MATHRUBHUMI RSS
Loading...
തീനും കുടിയും... പിന്നെ ഷോപ്പിങും
മധു.കെ.മേനോന്‍


സിംഗപ്പൂരിലെ ചൈനാ ടൗണ്‍ സിനിമയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമാണെന്ന് കരുതിയിരുന്നില്ല. ചൈനക്കാര്‍ കൂടുതല്‍ ഉള്ളതുകൊണ്ടാണ് നഗരത്തിന് ഈ പേരുവീണത്. പക്ഷേ, ചൈനക്കാര്‍ക്ക് ഈ പേരിഷ്ടമല്ല. അവര്‍ക്ക് ഈ നഗരം നിയു ഷെ ഷൂയി ആണ്.
കമ്യൂണിസ്റ്റ് ചൈനയുടെ ചെറുപതിപ്പാണ് നഗരമെന്ന് പറയുന്നതില്‍ തെറ്റില്ല. പൂര്‍ണമായും ചുവപ്പില്‍ മുങ്ങിനില്‍ക്കുന്നു. കെട്ടിടങ്ങള്‍ക്കെല്ലാം ചുവപ്പുനിറം. കൊടിതോരണങ്ങളും ദീപാലങ്കാരങ്ങളുംകൊണ്ട് നഗരമാകെ ചുവചുവപ്പ്.

ഏതു സമയത്തും ജനങ്ങള്‍ ഒഴുകുന്ന തെരുവുകള്‍. ആഘോഷിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ആരും നഷ്ടമാക്കാറില്ല. തീനും കുടിയും ഷോപ്പിങ്ങുമില്ലാതെ എന്തു ജീവിതം എന്നാണവര്‍ ചോദിക്കുന്നത്. 'ചൈനീസ് ന്യൂ ഇയര്‍ ആഘോഷമാണ് നഗരത്തിലെ പ്രധാന ഉത്സവം. കഴിഞ്ഞ ന്യൂ ഇയര്‍ ആഘോഷത്തിന് ഒരു കോടി ഡോളറാണ് ചൈനക്കാര്‍ പൊടിച്ചത്', സിംഗപ്പൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ആദിത്യന്‍ പറഞ്ഞു.

സ്മിത്ത് സ്ട്രീറ്റിലേക്ക് കയറിയപ്പോള്‍ വലിയൊരു ആള്‍ക്കൂട്ടം എതിര്‍ദിശയില്‍നിന്ന് ഒഴുകിവരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയുമൊക്കെയാണ് വരവ്.

മുന്നിലെ നിരയിലുള്ളവര്‍ വര്‍ണക്കുടകളും കൊടി ക്കൂറകളും പിടിച്ചിട്ടുണ്ട്. ഇതെന്താ, പള്ളിപ്പെരുന്നാളോ? അതോ പൊതുനിരത്തില്‍ പ്രകടനങ്ങളും പ്രതിഷേധസമരങ്ങളും നിരോധിച്ച 'ശുംഭന്‍'മാരുടെ നാട്ടില്‍ വിപ്ലവം തുടങ്ങിയതോ?

സംശയിച്ചുനില്‍ക്കെ ഘോഷയാത്ര അടുത്തെത്തി. ഒരു വിലാപയാത്രയായിരുന്നു അത്. ശവമഞ്ചത്തിനു പിറകിലായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മരിച്ചയാളിന്റെ ബന്ധുക്കള്‍.

മരണാനന്തര ചടങ്ങിന് വന്നവരെല്ലാം മോതിരവിരലില്‍ ഒരു നൂലു ചുറ്റിയിട്ടുണ്ട്. ശവസംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുംമുമ്പ് ഈ നൂല് ഊരിക്കളയണം. അതോടെ ആത്മാവ് വീടിനു പുറത്താകും. ഊരിക്കളയാന്‍ മറന്നാല്‍ വീട് ഭൂതപ്രേത പിശാചുകളുടെ വിളയാട്ടഭൂമിയാകുമേ്രത. മനുഷ്യന്‍ മരിച്ചാലും ആത്മാവ് വീടുവിട്ട് പോകുന്നില്ല എന്ന് കരുതുന്ന 'കമ്യൂണിസ്റ്റ്' അന്ധവിശ്വാസം!

