ശര്‍മിള, റീഷ്മ ദാമോദര്‍
സംഗീതം, സിനിമ, ദൃശ്യമാധ്യമപ്രവര്‍ത്തനം, ബിസിനസ്, സ്‌പോര്‍ട്‌സ് എന്നിവയില്‍ 2009 പ്രതീക്ഷ നല്‍കിയ ചെറുപ്പക്കാരികള്‍ ആരൊക്കെയാണ്? ഗൃഹലക്ഷ്മി നടത്തിയ അന്വേഷണത്തോട് ഓരോ രംഗത്തും പ്രശസ്തരായവര്‍ പ്രതികരിക്കുന്നു...
ഒരുപാട് പുതിയ ഗായികമാരുണ്ട് മലയാളത്തില്‍. പക്ഷ, ഇവരാരും ഒരു പരിധിക്കപ്പുറം ക്രിയേറ്റീവ് ആവുന്നില്ല. കൂട്ടത്തില്‍ നന്നായി പാടുന്ന കുട്ടിയാണ് മഞ്ജരി. കൊള്ളാം. തരക്കേടില്ല. ശബ്ദഗുണമുണ്ട്. പാട്ടിലേക്കു കുറച്ചുകൂടി മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിച്ചാല്‍ സംഗീതത്തില്‍ ഏറെ ഉയരത്തിലെത്താന്‍ സാധിക്കുമെന്നുറപ്പാണ്.
ജയചന്ദ്രന്‍
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ മഞ്ജരി നേടി. എങ്കിലും ഈ ഗായികയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്ന നിമിഷം അതൊന്നുമല്ല... ''ഇളയരാജസാറിന്റെ 'തിരുവാസകം' സംഗീത ആല്‍ബത്തില്‍ പാടാന്‍ അവസരം ലഭിച്ചപ്പോഴാണ് എന്റെ ജീവിതം ധന്യമായത്. എന്റെ പാട്ടിനുള്ള ഏറ്റവും വലിയ സമ്മാനമായി അതെനിക്ക് അനുഭവപ്പെട്ടു''-സംഗീതത്തിന്റെ ഉദാത്തതയിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന വാക്കുകള്‍...'മകളി'ലെ 'മുകിലിന്‍ മകളേ പൊഴിയും കനവേ...' എന്ന പാട്ടിലൂടെ മഞ്ജരിയെ ചലച്ചിത്രലോകം നിസ്സംശയം 'നല്ല സുന്ദരി' എന്നു വിലയിരുത്തി. ''സുന്ദരമായി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കിട്ടുക ഒരു ഗായികയുടെ സ്വപ്‌നമാണ്. എനിക്ക് ആ ഭാഗ്യം കുറച്ചൊക്കെ കിട്ടി''-മഞ്ജരി പറഞ്ഞു.
'അച്ചുവിന്റെ അമ്മ'യില്‍ 'താമരക്കുരുവിക്ക് തട്ടമിട്...' എന്ന പാട്ടുപാടിയാണ് മഞ്ജരി മലയാളികള്‍ക്ക് പരിചിതമാവുന്നത്. 'ആറ്റിന്‍ കരയോരത്ത്...'(രസതന്ത്രം), 'മഴയില്‍ രാത്രിമഴയില്‍...' (കറുത്ത പക്ഷികള്‍), 'കടലോളം വാത്സല്യം...' (മിന്നാമിന്നിക്കൂട്ടം), 'മനസ്സിലൊരു പൂമാല...' (ഇന്നത്തെ ചിന്താവിഷയം), 'ഒരിക്കല്‍ നീ പറഞ്ഞു...' (പോസിറ്റീവ്)... സംഗീതപ്രേമികള്‍ മൂളിനടക്കാനിഷ്ടപ്പെടുന്ന കുറെ പാട്ടുകളുണ്ട് മഞ്ജരിയുടേതായി.
