MATHRUBHUMI RSS
Loading...
കൂകിപ്പായും പെണ്‍വണ്ടി
സി.എം.ബിജു

കേരളത്തില്‍ തീവണ്ടി ഓടിക്കുന്ന ഒരേയൊരു യുവതി, മരിയ ഗെരോത്തി. അനുഭവങ്ങളുടെ ട്രാക്കിലൂടെ സഞ്ചരിക്കുകയാണ് ഈ കൊച്ചിക്കാരി...


പെരിന്തല്‍മണ്ണയിലെ പോളിടെക്‌നിക്കില്‍നിന്ന് പഠനം കഴിഞ്ഞ് വെറുതെയിരിക്കുന്ന കാലം. ഇനിയെന്ത് പരിപാടിയെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ഞങ്ങള്‍ കൂട്ടുകാര്‍. നമുക്ക് ഡിഗ്രിക്ക് പോകാം, അതാ നല്ലത്. അവരൊക്കെ കോളേജ് പഠനം സ്വപ്‌നം കണ്ടു. എനിക്കാണെങ്കില്‍ എങ്ങനെയുമൊരു ജോലികിട്ടിയാല്‍ മതിയെന്നാണ്. വല്ല പി.എസ്.സി.യും എഴുതാമെന്നോര്‍ത്തിരിക്കുമ്പോഴാണ് പത്രത്തിലൊരു പരസ്യം കണ്ടത്. റെയില്‍വേയില്‍ നിയമനം നടക്കുന്നു. എന്‍ജിന്‍ ഡ്രൈവറായി പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാമത്രേ. കേട്ടപാടെ കൂട്ടുകാരികളൊക്കെ എടുത്തുചാടി. എനിക്കാണെങ്കില്‍ ആകെ പേടിയായി. ട്രെയിനോടിക്കുന്ന സ്ത്രീയോ. അങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല. തീവണ്ടിയെക്കുറിച്ച് എനിക്ക് ഒരു ചുക്കുമറിയില്ല. പോളിയിലേക്ക് പോകാന്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കയറിയതുമാത്രമാണ് തീവണ്ടിയുമായുള്ള ഏക പരിചയം. പക്ഷേ, കൂട്ടുകാരുടെ നിര്‍ബന്ധം മൂത്തപ്പോള്‍ ഞാനും അപേക്ഷിച്ചു. പരീക്ഷാഫലം വന്നപ്പോള്‍ ഞാന്‍ മാത്രം റെയില്‍വേയില്‍ 'ഇന്‍'.

ഞങ്ങളുടെ വരാപ്പുഴയില്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നവരൊന്നുമില്ല. എന്റെ ജോലിക്കാര്യം കേട്ടപ്പോഴേ അപ്പച്ചന് (ജോസഫ്) ആധിപിടിച്ചു. ജീവിതത്തിലാദ്യം കിട്ടിയ ജോലി, നമുക്കൊന്നു നോക്കാം അപ്പച്ചാ എന്നും പറഞ്ഞ് ഞാന്‍ പരിശീലനത്തിന് തൃശ്ശിനാപ്പിള്ളിക്ക് വണ്ടികയറി. എട്ടുമാസമായിരുന്നു ട്രെയിനിങ്. അതുകഴിഞ്ഞതോടെ ഒരു കൈ നോക്കാമെന്ന ധൈര്യമായി.

