MATHRUBHUMI RSS
Loading...
കറുമുറെ കറുമുറെ സ്വാദ്‌

ഉണക്കിയ മാങ്ങ അച്ചാര്‍

വിളഞ്ഞ പച്ചമാങ്ങ രണ്ടു കിലോഗ്രാം
ഉപ്പ് 150-200 ഗ്രാം
മുളകുപൊടി നാല് ടേബിള്‍സ്പൂണ്‍
ഉലുവ വറുത്തുപൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍
കടുക് വറുത്തു പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍
കായം ഒരു ടീസ്പൂണ്‍
എള്ളെണ്ണ നാല് ടേബിള്‍സ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില എട്ട് തണ്ട്

മാങ്ങ കഴുകി തുടച്ച് വലിയ കഷണങ്ങളായി മുറിച്ച് (ഒരു വിരല്‍ കനത്തില്‍ രണ്ട് ഇഞ്ച് നീളത്തില്‍) ഇതില്‍ ഉപ്പ് ചേര്‍ത്ത് യോജിപ്പിക്കുക. മൂന്നുദിവസം വെക്കുക. കഷണങ്ങള്‍ ഊറ്റിയെടുത്ത് പ്ലാസ്റ്റിക് ഷീറ്റില്‍ ഇട്ട് വെയിലില്‍ വെച്ച് ഉണക്കുക. ഊറ്റിയ വെള്ളവും വെയിലില്‍ വെച്ച് ഉണക്കണം. നാലോ അഞ്ചോ ദിവസം ഉണങ്ങുമ്പോഴേക്കും മാങ്ങ കഷണങ്ങള്‍ ഒടിച്ചാല്‍ ഒടിയുന്ന പാകമാകും. ഉപ്പുവെള്ളവും വറ്റിയിരിക്കും. ഇതിലേക്ക് എല്ലാ പൊടികളും മാങ്ങാ കഷണങ്ങളും ചേര്‍ത്ത് ഇളക്കി വെക്കുക. എണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് മാങ്ങയിലേക്ക് ഒഴിച്ച് ഇളക്കുക. രണ്ടോ മൂന്നോ ദിവസംകൂടി വെച്ച് മസാല കഷണങ്ങളില്‍ പിടിച്ച ശേഷം വെയിലില്‍ വെച്ച് ഉണക്കണം. മാങ്ങാകഷണങ്ങളില്‍ മസാല പിടിക്കുന്നതുവരെ ഉണക്കിയെടുത്ത് കുപ്പിയിലിട്ട് സൂക്ഷിക്കാം (ഒരുവര്‍ഷംവരെ കേടുകൂടാതെയിരിക്കും).

ഉണക്കച്ചെമ്മീന്‍ പൊരിച്ച കറി

ഉണക്കച്ചെമ്മീന്‍ ഒരു കപ്പ് (100 ഗ്രാം)
തക്കാളി പൊടിയായി മുറിച്ചത് മൂന്ന്
സവാള (പൊടിയായി) ഒന്ന്
പച്ചമുളക് (പൊടിയാക്കിയത്) മൂന്ന്
പുളി കുറച്ച്
മുളകുപൊടി രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി നാല് അല്ലി
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
(ഇവ അരച്ചെടുക്കുക)
തേങ്ങ അര കപ്പ്
പെരുംജീരകം അര ടീസ്പൂണ്‍
വെളുത്തുള്ളി രണ്ട് അല്ലി
(മയത്തില്‍ അരച്ചെടുക്കുക)
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില നാല് കതിര്‍
കടുക് അര ടീസ്പൂണ്‍
ഉലുവ ഒരു ടീസ്പൂണ്‍

ഉണക്കച്ചെമ്മീന്‍ നന്നായി കഴുകി, അരമണിക്കൂര്‍ ചെറുചൂടുവെള്ളത്തില്‍ കുതിര്‍ക്കുക. ഊറ്റി അരച്ച മുളകുമസാല കുറച്ച് ചേര്‍ക്കുക. അര മണിക്കൂര്‍ വെക്കണം. എണ്ണ ചൂടാവുമ്പോള്‍ ചെമ്മീന്‍ പൊരിച്ചെടുക്കുക. ബാക്കി എണ്ണ രണ്ട് ടേബിള്‍സ്പൂണ്‍ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില ഇട്ട് പൊട്ടിച്ച് സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. 'ഇതിലേക്ക് ബാക്കിയുള്ള മുളകുമസാല ചേര്‍ത്ത് വാസന വരുമ്പോള്‍ തക്കാളിയും ചേര്‍ത്ത് വഴറ്റണം. പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ഒഴിച്ച് ഇളക്കുക. തിളയ്ക്കുമ്പോള്‍ പൊരിച്ച ചെമ്മീന്‍ ചേര്‍ക്കാം. ചെമ്മീന്‍ വെന്താല്‍ അരച്ച തേങ്ങ ഒഴിച്ച് തിളപ്പിക്കുക.