സംഗീതപഠനത്തിനായി മസ്‌കറ്റിലുള്ള ഗുരു ഖാലിദ അന്‍വര്‍ ജാനിന്റെ പക്കലെത്തിയതാണ് മഞ്ജരിയുടെ സംഗീതത്തിന് വഴിത്തിരിവായത്. ''ഉസ്താദിന്റെ അടുത്തിരുന്ന് ഹിന്ദുസ്ഥാനി രാഗങ്ങള്‍ പഠിക്കുമ്പോള്‍ വല്ലാത്തൊരു ആവേശമാണെനിക്ക്. കടല്‍പോലെ പരന്ന സംഗീതം ചെറുതായെങ്കിലും അറിയാന്‍ ശ്രമിക്കാനുള്ള ആഗ്രഹത്തില്‍ മനസ്സ് നിറയും.'' 2004 മുതല്‍ സൂര്യ ഫെസ്റ്റിവലില്‍ പാടാന്‍ തുടങ്ങി. ഇതോടെ 16-ഓളം രാജ്യങ്ങളില്‍ വിവിധ സൂര്യഫെസ്റ്റിവലുകള്‍ക്കായി പാടിയിട്ടുണ്ട്.
ഹിന്ദുസ്ഥാനിയും കര്‍ണാടിക്കും ഒരേപോലെ പഠിക്കുന്ന മഞ്ജരിക്ക് തന്റെ സംഗീതവഴിയെക്കുറിച്ച് തെളിവുറ്റ കാഴ്ചപ്പാടുണ്ട്. ''എന്റെ ലക്ഷ്യം ഹിന്ദുസ്ഥാനി കച്ചേരി ചെയ്യലാണ്. ഒരുപാട് കച്ചേരികള്‍ ചെയ്യണം. ഒപ്പം ലൈറ്റ് മ്യൂസിക്കും സിനിമാ പിന്നണിഗാനവും കൊണ്ടുപോവണം.'' അമ്മ ഡോ. ലതയും അച്ഛന്‍ ബാബു രാജേന്ദ്രനും തരുന്ന പിന്തുണയ്ക്കു പുറമെ ഭര്‍ത്താവ് വിവേകിന്റെ കൂട്ടും. 'പഴശ്ശിരാജ'യില്‍ ഇളയരാജയ്‌ക്കൊപ്പം പാടിയ 'അമ്പും കൊമ്പും...' എന്ന ഡ്യൂയറ്റ്. 'ചട്ടമ്പിനാട്', 'മൈ ബിഗ് ഫാദര്‍', 'കാത്തിരിപ്പ്', 'പ്ലസ് ടു' എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍. മഞ്ജരി പുതിയ ആകാശങ്ങള്‍ തേടുകയാണ്.
തമിഴില്‍ നിന്നൊരു മലയാളിപ്പെണ്ണ്
സിനിമ ഒരു ആവേശമായെടുത്ത പെണ്‍കുട്ടിയാണ് മിത്ര കുര്യന്‍. അഭിനയശേഷി ഉണ്ട്. സ്വന്തം കഴിവ് വളര്‍ത്തിയെടുക്കുന്നതില്‍ നല്ല ശ്രദ്ധയുമുണ്ട്. തമിഴില്‍ മിത്ര നല്ല റോളുകള്‍ ചെയ്തിട്ടുണ്ട്. സൗന്ദര്യമുള്ള ശരീരം, മുഖശ്രീ... മലയാള സിനിമയില്‍ ഈ നടിക്ക് സാധ്യതകളേറെയുണ്ട്.
ഹരിഹരന്‍
തമിഴില്‍ നേടിയ കയ്യടിയുടെ പിന്‍ബലത്തിലാണ് നടി മിത്രാകുര്യന്റെ വരവ്. മിത്ര നായികയായി അഭിനയിച്ച പവന്റെ കാമ്പസ് ചിത്രം 'സൂ
ര്യന്‍ സട്ട കല്ലൂരി' ഹിറ്റായിരുന്നു.''മലയാളത്തിലും ഞാന്‍ പ്രതീക്ഷയിലാണ്. ഞാന്‍ നായികാവേഷത്തിലുള്ള 'ഗുലുമാല്‍' ശ്രദ്ധിക്കപ്പെട്ടു. ഇനി നയന്‍താരയുമൊത്തുള്ള 'ബോഡിഗാര്‍ഡ്' റിലീസാവാനിരിക്കുന്നു. പടം വിജയിക്കുമെന്നുറപ്പുണ്ട്''- ആത്മവിശ്വാസത്തിലാണ് മിത്ര.
പുതുമുഖങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട് മലയാള സിനിമയില്‍. ''എനിക്കാരോടും മത്സരബുദ്ധിയില്ല. കൈയില്‍ കിട്ടുന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ''
പുതുമുഖനായികയ്ക്ക് വെല്ലുവിളിയാവുന്ന ഒരു കഥാപാത്രമാണ് ഇപ്പോള്‍ മുന്നില്‍... കമലാസുരയ്യയുടെ 'മനോമി' സിനിമയാവുന്നു. സുരേഷ്‌ഗോപിയുടെ നായിക മിത്രയാണ്. ''കഥയിലെ 'മനോമി'യാണ് ഞാന്‍. കമലാസുരയ്യയുടെ കഥകള്‍ വായിച്ചിട്ടുണ്ട്. ബിജു രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊജക്ട് വന്നപ്പോള്‍ വളരെ ഉത്സാഹത്തോടെയാണ് ഞാന്‍ ഡേറ്റ് നല്‍കിയത്. സങ്കീര്‍ണമായ സ്വഭാവമാണ് ഈ കഥാപാത്രത്തിന്റേത്. ഷൂട്ടിങ് തെങ്കാശിയില്‍ നടക്കുന്നു.''
ഇപ്പോള്‍ സിനിമയ്ക്കായി സ്വയം ചീകിമിനുക്കുകയാണ് മിത്ര. ''തടി കുറയ്ക്കാന്‍ പൂര്‍ണ വെജിറ്റേറിയനായി. ബോഡി ഷെയിപ്പ് സൂക്ഷിക്കാന്‍ വര്‍ക്കൗട്ട് ചെയ്യുന്നു. ഒഴിവ് സമയത്ത് നല്ല സിനിമകള്‍ എന്റെ സിഡി പ്ലെയറിലിട്ട് കാണും. ജൂലിയാ റോബേര്‍ട്‌സിനെ എനിക്കിഷ്ടമാണ്. ഈയിടെ അവരുടെ 'പ്രെറ്റി വുമണ്‍' കണ്ടു.''
കൗണ്ടര്‍ അറ്റാക്ക് സമയത്തോട്
വിഷ്വല്‍ മീഡിയയില്‍ സ്ത്രീപത്രപ്രവര്‍ത്തകര്‍ ഒരുപാടുപേരുണ്ട്. ഇതില്‍ തിളങ്ങിനില്‍ക്കുന്ന താരം ആരെന്നു ചോദിച്ചാല്‍, ഷാനി കൊള്ളാം. ആക്ടീവ് ആന്റ് അഗ്രസീവ് ന്യൂസ് പ്രസന്റേഷന്‍, ഷാനിയെക്കുറിച്ച് ഒറ്റ വാചകത്തില്‍ ഇങ്ങനെ പറയാം. പലപ്പോഴും ഷാനിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇരിക്കേണ്ടിവന്നിട്ടുണ്ട് എനിക്ക്. വിഷയം ഏതുമാകട്ടെ, നന്നായി അവതരിപ്പിക്കാനുള്ള കഴിവാണ് അവരുടെ പ്രത്യേകത.
ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാധ്യമ നിരീക്ഷകന്‍
വയനാട്ടിലെ ആദിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നു എന്ന വാര്‍ത്തയാണ് ഷാനി എന്ന ജേര്‍ണലിസ്റ്റിന്റെ പേര് മലയാളികള്‍ക്ക് പരിചിതമാക്കിയത്. ''പക്ഷേ, വ്യക്തിപരമായി എനിക്കൊരുപാട് തൃപ്തി നല്‍കിയത് വയനാട്ടിലെ ഒരു കോളനിയില്‍ മണ്ണു തിന്ന് ജീവിക്കുന്നവരെപ്പറ്റിയുള്ള വാര്‍ത്തയാണ്. വാര്‍ത്ത പുറത്തുവന്ന് ഒരു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി വയനാട് കളക്ടറെ വിളിച്ചു. ആ കോളനിയിലുള്ളവര്‍ക്ക് സഹായമെത്തിക്കാന്‍ പറഞ്ഞു. അന്നുതോന്നിയ സന്തോഷം വളരെ വലുതായിരുന്നു'', ഷാനി ഓര്‍ക്കുന്നു.മനോരമ ന്യൂസിലെ 'കൗണ്ടര്‍ പോയന്റ്' ആണ് ഷാനിയുടെ മാസ്റ്റര്‍പീസ്. കെ.കരുണാകരനുമായുള്ള കൗണ്ടര്‍ പോയന്റാണ് ഷാനി എന്നും ഓര്‍ക്കുന്നത്. 'ഞങ്ങളെ കൂടെ കൂട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് അനുഭവിക്കുമെന്ന് ലീഡര്‍ ഒരിക്കല്‍ പറഞ്ഞു. അത് ടെലികാസ്റ്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹം ലൈവില്‍ വന്നു. ലീഡര്‍ ഒറ്റയടിക്ക് എല്ലാം നിഷേധിച്ചു, 'ഇല്ല, ഞാനങ്ങനെ പറഞ്ഞിട്ടില്ല.' ആദ്യം ഷാനി പതറി. പിന്നെ പിടിച്ചുനിന്നു. ഒടുവില്‍ ചോദ്യത്തിനുമേല്‍ ചോദ്യമെറിഞ്ഞ് അദ്ദേഹത്തെ കുടുക്കി. അവസാനം അദ്ദേഹം അത് സമ്മതിച്ചു.
''വിഷ്വല്‍ മീഡിയ എന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. നല്ലൊരു ജോലി മാത്രമായിരുന്നു ആഗ്രഹം.'' കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസം കോഴ്‌സ് കഴിഞ്ഞ് കൈരളിയില്‍ ഇന്റേണ്‍ഷിപ്പിന് ചേര്‍ന്നതാണ് ഷാനിയുടെ ജീവിതം വഴിതിരിച്ചുവിട്ടത്.
ഷാനിയുടെ ഭര്‍ത്താവ് പ്രിജി ജോസഫ് മനോരമ ന്യൂസില്‍ തന്നെയാണ്. ''ഇനിയെന്റെ സ്വപ്‌നം ഒരു പരിസ്ഥിതി ജേര്‍ണലിസ്റ്റ് ആവുക എന്നതാണ്,'' ഷാനിയുടെ വാക്കുകളില്‍ പ്രതീക്ഷ നിറയുന്നു.
വഴിമാറി നടന്ന് വിജയത്തിലേക്ക്
വിദ്യാഭ്യാസരംഗത്തെ ബിസിനസ് അനിഷ ചെറിയാന്റെ സ്വന്തം ആശയമാണ്. അവര്‍ക്ക് ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്യാനുള്ള കഴിവുണ്ട്. സ്വന്തം ബിസിനസ്സില്‍ വന്ന ക്രൈസിസിനെ അവര്‍ ഫലപ്രദമായി നേരിട്ടു. വ്യവസായരംഗത്ത് ടൈമിങ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ രംഗത്തേക്ക് വരുന്ന സ്ത്രീകള്‍ക്ക് അവര്‍ നല്ല മാതൃകയാണ്.
