MATHRUBHUMI RSS
Loading...
പാട്ട് വീട്ടിലെ അമ്മയും മകനും


ഗായിക വിനിതയാണോ മകന്‍ അശ്വത്താണോ താരമെന്ന് ചോദിച്ചാല്‍ സംഗീതപ്രേമികള്‍ക്ക് ഒരുനിമിഷമൊന്ന് ആലോചിക്കേണ്ടിവരും. കാരണം സിനിമാസംഗീതരംഗത്ത് അമ്മയും മകനും ഒരുപോലെ ഹിറ്റായി മാറിക്കഴിഞ്ഞു. മൂന്ന്‌വര്‍ഷം മുമ്പ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയ വിനിതയുടെ സ്വരം തമിഴിലും തെലുങ്കിലും കന്നടയിലും ഇപ്പോള്‍ മലയാളത്തിലും പരിചിതമാണ്. ഷാജി കൈലാസിന്റെ 'ദ്രോണ' എന്ന ചിത്രത്തിലെ 'അഞ്ചികൊഞ്ചാതെടീ...' എന്ന ഗാനമാണ് മലയാളത്തില്‍ വിനീതയ്ക്ക് സ്വന്തം ഇടം നേടിക്കൊടുത്തത്.

ആറാം ക്ലാസ്സുകാരനായ മകന്‍ അശ്വത്താകട്ടെ മൂന്ന് ഗാനങ്ങളേ പാടിയുള്ളൂവെങ്കിലും ഇപ്പോള്‍ തമിഴ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് കുട്ടിത്താരമാണ്. നടന്‍ വിജയ്‌യുടെ 'വേട്ടൈക്കാരന്‍' എന്ന പുതിയ ചിത്രത്തില്‍ 'നാന്‍ അടിച്ചാ താങ്കമാട്ടേ, എന്ന ഗാനമാണ് അശ്വത്തിനെ താരമാക്കിയത്. വിജയ്‌യുടെ മകന്‍ ജാസണ്‍ സഞ്ജയ് അശ്വത്തിന്റെ ഗാനത്തിന് തിരശ്ശീലയില്‍ ജീവന്‍ പകര്‍ന്നപ്പോള്‍ തിമിഴ് ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ 'ഗാനം സൂപ്പര്‍ ഹിറ്റ്'.

ഡ്രമ്മറായ വളയനാട് പടിഞ്ഞാറെ നടയില്‍ 'സ്വരാര്‍പ്പണ' ത്തില്‍ അജിത്തിന്റെ ഭാര്യയാണ് വിനിത.

സിനിമയിലും മറ്റ് സംഗീത പരിപാടികളിലുമായി കഴിഞ്ഞ 20 വര്‍ഷമായി അജിത്ത് സജീവമാണ്. കോഴിക്കോട്ട് 'ബീറ്റ്‌സ്' എന്ന ഓര്‍ക്കസ്ട്ര ട്രൂപ്പിന്റെ ഉടമയായിരുന്ന അജിത്ത് പിന്നീട് ബീറ്റ്‌സിനെ ചെന്നൈയിലേക്ക് പറിച്ചുനട്ടു.

'ബീറ്റ്‌സി'ലൂടെയാണ് വിനിത സംഗീതലോകത്ത് ശ്രദ്ധേയയായത്. ചാനലുകളിലെ സംഗീത പരിപാടികളിലും ഗാനമേളകളിലുമായി 15 വര്‍ഷമായി വിനിത തന്റെ സാന്നിധ്യം അറിയിച്ചിട്ട്. ഇതിനോടകം 35ലധികം തമിഴ് സിനിമകളില്‍ പാടിക്കഴിഞ്ഞു.

'ആനന്ദ താണ്ഡവം' എന്ന ചിത്രത്തിലെ കനാ കാണ്‍കിറേന്‍... എന്നഗാനം തമിഴില്‍ വന്‍ഹിറ്റായിരുന്നു. കല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തിലെ കണ്ണാടിക്കൂട്ടിലേ.. ആണ് വിനിതയുടെ ആദ്യമലയാള ഗാനം. തുടര്‍ന്ന് കുട്ടിസ്രാങ്ക് എന്ന സിനിമയില്‍ 'പോകുന്നു കരയുംതേടി...' എന്ന ഗാനം പാടി.

സ്വരാഞ്ജലി, രാഗശ്രീംഗ തുടങ്ങിയ കന്നട സിനിമകളിലും വിനിതയുടെ സ്വരം ശ്രദ്ധേയമായി.

ഡോ.ബാലുമുരളീ കൃഷ്ണയുടെ ശിക്ഷണത്തില്‍ സംഗീതമഭ്യസിക്കുന്ന വിനിതയുടെ മൂന്ന് തമിഴ് ചിത്രങ്ങള്‍ റിലീസാകാനിരിക്കുകയാണ്.