അരിശി വറ്റല്‍

വറുത്ത പച്ചരിപ്പൊടി (പത്തിരിപ്പൊടി) ഒരു കപ്പ്
മുളകുപൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍
എള്ള് ഒരു സ്പൂണ്‍
ഉപ്പ് പാകത്തിന്
വെള്ളം രണ്ട് കപ്പ്

വെള്ളം ഉപ്പുചേര്‍ത്ത് തിളപ്പിക്കുക. അരിപ്പൊടി ഒരു വലിയ പാത്രത്തിലിട്ട് മുളകുപൊടി, ജീരകപ്പൊടി, ഉപ്പ്, എന്നിവ ചേര്‍ത്തശേഷം തിളച്ച വെള്ളം കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് കട്ടയില്ലാത്ത പരുവത്തിലാക്കണം (മുറുക്കു മാവ് പോലെ). പോളിത്തീന്‍ കഷണത്തില്‍ എണ്ണ പുരട്ടി മുറത്തില്‍ വെക്കുക. മുറുക്കിന്റെ അച്ചില്‍ കുറേശ്ശെ മാവിട്ട് പോളിത്തീന്‍ ഷീറ്റിലേക്ക് 3-4 ഇഞ്ച് നീളത്തില്‍ പിഴിയുക. കുറേശ്ശെ ഇടവിട്ട് മാവ് തീരുന്നതുവരെ പിഴിഞ്ഞ് വെയിലില്‍ വെച്ച് ഉണക്കണം. വൈകുന്നേരം അടര്‍ത്തിയെടുത്ത് വീണ്ടും രണ്ടുദിവസം കൂടി നന്നായി ഉണക്കി വെക്കുക. ആവശ്യമുള്ളപ്പോള്‍ എണ്ണയില്‍ ഇട്ട് വറുത്ത് ഉപയോഗിക്കാം. ഇതേ മാവുതന്നെ വട്ടത്തില്‍ പപ്പടംപോലെ പരത്തി ഉണക്കിയും ഉണ്ടാക്കാം.

ചക്ക പപ്പടം

മൂത്ത് ചുവന്നുവരുന്ന ചക്കച്ചുള ഒരു കിലോഗ്രാം
എള്ള് രണ്ട് സ്പൂണ്‍
ജീരകം രണ്ട് സ്പൂണ്‍
കുരുമുളകുപൊടി രണ്ട് സ്പൂണ്‍
ഉപ്പ് പാകത്തിന്

ചക്കച്ചുള ആവിയില്‍ വേവിച്ചെടുക്കുക. അതിനുശേഷം മിക്‌സിയിലിട്ട് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, ജീരകം, എള്ള് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് ഉരുട്ടിയെടുക്കുക. ഇത് ചെറിയ ഉരുളകളായി ഉരുട്ടി പോളിത്തീന്‍ പേപ്പറില്‍ വെച്ച് ചെറിയ പപ്പടങ്ങളായി വട്ടത്തില്‍ പരത്തുക. ഇത് വെയിലില്‍ വെച്ച് ഉണക്കുക. രണ്ടോ മൂന്നോ ദിവസം ഉണങ്ങിയ ശേഷം ടിന്നില്‍ ഇട്ട് സൂക്ഷിക്കാം. ആവശ്യാനുസരണം എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

ചേന കൊണ്ടാട്ടം

പൊടിയുള്ളതരം ചേന അര കിലോ
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
ഉപ്പ്, മുളകുപൊടി ആവശ്യത്തിന്

ചേന തൊലി കളഞ്ഞ് കഴുകി കനം കുറച്ച് രണ്ട് ഇഞ്ച് ചതുരക്കഷണങ്ങളായി മുറിക്കുക. രണ്ടു കപ്പ് വെള്ളത്തില്‍ മഞ്ഞള്‍ കലക്കി അതിലേക്ക് ചേനക്കഷണങ്ങള്‍ ഇട്ട് അരമണിക്കൂര്‍ വെക്കുക. അതിനുശേഷം കഴുകിയെടുത്ത് വെള്ളം വാലാന്‍ വെക്കുക. പിന്നീട് പായയിലോ മുറത്തിലോ ഇട്ട് ഉണക്കുക. രണ്ടുദിവസം ഉണങ്ങിയശേഷം ടിന്നിലിട്ട് സൂക്ഷിക്കാം. ആവശ്യാനുസരണം എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കാം.

