MATHRUBHUMI RSS
Loading...
കാവനാട്ടുനിന്നുള്ള യശോദാഭായി ഐ.എഫ്.എസില്‍

കൊല്ലം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ (ഐ.എഫ്.എസ്.)യില്‍ കൊല്ലം കാവനാട്ടു നിന്നുള്ള യശോദാഭായി(23)ക്ക് 42-ാം റാങ്ക്. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുള്ള ഫോറസ്റ്റ് കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ എം.എസ്‌സി.ഫോറസ്ട്രി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഫോറസ്ട്രി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എസ്‌സി ഫോറസ്ട്രി പാസ്സായിരുന്നു.

കാഷ്യൂ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ ഡ്രൈവര്‍ കാവനാട് കന്നിമേല്‍ തോട്ടുവാവീട്ടില്‍ യശോധരന്റെയും റീത്താഭായിയുടെയും മൂത്തമകളായ യശോദ അഞ്ചാംക്ലാസ് വരെ വള്ളിക്കാവ് എ.വി.എല്‍.പി.എസിലാണ് പഠിച്ചത്. ആറാംക്ലാസ് മുതല്‍ 12-ാം ക്ലാസ്‌വരെ കൊട്ടാരക്കര ജവാഹര്‍ നവോദയ വിദ്യാലയത്തിലും.

നവോദയ വിദ്യാലയത്തിലെ പഠനമാണ് അഖിലേന്ത്യാ പരീക്ഷ എഴുതാന്‍ തന്നെ പ്രാപ്തയാക്കിയതെന്ന് യശോദ പറയുന്നു. പ്രത്യേകിച്ച് പത്താം ക്ലാസ്സില്‍ ഇംഗ്ലീഷ് പഠിപ്പിച്ച റോയി എന്ന അധ്യാപകന്റെ ക്ലാസ് അവിസ്മരണീയമാണ്.

ബി.എസ്‌സി ഫോറസ്ട്രി പരീക്ഷ ഒന്നാംറാങ്കില്‍ പാസ്സായശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചി(ഐ.സി.എ.ആര്‍.)ന്റെ എന്‍ട്രന്‍സ് പരീക്ഷ ഒന്നാംറാങ്കില്‍ പാസായശേഷം എം.എസ്‌സി. ഫോറസ്ട്രി കോഴ്‌സിന് പഠിക്കുന്നതിനിടയിലാണ് ഐ.എഫ്.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോച്ചിങ്ങിനൊന്നും പോയിരുന്നില്ല. ഫോറസ്ട്രിയും അഗ്രികള്‍ച്ചറും ആയിരുന്നു ഐച്ഛികവിഷയങ്ങള്‍. ഇവ രണ്ടും പഠിച്ച വിഷയങ്ങളായിരുന്നു. ഇംഗ്ലീഷും പൊതുവിജ്ഞാനവും സ്വയം പഠിച്ചെടുത്തു.

കേരളാ കേഡറില്‍ തന്നെ നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടുവര്‍ഷത്തെ പരിശീലനം ആഗസ്തില്‍ ഡെറാഡൂണില്‍ ആരംഭിക്കും.

അനുജത്തി ചിത്രാഭായി എം.എസ്‌സി. ഫിസിക്‌സ് പൂര്‍ത്തിയാക്കി ഗവേഷണത്തിന് ഒരുങ്ങുന്നു.