വര്‍ണാഭമാണ് ഇന്ത്യന്‍ സംസ്‌കാരം. കഥകളി, തെയ്യം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഒഡീസി തുടങ്ങിയ കലാരൂപങ്ങളും അങ്ങനെ തന്നെ. ഇതെല്ലാം കാണുമ്പോള്‍ കുട്ടികള്‍ക്കു സംശയമുണ്ടാവുക സ്വാഭാവികം. അവരെ തെറ്റായ ധാരണകളിലേക്ക് നയിക്കാതെ ഈ സംശയങ്ങള്‍ എങ്ങനെ ദൂരീകരിക്കും. എന്താണ് കഥകളിയെന്ന് അവരെയെങ്ങനെ പഠിപ്പിക്കും... സാധാരണ രക്ഷിതാക്കള്‍ തീര്‍ച്ചയായും ഇത്തരമൊരു ആശയക്കുഴപ്പം പലകുറി അഭിമുഖീകരിച്ചിരിക്കും. എന്നാല്‍, പൂജ പിറ്റി ഗോയല്‍ എന്ന വീട്ടമ്മ ആശയക്കുഴപ്പത്തില്‍ ഉഴറിനില്‍ക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ മകന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ പൂജ നടത്തിയ ശ്രമങ്ങളാണ് ലിറ്റില്‍ ഗുരു സ്‌കൂള്‍ എന്ന ആഗോള പ്രശസ്തമായ പുസ്തക-ഡി.വി.ഡി. സംരംഭത്തിനു തുടക്കമിട്ടത്. ഇന്ത്യന്‍ സംസ്‌കാരത്തെയും കലകളെയും കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയെന്ന വിശാലമായ അര്‍ഥവും ലിറ്റില്‍ ഗുരു സ്‌കൂള്‍ പേറുന്നു.
സ്വന്തം മകന്റെ സംശയങ്ങള്‍ക്കു മറുപടി പറയുന്നതിനാണ് പ്രീതി ഈ സംരംഭമാരംഭിച്ചതെങ്കിലും ഇതേ ആഗ്രഹമുണ്ടായിരുന്ന രക്ഷിതാക്കളിലൂടെ ലിറ്റില്‍ ഗുരു സ്‌കൂള്‍ അതിവേഗം പ്രശസ്തമായി. 2008 തുടക്കത്തില്‍ ഇന്ത്യയിലെത്തിയ ലിറ്റില്‍ ഗുരു സ്‌കൂളിന്റെ ഡി.വി.ഡി.കളും വര്‍ക്ക് ബുക്കുകളും ഇവിടെയും കുട്ടികളുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്.
ചിക്കാഗോ ഗ്രാജ്വേറ്റ്
പൂജയുടെ ശ്രമങ്ങള്‍ വിജയിച്ചതോടെ അവരെ പാശ്ചാത്യ മാധ്യമങ്ങള്‍ 'ബേബി ഐന്‍സ്റ്റീന്‍ ഫോര്‍ ഇന്ത്യന്‍സ്'എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. വാള്‍ട്ട് ഡിസ്‌നി ചെറിയ കുട്ടികള്‍ക്കായി പുറത്തിറക്കിയ മള്‍ട്ടി മീഡിയ ഡി.വി.ഡി.കളായ ബേബി ഐന്‍സ്റ്റീനോട് താരതമ്യം ചെയ്യപ്പെട്ടുവെന്നതുതന്നെ പൂജയുടെ സംരംഭത്തിന്റെ വിജയമാണ്.
ലിറ്റില്‍ ഗുരു സ്‌കൂളിലേക്ക് തിരിയുന്നതിനുമുമ്പ് യൂണിലിവറിലും ഡവ് ഹെയര്‍ ബ്രാന്‍ഡിലും ജോലി ചെയ്തിരുന്ന പൂജ വലിയൊരു കരിയര്‍ പാതിവഴിയിലുപേക്ഷിച്ചാണ് ഇതിലേക്ക് തിരിഞ്ഞത്. ആറുവയസ്സുള്ള മകനുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ച് അവന്റെ മനസ്സിലുയരുന്ന സംശയങ്ങള്‍ക്കു സ്വയം ഉത്തരം കണ്ടെത്തിയാണ് അവര്‍ ലിറ്റില്‍ ഗുരുവിന്റെ ഡി.വി.ഡി.കള്‍ തയ്യാറാക്കുന്നത്. ഇതിനകം ആറുവട്ടമെങ്കിലും അമ്മയും മകനും ഭാരതപര്യടനം നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന ഗുരുകുലമായി തന്റെ ലിറ്റില്‍ ഗുരു സ്‌കൂളിനെ മാറ്റണമെന്നാണ് പൂജയുടെ ആഗ്രഹം.


NEWS LETTER
RSS
VIDEO

Print 