ആദ്യയാത്ര

പരിശീലനം കഴിഞ്ഞ് എറണാകുളത്തായിരുന്നു നിയമനം. അസിസ്റ്റന്റ് ലോക്കോ പൈലറ്റായാണ് തുടക്കം. ഡ്രൈവറെ സഹായിക്കലാണ് ജോലി. പക്ഷേ, ഫുള്‍ടൈം എന്‍ഗേജ്ഡാണ്. സ്റ്റാര്‍ട്ടുചെയ്യുന്നതിനു മുന്‍പേ എന്‍ജിന്റെ കണ്ടീഷന്‍ നോക്കണം. പിന്നെ മീറ്റര്‍ റീഡിങ് പരിശോധന. ഓടിത്തുടങ്ങിയാല്‍ പിന്നെ സിഗ്നലുകള്‍. ഓരോ സ്റ്റേഷനിലും ഗേറ്റിലുമൊക്കെ സിഗ്നല്‍ നോക്കി ഡ്രൈവറെ അറിയിക്കണം.
ഒറ്റയ്ക്ക് വണ്ടിയോടിക്കാന്‍ വിടുന്നതിനു മുന്‍പ് പ്രായോഗിക പരിശീലനങ്ങളുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊച്ചുവേളിയിലോട്ടാണ് ഞാന്‍ വണ്ടിയോടിച്ച് പരിശീലിച്ചത്. തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ അവിടെനിന്ന് തൊട്ടടുത്ത കൊച്ചുവേളിയിലേക്ക് മാറ്റിയിടും. ട്രെയിനികളെയാണ് ഇതിന് ചുമതലപ്പെടുത്തുക. കൊച്ചുവേളിയിലേക്കുള്ള ഈ യാത്രയിലൂടെ എനിക്ക് ആത്മവിശ്വാസമായി.

ആദ്യമായി വണ്ടിയോടിച്ച ദിവസം. അതെങ്ങനെ മറക്കും. സ്‌കൂള്‍ തുറക്കുന്ന ദിവസം പുത്തനുടുപ്പൊക്കെയിട്ട് ഓടിച്ചാടിയെത്തുന്ന കുട്ടികളില്ലേ. അതേ ആവേശത്തോടെയാണ് ഞാനന്ന് സ്റ്റേഷനിലെത്തിയത്. ചെല്ലുമ്പോഴേക്കും ഒരു ചരക്കുവണ്ടി തയ്യാറായി നില്‍ക്കുന്നു. ഇരുമ്പനത്തേക്കാണ് ഈ യാത്ര. എഴുപതോളം ബോഗികള്‍. വണ്ടിക്ക് ഒരു കിലോമീറ്ററിലധികം നീളം കാണും. വല്ല വളവിലുമെത്തിയാലേ ഏറ്റവും പിന്നിലുള്ള ബോഗി കാണൂ. അവിടെയൊരു ഗാര്‍ഡുണ്ടാവും. അയാളുമായി വാക്കിടോക്കിയില്‍ സംസാരിക്കും. പിന്നെ എത്രയെത്ര യാത്രകള്‍. ഗുഡ്‌സില്‍ രാത്രിയാത്രയാണ് ബുദ്ധിമുട്ട്. വാളയാര്‍ പോലുള്ള സ്ഥലങ്ങളിലൂടെ ഗുഡ്‌സ് ഓടിച്ചവര്‍ പറയാറുണ്ട്, ആള്‍ത്താമസമില്ലാത്ത സ്ഥലങ്ങള്‍. കാടിനുനടുവിലൂടെ പോകുന്ന പാതകള്‍. പെട്ടെന്നാവും കാട്ടാനക്കൂട്ടമൊക്കെ മുന്നിലെത്തുക. സഹപ്രവര്‍ത്തകരൊക്കെ ഇടയ്ക്കിടെ ഇത്തരം കഥകള്‍ പറയും.


എന്തെളുപ്പം അല്ലേ?

