MATHRUBHUMI RSS
Loading...
പാടി, പയറ്റി മലയാളത്തിലേക്ക്‌
വി.എന്‍.രാഖി

എന്‍ജിനീയറിങ് ഡിസ്റ്റിങ്ഷനോടെ പാസ്സായി. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ 'പ്ലേസ്‌മെന്റ് ടെസ്റ്റു'കള്‍ എഴുതുമ്പോള്‍ ചൈത്ര രണ്ടാമതൊന്ന് ചിന്തിച്ചു. 'ദൈവമേ, ഇതുതന്നെയാണോ എനിക്കു വേണ്ടത്?'. 'അല്ല' എന്നു പറഞ്ഞ മനസ്സിനെ അനുഗമിച്ച ചൈത്രയ്ക്ക് തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് പിന്നീട് ദുഃഖിക്കേണ്ടിവന്നില്ല. കന്നട ചലച്ചിത്ര ലോകത്ത് വിജയങ്ങള്‍ കൊയ്ത് ഒറിയ, മറാത്തി, തെലുങ്ക് തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും കഴിവു തെളിയിച്ച്, മലയാളത്തിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു യുവഗായിക എച്ച്.ജി. ചൈത്ര.

ഇരട്ട സഹോദരന്‍ ചൈതന്യയോടൊപ്പം നാനൂറിലേറെ വേദികളില്‍ 'ബാംഗ്ലൂര്‍ റ്റ്വിന്‍സ്' എന്ന പേരില്‍ ഭജനുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട് ചൈത്ര. തൃശ്ശൂരിലെ രവി റെക്കോഡിങ് സ്റ്റുഡിയോയില്‍, പേരിട്ടിട്ടില്ലാത്ത മലയാള ചിത്രത്തിനായി പാടാനെത്തിയതായിരുന്നു അവര്‍.

2005ല്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള കര്‍ണാടക സര്‍ക്കാറിന്റെ അവാര്‍ഡ് നേടുമ്പോള്‍ ചൈത്രയ്ക്ക് ഇരുപത് വയസ്സേ ഉണ്ടായിരുന്നുള്ളു. ഇന്ന് വിവിധ ഭാഷകളിലായി നാനൂറോളം ചലച്ചിത്ര ഗാനങ്ങളും അഞ്ഞൂറ് ജിംഗിളുകളും പാടിക്കഴിഞ്ഞു. ചെറുപ്പം മുതല്‍ തന്നെ പണ്ഡിറ്റ് നാഗരാജ് റാവു ഹവില്‍ദാറിന്റെയും പണ്ഡിറ്റ് നന്ദകുമാറിന്റെയും കീഴില്‍ ഹിന്ദുസ്ഥാനി സംഗീതമഭ്യസിച്ച അവര്‍ എന്‍ജിനീയറിങ് പഠനകാലത്ത് 'കോറസ്' പാടാന്‍ പോയിരുന്നു. ഒരിക്കല്‍ കോറസ് പാടാനായി ചെന്നപ്പോള്‍ ലഭിച്ച ഇടവേളയില്‍ പാട്ടുമൂളിക്കൊണ്ടിരുന്ന ചൈത്രയുടെ സ്വരത്തിന്റെ വ്യത്യസ്തത മനസ്സിലാക്കിയ കന്നട സംഗീത സംവിധായകന്‍ രാജേഷ് രാമനാഥ് അടുത്ത പടത്തില്‍ ചൈത്രയ്ക്ക് ചാന്‍സ് നല്‍കി. അങ്ങനെയായിരുന്നു ചലച്ചിത്ര പിന്നണിഗാന രംഗത്തേക്കുള്ള പ്രവേശനം.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ കിരാന ഖരാനയിലും സ്വയം രൂപവത്കരിച്ച 'വെസ്റ്റേണ്‍' സ്റ്റൈലിലും പാടാനാകുമെന്നതാണ് ഈ ഗായികയുടെ ആലാപനത്തിലെ വ്യത്യസ്തത.

ഇഷ്ടഗായകനായ ഹരിഹരനോടൊപ്പമായിരുന്നു ചൈത്രയുടെ അഞ്ചാമത്തെ ഗാനം. ആ ഗാനവും അനുഭവവും ഇന്നും ചൈത്രയ്ക്ക് ഏറ്റവും പ്രിയമുള്ളതാണ്. ഗുരുകിരണ്‍, ഹംസലേഖ, ആര്‍.പി. പട്‌നായിക്, മണിശര്‍മ തുടങ്ങിയ മുന്‍നിര കന്നട സംഗീത സംവിധായകരോടൊപ്പവും വിജയ് ആന്റണി, യുവന്‍ ശങ്കര്‍ രാജ തുടങ്ങിയ തമിഴ് സംഗീത സംവിധായകരോടൊപ്പവും പ്രവര്‍ത്തിച്ച ചൈത്ര യേശുദാസിനൊപ്പം പാടാനുള്ള അവസരം വളരെയേറെ കൊതിക്കുന്നു.

''യേശുദാസിന്റെ കന്നട ഗാനങ്ങള്‍ ഒരുപാടൊരുപാട് ഇഷ്ടമാണ്'' -ചൈത്ര പറഞ്ഞു. ഒഴിവുദിവസങ്ങളില്‍ രണ്ടുമണിക്കൂര്‍ വരെ പരിശീലനം ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട് അവര്‍.

പഠനകാലത്ത് 'ഓള്‍ റൗണ്ടര്‍' ആയിരുന്ന ചൈത്ര പത്തു വര്‍ഷത്തോളം ജിംനാസ്റ്റിക്‌സും നാലുവര്‍ഷം ഫെന്‍സിങ്ങും പഠിച്ചിരുന്നു. ജിംനാസ്റ്റിക്‌സില്‍ സംസ്ഥാന തലത്തില്‍ രണ്ടും മൂന്നും സ്ഥാനവും ഫെന്‍സിങ്ങില്‍ ദേശീയ തലത്തില്‍ സ്വര്‍ണമെഡലും നേടി.

''ആളുകളോട് എങ്ങനെ ഇടപെടണം, സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് എങ്ങനെ പെരുമാറണം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചത് സ്‌പോര്‍ട്‌സ് ആണ്. അത് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. സമയം കിട്ടുമ്പോഴെല്ലാം പ്രാക്ടീസ് ചെയ്യും'' -ചൈത്ര കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷത്തോളം കര്‍ണാടകയിലെ 'സ്റ്റാര്‍ സിങ്ങര്‍' അവതാരകയുമായിരുന്നു അവര്‍. പിതാവ് ഐ.എസ്.ആര്‍.ഒ.യില്‍ നിന്ന് വി.ആര്‍.എസ്. എടുത്ത പണ്ഡിറ്റ് എച്ച്. എസ്.ഗോപിനാഥ് ഇപ്പോള്‍ തബല പരിശീലനം നല്‍കുന്നു. അമ്മ സന്ധ്യ നല്ല ഒരു സിത്താര്‍ വാദകയാണ്. എല്ലാം ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹമാണെന്നേ ചൈത്ര പറയൂ. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് കീര്‍ത്തി, ചൈത്രയ്ക്കു പിന്തുണയേകി കൂടെയുണ്ട്.