MATHRUBHUMI RSS
Loading...
കുഞ്ഞുകുഞ്ഞു മോഹങ്ങള്‍ മാത്രം

പെരുമ്പാവൂര്‍കാരി മിത്രാകുര്യനും സിനിമയില്‍ മെല്ലെ പിച്ച വെയ്ക്കുന്നു...


സ്വപ്‌നം

നല്ല ചാന്‍സ്, നല്ല സിനിമ... അത് മാത്രമാണ് മനസ്സില്‍. രണ്ടുമൂന്ന് സിനിമ ചെയ്ത് ഫീല്‍ഡില്‍ നിന്ന് ഒഴിവാകുകയല്ല. എന്നും ആളുകളോര്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കണം. എന്നെ എല്ലാവരും ഓര്‍ക്കണം. ആരാധിക്കണം...


പണ്ട് സ്‌കൂളില്‍

പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഞങ്ങടെ ഡ്രാമാ ട്രൂപ്പ് നല്ലൊരു കൂട്ടായിരുന്നു. കോംപറ്റീഷന്‍ എത്തുമ്പോള്‍ ആവേശമാണ്. ഒരുദിവസം ടീച്ചര്‍ പറഞ്ഞു: 'ഇത്തവണ നീയായിരിക്കും ബെസ്റ്റ് ആക്ട്രസ്' എന്ന്. 'അതൊന്നുമെനിക്കറിയില്ല മിസ്, ഡ്രാമാ ട്രൂപ്പ് ഫസ്റ്റടിച്ചാല്‍ മതിയായിരുന്നു' എന്ന് ഞാനും. മൂന്ന് വര്‍ഷവും ഞങ്ങളുടെ ട്രൂപ്പ് തന്നെ ഒന്നാം സ്ഥാനത്തെത്തി. 'ബെസ്റ്റ് ആക്ട്രസ്' പട്ടം എനിക്കും!

കോളേജ്

നടക്കാതെ പോയ സ്വപ്‌നം... എന്നാലും സങ്കടമില്ലാട്ടോ. 'ബോഡിഗാര്‍ഡി'ന്റെ ഷൂട്ട് സി.എം.എസ്. കോളേജ് കാമ്പസില്‍ വെച്ചായിരുന്നു. അയ്യയ്യോ. എന്തായിരുന്നു രസം. അടിപൊളി കാമ്പസ്. അപ്പോ ശരിക്കും തോന്നി; കോളേജില്‍ പഠിക്കണമായിരുന്നൂന്ന്.

സിനിമ

പണ്ടേ ഉണ്ട് മോഹം സിനിമാനടി ആവാന്‍. എന്റെ മമ്മിക്കാണെങ്കില്‍ ഞാന്‍ കലാപരമായി എന്തെങ്കിലുമായി കാണാന്‍ ഭയങ്കര ആഗ്രഹവും. ഞങ്ങടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് സിദ്ധിക് സാറിനെ പരിചയപ്പെട്ടത്. അങ്ങനെ ആദ്യ പടം തമിഴില്‍ 'സാധു മിരണ്ടാല്‍'. പിന്നെ 'കന്ത', 'സൂര്യന്‍ സട്ട കല്ലൂരി', മലയാളത്തില്‍ 'ബോഡിഗാര്‍ഡും' 'ഗുലുമാലും'...

നയന്‍താര

ബോഡിഗാര്‍ഡില്‍ ഞാന്‍ നയന്‍താരയുടെ കൂട്ടുകാരിയാണ്. പേര് സേതുലക്ഷ്മി. ഒരു പാവം പെണ്ണ്. നോക്കൂ, ഈ നയന്‍സിനെ വര്‍ക്കിന് മുന്‍പ് എനിക്കത്രയൊന്നും അറിയില്ലല്ലോ. തെന്നിന്ത്യന്‍ താരറാണിയല്ലേ. നേരില്‍ കണ്ടപ്പോ ഭയങ്കര ഇഷ്ടായി എനിക്ക് നയന്‍സിനെ. സോ സിംപിള്‍... കോപ്പറേറ്റീവ്... സപ്പോര്‍ട്ടീവ്...

ആദ്യ ക്ലാപ്പ്

തമിഴ് പടം 'സൂര്യന്‍ സട്ട കല്ലൂരി'യുടെ ക്ലൈമാക്‌സ് കോയമ്പത്തൂര്‍ വെച്ചായിരുന്നു. 'കുരുതിമൊഴി' എന്നൊരു പ്രതിജ്ഞ ചൊല്ലണം ഞാന്‍. 'നിനക്ക് പറ്റുമെങ്കില്‍ സ്‌കോര്‍ ചെയ്‌തോളൂ' എന്ന് സംവിധായകന്‍. നല്ല ഇമോഷണലായാണ്
ഞാനത് ചെയ്തത്. കഴിഞ്ഞപ്പോള്‍ ഹോള്‍ യൂണിറ്റ് ക്ലാപ്പ് ചെയ്തു. ഭയങ്കര സന്തോഷമായി.

ചാക്കോച്ചന്‍

ഞാനും ആരാധിച്ചിരുന്നു ചാക്കോച്ചനെ പഠിക്കുന്ന കാലത്ത്. ആ ഞാന്‍ സിനിമയിലിപ്പോ ചാക്കോച്ചന്റെ നായികയാവുന്നു! നോക്കിക്കേ... അതൊരദ്ഭുതം തന്നെയല്ലേ?

സൗഹൃദം

എല്ലാവരുമായും നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. പക്ഷേ, എന്റെ 'ബെസ്റ്റ് ഫ്രണ്ട്‌സിന്റെ ലിസ്റ്റി'ല്‍ പഴയ കുറച്ച് കൂട്ടുകാര്‍ മാത്രമേ ഉള്ളൂ. ഒരു കൊച്ചു ഗാങ്. പണ്ടത്തെ ചില ക്ലാസ്‌മേറ്റ്‌സ്. അവര് ഇടയ്ക്ക് എന്റെ വീട്ടില്‍ വരും. പാട്ടുംപാടി മമ്മിയുണ്ടാക്കുന്ന ഫുഡും കഴിച്ച് കൂടും.