നാട്ടില്‍ വെച്ച് കാണുമ്പോള്‍ ചില സ്ത്രീകള്‍ ചോദിക്കും. ഓ എളുപ്പമുള്ള ജോലിയല്ലേ, നീണ്ടുകിടക്കുന്ന ട്രാക്ക്. കണ്ണുപൂട്ടിയങ്ങ് വിട്ടാല്‍ പോരെ? പക്ഷേ, കാണുന്നതുപോലെ എളുപ്പമല്ല ഈ ജോലി. നമ്മുടെ ശ്രദ്ധ ഒരു നിമിഷമൊന്നു പാളിയാല്‍ മതി. ആയിരങ്ങളുടെ ജീവനും മുറുക്കിപ്പിടിച്ചാണ് ഈ പാച്ചില്‍. കൃത്യസമയത്ത് ഓരോരുത്തരെയും സുരക്ഷിതമായി എത്തിക്കുംവരെ ടെന്‍ഷനാണ്. ഓരോദിവസവും ഞങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണിത്. ഇതിനിടയിലാണ് ഡ്രൈവര്‍മാരുടെ മനസ്സ് വിഷമിപ്പിക്കാന്‍ തീരുമാനിച്ച് ഓരോരുത്തര്‍ വന്ന് വണ്ടിക്കുമുന്നില്‍ ചാടുക. ആത്മഹത്യ ചെയ്യുന്നവര്‍ തീവണ്ടിതന്നെ തിരഞ്ഞെടുക്കുന്നതെന്തിനാണാവോ. അഞ്ചുപൈസ ചെലവില്ല, പിന്നെ ട്രാക്കില്‍ വീണുകിട്ടിയാല്‍ മരണം ഉറപ്പ്. അതുതന്നെയാവും കാരണം.

അന്നൊരു വെള്ളിയാഴ്ച. കൊല്ലം-എറണാകുളം പാസഞ്ചറിലാണ് എനിക്ക് ഡ്യൂട്ടി. സാമാന്യം വേഗത്തിലോടുന്ന വണ്ടി മുളന്തുരുത്തി പിന്നിടുന്നു. പെട്ടെന്നാണ് ട്രാക്കിലൊരു സ്ത്രീയെ കണ്ടത്. വണ്ടി വരുന്നതൊന്നും ശ്രദ്ധിക്കാതെ അവരങ്ങനെ നടക്കുകയാണ്. നാലഞ്ചുവട്ടം ഹോണ്‍ മുഴക്കി മുന്നറിയിപ്പു നല്‍കി. അവരത് കേട്ടഭാവം പോലുമില്ല. ഈശ്വരാ, ഞാന്‍ നെഞ്ചില്‍ കൈവെച്ച് നിലവിളിച്ചു. വണ്ടി നിര്‍ത്തിയാല്‍ പോലും ഇനിയവരെ രക്ഷിക്കാനാവില്ല. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. പിന്നെ രണ്ടുമൂന്നുദിവസം എനിക്ക് ഭക്ഷണം പോലും കഴിക്കാനായില്ല. എന്റെ വിഷമം കണ്ട് സഹപ്രവര്‍ത്തകരെല്ലാം അടുത്തുകൂടി. ''മറിയാ, നമ്മുടെ ജോലിയില്‍ ഇതൊക്കെ പതിവല്ലേ. ഞങ്ങളൊക്കെ എത്രപേരുടെ മരണം മുന്നില്‍ കണ്ടവരാ. ഇതിലൊന്നും മനസ്സ് പതറരുത്, കൈ വിറയ്ക്കരുത്.'' അവരുടെ ആശ്വാസവാക്കുകളാണ് ജോലിയില്‍ പിടിച്ചുനിര്‍ത്തിയത്. ഇപ്പോള്‍ 11 വര്‍ഷമായി വണ്ടിയോടിക്കുന്നു.

ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് മുന്നിലേക്ക് അപകടങ്ങള്‍ കയറിവരാറുണ്ട്. ഒരിക്കല്‍, കായംകുളം പാസഞ്ചറിലാണ് ഞാന്‍. വണ്ടി മാവേലിക്കരയെത്താനാവുന്നു. കാവല്‍ക്കാരനില്ലാത്ത ഗേറ്റിലൂടെയതാ ഒരു ടെമ്പോ കയറിവരുന്നു. അതിന്റെ മുന്‍ഭാഗം ട്രാക്കില്‍ കയറിക്കഴിഞ്ഞു. പിന്നെയൊരു കൂട്ടിയിടിയുടെ ശബ്ദമാണ് കേട്ടത്. ടെമ്പോയാകെ പപ്പടമായെന്നാ കരുതിയത്. ഭാഗ്യത്തിന് അതിന്റെ മുന്‍ഭാഗത്തെ ചില്ല് പോയതേയുള്ളൂ.

