MATHRUBHUMI RSS
Loading...
കോഴിക്കോടന്‍ ഹൃദയത്തില്‍ ഇന്നും അരുന്ധതിയുടെ സ്വരം
രജി.ആര്‍.നായര്‍

മുപ്പത്തിമൂന്നു വര്‍ഷം മുമ്പാണ്. സാമൂതിരി ഹൈസ്‌കൂളില്‍ അരങ്ങുതകര്‍ത്ത് പതിനാറാം സ്‌കൂള്‍ കലോത്സവം. ലളിതഗാന വേദിയില്‍ തടിച്ചൊരു പെണ്‍കുട്ടി. ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിരുതന്മാര്‍ കൂവലോടെയാണ് അവളെ വരവേറ്റത്. ''ഒരു പാട്ടുപാടുവാന്‍ വന്നവള്‍ നീ സഖീ...'' രാഗമാലികയില്‍ ഒഴുകിയെത്തിയ ഗാനവീചികള്‍ സദസ്സിനെ കീഴടക്കി.

എത്ര പൂക്കാലങ്ങള്‍ പിന്നിട്ടാലും ഓര്‍ത്തുവെക്കാനുള്ള വസന്തമാണ് ഗായിക പി. അരുന്ധതിക്ക് ആ വേദി. സുജാതയെന്ന ഗായികയുടെ താരോദയകാലമാണത്. എറണാകുളം സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ നിന്ന് സുജാതയും മത്സരത്തിനെത്തിയിട്ടുണ്ട്. ആകാശവാണിയിലൊക്കെ പാടി അന്നേ പ്രശസ്തയാണ് സുജാത. ഒരു സമ്മാനവും പ്രതീക്ഷിച്ചല്ല അരുന്ധതി വന്നത്. പക്ഷേ, ഫലപ്രഖ്യാപനം വന്നപ്പോള്‍ സുജാതയ്ക്ക് രണ്ടാം സ്ഥാനം. ഒന്നാമതെത്തിയത് അരുന്ധതി!

''ആ ദിവസം ഒരു നിമിഷം പോലും വിടാതെ എന്റെ ഓര്‍മയിലുണ്ട്. സ്വതവേ പരിഭ്രമക്കാരിയാണ് ഞാന്‍. സുജാതയുണ്ടല്ലോ എന്ന പേടിയുമുണ്ട്. ശബ്ദമാണെങ്കില്‍ അല്പം പ്രശ്‌നത്തിലുമായിരുന്നു. ഫലം ആരോ വന്നറിയിച്ചപ്പോള്‍ എന്നെ പറ്റിച്ചതായാണ് തോന്നിയത്''- പറഞ്ഞു തുടങ്ങിയപ്പോള്‍ കൊല്ലം എസ്.എന്‍. വിമന്‍സ് കോളേജിലെ അധ്യാപിക, തിരുവനന്തപുരം ഫോര്‍ട്ട് മിഷന്‍ സ്‌കൂളിലെ പഴയ പതിന്നാലുകാരിയായി. സ്വപ്നമാലിനീ തീരത്ത് ഒരു കൊച്ചു സംഗീതമണ്ഡപംപണിഞ്ഞ് മലയാളിയുടെ മനസ്സില്‍ കുടിയേറിയ അരുന്ധതി ഇപ്പോഴും അവിടെയുണ്ട്; പാടിയ പാട്ടുകളുടെ തീരാത്ത മധുരത്തില്‍.

''രണ്ടാം സ്ഥാനമാണ് കിട്ടിയതെന്നതൊഴിച്ചാല്‍ ഒന്നും ഓര്‍ത്തെടുക്കാനാവുന്നില്ല എനിക്ക്. ഏതായാലും ആ കലോത്സവത്തോടെ ഞാന്‍ മത്സരിക്കുന്നത് നിര്‍ത്തി. ആകാശവാണിയില്‍ പാടുന്നതിനാല്‍ കലോത്സവത്തിന് പങ്കെടുക്കുന്നത് പ്രശ്‌നമായതിനാലായിരുന്നു അത്. അതിനു മുമ്പത്തെ വര്‍ഷം ഒരുപാട് സമ്മാനങ്ങള്‍ വാങ്ങിയതും നടന്‍ എം.ജി. സോമന്‍ അഭിനന്ദിച്ചതും ഓര്‍മയിലുണ്ട്''-അന്നത്തെ അതേ വശ്യമോഹന സ്വരത്താല്‍ മലയാള ചലച്ചിത്ര ഗാനങ്ങളെ ഹൃദ്യമാക്കിയ സുജാതയ്ക്കും ഓര്‍ക്കുമ്പോള്‍ രസമുള്ള മറവിയാണ് കോഴിക്കോട്ടെ കലോത്സവം. വരമഞ്ഞളാടിയ സ്വരരാഗസുധയില്‍ സുജാത അന്നും ഇന്നും ഒന്നാമതുതന്നെ.

76ലെ കലോത്സവം മലയാളിക്ക് ജി. വേണുഗോപാലിനെയും നല്കി. ആണ്‍കുട്ടികളുടെ ലളിതഗാനത്തില്‍ വേണുഗോപാലായിരുന്നു ആദ്യ സ്ഥാനത്ത്. ചന്ദനമണിവാതില്‍ തുറന്നിട്ടപോലെ സുഗന്ധമുള്ള ആ സ്വരത്തിനും നന്ദി പറയേണ്ടത് കോഴിക്കോട്ടെ കലോത്സവവേദിയോടുതന്നെ.