ശര്‍മിള
സൈബര്‍ കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാന്‍ പോലീസ് ഏജന്‍സികള്‍ക്ക് തുണ ഈ തൃശ്ശൂര്‍ക്കാരിയാണ്...
ദുബായില്‍ ഒരു എം.എന്‍.സിയില്‍ ഇന്‍ഫോമേഷന്‍ തെഫ്റ്റുമായി (ഔദോഗിക രേഖകളുടെ മോഷണം) ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയതാണ് ധന്യാ മേനോന്‍. തിരക്ക് പിടിച്ച ദിവസം. അന്ന് രാത്രിതന്നെ അവര്‍ക്ക് നേരേ സിംഗപ്പൂരിലേക്കു പറക്കേണ്ടതുമുണ്ട്. അത് തികച്ചും വ്യത്യസ്തമായ ഒരു ഇന്‍വെസ്റ്റിഗേഷന്‍. സിംഗപ്പൂരിലെ ബാങ്കിങ് മേഖലയെ ഒന്നാകെ ഞെട്ടിച്ച പണംതട്ടിപ്പ്‌കേസ്. ''ഈ സംഭവത്തില്‍ സ്ഥാപനം പെട്ടെന്ന് ക്രൈം തിരിച്ചറിഞ്ഞതാണ് കേസ് അന്വേഷണത്തെ എളുപ്പമാക്കിയത്. രണ്ടു ദിവസം വൈകിയിരുന്നെങ്കില്‍ കോടികളുടെ നഷ്ടമായിരുന്നു സ്ഥാപനത്തിനുണ്ടാവുക,'' സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ധന്യാമേനോന്‍ പറയുന്നു. ഇന്റര്‍നെറ്റ് വഴിയും മറ്റു കമ്മ്യൂണിക്കേഷന്‍ മാധ്യമങ്ങള്‍വഴിയും നടക്കുന്ന കുറ്റങ്ങള്‍ സൈബര്‍ ക്രൈമിന്റെ പരിധിയില്‍പ്പെടുന്നു. ''ഹൈടെക് കുറ്റങ്ങളും ഹൈടെക് കുറ്റവാളികളുമാണ് സൈബര്‍ ലോകത്ത് പ്രശ്‌നക്കാര്‍. സാങ്കേതികവിദ്യയുടെ ഓരോ 'സേഫ് ലോക്കറും' തുറക്കാന്‍ പുതിയ 'അപ്‌ഡേറ്റഡ്്' വിദ്യയുമായാണ് 'ഹാക്കേഴ്‌സ്' എത്തുന്നത്. അപ്പോഴതിലും മികച്ച സോഫ്റ്റ്‌വെയര്‍ തന്ത്രങ്ങളൊരുക്കി അവരെ നേരിടാന്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററും തയ്യാറാവേണ്ടിവരുന്നു.'' കമ്പ്യൂട്ടറിനുമുന്നിലിരുന്ന് നെറ്റ് വര്‍ക്ക് വഴിയാണ് മുഴുവന്‍ ഇന്‍വെസ്റ്റിഗേഷനും എന്നതാണ് പ്രത്യേകത.
ഇന്റര്‍നെറ്റിന്റെയും കമ്മ്യൂണിക്കേഷന്റേയും ലോകത്തെ കുരുക്കഴിക്കാന്‍ ധന്യയെത്തുന്നത് അപ്രതീക്ഷിതമായാണ്. ''കൊച്ചിയില്‍ സൈബര്‍ ക്രൈമിനെക്കുറിച്ച് ഒരു വര്‍ക്ക്‌ഷോപ്പ് നടന്നിരുന്നു. അവിടെ കേട്ട കാര്യങ്ങള്‍ എനിക്ക് വളരെ ത്രില്ലിങ്ങായി തോന്നി. കൂടുതലറിയാന്‍ ഞാന്‍ നെറ്റില്‍ സെര്‍ച്ച് ചെയ്തു. ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി.
പൂണെയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍ ഈ വിഷയത്തില്‍ പി.ജി. കോഴ്‌സുണ്ട്. എന്നാല്‍, സാമ്പത്തികപ്രശ്‌നം വഴിമുടക്കി. പക്ഷേ, കുടുംബത്തില്‍നിന്നുതന്നെ ധന്യക്കു തുണയെത്തി. ''എന്റെ മുത്തച്ഛന്റെ ജ്യേഷ്ഠന്‍ പി.ബി. മേനോന്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റ് ആണ്. പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ആളാണ്. അദ്ദേഹം എന്നെ സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു.'' തൃശ്ശൂര്‍ പൂങ്കുന്നം പാട്ടത്തില്‍ കുടുംബാംഗമാണ് ധന്യ.