പ്രൊഫ. വി. വിജയകുമാര്‍, ധനകാര്യ വിദഗ്ദ്ധന്‍
രണ്ടുവര്‍ഷം മുന്‍പാണ്. തീവ്രവാദഭീഷണിയെത്തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കിയ സമയം. വിസാ നിയ
ന്ത്രണം മോശമായി ബാധിച്ചത് നല്ലനിലയില്‍ ബിസിനസ് വളര്‍ത്തിവന്ന റിക്രൂട്ടിങ് ഏജന്‍സികളെയാണ്. ഈരംഗത്തെ പ്രമുഖ റിക്രൂട്ടിങ് ആന്‍ഡ് ട്രെയിനിങ് കമ്പനികളിലൊന്ന് സ്വന്തമായുള്ള ചെമ്മണൂര്‍ അക്കാദമി ആന്‍ഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും പ്രതിസന്ധിയില്‍പെട്ട് ആടിയുലഞ്ഞു. അന്ന് പോറലേല്‍ക്കാതെ ചെമ്മണൂര്‍ അക്കാദമിയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ സ്ഥാപനത്തിന്റെ എം.ഡി.യായ അനിഷാ ചെറിയാന് കഴിഞ്ഞു. പുരുഷന്മാര്‍പോലും കുഴങ്ങിപ്പോവുന്ന ഒരു പരീക്ഷണഘട്ടം അതിജീവിച്ചതിന്റെ തിളക്കമുണ്ടായിരുന്നു ആ വിജയത്തിന്.''2002-ല്‍ തുടങ്ങിയതാണ് കമ്പനി. നൂറിലധികം നഴ്‌സുമാരെ കുടുംബമടക്കം ഞങ്ങള്‍ ഗ്രീന്‍ കാര്‍ഡില്‍ പെര്‍മനന്റ് റെസിഡന്‍സി വിസയോടെ യു.എസ്സിലേക്ക് അയച്ചിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വിസാ നിയന്ത്രണം വന്നത്. പെട്ടെന്ന് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നിലച്ചു. ആദ്യമൊക്കെ നിയന്ത്രണം മാറുമെന്നും പ്രശ്‌നങ്ങള്‍ കലങ്ങിത്തെളിഞ്ഞ് ബിസിനസ് മുന്നോട്ടുപോവുമെന്നും കരുതി. പക്ഷേ, എത്രകാലം കാത്തിരിക്കും? ഒടുവില്‍ അന്ന് അധികം പ്രചാരത്തിലില്ലാത്ത മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സ് തുടങ്ങി. ഞങ്ങള്‍ ട്രാക്കിലേക്ക് തിരിച്ചുകയറുകയായിരുന്നു.'' അനിഷാ ചെറിയാന്‍ വിവരിച്ചു.
വളര്‍ന്നത് പരമ്പരാഗത ജ്വല്ലറി ബിസിനസ്സുകാരായ ചെമ്മണൂര്‍ കുടുംബത്തില്‍. എന്നാല്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ഒന്ന് മാറിനടക്കുകയായിരുന്നു അനിഷ. ''സഹോദരങ്ങളെല്ലാം ജ്വല്ലറി ബിസിനസ്സിലേക്കു തിരിഞ്ഞു. എനിക്ക് വിദ്യാഭ്യാസമേഖലയിലായിരുന്നു താത്പര്യം'', അനിഷ പറയുന്നു.
ചെമ്മണൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ചെമ്മണൂരിന്റെ മകളാണ് അനിഷാ ചെറിയാന്‍. ഭര്‍ത്താവ് ചെറിയാന്‍ സി. കരിപ്പപ്പറമ്പില്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ്മാനും പ്ലാന്ററുമാണ്.
''പുതുവര്‍ഷത്തില്‍ ബിസിനസ് വിപുലീകരിക്കണം. ബാംഗ്ലൂരില്‍ ഓഫീസ് തുറക്കാനും പ്ലാനുണ്ട്.''അനിഷയുടെ പുതുവര്‍ഷസ്വപ്നം.
'ബെസ്റ്റ് ടൈം, അതാണെന്റെ ലക്ഷ്യം'
വായുവിലൂടെ കുതിക്കാന്‍ സഹായിക്കുന്ന ഒരു ശരീരഭാഷയുണ്ട് ടിന്റു ലൂക്കയ്ക്ക്. ഭോപ്പാലിലും ചെന്നൈയിലും നടന്ന ദേശീയ മത്സരങ്ങളില്‍ ടിന്റുവിന്റെ പെര്‍ഫോമന്‍സ് ഒരുപാട് പ്രതീക്ഷ തരുന്നുണ്ട്. മടിയില്ലാതെ പ്രാക്ടീസ് ചെയ്യുന്ന കുട്ടി. സീരിയസ് അപ്രോച്ച്. ഭാവിയിലേക്കു മുന്നേറാന്‍ കഴിവുണ്ടിവള്‍ക്ക്.