സംഗതി വിലാപയാത്രയാണെങ്കിലും അതിലുമുണ്ട് ചൈനക്കാരന്റെ ആഘോഷമനസ്സ്. ഒരു ലക്ഷം ഡോളര്‍ വരെയാണേ്രത ശവഘോഷയാത്രയ്ക്കുള്ള ചെലവ്. പക്ഷേ, മരിച്ചയാളിന്റെ വീട്ടുകാര്‍ പേടിക്കേണ്ട. അതൊക്കെ മരണവീട് സന്ദര്‍ശിക്കാനെത്തുന്നവര്‍ സംഭാവനയായി കൊടുക്കും.

ഒറ്റക്കാഴ്ചയില്‍ ചൈനാടൗണ്‍ ഒരു വലിയ ഹോട്ടലിന്റെ ഉള്‍വശംപോലെ തോന്നി. നമ്മുടെ നാട്ടിലെ കല്യാണ ഓഡിറ്റോറിയത്തിന്റെയത്ര വലുപ്പമുണ്ട് കടകള്‍ക്ക്. എന്നിട്ടും ആളുകളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. കടകള്‍ പുറത്ത് റോഡിലേക്കും ഇറക്കിക്കെട്ടിയിട്ടുണ്ട്. സന്ധ്യ മയങ്ങിയാല്‍ തെരുവിലെ മിക്ക ഊടുവഴികളിലും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പിന്നെ, ഈ റോഡുകളെല്ലാം കസേരയും മേശയും ഇറക്കിയിട്ട് ഫുഡ് കോര്‍ട്ടുകളായി രൂപം മാറും.

പഗോഡ സ്ട്രീറ്റിലെ ഒരു ഭാഗം മുഴുവന്‍ ചൈനീസ് സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടകളാണ്. ഓരോ കടകള്‍ക്ക് മുന്നിലും മൂന്നും നാലും വര്‍ഷം പഴക്കമുള്ള പകുതിയുണക്കിയ പന്നിയിറച്ചി തൂക്കിയിട്ടിരിക്കുന്നു. ഒരു പ്രത്യേക മണം. ''മലയാളികള്‍ക്ക് ഈ മണം പിടിക്കില്ല. എങ്കിലും ചൈനക്കാര്‍ക്ക് മുന്നില്‍വെച്ച് ഈ ഇഷ്ടക്കേട് കാണിക്കരുത് കേട്ടോ. അവര്‍ക്ക് ദേഷ്യം വരും'', ആദിത്യന്‍ ഓര്‍മപ്പെടുത്തി.
ചൈനാ ടൗണില്‍ കൂടുതലും 'ബക്‌വ' വില്‍ക്കുന്ന കടകളാണ്. ബക്‌വ ചൈനക്കാരുടെ വിശേഷപ്പെട്ട വിഭവമാണ്. പന്നിയിറച്ചി നേരിയ സ്ലൈസാക്കി ഉപ്പും പഞ്ചസാരയും സോയാസോസും ചേര്‍ത്ത മിശ്രിതത്തില്‍ മുക്കിയെടുത്ത് 50 ഡിഗ്രി ചൂടില്‍ ചുട്ടെടുക്കും- അവനാണിവന്‍. ആള് പ്യുവര്‍ ചൈനക്കാരനാണെങ്കിലും രുചി ഞങ്ങള്‍ക്ക് ഇഷ്ടമായി.

രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന പത്തിലേറെ നിശാക്ലബ്ബുകള്‍ ഉണ്ട് ചൈനാ ടൗണില്‍. അവിടേക്ക് പെണ്‍കുട്ടികളെയും കൊണ്ടേ പോകാനാവൂ. കൂടെ വരാന്‍ കാമുകിമാരില്ലെങ്കില്‍ കവാടത്തില്‍ നിരന്നിരിക്കുന്ന ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കാം. ക്ലബ്ബില്‍ ചെലവഴിക്കുന്ന പണത്തിനൊപ്പം പെണ്ണിന്റെ പൈസകൂടി അധികം നല്‍കണം എന്നുമാത്രം.

''ഇങ്ങനെ വരുന്ന പെണ്‍കുട്ടികളിലധികവും നല്ല 'കുടിയ ത്തി'കളുമായിരിക്കും. അവര്‍ കുടിച്ചതിന്റെ ബില്ലടയ്ക്കാന്‍ തന്നെ 50 ഡോളറിലധികം ചെലവാകും', പബ്ബില്‍ വെച്ചു കണ്ട തമിഴന്‍ സൂര്യ പമ്മിക്കൊണ്ട് പറഞ്ഞു.

ടാന്‍ജോങ് പാഗറിനടുത്തുള്ള ട്രാഡ് തെരുവിലാണ് 'ഒബാമാസ് പബ്'. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെ പേരില്‍ സിംഗപ്പൂരില്‍ പബ്ബോ!

