MATHRUBHUMI RSS
Loading...
മലബാറില്‍ നിന്ന് കൊതിയോടെ

രുചി വൈവിധ്യത്തിന്റെ കുമ്പിളുകളാണ് മലബാറിലെ ഓരോ വീടുകളും. ഇവിടെ നിന്ന് ഉമ്മി അബ്ദുള്ള കണ്ടെത്തിയ ഒമ്പത് വിഭവങ്ങള്‍...


വിയറ്റ്‌നാമീസ് ഹോനതാന

കോഴിയിറച്ചി ഉപ്പും കുരുമുളകും
ചേര്‍ത്ത് വേവിച്ചത് 100 ഗ്രാം
ചെമ്മീന്‍ ഉപ്പും കുരുമുളകും
ചേര്‍ത്ത് വേവിച്ചത് 100 ഗ്രാം
എള്ള് മൂന്നു ടീസ്​പൂണ്‍
ഉപ്പ്, കുരുമുളക് ആവശ്യത്തിന്
പുറമെയുള്ള മാവിന്
മൈദ ഒരു കപ്പ്
കോഴിമുട്ടയുടെ മഞ്ഞക്കരു ഒന്ന്
വെള്ളം ആവശ്യത്തിന്

മാവില്‍ ഉപ്പും മുട്ടയുടെ മഞ്ഞയും വെളളവും ചേര്‍ത്ത് മയത്തില്‍ കുഴച്ച് അര മണിക്കൂര്‍ വെക്കുക. കോഴിയിറച്ചി ചെറുതായി മുറിച്ച് ചെമ്മീന്‍, എള്ള്, കുരുമുളക്, ഉപ്പ് ഇവ ചേര്‍ത്ത് യോജിപ്പിച്ച് വെക്കുക. കുഴച്ച മാവ് കുറേശ്ശെ എടുത്ത് നേരിയതായി പരത്തി കഷണങ്ങളാക്കി മുറിക്കുക. ഓരോ കഷണത്തിലും ഒരു ടീസ്​പൂണ്‍ വീതം തയ്യാറാക്കിയ കോഴി, ചെമ്മീന്‍ മിശ്രിതം വെച്ച് ഒരുമിച്ച് കൂട്ടി എടുത്ത് നടുവില്‍ അമര്‍ത്തി അറ്റങ്ങള്‍ വിടര്‍ത്തി പൂവുപോലെ ആക്കുക. ബാക്കിയുള്ള മാവുകൊണ്ടും ഇതേപോലെ ഉണ്ടാക്കി എടുക്കുക. ഹോനതാന ചൂടുള്ള എണ്ണയില്‍ ഇട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക.

ചെമ്മീന്‍ റോസ്റ്റ്

വൃത്തിയാക്കിയ ചെമ്മീന്‍ 200 ഗ്രാം
സവാള (ചെറുതായി മുറിച്ചത് ) 100 ഗ്രാം
പച്ചമുളക് (ചെറുതായി മുറിച്ചത് ) രണ്ട്
വെളുത്തുള്ളി(അരച്ചത്) രണ്ടു ടീസ്​പൂണ്‍
ഇഞ്ചി (അരച്ചത്) ഒരു ടീസ്​പൂണ്‍
പഴുത്ത തക്കാളി രണ്ട്
പെരുഞ്ചീരകപ്പൊടി ഒരു ടീസ്​പൂണ്‍
കട്ടിയുള്ള തേങ്ങാപാല്‍ അര കപ്പ്
മുളകുപൊടി മൂന്നു ടീസ്​പൂണ്‍
മല്ലിപൊടി ഒരു ടീസ്​പൂണ്‍
മഞ്ഞള്‍പൊടി കാല്‍ ടീസ്​പൂണ്‍
മല്ലിയില രണ്ടു ടീസ്​പൂണ്‍
റിഫൈന്റ് ഓയില്‍ നാലു ടേബിള്‍ സ്​പൂണ്‍
ഉപ്പ് പാകത്തിന്

ചെമ്മീന്‍ കഴുകി വെള്ളം പിഴിഞ്ഞെടുത്ത് ഒരു ടീസ്​പൂണ്‍ മുളകുപൊടി, ഒരു ടീസ്​പൂണ്‍ വെളുത്തുള്ളി അരച്ചത്, അല്‍പം മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് കുറച്ചു സമയം വെക്കണം. എണ്ണ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. വഴന്ന് വരുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് ഇളക്കി ശേഷം പൊടികളെല്ലാം ചേര്‍ക്കുക. അല്‍പനേരം ഇളക്കിയശേഷം ചെമ്മീന്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ത്ത് എണ്ണ അല്‍പം തെളിയുന്നതുവരെ ഇളക്കി അര കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. ചെമ്മീന്‍ വെന്തശേഷം തേങ്ങാപാല്‍ ചേര്‍ക്കണം. ചെറുതീയില്‍ കുറുകിയ പാകമാവുമ്പോള്‍ മല്ലിയില ചേര്‍ത്ത് ഇറക്കുക. ചോറിന്റെയോ, പത്തിരിയുടെയോ കൂടെ കഴിക്കാം.

