MATHRUBHUMI RSS
Loading...
ചരിത്രത്തിലിടം നേടി സീമ ശര്‍മയും അംബിക ഹൂഡയും


കൊച്ചി: റിയര്‍ അഡ്മിറല്‍ സുധീര്‍ പിള്ളയില്‍ നിന്ന് സീമാറാണി ശര്‍മയും അംബിക ഹൂഡയും വിങ്‌സ് നെഞ്ചിലണിയുമ്പോള്‍ ഇരുവരും നാവികസേനാചരിത്രത്തില്‍ ഇടംപിടിക്കുകയായിരുന്നു. ഇന്ത്യന്‍ നാവികസേനാചരിത്രത്തിലാദ്യമായി ഷോര്‍ട്ട്‌സര്‍വീസ് കമ്മീഷന്‍ വഴി ഒബ്‌സര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വനിതകളാണിരുവരും. 2002ല്‍ തന്റെ അച്ഛന്‍ വിരമിച്ച ഐ.എന്‍.എസ്. ഗരുഡയുടെ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടുമെന്റ് ഹാംഗറില്‍ തന്നെ തന്റെ പാസിങ് ഔട്ട് നടക്കുമ്പോള്‍ സീമയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു മുഹൂര്‍ത്തം കൂടിയായി അത്.

ഇന്ത്യന്‍ നാവികസേനയിലെ 70ാം ഒബ്‌സര്‍വര്‍ കോഴ്‌സില്‍ ഇക്കുറി 4 പേരാണ് പുറത്തിറങ്ങിയത്. അതില്‍ രണ്ടുപേര്‍ നാവികചരിത്രത്തില്‍ തന്നെയുള്ള ആദ്യവനിതകളും. ഡോണിയര്‍ മാരിടൈം റെക്കണൈസന്‍സ് സ്‌ക്വാഡ്രണിലെ ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സെന്‍സര്‍ ഓഫീസര്‍മാരായിട്ടായിരിക്കും രണ്ട് വനിതകളുടെയും നിയമനം. ഐ.എന്‍.എസ്. ഗരുഡയിലെ ഒബ്‌സര്‍വര്‍ സ്‌കൂളില്‍ നിന്ന് 27 ആഴ്ചത്തെ പരിശീലനമാണ് ഇരുവരും പൂര്‍ത്തിയാക്കിയത്.നിരവധി പുതിയ വിമാനങ്ങളും സേനയിലേക്കെത്തും. അതൊക്കെ ഗുണപരമായും ഉത്തരവാവാദിത്വപരമായും ഉപയോഗപ്പെടുത്താന്‍ പുതിയ തലമുറയ്ക്കാകണമെന്ന് റിയര്‍ അഡ്മിറല്‍ സുധീര്‍ പിള്ള പറഞ്ഞു.

2002ല്‍ തന്റെ അച്ഛന്‍ ഹരിഗോപാല്‍ ശര്‍മ വിരമിച്ച അതേ ഹാംഗറില്‍ തന്നെ താന്‍ സബ് ലഫ്റ്റനന്റായി വിംഗ്‌സണിഞ്ഞതില്‍ സീമാറാണി ശര്‍മ ആഹ്ലാദം പ്രകടിപ്പിച്ചു. ഒബ്‌സര്‍വര്‍ സ്‌കൂളില്‍ നിന്ന് നേടിയ വിജ്ഞാനം സേനാസേവനത്തില്‍ ഭംഗിയായി പ്രയോഗിക്കാന്‍ ശ്രമിക്കുമെന്ന് അംബിക ഹൂഡയും പറഞ്ഞു.

70ാം അബ് ഇനിഷ്യോ ഒബ്‌സര്‍വര്‍ കോഴ്‌സിലെ ലഫ്റ്റനന്റ് അഭിഷേക് പഥക്കും ഒന്നാം ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഒബ്‌സര്‍വര്‍ കോഴ്‌സിലെ സബ് ലഫ്റ്റനന്റ് അജയ് പുരോഹിതും മികച്ച ഒബ്‌സര്‍വര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഒബ്‌സര്‍വര്‍ കോഴ്‌സിലെ മികച്ച ട്രെയിനറായി സബ് ലഫ്റ്റനന്റ് അംബിക ഹൂഡ തിരഞ്ഞെടുക്കപ്പെട്ടു.