പക്ഷേ, ഒബാമയ്ക്ക് പബ്ബുമായി യാതൊരു ബന്ധവുമില്ല. ഐറിഷുകാര്‍ നടത്തുന്ന പബ്ബാണിത്. ഒബാമയോടുള്ള ആരാധന മൂത്തപ്പോള്‍ ഉടമ പബ്ബിന് ആ പേരുതന്നെയിട്ടു.

'ഹാപ്പിഡേ' ആയി ആഘോഷിക്കുന്ന വ്യാഴാഴ്ച രാത്രിയിലാണ് ഞങ്ങള്‍ പബ്ബിലെത്തിയത്. സൂചി വീഴാനുള്ള സ്ഥലം പോലുമില്ല ഇതിനകത്ത്. എന്തിനാണ് 'ഹാപ്പിഡേ' ആഘോഷം? മറുപടി പറഞ്ഞത് ഹോട്ടല്‍ ഡി.ജെ. ഐറ, ''നാളെ വെള്ളിയാഴ്ചയാണ് എന്ന സന്തോഷമാണ് ഇന്നത്തെ ആഘോഷത്തിന് കാരണം. വെള്ളി, ശനി, ഞായര്‍ സെലിബ്രേഷന്‍ ഡേകളാണ്. തിങ്കളാഴ്ച ഹാങ് ഓവര്‍ ഡേ. ചുരുക്കിപ്പറഞ്ഞാല്‍ എന്നും ആഘോഷംതന്നെ!'', ഐറ ചിരിച്ചു. ഈ ആഗോളീകരണ ലോകത്തിന്റെ ഒരു കാര്യം!

തീറ്റക്കൊതിയന്‍മാരെ ഇതിലേ ഇതിലേ...

സെറാങ്ഗൂണ്‍ ഗാര്‍ഡന്‍ ഹോക്കര്‍ സെന്റര്‍. തീറ്റക്കൊതിയന്‍മാരുടെ സൂപ്പര്‍ മാര്‍ക്കറ്റാണിത്.


മിനി ഏഷ്യാ ഇന്‍ എ പ്ലേറ്റ്', ഹോക്കര്‍ സെന്ററിന്റെ പരസ്യവാചകം കവാടത്തില്‍ എഴുതിയിരിക്കുന്നു. ചൈനീസ്, തായ്, മലയ, കൊറിയന്‍, വിയറ്റ്‌നാമീസ്, ഫിലിപ്പീന്‍സ്, പഞ്ചാബി... തുടങ്ങി നമ്മുടെ മലബാര്‍ ഭക്ഷണംവരെ തീന്‍മേശകളില്‍ നിറയുന്നു.

ഭക്ഷണം കഴിക്കുന്നതിലും വിരുന്നുസത്കാരത്തിലും സിംഗപ്പൂര്‍ക്കാരെ കഴിഞ്ഞേ മറ്റാരുമുള്ളൂ. ഭക്ഷണത്തിന് മുന്നില്‍ മുതലാളിയേയും തൊഴിലാളിയേയും വേര്‍തിരിച്ചറിയാന്‍ പോ ലും പറ്റുന്നില്ല. ''പ്രധാനമന്ത്രി ലീ സീന്‍ ലുങ് സാധാരണക്കാര്‍ക്കൊപ്പം തുറന്നഭക്ഷണശാലയിലിരുന്ന് 'ലക്‌സ'യും 'മീ'യും കഴിക്കാന്‍ ഇവിടെ വരാറുണ്ട്'', ഹോട്ടല്‍ ജീവനക്കാരന്‍ മുഹമ്മദ് ഹനീഫയുടെ ആവേശം.

മലയക്കാരനാണ് ഹനീഫ. 75 വയസ്സായി. ആവുന്ന കാലത്തോളം ജോലിചെയ്ത് മക്കളെനോക്കി. പറഞ്ഞിട്ടെന്താ, പ്രായമായപ്പോള്‍ മക്കള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പക്ഷേ, അതു പറഞ്ഞ് കേസുകൊടുക്കാനൊന്നും ഇവിടെ നിയമമില്ല. മരിക്കുന്നതുവരെ ജോലിക്കു പോയാലെ സിംഗപ്പൂരില്‍ ജീവിക്കാന്‍ പറ്റൂ. സബ്‌സിഡി, പെന്‍ഷന്‍, സൗജന്യ ചികിത്സ, സംവരണം എന്നൊക്കെ കേട്ടാല്‍ ഇവിടുത്തെ സര്‍ക്കാരിന് ഹാലിളകും.