ക്രിസ്​പി ഫ്രൈഡ് തില്ലി ചിക്കന്‍

കോഴിക്കാല്‍ (100 ഗ്രാം വീതം ഉള്ളത്) ആറ്
റൊട്ടിപ്പൊടി ഒരു കപ്പ്
കോഴിമുട്ട രണ്ട്
കറുത്ത എള്ള് രണ്ടു ടീസ്​പൂണ്‍
വെളുത്തുള്ളി (അരച്ചത്) രണ്ടു ടീസ്​പൂണ്‍
വെളുത്ത എള്ള് രണ്ടു ടീസ്​പൂണ്‍
മുളകുപൊടി രണ്ടു ടീസ്​പൂണ്‍
ചെറുനാരങ്ങനീര് രണ്ടു ടീസ്​പൂണ്‍
മഞ്ഞള്‍പൊടി കാല്‍ ടീസ്​പൂണ്‍
ഗരംമസാലപൊടി കാല്‍ ടീസ്​പൂണ്‍
കുരുമുളകുപൊടി അര ടീസ്​പൂണ്‍
കോണ്‍ഫ്‌ളോര്‍ രണ്ടു ടേബിള്‍ സ്​പൂണ്‍

കോഴി കഴുകിയെടുക്കുക. ചെറുനാരങ്ങനീരില്‍ മുളകുപൊടി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, ഉപ്പ് ഇവ യോജിപ്പിച്ച് കോഴിക്കാലില്‍ പുരട്ടി നാലു മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവനും ഫ്രിഡ്ജില്‍ വെക്കണം. റൊട്ടിപ്പൊടിയില്‍ രണ്ടുതരം എള്ളുകളും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്തു വെക്കുക. ഫ്രൈയിങ് പാനില്‍ അല്‍പം എണ്ണ ഒഴിച്ച് കോഴിക്കാലുകള്‍ ഇട്ട് ചെറുതായി വാട്ടിയെടുക്കുക. (അകത്ത് ഉപ്പും മുളകും പിടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അധികം പൊരിയരുത്) പൊരിച്ച കോഴിക്കാലില്‍ കോണ്‍ഫ്‌ളോര്‍ പുരട്ടിവെക്കുക. കോഴിക്കാല്‍ ഓരോന്നും അടിച്ചുവെച്ച കോഴിമുട്ടയില്‍ മുക്കി പിന്നീട് റൊട്ടിപ്പൊടിയില്‍ നന്നായി പൊതിഞ്ഞ് പിടിപ്പിച്ച് അഞ്ചു മിനുട്ട് വെക്കുക. ചൂടുള്ള എണ്ണയില്‍ രണ്ടോ മൂന്നോ കാലുകള്‍ വീതം ഇട്ട് കരുകരുപ്പായി പൊരിച്ച് കോരി എടുക്കുക. ചൂടോടെ ടൊമാറ്റോ സോസോ പുതീനചട്‌നിയോ ചേര്‍ത്തു കഴിക്കാം.

അയല സ്റ്റൂ

അയല നാല്
സവാള (മുറിച്ചത്) ഒന്ന്
പച്ചമുളക് (നീളത്തില്‍ മുറിച്ചത്) നാല്
കുരുമുളകുപൊടി അര ടീസ്​പൂണ്‍
വെളുത്തുള്ളി (ചതച്ചത്) നാലു ചുള
ഇഞ്ചി (നീളത്തില്‍ മുറിച്ചത്) ഒരു കഷണം
കട്ടിയുള്ള തേങ്ങാപാല്‍ ഒരു കപ്പ്
രണ്ടാംപാല്‍ ഒരു കപ്പ്
അരിപ്പൊടി രണ്ടു ടീസ്​പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
ചെറുനാരങ്ങ നീര് ഒരു ടീസ്​പൂണ്‍
താളിക്കുവാന്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്​പൂണ്‍
ചുവന്ന മുളക്(നാലായി മുറിച്ചത്) രണ്ട്
ഉലുവ ഒരു ടീസ്​പൂണ്‍
കറിവേപ്പില രണ്ടു തണ്ട്

ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ് ഇവയെല്ലാം തേങ്ങയുടെ രണ്ടാം പാലില്‍ ചേര്‍ത്ത് അയലക്കഷണങ്ങളും ഇട്ട് വേവിക്കുക. അരിപ്പൊടി അല്‍പം തേങ്ങാപാലില്‍ കലക്കി ബാക്കിയുള്ള പാലില്‍ യോജിപ്പിച്ച് കറിയില്‍ ഒഴിക്കുക. ചെറുതീയില്‍ തുടരെ ഇളക്കി തിളച്ചശേഷം ഇറക്കി വെക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉലുവ ഇട്ട് മൂത്തുവരുമ്പോള്‍ ചുവന്ന മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് അയല സ്റ്റിയൂവിലേക്ക് ഒഴിക്കണം. ഇതില്‍ ചെറുനാരങ്ങ നീര് ചേര്‍ക്കുക. അരിപ്പത്തിരിയുടെയോ പൊടിപ്പത്തിരിയുടെയോ കൂടെ കഴിക്കാം.

ബേക്ക്ഡ് ക്രാബ്

ഇടത്തരം വലിപ്പമുള്ള ഞണ്ട് നാല്
സവാള (പൊടിയായി മുറിച്ചത്) രണ്ട്
പച്ചമുളക്(ചെറുതായി മുറിച്ചത്) നാല്
ഇഞ്ചി (പൊടിയായി അരിഞ്ഞത്) ഒരു ടീസ്​പൂണ്‍
കുരുമുളകുപൊടി അര ടീസ്​പൂണ്‍
മല്ലിയില (പൊടിയായി അരിഞ്ഞത്) അര കപ്പ്
മുളകുപൊടി അര ടീസ്​പൂണ്‍
വെണ്ണ അര ടീസ്​പൂണ്‍
മൈദ രണ്ടു ടേബിള്‍സ്​പൂണ്‍
പാല്‍ മുക്കാല്‍ കപ്പ്
റൊട്ടിപ്പൊടി രണ്ട് ടേബിള്‍സ്​പൂണ്‍
റിഫൈന്‍ഡ് ഓയില്‍ രണ്ട് ടീസ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഞണ്ട് കഴുകിയെടുത്ത് അല്‍പം വെള്ളത്തില്‍ വേവിച്ചെടുക്കുക. ഞെണ്ട് രണ്ടായി പിളര്‍ന്ന് തോട് മാറ്റി വെക്കണം. ഞണ്ടിന്റെ കുടല്‍ഭാഗം മാറ്റി ഇറച്ചി എടുത്തുവെക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ ഇട്ട് വഴറ്റി ഞണ്ടിറച്ചി മല്ലിയില, അല്‍പം ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി വാങ്ങുക. ഒരു പാത്രത്തില്‍ വെണ്ണ ഇട്ട് ചെറുതീയില്‍ ഉരുക്കി മൈദ ചേര്‍ത്ത് അല്‍പനേരം ഇളക്കുക. ഇതില്‍ പാല്‍ കുറെശ്ശെയായി ചേര്‍ത്ത് കുറുകി വരുമ്പോള്‍ അല്‍പം കുരുമുളകും ഉപ്പും ചേര്‍ക്കണം. മാറ്റിവെച്ച ഞണ്ടിന്റെ തോട് കഴുകിയെടുത്ത് തയ്യാറാക്കിയ ഞണ്ടുമസാല ഓരോ തോടിലും കുറേശ്ശെ വെച്ച് നിറയ്ക്കുക. നിറച്ച ഞണ്ടിന്റെ മീതെ കുറേശ്ശെ വൈറ്റ് സോസ് (പാല്‍ മൈദ മിശ്രിതം) ഒഴിച്ച് മീതെ റൊട്ടിപ്പൊടി തൂവുക. ഒരു ബേക്കിങ് ട്രേയില്‍ അല്‍പം നെയ്യ് പുരട്ടി, നിറച്ച ഞണ്ടുകള്‍ വെക്കണം. ഇതു ചൂടുള്ള ഓവനില്‍ വെച്ച് മേലെ അല്‍പം ബ്രൗണ്‍ കളറാകുന്നതുവരെ ബേയ്ക്ക് ചെയ്ത് എടുക്കുക.

