MATHRUBHUMI RSS
Loading...
ട്രാക്കിന്റെ ഗ്ലാമര്‍
കെ.പി. പ്രവിത

ട്രാക്കിലെ വേഗകാലത്തെ വിളിപ്പേര് 'ഇന്ത്യന്‍ ഫ്ലോജോ'. പുതിയ വേഗങ്ങള്‍ കണ്ടെത്തി മുന്നേറ്റം തുടര്‍ന്നപ്പോള്‍ 'കൂര്‍ഗ് എക്‌സ്പ്രസ്' എന്നും 'ഗ്ലാമര്‍ ഗേള്‍' എന്നും മാധ്യമങ്ങള്‍ ഓമനിച്ചു. മിന്നുന്ന പോരാട്ടങ്ങള്‍ ശേഷിപ്പിച്ച് വിടവാങ്ങിയപ്പോഴും അശ്വിനി നാച്ചപ്പ മുന്‍ അത്‌ലറ്റ് മാത്രമായി ഒതുങ്ങിയില്ല. ഒളിമ്പ്യന്‍ അത്‌ലറ്റ്, സിനിമാ താരം, സാമൂഹിക പ്രവര്‍ത്തക, വിദ്യാഭ്യാസ പ്രവര്‍ത്തക... വിശേഷണങ്ങള്‍ നീളുകയാണ്.

സ്‌പോര്‍ട്‌സ് തന്നെ ജീവിതമെന്ന് ആണയിടുന്നു അശ്വിനി. തെളിവായി മുന്നില്‍, കറുമ്പയ്യ അക്കാദമി ഫോര്‍ ലേണിങ് ആന്‍ഡ് സ്‌പോര്‍ട്‌സും അശ്വിനിസ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമുണ്ട്, ഭാരതത്തിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന 600 കൗമാര സ്വപ്നങ്ങളുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് ആശ തോമസ് ഫെന്നിന്റെ ആതിഥ്യം സ്വീകരിച്ചാണ് അശ്വിനി കൊച്ചിയിലെത്തിയത്.

''നമ്മുടെ പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സിന് പ്രാധാന്യം വളരെ കുറവാണ്. മികച്ച പൗരന്മാരാകണമെങ്കില്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം. ഈ ലക്ഷ്യം നേടാന്‍ സ്‌പോര്‍ട്‌സിനെക്കാള്‍ മികച്ച മാര്‍ഗമില്ല'' -ആശയുടെ കലൂരിലുള്ള വീട്ടിലിരുന്ന് അശ്വിനി 'മാതൃഭൂമി'യോട് പറഞ്ഞു.

മരുന്നടിയും ലിംഗമാറ്റവും ഉള്‍പ്പെടെ ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ഭാവിക്ക് കരിനിഴല്‍ വീഴ്ത്തുന്ന വിവാദങ്ങളില്‍ അശ്വിനി അസ്വസ്ഥയാണ്. നിലവിലെ സംവിധാനങ്ങളുടെ പോരായ്മയാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ''സ്‌പോര്‍ട്‌സിലെ നിയമങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചുമെല്ലാം ഭൂരിഭാഗം താരങ്ങളും അജ്ഞരാണ്. മരുന്നടിപ്പട്ടികയിലാകാന്‍ സാധാരണ വേദന സംഹാരികള്‍ പോലും കാരണമാകാറുണ്ട്. ഏത് മരുന്ന് ഉപയോഗിക്കാം, ഏത് ഉപയോഗിക്കരുത് എന്നീ വിവരങ്ങള്‍ പോലും സ്‌പോര്‍ട്‌സ് താരങ്ങളില്‍ പലര്‍ക്കും അറിയില്ല. പലരും പരിശീലകരെ കണ്ണടച്ച് വിശ്വസിക്കും.''

സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഓരോ നടപടിക്രമങ്ങളും കൃത്യമായി വിലയിരുത്തണം. ഇതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ സംവിധാനം ആവശ്യമാണ്. സ്‌പോര്‍ട്‌സ് എന്തെന്ന് അറിഞ്ഞ് വളരുന്ന തലമുറ ഇന്ത്യയുടെ ഭാവി ശോഭനമാക്കുമെന്നും മുന്‍ അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ അശ്വിനി പ്രത്യാശ പ്രകടിപ്പിച്ചു.

കുട്ടികള്‍ക്ക് കളിച്ചുവളരാന്‍ അവസരമൊരുക്കുന്ന എളിയ ശ്രമമെന്നാണ് തന്റെ സ്‌കൂളിനെ അവര്‍ വിശേഷിപ്പിക്കുന്നത്. സംസ്‌കാരത്തിനും ഭാഷയ്ക്കും അതീതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയുണ്ട്. അശ്വിനി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനിലും അക്കാദമിയിലുമെല്ലാം പ്രവേശനത്തിന് ഒരു മാനദണ്ഡം മാത്രമേയുള്ളൂ, 'സ്‌പോര്‍ട്‌സ് സ്‌നേഹം.'
കൂര്‍ഗിലെ ഗോണികോപ്പലില്‍ സ്ഥിതിചെയ്യുന്ന ഈ സ്‌കൂള്‍ കം സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കേരളത്തില്‍നിന്നും വിദ്യാര്‍ത്ഥികളുണ്ട്. 28 ഏക്കറിലാണ് സ്‌കൂളും സ്‌പോര്‍ട്‌സ് അക്കാദമിയും. സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും ഇഷ്ടമുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അവസരമുണ്ട്. അത്‌ലറ്റിക്‌സും ഹോക്കിയും നീന്തലും ടെന്നീസും ബാഡ്മിന്റണും ക്രിക്കറ്റും ഗോള്‍ഫുമെല്ലാം ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

അക്കാദമിയിലെ വിദ്യാര്‍ത്ഥികളില്‍ 88 പേര്‍ ഇതിനകം മല്‍സരരംഗത്ത് സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. കേരളത്തിലെ സ്‌കൂളുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

പി.ടി. ഉഷയെ രണ്ട് തവണ ട്രാക്കില്‍ പരാജയപ്പെടുത്തിയാണ് അശ്വിനി പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്. ഇടയ്ക്ക് അഞ്ച് സിനിമകളിലും അശ്വിനി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മികച്ച പുതുമുഖ താരത്തിനുള്ള ആന്ധ്ര സര്‍ക്കാറിന്റെ പുരസ്‌കാരം, തമിഴ് സിനി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിങ്ങനെ പുരസ്‌കാരങ്ങളും തേടിയെത്തി. ചേരിയിലെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'പരിക്രമ' എന്ന സംഘടനയിലൂടെ സാമൂഹിക സേവന രംഗത്തും അശ്വിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.