ചോംപ് ചോംപ് ഫുഡ് സെന്ററില്‍ എത്തിയപ്പോള്‍ കോഴിക്കോട്ടെ 'പാരഗണ്‍' ഹോട്ടല്‍ ഓര്‍ത്തു. ഒരാള്‍ എണീറ്റാല്‍ ചാടിയിരിക്കാന്‍ റെഡിയായി കസേര പിടിച്ചു നില്‍ക്കുകയാണ് ആളുകള്‍. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തിന്നാനും കുടിക്കാനും മാത്രമാണോ!

പെട്ടെന്ന് ഹോട്ടലിലെ ചുവരില്‍ തൂക്കിയ ബോര്‍ഡിലേക്ക് ശ്രദ്ധ പോയി, ''നിങ്ങളുടെ സീറ്റ് ഒഴിയുന്നതും കാത്ത് പിറകെ ആളുകള്‍ നില്‍പ്പുണ്ട്. ക്ഷമിക്കുക, നിങ്ങള്‍ക്ക് ആസ്വദിച്ച് കഴിക്കണമെന്നുണ്ടെങ്കില്‍ ഓഫ് പീക്ക് സമയം ഉപയോഗപ്പെടുത്തുക.'' 'അധികനേരം വെടിപറഞ്ഞിരുന്ന് സമയം കളയാതെ ഭക്ഷണം കഴിച്ച് എണീറ്റ് പോടാ' എന്ന് പറയാതെ പറയുന്ന മഹാമനസ്‌കത!

എന്ത് ഓര്‍ഡര്‍ ചെയ്യണമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനൊന്നും ഉണ്ടായിരുന്നില്ല. 'ലക്‌സ'യെക്കുറിച്ച് മുന്‍പേ മനസ്സിലാക്കിയിരുന്നു. അതിന്റെ രുചിയറിഞ്ഞിട്ടുതന്നെ കാര്യം. ഓര്‍ഡര്‍ കൊടുത്തു. പലതരം ചേരുവകള്‍ 'ലക്‌സ'യ്ക്കായി ഉപയോഗിക്കുന്നുണ്ട്. നമുക്കു വേണ്ട ലക്‌സയില്‍ എന്തൊക്കെ ചേര്‍ക്കണമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.

പലതരത്തിലുള്ള പച്ചക്കറികള്‍ നിരത്തിവെച്ചിരിക്കുന്നു. ഏത് പറയും? കൂട്ടത്തില്‍ ചീരയിരിക്കുന്നതു കണ്ടു. ഞാനൊരു കെട്ട് ചീരയെടുത്തു. പിന്നെയൊരു ബ്രൊക്കോളി, ഒരു പുഴുങ്ങിയ മുട്ട എന്നിവയും. അന്ധാളിപ്പ് കണ്ട് ഒരു കഷണം തോഫുസോസ് (സോയാബീന്‍ മില്‍ക്കില്‍നിന്ന് ഉണ്ടാകുന്ന പനീര്‍ പോലെയുള്ള സാധനം) കടക്കാരന്‍ തന്നെ എടുത്തുവെച്ചു. നീളന്‍മീശ തടവിക്കൊണ്ട് അയാള്‍ ചോദിച്ചു, ''യൂ നീഡ് യെല്ലോ നൂഡില്‍ ഓര്‍ വൈറ്റ് നൂഡില്‍?' 'യെല്ലോ നൂഡില്‍', ഞാന്‍ കണ്ണടച്ചു കാച്ചി.

കുറച്ചുനേരത്തെ കാത്തിരിപ്പ്. തീന്‍ മേശയിലേക്ക് ആവിപറക്കുന്ന 'ലെക്‌സാ യോങ് താഫൂ' എത്തി. ചോപ്പ് സ്റ്റിക്ക് കൊണ്ട് കോരി കഴിച്ചു. അേേരേ... വ്വാ... ഈ നിമിഷംതൊട്ട് ഞങ്ങളും ലക്‌സയുടെ ആരാധകരായി.

''മറ്റ് രാജ്യക്കാര്‍ പരിചയപ്പെടുത്തും, സിംഗപ്പൂര്‍ അത് ഏറ്റെടുക്കും. സിംഗപ്പൂരിന് തനത് രുചിയെന്നു പറയാന്‍ ഒന്നുമില്ല'', ചോംപ് ചോംപ് ഫുഡ് സെന്ററിലെ ചീഫ് ഷെഫ് കൃഷ്ണകുമാര്‍ പറഞ്ഞു.

