്കുക.സൂജി റവ ഇളം തവിട്ട് നിറമാവും വരെ വറുത്തെടുക്കുക. എന്നിട്ട് പാലിലേക്ക് മൈദയും റവയും ചേര്‍ക്കുക. കട്ട ഉണ്ടാവരുത്. മാവ് കുഴമ്പ് രൂപത്തിലായിരിക്കണം. വറുക്കാനാനാവശ്യമായ നെയ്യ് ചൂടാക്കുക. മാവ് ഒരു പാത്രത്തിലെടുക്കുക. ചക്കച്ചുള ഓരോന്നായെടുത്ത് മാവില്‍ മുക്കി നെയ്യില്‍ വറുക്കുക. മറിച്ചിട്ടും വറുക്കണം. വല്ലാതെ ഉറപ്പില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. നൂല്‍ക്കട്ടിയില്‍ പഞ്ചസാരപ്പാവ് തയ്യാറാക്കുക. വറുത്തെടുത്ത മാല്‍പ്പു പഞ്ചസാരപ്പാനിയില്‍ മുക്കി പ്‌ളേറ്റില്‍ നിരത്തുക.

മാംഗോ ഹല്‍വ

മൈദ അര കിലോ
മാങ്ങ ഒരു കിലോ
തേങ്ങ രണ്ട് എണ്ണം
പഞ്ചസാര ഒന്നര കിലോ
പച്ച ഏലയ്ക്ക നാല്
അണ്ടിപ്പരിപ്പ് നുറുക്കിയത് 100 ഗ്രാം
നെയ്യ് 150 ഗ്രാം
എസന്‍സ് കുറച്ച്

പഞ്ചസാര ഉരുക്കുക. തേങ്ങാപ്പാല്‍ തയ്യാറാക്കുക. ഒരു പരന്ന പാത്രത്തില്‍ മൈദയും തേങ്ങാപ്പാലും പഞ്ചസാരലായനിയും അരകിലോ മാങ്ങ ചതുരത്തില്‍ മുറിച്ചതും യോജിപ്പിക്കുക.നന്നായി ഇളക്കി തിളപ്പിക്കുക. ഇത് കട്ടിയായി വരുമ്പോള്‍ നെയ്യ് ചേര്‍ക്കുക. മാവ് പാത്രത്തില്‍ നിന്നും വേര്‍പെട്ട് വരുമ്പോള്‍ ബാക്കിയുള്ള മാങ്ങാക്കഷ്ണങ്ങളും ചേരുവകളും കൂടി ചേര്‍ക്കണം. നെയ്യ് പുരട്ടിയ പാത്രത്തില്‍ കൂട്ട് ചൂടോടെ ഒഴിക്കുക. തണുത്താല്‍ കഷ്ണങ്ങളായി മുറിച്ചെടുക്കുക.

പൈനാപ്പിള്‍ ജിലേബി

മൈദ ഒന്നര കപ്പ്
സോഡാപ്പൊടി ഒരു ടീസ്പൂണ്‍
പഞ്ചസാര രണ്ടര കപ്പ്
പച്ച ഏലയ്ക്കാപ്പൊടി അരടീസ്പൂണ്‍
വറുക്കാനുള്ള നെയ്യ് ആവശ്യത്തിന്

മൈദയും സോഡാപ്പൊടിയും കുഴയ്ക്കുക. ഇതില്‍ രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് മാവാക്കുക. മാവ് കട്ട കെട്ടരുത്. രാത്രി മാവ് പുളിക്കാന്‍ വെക്കണം. തുല്യ അളവ് പഞ്ചസാരയും വെള്ളവുമെടുത്ത് ഷുഗര്‍ സിറപ്പുണ്ടാക്കുക. ഏലയ്ക്കാപ്പൊടി ചേര്‍ത്ത് 20 മിനുട്ട് വേവിക്കുക. പരന്ന ഫ്രൈയിങ്ങ് പാനില്‍ നെയ്യ് ചൂടാക്കുക. മാവ് ഒരു പാത്രത്തിലെടുക്കുക. മാവില്‍ സ്വല്‍പ്പം അരിപ്പൊടി ചേര്‍ത്താല്‍ ജിലേബിക്ക് നല്ല കരുകരുപ്പ് കിട്ടും. പൈനാപ്പിള്‍ കഷ്ണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി ചൂടായ നെയ്യില്‍ വറുക്കുക. സ്വര്‍ണ നിറത്തില്‍ കരുകരുപ്പോടെ വറുത്തുകോരാം. കുറച്ചുനേരം കടലാസില്‍ വെച്ച് എണ്ണ വാര്‍ന്ന ശേഷം രണ്ട് മിനുട്ട് പഞ്ചസാര സിറപ്പിലിട്ട് വെക്കുക. ചൂടോടെ ഉപയോഗിക്കാം.

