MATHRUBHUMI RSS
Loading...
മോഹനം... ഈ മോഹിനീഭാവങ്ങള്‍

മിഴികളില്‍ മിന്നി മറയുന്നത് മോഹനലാസ്യഭാവങ്ങള്‍. വാക്കിലും നോക്കിലുമെല്ലാം തന്റെ പ്രിയപ്പെട്ട കലാരൂപത്തെ ആത്മാവിലേക്ക് ചേര്‍ത്തുവെക്കുകയാണ് മോഹിനിയാട്ടത്തിലൂടെ കേരളപ്പെരുമ കടല്‍ കടത്തിയ കലാകാരി ഗോപികാവര്‍മ.

സുഗതകുമാരിയുടെ 'രാധയെവിടെ'? എന്ന കവിത മോഹിനിയാട്ട രൂപത്തില്‍ ദൃശ്യവത്കരിച്ചാണ് ഗോപികാ വര്‍മ ഏറ്റവും ഒടുവില്‍ വാര്‍ത്തകളിലെ സാന്നിധ്യമായത്.തന്റെ ചിലങ്കയുടെ താളം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനായി കൊച്ചി പനമ്പിള്ളി നഗറില്‍ 'ഓസോണ്‍' എന്ന പേരില്‍ ഗോപികാവര്‍മ്മ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ഗോപികയുടെ ശിഷ്യ പ്രീതിയാണ് ക്ലാസുകള്‍ നയിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മോഹിനീമുദ്രകള്‍ പകര്‍ന്നു നല്‍കാന്‍ മാസത്തില്‍ നാലു തവണ ഗോപികയും ക്ലാസിലെത്തും. അമ്പതിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം ആരംഭിച്ചു കഴിഞ്ഞു.ഇരുപതിനായിരം രൂപ വാങ്ങി മോഹിനിയാട്ടം ക്യാപ്‌സ്യൂള്‍ രൂപത്തില്‍ പഠിപ്പിക്കാനല്ല ഞാന്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. ഗോപികാ വര്‍മ പറയുന്നു. പുതിയ കലാകാരന്മാര്‍ക്ക് കടന്നു വരാന്‍ നല്ലൊരു വേദിയൊരുക്കുകയാണ് റിയാലിറ്റി ഷോകള്‍ ചെയ്യുന്നത്. ഞങ്ങള്‍ നൂറു സ്റ്റേജില്‍ ചെയ്യുന്നതിനേക്കാള്‍ പ്രശസ്തിയാണ് റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിലൂടെ പുതുതലമുറയ്ക്ക് ലഭിക്കുന്നത്. കലാകാരന്റെ വളര്‍ച്ചയില്‍ പ്രശസ്തി പ്രധാന ഘടകമാണ് -ഗോപിക പറഞ്ഞു.

മോഹിനിയാട്ടത്തിന്റെ വേഷത്തിലും ആഭരണത്തിലും കാലാനുസൃതമായ മാറ്റം വരുത്താം. ഭരതനാട്യവും മറ്റ് കലാരൂപങ്ങളും കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുമ്പോള്‍ മോഹിനിയാട്ടത്തില്‍ മാത്രം വെള്ള ബ്ലൗസും സെറ്റും അണിയണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല - ഗോപിക പറയുന്നു. ചെന്നൈ അഡയാറിലുള്ള ഗോപികയുടെ ഡാന്‍സ് സ്‌കൂളായ ദാസ്യയില്‍ നിലവില്‍ 40 വിദ്യാര്‍ഥികള്‍ മോഹനിയാട്ടവും, ഭരതനാട്യവും അഭ്യസിക്കുന്നു. ശിഷ്യരുമൊത്ത് സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്നുമുണ്ട്.