'ലക്‌സ'(നൂഡില്‍ കറി സൂപ്പ്) ജനിച്ചത് ഫിലിപ്പീന്‍സിലാണ്. പക്ഷേ, അതാണ് സിംഗപ്പൂരിന്റെ ഔദ്യോഗിക ഭക്ഷണം. മലയക്കാരുടെ സംഭാവനയാണ് 'സാത്തെ' (ബാര്‍ബെക്യു ചെയ്‌തെടുക്കുന്ന ചിക്കന്‍ വിഭവം), പക്ഷേ, അത് ചൈനക്കാരും ഇന്ത്യക്കാരുമാണ് ഹൃദയത്തിലേറ്റിയത്.

'മീ'(നൂഡില്‍ റൈസും ഗ്രേവിയും) ചൈനക്കാരുടെ കൈപ്പുണ്യമാണ്. സിംഗപ്പൂരില്‍ വിവാഹസല്‍ക്കാരത്തിന്് 'മീ' നിര്‍ബന്ധമാണിപ്പോള്‍.

കോഴി ബിരിയാണിയില്‍ വഴുതിവീണ സിംഗപ്പൂര്‍

''മലബാറുകാര്‍ അന്യനാടുകളിലേക്ക് തൊഴിലന്വേഷിച്ച് പോകാന്‍ തുടങ്ങിയ കാലം. അന്നൊന്നും ഗള്‍ഫിനെക്കുറിച്ച് ആരും കേട്ടിട്ടില്ല. സിലോണും മലേഷ്യയും സിംഗപ്പൂരുമൊക്കെയാണ് സ്വപ്‌നഭൂമി. വാപ്പ നേരത്തെ മരിച്ചതുകൊണ്ട് കുടുംബത്തിന്റെ ചുമതല എന്റെ ചുമലിലായിരുന്നു. ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. നാട്ടില്‍ നിന്നിട്ടു കാര്യമില്ല. ബന്ധുക്കളില്‍ ചിലര്‍ സിംഗപ്പൂരില്‍ കച്ചവടത്തിനായി പോയവരുണ്ട്. അവര്‍ അവിടേക്ക് ക്ഷണിച്ചു'', 60 വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് ജോലിതേടിയെത്തിയ ഓര്‍മകളില്‍ കാസര്‍കോട് തൃക്കരിപ്പൂരുകാരന്‍ എ.ബി. മുഹമ്മദ്.


വിസയും പാസ്‌പോര്‍ട്ടുമൊന്നുമില്ല. ഇന്ത്യന്‍ ആഭ്യന്തരവകുപ്പ് സീലടിച്ച് നല്‍കിയ ഒരു തുണ്ട് കടലാസ്, അതായിരുന്നു ഏക യാത്രാ രേഖ. മദിരാശിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് 30 രൂപയായിരുന്നു കപ്പല്‍ ചാര്‍ജ്.

12 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ കരയില്‍ നിന്ന് ഏറെ അകലെ കപ്പല്‍ നങ്കൂരമിട്ടു. പിന്നെ ആടിയുലയുന്ന തോണിയില്‍ പേടിച്ച് പേടിച്ച്... 'കോറന്റിന്‍' എന്നൊരു ദ്വീപിലാണ് ആദ്യം എത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമൊക്കെ ജോലിതേടി വന്നവരായിരുന്നു എല്ലാവരും.

മൂന്നു നാള്‍ ആ ദ്വീപില്‍ തങ്ങി. നാലാം ദിവസമാണ് സിംഗപ്പൂരിനെ കണ്‍തുറന്ന് കാണുന്നത്. നിറയെ കാടുപിടിച്ച പ്രദേശം. ചുറ്റും ചളിക്കുണ്ട്. കുറെ ഭാഗം റബ്ബര്‍ മരങ്ങള്‍. ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങള്‍. കേരളത്തിന്റെ ഉള്‍നാടുകളില്‍ പോലും ഇത്രയും അവികസിതമായ സ്ഥലം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. വെള്ളപ്പൊക്കത്തെ ഭയന്ന് നാലുകാലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഓലമേഞ്ഞ വീടുകളായിരുന്നു എല്ലാം.

കപ്പല്‍ ദിശയറിയാതെ മറ്റേതോരാജ്യത്താണോ എത്തിയത് എന്ന് സംശയിച്ചു. സിംഗപ്പൂരിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന ധാരണ ഇതൊന്നുമായിരുന്നില്ല. തിരിച്ച് നാട്ടിലേക്കു തന്നെ മടങ്ങിയാലോ എന്നാലോചിച്ചു. പക്ഷേ, തിരിച്ച് പോയിട്ട് എന്തു ചെയ്യാന്‍?

