പി.എസ്.രാകേഷ്

ഒരു മാസത്തെ കഠിനവ്രതപരീക്ഷണങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ചെറിയ പെരുന്നാള്‍ ദിവസമെത്തി. ബിരിയാണി ഇല്ലാതെ റംസാന്‍ ആഘോഷം പൂര്‍ണമാകില്ലെന്ന് കോഴിക്കോട്ടുകാര്‍ക്കറിയാം. പുതുവസ്ത്രങ്ങളുടെ പളപളപ്പിനും വാസനദ്രവ്യങ്ങളുടെ സുഗന്ധത്തിനുമൊപ്പം ബിരിയാണിയുടെ ദം പൊട്ടിക്കുന്ന ആവിപറക്കും മണം കൂടിയാകുമ്പോഴേ റംസാന്‍ ജോറാകൂ. വിശേഷവേളയില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന റംസാന്‍ സ്‌പെഷല്‍ മട്ടന്‍ ബിരിയാണിയുടെ പാചകക്കൂട്ട് പറഞ്ഞുതന്നത് മാവൂര്‍റോഡ് ഹോട്ടല്‍ അസ്മ ടവറിലെ ഷെഫുമാരാണ്. അസ്മ ടവറിലെ മെസ്ബാന്‍ റസ്റ്റോറന്റില്‍ കഴിഞ്ഞ മുപ്പതുനാളായി വൈകിട്ട് നടന്നുവന്ന ഇഫ്താര്‍ വിരുന്നിലെ ഏറ്റവും ജനപ്രിയമായ ഇനം ഇതായിരുന്നുവെന്ന് ജനറല്‍ മാനേജര്‍ വി. വേണുഗോപാല്‍ പറയുന്നു. റംസാന്‍ സ്‌പെഷല്‍ മട്ടന്‍ ബിരിയാണിയുടെ താരമൂല്യം മനസ്സിലാക്കിയതോടെ ഈ വിഭവത്തെ സ്ഥിരം മെനുവില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് വേണുഗോപാല്‍.
ചേരുവകള്‍:
1. മട്ടന്‍- ഒരു കിലോ
2. കയമ അരി- ഒരു കിലോ
3. സവാള- 300 ഗ്രാം
4. ഇഞ്ചി- 15 ഗ്രാം
5. വെളുത്തുള്ളി- 15 ഗ്രാം
6. പച്ചമുളക്- ആറെണ്ണം
7. തക്കാളി- 200 ഗ്രാം
8. മല്ലിയില- 25 ഗ്രാം
9. പുതിയിന- 25 ഗ്രാം
10. മുളകുപൊടി- രണ്ട് ടീസ്ഫൂണ്‍
11. മഞ്ഞള്‍പ്പൊടി- 5 ഗ്രാം
12 മല്ലിപ്പൊടി- 30 ഗ്രാം
13. തേങ്ങ- 100 ഗ്രാം
14. കസ്‌കസ്- 25 ഗ്രാം
15. തൈര്- 25 ഗ്രാം
16. ഗരംമസാല- 10 ഗ്രാം
17. ഉപ്പ്- പാകത്തിന്
18. ഡാല്‍ഡ- 200 ഗ്രാം
19. നെയ്യ്- 50 ഗ്രാം
20. അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം, സവാള
ചെറുതായി അരിഞ്ഞ് ഫ്രൈ ചെയ്തത്- 30 ഗ്രാം
തയ്യാറാക്കുന്ന വിധം
കഴുകിവെച്ച മട്ടനില്‍ ചതച്ച ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തൈര്, അരച്ച തേങ്ങ, കസ്‌കസ് എന്നിവയും അരിഞ്ഞുവെച്ച സവാള, തക്കാളി, പുതിയിന, മല്ലിയില എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, 50 ഗ്രാം ഡാല്‍ഡ എന്നിവ ചേര്‍ത്ത് പാകത്തിന് വേവിച്ചെടുക്കുക.
ബിരിയാണി റൈസ് തയ്യാറാക്കുന്ന വിധം
ചൂടാക്കിയ ഡാല്‍ഡ, നെയ്യ് എന്നിവയിലേക്ക് ഗരംമസാലയിട്ട് ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. കഴുകിവെച്ച അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുക്കുക. തയ്യാറാക്കി വെച്ച മട്ടനിലേക്ക് വേവിച്ച റൈസ്‌കൂട്ട് ഇട്ട് അരമണിക്കൂര്‍ ദം ചെയ്യുക. ഫ്രൈ ചെയ്തുവെച്ച അരിഞ്ഞ സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം എന്നിവ ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.

NEWS LETTER
RSS