ബേക്കഡ് ചിക്കന്‍ ഡിലൈറ്റ്

കോഴി വലിയ കഷണങ്ങളായി മുറിച്ചത് ഒരു കോഴിയുടേത്
1. വെളുത്തുള്ളി അരച്ചത് ഒരു ടേബിള്‍സ്​പൂണ്‍
2. ഇഞ്ചി അരച്ചത് ഒരു ടേബിള്‍സ്​പൂണ്‍
3. തൈര് ഒരു ടേബിള്‍സ്​പൂണ്‍
4. മുളകുപൊടി ഒരു ടീസ്​പൂണ്‍
5. ചെറുനാരങ്ങയുടെ നീര് ഒരു പകുതി
നെയ്യ് ഒരു ടേബിള്‍സ്​പൂണ്‍
ഉപ്പ് പാകത്തിന്
മസാലയ്ക്ക്
സവാള നാല്
മല്ലിപ്പൊടി ഒരു ടേബിള്‍സ്​പൂണ്‍
മുളകുപൊടി അര ടീസ്​പൂണ്‍
പെരുഞ്ചീരകപ്പൊടി അര ടീസ്​പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്​പൂണ്‍
ഗരംമസാലപ്പൊടി അര ടീസ്​പൂണ്‍
റിഫൈന്‍ഡ് ഓയില്‍ അര കപ്പ്
ഉപ്പ് ആവശ്യത്തിന്

കോഴി കഷണങ്ങളില്‍ ആദ്യത്തെ അഞ്ചു ചേരുവകളും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് ആറു മണിക്കൂര്‍ വെക്കുക. അതിനുശേഷം ഒരു കണ്ണാടിപാത്രത്തില്‍ നെയ്യ് പുരട്ടി കോഴി തൈരോടുകൂടി ഒഴിച്ച് ചൂടുള്ള ഓവനില്‍ വേവിക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുറിച്ച സവാള ഇട്ട് വറുത്തുകോരണം. ഇതേ എണ്ണയില്‍ ബാക്കിയുള്ള സവാള ഇട്ട് ഇളം ബ്രൗണ്‍ കളര്‍ ആകുന്നതുവരെ ഇളക്കുക. ഇതില്‍ ഗരംമസാലപ്പൊടി ഒഴിച്ച് ബാക്കിയുള്ള എല്ലാ പൊടികളും ചേര്‍ത്ത് അല്‍പം എണ്ണ തെളിയുന്നതുവരെ ഇളക്കണം. അര കപ്പ് വെള്ളം ചേര്‍ത്ത് വീണ്ടും എണ്ണ തെളിയുന്നതുവരെ വെക്കുക. വറുത്ത സവാള പകുതി ഞെരടി ഇതിലേക്ക് ചേര്‍ത്ത് അല്‍പം ഗരംമസാലപൊടിയും ഇട്ട് വാങ്ങി വെക്കുക. കോഴി മുക്കാല്‍ വേവാകുമ്പോള്‍ ഓവനില്‍ നിന്ന് എടുത്ത് മസാല മീതെ ഒഴിച്ച് ഗരംമസാലപ്പൊടി വിതറി വീണ്ടും ഓവനില്‍ വെക്കണം. കോഴി വെന്ത് മസാല ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ എടുത്ത് വറുത്ത സവാള മീതെ ഇട്ട് ചൂടോടെ പൊറോട്ടയുടെയോ പത്തിരിയുടെയോ കൂടെ കഴിക്കാം.

കല്ലുമ്മക്കായ പുളിഞ്ചാര്‍

കല്ലുമ്മക്കായ 250 ഗ്രാം
അധികം പുളിയില്ലാത്ത മോര് അര കപ്പ്
കട്ടിയുള്ള തേങ്ങാപാല്‍ ഒരു കപ്പ്
പച്ചമുളക് നീളത്തില്‍ മുറിച്ചത് നാലെണ്ണം
മുളകുപൊടി ഒരു ടീസ്​പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്​പൂണ്‍
അരച്ച വെളുത്തുള്ളി രണ്ടു ടീസ്​പൂണ്‍
വറുത്തുപൊടിച്ച ഉലുവ ഒരു ടീസ്​പൂണ്‍
വെളിച്ചെണ്ണ ഒരു ടേബിള്‍സ്​പൂണ്‍
ഉലുവ ഒരു ടീസ്​പൂണ്‍
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
അരിപ്പൊടി (പത്തിരിപ്പൊടി) രണ്ടു ടീസ്​പൂണ്‍