ആദ്യം ഒരു റേഷന്‍ കടയില്‍ സഹായിയായി. പിന്നെ സ്വന്തമായി കട തുടങ്ങി. 1970-കളായപ്പോഴേക്കും രാജ്യം വികസിക്കാന്‍ തുടങ്ങി. പ്രധാനമന്ത്രി ലീ ക്വന്‍ യൂവിന്റെ ഭരണമാണ് അതിനു സഹായിച്ചത്. സ്വര്‍ഗതുല്യമായ സുഖ സൗകര്യങ്ങളിലേക്ക് കണ്ണടച്ച് തുറക്കും മുമ്പ് രാജ്യം വളര്‍ന്നു. കഠിനമായ അച്ചടക്കവും അത്യധ്വാനവും നിയമം അനുസരിക്കാനുള്ള മനസ്സും... ഇതൊക്കെയായിരുന്നു രാജ്യത്തിന്റെ വിജയ രഹസ്യങ്ങള്‍.

രാജ്യത്തെ കുടിയേറ്റക്കാര്‍ക്ക് മുഴുവന്‍ പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഞാനും സിംഗപ്പൂര്‍ പൗരത്വമെടുത്തു. 1988ല്‍ സ്വന്തമായി ഭൂമി വാങ്ങി ലിറ്റില്‍ ഇന്ത്യയില്‍ ഒരു ഹോട്ടല്‍ തുടങ്ങി. മലബാര്‍ രുചിയിലുള്ള ഭക്ഷണമായിരുന്നു ഞങ്ങളുടെ സ്‌പെഷല്‍. പൊറോട്ടയും കോഴിബിരിയാണിയും സിംഗപ്പൂരുകാര്‍ക്ക് പരിചയപ്പെടുത്തി. ഇതിന് നല്ല സ്വീകരണമാണ് കിട്ടിയത്.

ലിറ്റില്‍ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടിടത്ത് 'എ.ബി. മുഹമ്മദ് റസ്റ്റോറന്റ്' പ്രവര്‍ത്തിക്കുന്നു. കൂടാതെ ട്രാവല്‍ ഏജന്‍സിയും. ഭാര്യ സുഹറ, ഇളയമകള്‍ സുമീറ, ഭര്‍ത്താവ് തന്‍വീര്‍ എന്നിവരും ബിസിനസ്സില്‍ സഹായിക്കാനുണ്ട്.

കഞ്ഞി, പയര്‍, കപ്പ... എല്ലാമുണ്ട് സാര്‍

സിംഗപ്പൂരിലെ പ്രധാന ഇംഗ്ലീഷ് പത്രമായ 'ദി സ്‌ട്രൈറ്റ് ടൈംസി'ല്‍ ബിന്ദു എന്ന മലയാളിസ്ത്രീയെക്കുറിച്ച് ഒരു വാര്‍ത്ത കണ്ടു. സിംഗപ്പൂരില്‍ കേരളീയ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ തുടങ്ങി വിജയിച്ച കഥയായിരുന്നു അത്. വാര്‍ത്തയിലെ വിലാസം അന്വേഷിച്ച് ലിറ്റില്‍ ഇന്ത്യയിലെ ചന്ദര്‍റോഡിലെത്തി.


'ബിന്ദൂസ് സ്വാദിഷ്ട് റെസ്റ്റോറന്റ്', ഭക്ഷണം കഴിക്കാനെത്തിയവരില്‍ മലയാളി, തമിഴ്, ചൈനീസ്, മലയ... എല്ലാവിഭാഗക്കാരുമുണ്ട്. 'എന്തൊക്കെയുണ്ട് കഴിക്കാന്‍', അടക്കിവെച്ച മലയാളം അറിയാതെ പുറത്തുചാടി. ''കഞ്ഞി, പയര്‍, കപ്പ, മീന്‍കറി, അപ്പം, ഇടിയപ്പം, ഇഡ്ഡലി, ദോശ, പുട്ട്, പൊറോട്ട...'', തമിഴന്‍ വെയ്റ്റര്‍ രുചിയുടെ വെടിക്കെട്ടിന് തിരികൊളുത്തി.