ധന്യയുടെ ജീവിതം അടിമുടി മാറി. ''സ്വപ്‌നത്തില്‍പോലും കണ്ടിട്ടില്ലാത്ത ഒരു തൊഴില്‍മേഖലയിലാണ് ഞാന്‍ ചെന്നിറങ്ങിയത്. 2006-ല്‍ കോഴ്‌സ് കഴിഞ്ഞു. ആ വര്‍ഷം ഏഷ്യന്‍ സ്‌കൂളിന്റെ കണ്‍സള്‍ട്ടന്റായി ലോകം മുഴുവന്‍ സഞ്ചരിച്ചു. വ്യത്യസ്തമായ നാടുകള്‍, സംസ്‌കാരങ്ങള്‍, വ്യക്തികള്‍...'' ലോകത്തിന്റെ വിവിധ കോണുകളിലുള്ള വ്യക്തികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമാണ് ധന്യയുടെ സഹായം തേടുന്നത്. കേരളത്തിലെ സൈബര്‍ പോലീസും മറ്റു പോലീസ് ഏജന്‍സികളും ധന്യയുടെ സേവനം ഒട്ടേറെ കേസ് അന്വേഷണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിവരുന്നു.
നിങ്ങളറിയാന്‍
ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ- മെയിലുകള്‍ വിശ്വസിച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയ ആളുകളെ എനിക്കറിയാം. ഇന്റര്‍നെറ്റ് ചെക്ക് അയച്ചുതരുമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുക. അങ്ങനെയൊന്ന് ഇല്ലതന്നെ. മൊബൈല്‍ എസ്.എം.എസ്സിലും ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ വരുന്നുണ്ട്.
എടിഎം കാര്‍ഡിന്റെ പാസ്‌വേഡ് പേഴ്‌സിലോ മൊബൈലിലോ കാര്‍ഡിന്റെ മൂലയിലോ എഴുതിവെക്കുന്നവരുണ്ട്. ഇത് തെറ്റാണ്. ബാങ്കിന്റെ ഇ-മെയില്‍ അക്കൗണ്ടില്‍നിന്നെന്നപോലെ ഫേക്ക് മെയിലുകള്‍ അക്കൗണ്ട് പാസ്‌വേഡ് ചോദിച്ചുവരാറുണ്ട്. ഇത് വിശ്വസിച്ച് പാസ്‌വേഡ് നല്‍കരുത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായേക്കും. ഇങ്ങനെ വരുന്ന മെയിലുകളില്‍ ബാങ്കിന്റേതായ ലിങ്ക് കാണിച്ചിരിക്കും. ശ്രദ്ധിച്ചുനോക്കിയാല്‍ സ്‌പെല്ലിങ് തെറ്റ് കാണാം. ഇത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ കുരുങ്ങാന്‍ പോവുകയാണെന്ന് ഉറപ്പാക്കാം.
ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും പ്രൊഫൈല്‍ തെഫ്റ്റും അബ്യൂസ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അബ്യൂസ് കേസ്സുകളില്‍ സ്ത്രീകളാണ് കൂടുതലും ഇരയാവുന്നത്. ഏതൊരാള്‍ക്കും നെറ്റില്‍നിന്നും നിങ്ങളുടെ ഫോട്ടോ കോപ്പി ചെയ്യാം. ആ നിലയ്ക്ക് നെറ്റില്‍ സ്വന്തം ഫോട്ടോ നല്‍കാതിരിക്കുന്നതാണ് സുരക്ഷിതം. നിങ്ങളുടെ പ്രൊഫൈല്‍ കോപ്പി ചെയ്ത് അതില്‍ അപമാനകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് പ്രൊഫഷന്‍ എന്നതിനു നേര്‍ക്ക് 'അവെയിലബ്ള്‍ ' എന്നാക്കും. ഇത് അപകടമാണ്. സ്വന്തം പേരിലുള്ള ഇന്റര്‍നെറ്റ് രജിസ്‌ട്രേഷനുകള്‍ ആവശ്യമില്ലെങ്കില്‍ ഒരിക്കലും നെറ്റില്‍ ഉപേക്ഷിച്ചിടാന്‍ പാടില്ല. അവ കാന്‍സല്‍ ചെയ്യണം, ധന്യാമേനോന്‍ മുന്നറിയിപ്പ് തരുന്നു.

NEWS LETTER
RSS