ഒളിമ്പ്യന്‍ പി.രാമചന്ദ്രന്‍
ട്രാക്കില്‍ ഓരോ റൗണ്ടും അനായാസമായി, വളവുകളെ സൗമ്യമായി കീഴടക്കിക്കൊണ്ട് കുതിച്ച പെണ്‍കുട്ടിയെ പെട്ടെന്നാണ് നമ്മള്‍ ശ്രദ്ധിച്ചത്. 'ടിന്റു ലൂക്ക തിളങ്ങും...' ഗ്യാലറികളിലിരുന്ന് കോച്ചുമാരും അടക്കം പറഞ്ഞു.ഇന്ന് ടിന്റു സുവര്‍ണതാരമാണ്. ഭോപ്പാലില്‍ നടന്ന ഓപ്പണ്‍ നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡലും 'ബെസ്റ്റ് അത്‌ലറ്റ്' അവാര്‍ഡും. ചെന്നൈയില്‍ നടന്ന നാഷണല്‍ ഇന്റര്‍സ്റ്റേറ്റ് അത്‌ലറ്റിക്‌സ് മീറ്റിലും ടിന്റുവായിരുന്നു ലൈംലൈറ്റില്‍.
''ബെസ്റ്റ് ടൈം. അതാണെന്റെ ലക്ഷ്യം. അതിന് എല്ലാ വിധത്തിലും സഹായിക്കുന്ന മികച്ച ട്രെയിനിങ്ങാണ് എനിക്കിപ്പോള്‍ ലഭിക്കുന്നത്. ഓരോ മീറ്റ് വരുമ്പോഴും എന്റെ ട്രെയിനിങ് അതിനനുസരിച്ച് ക്രമീകരിക്കും. ടിന്റുവിന്റെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസം.
2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസ്, 2008-ലെ ജക്കാര്‍ത്ത മീറ്റ്, പോളണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന വേള്‍ഡ് ജൂനിയര്‍ മീറ്റ്... ചാമ്പ്യന്‍ഷിപ്പുകളിലൂടെ വളരുകയാണ് ടിന്റു. ''ചൈനയില്‍നിന്ന് കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് എനിക്ക് സെലക്ഷനായി''-ശബ്ദത്തില്‍ മറവില്ലാത്ത ആഹ്ലാദം.
വിജയങ്ങള്‍ക്കുള്ള കടപ്പാട് പി.ടി. ഉഷയോട്. ''ഉഷച്ചേച്ചിയാണ് എന്റെ ഗുരു. ഉഷാ സ്‌കൂളാണ് എന്റെ ജീവിതം മാറ്റിയത്. ഉഷച്ചേച്ചി ഓരോ വര്‍ഷവും ഓരോ ടൈം തരും. ഫസ്റ്റായി ഓടണമെന്നല്ല എന്നോട് പറയാറുള്ളത്. ഈ വര്‍ഷം ഈ ടൈമിലെത്തണം എന്നാണ്.'' കണ്ണൂര്‍ ഇരിട്ടിയിലെ കരിക്കോട്ടക്കരിയാണ് ടിന്റുവിന്റെ നാട്. അച്ഛന്‍ ലൂക്ക. അമ്മ ലിസി. അനിയത്തിമാര്‍ ഏയ്ഞ്ചലും ക്രിസ്റ്റീനയും.
എട്ടു വര്‍ഷം മുന്‍പാണ് ടിന്റു ഉഷാസ്‌കൂളിലെത്തുന്നത്. ''അതുവരെ അച്ഛനും അമ്മയും അധ്യാപകരും തന്ന കോച്ചിങ്ങില്‍ മാത്രം ഓടുകയായിരുന്നു ഞാന്‍. ഇവിടെ വന്നശേഷം സമയനിഷ്ഠ ശീലിച്ചു. ജീവിതം തന്നെ ചിട്ടപ്പെടുത്തി. ഓരോ സെക്കന്റും വിലപ്പെട്ടതാണെന്ന് പഠിച്ചു.''
ഇനി?
''2010-ലെ ഏഷ്യന്‍ ഗെയിംസ്. കോമണ്‍വെല്‍ത്ത് ഗെയിംസ്. 2012-ലെ ഒളിമ്പിക്‌സ്...'' മനസ്സിലുറപ്പിച്ചുകഴിഞ്ഞു ടിന്റു.

NEWS LETTER
RSS