പച്ചമുളക് കൊണ്ടാട്ടം

എരിവ് അധികം ഇല്ലാത്ത
ഉരുണ്ടതരം പച്ചമുളക് അര കിലോഗ്രാം
തൈര് ഒരു കപ്പ്
ഉപ്പ് പാകത്തിന്

പച്ചമുളക് ഞെട്ടോടെ കൂടെ കഴുകി എടുത്ത് ആവിയില്‍അഞ്ച് മിനിറ്റ് വെച്ച് വേവിച്ചെടുക്കുക. അതിനുശേഷം വെള്ളം നന്നായി തുടച്ച് മുളകിന്റെ അറ്റം വിടര്‍ത്താതെ കീറി വെക്കണം.

തൈര് കട്ട ഉടച്ച് ഉപ്പു ചേര്‍ത്ത് പച്ചമുളക് അതിലിട്ടുവെക്കുക. ഒരുദിവസം മുഴുവനും ഇങ്ങനെ വെക്കുക. പിന്നീട് തൈരില്‍നിന്ന് ഊറ്റിയെടുത്ത് മുറത്തില്‍ വിടര്‍ത്തി ഇട്ട് ഉണക്കുക. ഊറ്റിയ തൈരും വെയിലത്ത് വെക്കുക. വൈകുന്നേരം മുളക് എടുത്ത് വീണ്ടും തൈരില്‍ ഇട്ടുവെക്കണം. പിറ്റേ ദിവസവും ഇതേപോലെ ആവര്‍ത്തിക്കുക. തൈര് മുഴുവനും മുളകില്‍ പിടിക്കുന്നതുവരെ ഇതുപോലെ ചെയ്യുക. അതിനുശേഷം രണ്ടോ മൂന്നോ ദിവസം മുളക് നന്നായി ഉണക്കിയെടുത്ത് സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം. ഇങ്ങനെ പാകപ്പെടുത്തിയ മുളക്, ഇടയ്ക്ക് വെയില്‍ കൊള്ളിച്ചാല്‍ കേടാകാതെ കുറെ നാള്‍ ഇരിക്കും.

സാബൂനരി പപ്പടം

സാബൂനരി ഒരു കപ്പ്
നാരങ്ങാനീര് നാരങ്ങയുടെ പകുതി
പച്ചമുളക് ആറെണ്ണം
ജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില കുറച്ച്

സാബൂനരി കഴുകി രണ്ടു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് രാത്രി മുഴുവനും വെക്കുക. പിറ്റേദിവസം രാവിലെ മിക്‌സിയിലിട്ട് ചെറുതായി അരച്ചെടുക്കുക. പച്ചമുളകും കറിവേപ്പിലയും ജീ രകവും നാരങ്ങാനീരും ഉപ്പും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് അടുപ്പത്തുവെച്ച് തുടരെ ഇളക്കി, കുറുകിവരുമ്പോള്‍ വീണ്ടും രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് കുറുക്കണം. സാബൂനരി വെന്തു കുറുകിയ പരുവത്തിലാകുമ്പോള്‍ ഇറക്കുക. ഒരു പായയില്‍ അല്ലെങ്കില്‍ അലൂമിനിയം ട്രേയില്‍ വെയിലത്തു വെച്ച് ഒരു നേരിയ തുണിക്കഷണം നനച്ച് വിരിക്കുക. ഇതിലേക്ക് ഒരോ വലിയ സ്പൂണ്‍ സാബൂനരി മിശ്രിതം ഒഴിക്കുക. ഇങ്ങനെ വിട്ട് വിട്ട് മുഴുവനും ഒഴിക്കുക. നല്ല വെയിലുണ്ടെങ്കില്‍ വൈകുന്നേരമാവുമ്പോഴേക്കും ഒരുവിധം ഉണങ്ങിയിരിക്കും. ഇത് തുണിയോടെ എടുത്ത്, തുണിയുടെ മറുവശം നന്നായി വെള്ളം കുടഞ്ഞ് ഉണങ്ങിയ പപ്പടം ഇളക്കി അടര്‍ത്തിയെടുക്കണം. ഇങ്ങനെ എല്ലാം അടര്‍ത്തിയെടുത്ത് മുറത്തില്‍ ഇട്ടുവെക്കുക. പിറ്റേദിവസം വീണ്ടും മുറത്തോടെ എടുത്ത് വെയിലില്‍ വെച്ച് ഉണക്കുക. ഇങ്ങനെ രണ്ടോ മൂന്നോ ദിവസം ഉണങ്ങുമ്പോഴേക്കും പപ്പടം നന്നായി ഉണങ്ങി പൊട്ടുന്ന പാകമാകും. പപ്പട ടിന്നില്‍ ഇട്ട് സൂക്ഷിച്ചുവെക്കാം. ആവശ്യമുള്ളപ്പോള്‍ എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കാം.