കല്ലുമ്മക്കായ കഴുകി എടുക്കുക. ഇതില്‍ അര കപ്പ് വെള്ളമൊഴിച്ച് മുളകുപൊടി, മഞ്ഞള്‍പൊടി, പച്ചമുളക്, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. അരിപ്പൊടി അല്‍പം തേങ്ങാപാലില്‍ കലക്കുക. ഇത് ബാക്കിയുള്ള പാലില്‍ ചേര്‍ത്ത് വെന്ത കല്ലുമ്മക്കായയില്‍ ഒഴിച്ച്് ചെറുതീയില്‍ തിളപ്പിക്കുക. ഇതിലേക്ക് മോര് ഒഴിച്ച് തുടരെ ഇളക്കി തിള വരുമ്പോള്‍ വാങ്ങിവെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉലുവയും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പുളിഞ്ചാറിലേക്ക് ഒഴിക്കുക. ഇതില്‍ ഉലുവപ്പൊടി ചേര്‍ത്ത് ഉപയോഗിക്കാം.

സിലോണ്‍ ചിക്കന്‍

കോഴി 250 ഗ്രാം
കോഴിമുട്ട രണ്ടെണ്ണം
മല്ലിപ്പൊടി ഒരു ടീസ്​പൂണ്‍
മുളകുപൊടി ഒരു ടീസ്​പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്​പൂണ്‍
സവാള ചെറുതായി മുറിച്ചത് ഒന്ന്
പച്ചമുളക് ചെറുതായി മുറിച്ചത് നാല്
ഇഞ്ചി അരച്ചത് ഒരു ടീസ്​പൂണ്‍
വെളുത്തുള്ളി അരച്ചത് ഒരു ടീസ്​പൂണ്‍
ചെറുതായി മുറിച്ച മല്ലിയില കാല്‍ കപ്പ്
ഗരം മസാലപ്പൊടി അര ടീസ്​പൂണ്‍
റിഫൈന്‍ഡ് ഓയില്‍ നാല് ടേബിള്‍സ്​പൂണ്‍
ചുവന്ന കളര്‍ പൗഡര്‍ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

കോഴി വലിയ കഷണങ്ങളായി മുറിച്ച് കഴുകി മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചെടുക്കുക. കോഴി എല്ലില്‍നിന്ന് അടര്‍ത്തി നീളത്തില്‍ പിച്ചിയെടുത്ത് കളര്‍ പൗഡര്‍ ചേര്‍ത്ത് വെക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും ഇട്ട് വഴറ്റി വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കോഴിക്കഷണങ്ങള്‍, ഗരംമസാലപ്പൊടി, മല്ലിയില ഇവ കൂടെ ചേര്‍ത്ത് അല്‍പനേരം ഇളക്കണം. മുട്ട അടിച്ച് കോഴിയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ടയും കോഴിയും കൂടെ ഉലര്‍ന്നശേഷം ഇറക്കി ഉപയോഗിക്കാം.

നെത്തോലി ചമ്മന്തിപ്പൊടി

നെത്തോലി 200 ഗ്രാം
മുളകുപൊടി രണ്ടു ടീസ്​പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്​പൂണ്‍
ചുവന്ന മുളക് ആറ്
വെളുത്തുള്ളി ആറ് അല്ലി
പുളി നെല്ലിക്ക വലുപ്പത്തില്‍
കറിവേപ്പില നാലു തണ്ട്
ഉപ്പ് പാകത്തിന്
റിഫൈന്‍ഡ് ഓയില്‍ ആവശ്യത്തിന്

നെത്തോലിയില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ പുരട്ടി 15 മിനുട്ട് വെക്കണം. അതിനുശേഷം ചൂടുള്ള എണ്ണയില്‍ ഇട്ട് പൊരിച്ച് കോരി എണ്ണ വാരാന്‍ വെക്കുക. ചുവന്ന മുളക്, വെളുത്തുള്ളി, കറിവേപ്പില ഇവ എണ്ണ ചേര്‍ക്കാതെ ചുവക്കെ വറുത്തെടുക്കുക. നെത്തൊലിയും ബാക്കി ചേരുവകളും ഉപ്പും ചേര്‍ത്ത് മിക്‌സിയിലിട്ട് തരുതരുപ്പായി അടിച്ചെടുക്കുക. നെത്തോലി ചമ്മന്തിപ്പൊടി കുപ്പിയില്‍ ഇട്ട് വെച്ചാല്‍ ഒരു മാസം വരെ കേടുകൂടാതിരിക്കും.