ഇല്ലാത്ത സാധനം ചോദിച്ച് വെറുപ്പിക്കുന്ന മലയാളി സ്വഭാവത്തോടെ ചോദിച്ചു, ''നെയ്പ്പത്തിരിയും ചിക്കന്‍ കറിയും വരട്ടെ'' 'ഓക്കെ. സര്‍', വെയ്റ്റര്‍ ഓര്‍ഡറെടുത്ത് മടങ്ങി.

കുറച്ചു കഴിഞ്ഞപ്പോള്‍ തനി കേരളീയ സ്റ്റൈലിലുള്ള പത്തിരിയും വറുത്തരച്ച ചിക്കന്‍കറിയും തീന്‍മേശയിലെത്തി. ബില്ല് കൊടുക്കുമ്പോള്‍ കാഷ് കൗണ്ടറില്‍ ഇരിക്കുന്ന ചേട്ടനോട് പതിഞ്ഞ ശബ്ദത്തില്‍ തിരക്കി, ''ബിന്ദുമാഡത്തെക്കുറിച്ച് പത്രത്തില്‍ വായിച്ചു. അവരെവിടെ?''. അയാള്‍ ഞങ്ങള്‍ക്ക് അടുക്കളിയിലേക്ക് വഴി കാണിച്ചു.

അവിടെ ഒരു ജാപ്പനീസ് കുക്കിന് മലബാര്‍ മീന്‍കറിവെക്കുന്ന വിധം പറഞ്ഞു കൊടുക്കുകയായിരുന്നു ബിന്ദു. കൂത്തുപറമ്പുകാരിയായ ബിന്ദു വിവാഹശേഷമാണ് സിംഗപ്പൂരിലെത്തുന്നത്. ഭര്‍ത്താവ് അനില്‍കുമാറിന് സിംഗപ്പൂരില്‍ ബിസിനസ്സാണ്.

''മക്കള്‍ മുതിര്‍ന്നപ്പോള്‍ വീട്ടില്‍ ഫ്രീടൈം കിട്ടി. എന്നാല്‍പ്പിന്നെ എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന് ആലോചിച്ചു. ഭര്‍ത്താവാണ് മലയാളി ഹോട്ടല്‍ എന്ന ആശയം പറയുന്നത്. മലയാളികള്‍ ഏറെയുള്ള ലിറ്റില്‍ ഇന്ത്യയില്‍തന്നെ ഹോട്ടല്‍ തുടങ്ങി.

ഞാന്‍ തന്നെയായിരുന്നു മെയിന്‍ ഷെഫ്. നാട്ടില്‍ നിന്ന് പഠിച്ച പാചകപാഠങ്ങള്‍ പ്രയോഗിച്ചു. അത് ആളുകള്‍ക്ക് ഇഷ്ടമായി. ആദ്യം മലയാളികള്‍ മാത്രമാണ് വന്നിരുന്നത്. പിന്നെ ചൈനീസും മലയക്കാരും ഫിലിപ്പീനികളുമെല്ലാം എത്താന്‍ തുടങ്ങി.

പതുക്കെപ്പതുക്കെ 'സ്വാദിഷ്ടി'ന്റെ കൈപ്പൂണ്യം സിംഗപ്പൂര്‍ മുഴുവന്‍ അറിഞ്ഞു. സിംഗപ്പൂരിലെത്തുന്ന മലയാളി ടൂറിസ്റ്റുകള്‍ ഒരു നേരമെങ്കിലും സ്വാദിഷ്ടിലെ ഭക്ഷണം കഴിക്കാനെത്തുന്നു. സിംഗപ്പൂരില്‍ ഒരു സ്ത്രീ നടത്തുന്ന ഏക ഹോട്ടലെന്ന ഖ്യാതിയുമുണ്ട് 'സ്വാദിഷ്ടി'ന്.