വൈകിയോടും വണ്ടികള്‍

സ്ഥലം കോട്ടയം റെയില്‍വേസ്റ്റേഷന്‍. എറണാകുളത്തേക്കുള്ള പാസഞ്ചര്‍ 10 മിനുട്ട് വൈകിയാണെത്തിയത്. ചെന്നുനിര്‍ത്തിയപാടെ ഒരപ്പൂപ്പന്‍ ഓടിയെത്തി. ഡ്രൈവറെ രണ്ട് ചീത്തവിളിക്കലാണ് ലക്ഷ്യം. കാബിനില്‍ എന്നെ കണ്ടതും അപ്പൂപ്പന്‍ ട്രാക്ക് മാറ്റി. ''ദാ ചുമ്മാതല്ല വണ്ടി വൈകിയത്. പെണ്ണോടിച്ചാല്‍ പിന്നെ സമയത്തിനെത്തുമോ'' അങ്ങേര് കളിയാക്കിയാതാണെങ്കിലും ഞാനതുകേട്ട് ചിരിച്ചുപോയി. ജോലി തുടങ്ങിയകാലത്തൊക്കെ ആളുകളുടെ കമന്റുകള്‍ പതിവായിരുന്നു. ശീലമായപ്പോള്‍ അതൊരു രസമായി. കപ്ലിങ് (എന്‍ജിനില്‍ ബോഗികള്‍ ഘടിപ്പിക്കുന്നത്) സമയത്ത് സ്റ്റേഷനില്‍ ആള് കൂടും. വലിയ ശാരീരികാധ്വാനം വേണ്ട പണിയാണത്. ഒരു സ്ത്രീ എങ്ങനെയിത് ചെയ്യുന്നു എന്ന കൗതുകമാണ് ആളുകളുടെ മുഖത്ത്.

എനിക്കും ആരാധകര്‍

ഭര്‍ത്താവ് പോള്‍ ടോമിയുടെയും കുടുംബത്തിന്റെയുമൊക്കെ പിന്തുണയാണ് എന്നെ ജോലിയില്‍ പിടിച്ചുനിര്‍ത്തുന്നത്. ഇപ്പോള്‍ നാട്ടിലുള്ള ദിവസം പലരും അന്വേഷിച്ചുവരും. ചേച്ചി, ഞങ്ങള്‍ക്കും ഡ്രൈവറായാല്‍ കൊള്ളാം. എങ്ങനെയൊക്കെയാണ് അതിന് തയ്യാറെടുക്കുക. പരീക്ഷയ്ക്ക് പഠിക്കേണ്ട രീതികളും ജോലിയുടെ സ്വഭാവവുമെല്ലാം ഞാനവര്‍ക്ക് പറഞ്ഞുകൊടുക്കും. ഈയിടെ കോഴിക്കോട്ടുനിന്നൊരു കത്ത് വന്നു. ട്രെയിന്‍ ഡ്രൈവറായാല്‍ കൊള്ളാമെന്നാണ് കത്തെഴുതിയ ആളുടെ ആഗ്രഹം. പക്ഷേ, തിരക്കിട്ട് എഴുതിയപ്പോള്‍ കക്ഷിക്ക് പേരും വിലാസവുമൊക്കെ എഴുതാന്‍ വിട്ടുപോയി. കൂടുതല്‍ പെണ്‍കുട്ടികള്‍ ഡ്രൈവറാവാന്‍ ആഗ്രഹിക്കുന്നത് കേള്‍ക്കുമ്പോള്‍ ഭയങ്കരസന്തോഷമാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രം വണ്ടി ഓടുന്ന കാലമല്ലേ . ഭാവിയിലത് കേരളത്തിലുമെത്തിയാലോ. ആ വണ്ടി ഓടിക്കാന്‍ പെണ്ണുങ്ങള്‍ തന്നെ രംഗത്തുവരട്ടെ അല്ലേ.