ഇടിയന്‍ ചക്ക ഖീമ സമോസ

വറുക്കാനുള്ള എണ്ണ ആവശ്യത്തിന്
സമോസയുടെ കവറിങ്ങിന്:
മൈദ രണ്ട് കപ്പ്
എണ്ണ നാല് ടേബിള്‍ സ്പൂണ്‍
ഉപ്പ് ഒരു നുള്ള്

നിറയ്ക്കാന്‍ :
എണ്ണ ഒരു ടേബിള്‍സ്പൂണ്‍
അരിഞ്ഞ സവാള അര കപ്പ്
വേവിച്ച് ഉടച്ച ഇടിയന്‍ ചക്ക രണ്ട് കപ്പ്
വേവിച്ച മട്ടണ്‍ ഖീമ ഒരു കപ്പ്
അരിഞ്ഞ കറിവേപ്പില രണ്ട് ടേബിള്‍സ്പൂണ്‍
അരിഞ്ഞ പച്ചമുളക് രണ്ട് ടേബിള്‍സ്പൂണ്‍
അരിഞ്ഞ വെളുത്തുള്ളി അര ടീസ്പൂണ്‍
അരിഞ്ഞ ഇഞ്ചി അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ആദ്യം സമോസ കവറിങ്ങിനുള്ളത് തയ്യാറാക്കാം. മൈദയും എണ്ണയും ഉപ്പും, ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക.മാവ് ആറ് സമഭാഗങ്ങളായി മാറ്റുക. ഓരോ ഉരുളയും ഓവല്‍ ആകൃതിയില്‍ പരത്തുക. ഇനി ഫില്ലിങ്ങിനായി, എണ്ണ ചൂടാക്കി സവാള നന്നായി വഴറ്റുക. മറ്റു ചേരുവകള്‍ ചേര്‍ക്കുക. അഞ്ച് മിനുട്ട് ചെറുതീയില്‍ അടച്ച് വേവിക്കുക. അടുപ്പില്‍ നിന്ന് മാറ്റി, കൂട്ട് 12 സമഭാഗങ്ങളാക്കി വെക്കുക. കവറിങ്ങിനായി പരത്തിയതിന്റെ നടുവില്‍ വെച്ച് രണ്ട് ഭാഗമാക്കുക. നടുവില്‍ മസാലക്കൂട്ട് വെച്ച് പണസഞ്ചിയുടെ രൂപത്തിലാക്കുക. അരികുകള്‍ കുറച്ച് വെള്ളം ഉപയോഗിച്ച് അമര്‍ത്തിയെടുക്കുക. ഓരോ സമോസകളും ഇങ്ങനെ ഉണ്ടാക്കുക. എണ്ണ ചൂടാക്കി, ചെറുതീയില്‍ ഡീപ്‌ഫ്രൈ ചെയ്യുക. സ്വര്‍ണ്ണനിറമാവുമ്പോള്‍ കോരി എണ്ണ വാര്‍ത്തെടുക്കുക.

ട്രോപ്പിക്കല്‍ കേരളാ ഫ്രൂ്ട്ട് സാലഡ്

മാങ്ങ കഷണങ്ങള്‍ രണ്ട്
ചക്കച്ചുള കഷണങ്ങള്‍ എട്ട്
പപ്പായ കഷണങ്ങള്‍ ഒന്ന്
കാന്താരി അരിഞ്ഞത് ആറ് എണ്ണം
ചെറുനാരങ്ങാനീര് രണ്ട് എണ്ണത്തിന്റേത്
കറിവേപ്പില രണ്ട് കതിര്‍പ്പ്
തേന്‍ ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പഴക്കഷ്ണങ്ങളിലേക്ക് നാരങ്ങാനീരും കറിവേപ്പിലയും ഉപ്പും കാന്താരി മുളകും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തേന്‍ മുകളിലൊഴിച്ച് ഉടനെ വിളമ്പുക.