ലക്‌സ

മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍
ചുവന്നുള്ളി (അരിഞ്ഞത്) പത്ത് ചുള
വെളുത്തുള്ളി (അരിഞ്ഞത്) എട്ട് ചുള
ചുവന്നമുളക് (അരിഞ്ഞത്) മൂന്നെണ്ണം
ഉണക്കച്ചെമ്മീന്‍ മൂന്ന് ടേബിള്‍സ്പൂണ്‍
(വെള്ളത്തില്‍ കുതിര്‍ത്ത് എടുത്തുവെക്കുക)
മസാഡാമിയ നട്‌സ് ആറെണ്ണം
മല്ലി ഒരു ടേബിള്‍സ്പൂണ്‍
കറിപൗഡര്‍ രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന് സൂപ്പിനാവശ്യമായവ
പാം ഓയില്‍ രണ്ടര ടീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് 500 മില്ലി
തേങ്ങാപ്പാല്‍ 375 മില്ലി
ഇഞ്ചിപ്പുല്ല്(വെള്ളഭാഗം) രണ്ട് കഷണം
ചെമ്മീന്‍ (വൃത്തിയാക്കിയത്) 450 ഗ്രാം
പാല്‍ക്കട്ടി 225 ഗ്രാം
(ചെറുതാക്കി ഡീപ്‌ഫ്രൈ ചെയ്തത്)
വേവിച്ച നൂഡില്‍സ് 650 ഗ്രാം
ഉപ്പ്, പഞ്ചസാര ആവശ്യത്തിന്
മുളപ്പിച്ച പയര്‍ 100 ഗ്രാം
മുട്ട പുഴുങ്ങി രണ്ടായി മുറിച്ചത് നാലെണ്ണം
മല്ലിയില അല്‍പം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് മസാലയ്ക്ക് ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് അഞ്ച് മിനിട്ട് വഴറ്റുക. ശേഷം ചിക്കന്‍ സ്‌റ്റോക്ക്, തേങ്ങാപ്പാല്‍, ഇഞ്ചിപ്പുല്ല് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തീ കുറച്ച്, പത്ത് മിനിട്ട് വെക്കുക. ചെമ്മീന്‍, പാല്‍ക്കട്ടി എന്നിവ ചേര്‍ത്ത്, വീണ്ടും പത്ത് മിനിട്ട് തീ കുറച്ചു വെക്കുക. നൂഡില്‍സ്, നാല് ബൗളുകളിലാക്കി മുകളില്‍ സൂപ്പ് ഒഴിക്കുക. മുളപ്പിച്ച പയര്‍, മുട്ട, മല്ലിയില എന്നിവ കൊണ്ട് അലങ്കരിക്കുക.

ചിക്കന്‍ സാത്തെ

സവാള (നുറുക്കിയത്) ഒന്ന്
വെളുത്തുള്ളി (നുറുക്കിയത്) മൂന്ന് ചുള
ഇഞ്ചിപ്പുല്ല് (നുറുക്കിയത്) രണ്ടെണ്ണം
സോയ സോസ് മൂന്ന് ടേബിള്‍സ്പൂണ്‍
കടലയെണ്ണ അര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടേബിള്‍സ്പൂണ്‍
ജീരകം പൊടിച്ചത് അര ടീസ്പൂണ്‍
ഇഞ്ചി പൊടിച്ചത് അര ടീസ്പൂണ്‍
ഉപ്പ്, കുരുമുളക് ആവശ്യത്തിന്
ചിക്കന്‍ (നെഞ്ചിന്റെ ഭാഗം) 600 ഗ്രാം
ബാംബു സ്റ്റിക്ക് ആവശ്യത്തിന്
ബ്രൗണ്‍ ഷുഗര്‍ അര ടീസ്പൂണ്‍

സവാള, വെളുത്തുള്ളി, ഇഞ്ചിപ്പുല്ല്, സോയാസോസ്, കടലയെണ്ണ, മഞ്ഞള്‍പ്പൊടി, ബ്രൗണ്‍ ഷുഗര്‍, ജീരകം പൊടിച്ചത്, ഇഞ്ചി പൊടിച്ചത്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ഒരു ബൗളില്‍ നന്നായി യോജിപ്പിക്കുക. ഈ മസാല ഒരു ടീസ്പൂണെടുത്ത്, ഫ്രിഡ്ജില്‍ വെക്കുക. ബാക്കിവരുന്ന മിശ്രിതത്തില്‍ ചിക്കന്‍ ബ്രെസ്റ്റ് ഇട്ട് ആറു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ബാംബു സ്റ്റിക്ക് 30 മിനിട്ട് വെള്ളത്തില്‍ മുക്കിവെക്കുക. ചിക്കന്‍ ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത്, ഓരോന്നും നീളത്തില്‍ മുറിക്കുക. ഈ കഷണങ്ങള്‍, ബാംബു സ്റ്റിക്കില്‍ വെച്ചുപിടിപ്പിക്കുക. നേരത്തെ ഫ്രിഡ്ജില്‍ മാറ്റിവെ ച്ച മസാല കൂടി ചേര്‍ത്ത് എട്ട് മിനിട്ട് ചിക്കന്‍ ഗ്രില്ല് ചെയ്യുക. (തിരിച്ചും മറിച്ചുമിട്ട് ഗ്രി ല്‍ ചെയ്യണം).